മതത്തെ ഭയക്കാത്ത മതവിശ്വാസികളാകണം നമ്മൾ

x-default
SHARE

ഇവിടെ എല്ലാം സുരക്ഷിതമാണന്നു വീമ്പിളക്കിനടക്കുകയാണ് നമ്മൾ. യഥാർഥത്തിൽ അങ്ങനെയല്ല.  നീലജലാശയത്തിന്റെ പുറംമേനി പോലെയാണ് നമ്മുടെ കേരളവും. അകത്തെ ചെളിക്കുണ്ടിനെക്കുറിച്ചോ, മുതലകളെക്കുറിച്ചോ അടിയൊഴുക്കുകളെക്കുറിച്ചോ അറിയാതെ പുറംമേനിയിലെ തിളക്കം കണ്ട് പുകഴ്ത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് മുന്നിൽ. ജീവിതനിലവാരത്തിലും ക്രമസമാധാനത്തിലും മെച്ചം. ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയത്തിൽ മുൻതൂക്കം. ഇങ്ങനെപോകുന്നു കേരളത്തിന്റെ സവിശേഷതകൾ.  വ്യത്യസ്തമായ കാലാവസ്ഥയും പ്രകൃതിയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നു. ഇത്തരം പ്രത്യേകതകളും സവിശേഷതകളും ഉള്ള നമ്മുടെ കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. അക്രമങ്ങളും തല്ലികൊല്ലലും വഴിതടയലും അടുപ്പിച്ചടുപ്പിച്ചുള്ളതും അപ്രതീക്ഷിതവുമായ ഹർത്താലുകളും എന്നുവേണ്ട സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണോ എന്നു സംശയിച്ചുപോകുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

സമീപകാലത്തെ ചില അക്രമസംഭവങ്ങൾ പെരുകിവരുന്നതായാണ് കാണുന്നത്. പലപ്പോഴും രാഷ്ട്രീയമായും സാമുദായികമായും ഉണ്ടാകുന്ന ചെറിയ തർക്കങ്ങളാണ് വലിയ സംഘർഷത്തിലേക്ക് എത്തുന്നത്. പോലീസുദ്യോഗസ്ഥർതന്നെ ഇതു സമ്മതിക്കുന്നുമുണ്ട്.  പ്രാദേശികമായ ചെറിയ പ്രശ്നങ്ങളുടെ പേരിൽ ദേശീയപാതകൾ ഉപരോധിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനൊക്കും. ചില പ്രത്യേക ആവശ്യത്തിനായി ലക്ഷ്യസ്ഥാനത്തെത്താനായി സമയക്ലിപത പാലിക്കേണ്ട യാത്രയാണ് അപ്രതീക്ഷിതമായി തടയപ്പെടുന്നത്. യാത്രക്കാർ ബന്ധികളാക്കപ്പെടുകയാണ്.

സമാധാനമോഹികളായ സുമനസ്സുകളിൽ ഭയം ജനിപ്പിക്കുന്നതാണിവയെല്ലാം. നാളത്തെ പ്രവർത്തനങ്ങൾ ഇന്നു നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നു പറയുമ്പോൾ അതിൽ അതിശയോക്തിയില്ല. റോഡിലൂടെയുള്ള യാത്ര അനിശ്ചിതത്വത്തോടെയേ തുടങ്ങാനാകൂ. എവിടെവച്ചായിരിക്കും റോഡുപരോധത്തിൽപ്പെട്ടുപോകുക എന്ന അനിശ്ചിതത്വം. ഇതെല്ലാം പറയുമ്പോൾ ഇന്നത്തെ ഭരണകൂടത്തിനെതിരാണ് ഞാൻ എന്നു നിങ്ങൾ ധരിക്കരുത്. വർത്തമാനകാല യാഥാർഥ്യങ്ങൾ നമ്മളെ ഭയപ്പെടുത്തുന്ന കണ്ണുകൾകൊണ്ട് തുറിച്ചുനോക്കുകയാണ്.  

രാജ്യത്ത് പലയിടത്തും ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ പോലും പീഡനത്തിന്ശേഷം കൊല്ലപ്പെടുന്നു. കാശ്മീരിൽ എട്ടുവയസായ പെൺകുട്ടി പീഡനത്തിന് വിധേയയായശേഷം കൊല്ലപ്പെട്ടത് രാജ്യത്തിന്റെയാകെ മനസ്സാക്ഷിയെ പിടിച്ചുലച്ചു. രാജ്യത്താകമാനം ജാതിമത പ്രാദേശിക ചിന്തകൾക്കതീതമായി പ്രതിക്ഷേധം ഉയരുകയും ചെയ്തു. എന്നിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹർത്താലാണെന്നറിയിച്ചുകൊണ്ട് ചിലർ അക്രമങ്ങൾ അഴിച്ചുവിട്ടു. അടച്ചിട്ടകടകൾ തുറന്ന് കൊള്ളയടിച്ചു. സ്വകാര്യ അവശ്യങ്ങൾക്കും വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളലേക്കും പോകാൻ നിരത്തിലിറങ്ങിയവർ തടയപ്പെടുന്നു. ഭീഷണികൾക്ക് മുന്നിൽ ഭയന്നു നിൽക്കേണ്ടിവരുന്നു. 

പ്രതിക്ഷേധങ്ങളുടെ മറവിൽ കലാപം സൃഷ്ടിക്കാൻ  ചിലർ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത് ഗൗരവമായി കണേണ്ടതാണ്. നമ്മുടെ രാജ്യത്തുള്ള ജനാധിപത്യത്തിന്റെ മനോഹാരിത, പ്രതിഷേധിക്കാനും അവകാശവും അവസരവുമുണ്ട്  എന്നതാണ്.  സുശക്തമായ സൈബർസെൽ പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് അജ്ഞാത ഹർത്താലിനെക്കുറിച്ചുള്ള സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെപോയി. 

ഹർത്താലുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി കാട്ടുതീ കണക്കെ പരന്നിട്ടും പൊലീസ് അത് ഗൗരമായെടുത്തില്ല.  മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സർക്കാരും ചേർന്ന് വ്യാജ ഹർത്താൽ സന്ദേശത്തിന്റെ കള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തിയെങ്കിൽ പിടിച്ചാൽ പിടികിട്ടാത്ത നിലയിലേക്ക് ഹർത്താൽ അക്രമങ്ങൾ വ്യാപിക്കുകയില്ലായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴാണ് ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ഉണർന്നത്.  കൈവിട്ടുപോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ല എന്നു പറഞ്ഞതുപോലെയായി ഇത്.    

കേരളത്തിലെ പ്രത്യേകിച്ചും രാജ്യത്തെ സാധാരണക്കാർ മതത്തേയും മതപ്രചാരകരേയും മതാനുയായികളേയും ഭയക്കുന്നു എന്നതാണ് ഇതിലെ യാഥാർഥ്യം. മതങ്ങൾ മനുഷ്യനുവേണ്ടി എന്നതിനു പകരം മനുഷ്യൻ മതങ്ങൾക്ക് വേണ്ടി എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇത് ഒരിക്കലും ഭൂഷണമല്ല. കേരളീയ സമൂഹം നേരിടുന്ന ഒരു പ്രശ്നത്തിലും ഇടപെടാതെ, പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയുകയാണ് നമ്മളിപ്പോഴും. ജനാധിപത്യത്തിൽ തീർച്ചയായും മതങ്ങൾക്കും റോളുണ്ട്. മതങ്ങളടക്കം എല്ലാം ജനാധിപത്യവൽക്കരിക്കപ്പെടണം. അധികാരവും ജനാധിപത്യവൽക്കരിക്കപ്പെടണം. എന്നാൽ അതിനുള്ള മുന്നേറ്റങ്ങളിൽ പങ്കുചേരാതെ ഭൂതകാലത്തെ ആദർശവൽക്കരിച്ച് ഒതുങ്ങി കൂടാനാണ് നമുക്കിഷ്ടം.

ചെയ്യൽ പുരോഗമനവാദികളല്ല. പറച്ചിൽ പുരോഗമനവാദികളാണ് ഇവിടെയുള്ളത്.  ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച് നാം ഉൗറ്റം കൊള്ളുമ്പോൾതന്നെ അതിന്റെ തുടർച്ചക്കായി നാം രംഗത്തിറങ്ങിയില്ല. പൊതു ഇടങ്ങൾ നഷ്ടപ്പെടുന്ന ഇക്കാലത്ത് എല്ലാവർക്കും ഒത്തുചേരാവുന്ന ഇടങ്ങളായി ആരാധനാലയങ്ങൾ മാറണമായിരുന്നു. പക്ഷേ ഇന്ന് ആരാധനാലയങ്ങളെക്കുറിച്ചോ അവയുടെ ഭാരവാഹികളെക്കുറിച്ചോ ചെറിയ പരാമർശം പോലും സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ പുരോഗമനവാദികളെന്ന് പറഞ്ഞുനടക്കുന്നവർക്ക് പോലും കഴിയുന്നില്ല. റോഡുവികസനത്തിന് ആരാധാനാലയങ്ങൾക്ക് പോറലുപോലുമേൽപ്പിക്കില്ലെന്നു ഉറപ്പ് പറയുന്ന പുരോഗമനചിന്തകൻ ഭരണാധികാരി  അതിനായി വയൽ നികത്തുകതന്നെ ചെയ്യും എന്ന് ശാഠ്യം പിടിക്കുന്നതിലെ ചിന്ത എന്താണ്. ആദർശങ്ങളേയും ആശയങ്ങളേയും മതങ്ങൾക്ക് അഠിയറവയ്ക്കലാണ് ജനാധിപത്യം എന്നു നമ്മൽ ധരിച്ചുപോയിരിക്കുന്നു. 

രാജ്യത്താകമാനം ഭയത്തിന്റെയും അതിൽനിന്നുടലെടുക്കുന്ന ധ്രുവീകരണത്തിന്റേയും പരിതസ്ഥിതിയിലൂടെയാണ് രാജ്യം ഇന്നു കടന്നുപോകുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജനവിഭാഗങ്ങളിൽ ഭയം വിതറുന്നതാരാണെന്നത് കണ്ടെത്താൻ കഴിയണം. ഭയംജനപ്പിക്കുന്നതിൽ ഭരണക്ഷിയിൽപെട്ടവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിമർശനത്തിന്റെ കുന്തമുന അവർക്കുനേരെ രൂക്ഷമാകുന്നത് സ്വാഭാവികം. എന്നാൽ ഇത്തരം വിമർശനങ്ങളിൽ ചൂളിപ്പോകാതെ സഹിഷ്ണുതയോടെ അതിനെ വിലയിരുത്തുകയും വിമർശനത്തിലുള്ള കാതലായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളുകയുമാണ് വേണ്ടത്. ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സ്വജനസ്നേഹം പാടില്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ സ്വന്തം പാർട്ടികാരോട് മൃതുസമീപനം ഉണ്ടാകരുത്. അത് ഗുണത്തെക്കാളധികം ദോഷമാണുണ്ടാക്കുക. നമ്മുടെ ഭരണഘടനയാൽ വ്യവസ്ഥാപിതമാക്കപ്പെട്ടതും, മതേതരത്വത്തിലും ജനാധിപത്യത്തിലും ഉൽപതിഷ്ണുത്വത്തിലും ഉൗന്നിയതുമായ മൂല്യങ്ങൾ അടിപതറുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നതോടൊപ്പം അതൊക്കെ കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികൾ ഭരണകർത്താക്കൾ കൈകൊള്ളുകയും വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. 

മുളയിലേ തന്നെ നുള്ളിക്കളയേണ്ട ആപത്ക്കരമായ പ്രവണതയാണ്  സൈബർ ഹർത്താലിന്റെ പേരിൽ കേരളത്തിൽ അരങ്ങേറിയതെന്ന് സമൂഹം മനസ്സിലാക്കണം. സംസ്ഥാനം പ്രാണനുതുല്യം കാത്തുസൂക്ഷിക്കുന്ന സാമൂഹിക സൗഹാർദ്ദവും രാജ്യത്തിനാകെ മാതൃകയായ സമാധാനാന്തരീക്ഷവും ദുഷ്ട ലാക്കോടെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. മറ്റാരെക്കാളും മുഖ്യധാരാ രാഷ്ട്രീയക്കാർക്കു തന്നെയാണ് അതിന്റെ ഉത്തരവാദിത്വം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA