പ്ലാസ്റ്റിക്കിനെതിരെ കുട്ടികാലം മുതല്‍തന്നെ പരിശീലനം വേണം

x-default
SHARE

പരിസ്ഥിതി സംരക്ഷണത്തിന് കുട്ടിക്കാലം മുതല്‍ ബോധവല്‍ക്കരണവും പരിശീലനവും ആവശ്യമാണ്. കുട്ടികള്‍ ഭാവിയിലെ പൗരന്മാരും സമൂഹം കെട്ടിപ്പടുക്കേണ്ടവരുമാണ്. ഏതു പദ്ധതിയും ആശയവും വിപുലീകരിച്ച് വന്‍തോതില്‍ നടപ്പിലാക്കാന്‍ കുട്ടികളാണ് എളുപ്പമാര്‍ഗ്ഗം. അപകടകരമായ പലതും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം പ്രകൃതി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ, യുക്തിയുള്ള, ഭാവിക്കു പ്രയോജനകരമായ ആശയങ്ങളാണ് കുട്ടികൾ വഴി നടപ്പിലാക്കേണ്ടത്. ആദ്യം അതൊക്കെത്തന്നെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതും. കുട്ടികള്‍ക്ക് പ്ലാസ്റ്റിക് പാല്‍ക്കുപ്പി ഉപയോഗിക്കുന്നത് ഒഴിവാക്കാനായാല്‍ നല്ലത്. പ്ലാസ്റ്റിക് തന്നെ വേണം എന്നു നിര്‍ബന്ധമാണെങ്കില്‍ ഗുണനിലവാരം ഉറപ്പുള്ള കുപ്പികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കുടിക്കുന്ന സമയത്തു മാത്രമേ പാല്‍ ഈ കുപ്പിയിലെടുക്കാവൂ. കുട്ടികള്‍ക്ക് പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങള്‍ കഴിവതും ഒഴിവാക്കുക. കളിപ്പാട്ടങ്ങള്‍ വായിൽവയ്ക്കുന്ന കുട്ടികളാണെങ്കില്‍ ഒരു കാരണവശാലും പ്ലാസ്റ്റിക് സാധനങ്ങൾ കൊടുക്കരുത്. പ്ലാസ്റ്റിക് മാല, വള തുടങ്ങിയവ ഒഴിവാക്കുകയാണ് വേണ്ടത്. കുട്ടികളുടെ ലഞ്ച് ബോക്സ്, വാട്ടര്‍ബോട്ടില്‍ എന്നിവ പ്ലാസ്റ്റിക് കൊണ്ടുള്ളതാവാതിരിക്കുന്നതാണ് നല്ലത്. ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ എടുക്കരുത്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ചൂടാക്കുന്നത് വളരെ അപകടകരമാണ്. ചൂടാകുന്നതോടെ അതിലെ ഭക്ഷണസാധനം ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതായി പരിണമിക്കും. സുതാര്യമായ പ്ലാസ്റ്റിക് പാത്രങ്ങളും കവറുകളും കൂടുതല്‍ അപകടകരമാണ്. കൊഴുപ്പുള്ള ഭക്ഷണയിനങ്ങള്‍, അച്ചാറുകള്‍, മോര്, തൈര് തുടങ്ങിയവയൊന്നും പ്ലാസ്റ്റിക്ക് പാത്രങ്ങളിലെടുക്കരുത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് ആചരിക്കുന്നുണ്ട്. 1974 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് നാം ഈ ദിവസം പരിസ്ഥിതി സൗഹൃദ സന്ദേശ പ്രചാരണത്തിനായി നീക്കിവച്ചിരിക്കുകയാണ്. 44 വര്‍ഷമായിട്ടും ഈ ദിവസത്തിന്റെ, ഈ വിഷയത്തിന്റെ പ്രസക്തി ഏറുകയല്ലാതെ കുറയുകയല്ല. അതിനർഥം ഈ ദിനാചരണത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണ്. ഇന്ന് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അവനവന്റെ രാഷ്ട്രീയമുണ്ട്, മതമുണ്ട്. തങ്ങളുടെ രാഷ്ട്രീയ തത്ത്വസംഹിതകളില്‍നിന്നും മതദര്‍ശനങ്ങളില്‍നിന്നും പ്രകൃതിവിരുദ്ധമായവയെ ഒഴിവാക്കുവാന്‍, പരിസ്ഥിതിക്ക് അനുകൂലമായവയെ, ജീവജാലങ്ങള്‍ക്ക് അനുകൂലമായവയെ മാത്രം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ എല്ലാവര്‍ക്കുമാകണം. ആശയസംഹിതകള്‍ പ്രവര്‍ത്തനപഥത്തിലെത്തണം. മനുഷ്യജീവനും പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായുള്ള പാരസ്പര്യം അടുത്തറിയുവാന്‍ സാധിക്കണം. ‘അറിഞ്ഞവയെ സ്നേഹിക്കും, സ്നേഹിക്കുന്നവയെ സംരക്ഷിക്കും’ എന്ന ഒരു ചൊല്ലുണ്ട്. അതു പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ നമ്മളോരോരുത്തരും പ്രയത്‌നിക്കേണ്ടതാണ്.  

പരിസര മാലിനീകരണം ഗുരുതര പ്രശ്‌നം തന്നെയാണ്. ജല-വായു മലിനീകരണങ്ങളും പരിസര മാലിന്യങ്ങളും സര്‍വത്ര തിമിര്‍ത്താടുമ്പോള്‍ രോഗങ്ങളുടെ ദുരിതകാലം വരുമെന്ന് ഉറപ്പിക്കാം. സാക്ഷര പ്രബുദ്ധ കേരളം മാലിന്യജന്യരോഗങ്ങളുടെ നാടായി മുന്നില്‍ നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധി പരത്തുന്നതില്‍ ‘കൊതുകുവളര്‍ത്തു കേന്ദ്ര’ങ്ങള്‍ മുന്നിലാണ്. വായുവിലൂടെ, ജലത്തിലൂടെ, ആഹാരപാനീയങ്ങളിലൂടെ രോഗാണുക്കള്‍ നമ്മെത്തേടി പരക്കം പായുകയാണ്. നമ്മള്‍ റോഡിലും വഴിയരികിലും വീടിന്റെ പരിസരങ്ങളിലുമൊക്കെ യഥേഷ്ടം വലിച്ചെറിയുന്ന ചപ്പുചവറു മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് രോഗാണുക്കളുടെ ആവാസകേന്ദ്രമാകുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ജീവിതശൈലി വാരിപ്പുണര്‍ന്നതാണ് മലിനീകരണം അതിന്റെ പാരമ്യത്തിലെത്താന്‍ ഒരു കാരണം. 

വഴിയില്‍നിന്ന് ഉപദ്രവങ്ങളും മാര്‍ഗതടസ്സങ്ങളും നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച ദര്‍ശനം നല്ല മാതൃകയായി നമുക്കു മുന്നിലുണ്ട്. ശാന്തിഗിരി വളരെയധികം വര്‍ഷം മുന്‍പു തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകയായിട്ടുണ്ട്. ഭൂമിയിലെ ജലം ഒഴുകിപ്പോകാതെ സംരക്ഷിക്കാന്‍ മഴക്കുഴികൾ എന്ന ആശയം സര്‍ക്കാരുകളും സന്നദ്ധസംഘടനകളും മുന്നോട്ടുവയ്ക്കുന്നതിനു മുന്‍പു തന്നെ നവജ്യോതി ശ്രീ കരുണാകര ഗുരു ഈ വിഷയം ചിന്തിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ആശ്രമ പരിസരത്ത് അവിടവിടെ മഴക്കുഴികള്‍ നിര്‍മിച്ചു. ഭൂമിയില്‍ ജലം സംരക്ഷിച്ചു നിര്‍ത്തി. കൂടാതെ ആശ്രമത്തിനു മുന്നില്‍ ഉപയോഗശൂന്യമായിക്കിടന്ന പാറമട വൃത്തിയാക്കി അതിലെ വെള്ളം കുടിക്കാന്‍ പര്യാപ്തമാകുന്ന തരത്തിലാക്കി. അതിനായി ഗുരു ‘കരുണ ശുദ്ധജല പദ്ധതി’ എന്ന പേരില്‍ ഒരു പദ്ധതിക്കുതന്നെ രൂപം കൊടുത്തു. ഇന്ന് കരുണ ശുദ്ധജലം നിരവധി പരിസ്ഥിതി പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നു. വിവിധ നാടുകളില്‍നിന്ന് അതുകാണാനും പഠിക്കാനുമായി ആളുകള്‍ എത്തുന്നുണ്ട്. പ്രകൃതി വിഭവങ്ങള്‍ ദുഷ്ടനും ശിഷ്ടനും ഒരുപോലെയാണ് ലഭ്യമാകുന്നത്. പ്രകൃതിക്ക് ആരോടും ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടാണിത്. വിഭവങ്ങള്‍ സ്വീകരിക്കുന്നവര്‍ അവയെ സംരക്ഷിക്കുന്ന കടമയില്‍ നിന്നു മാറിനില്‍ക്കുന്നത് പ്രകൃതിയോടുള്ള നന്ദികേടാവും. ഉദ്യോഗസ്ഥനാണെന്നോ നേതാവാണെന്നോ മേനി നടിച്ച് ആര്‍ക്കും ഈ കടമയില്‍ നിന്നു മാറിനില്‍ക്കാനുമാകില്ല. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ ഭക്ഷണവും എല്ലാവര്‍ക്കും ആവശ്യമാണല്ലോ.      

പ്ലാസ്റ്റിക് മാലിന്യത്തെയും അതിന്റെ ഗുരുതരാവസ്ഥയെയും കുറിച്ചു സംസാരിക്കുമ്പോള്‍ പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ കവറുകളും ബാഗുകളും പ്രചാരത്തിലാക്കണം എന്ന വാദം ശക്തമാണ്. അതേസമയം, സാധാരണ പ്ലാസ്റ്റിക്കിനു പകരം ഉപയോഗിക്കാവുന്ന ബയോപ്ലാസ്റ്റിക്കിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ചോളം പോലുള്ള സസ്യങ്ങളില്‍നിന്നു വേര്‍തിരിച്ചെടുത്ത സ്റ്റാര്‍ച്ചിനെ ബയോ പ്ലാസ്റ്റിക,് ക്യാരിബാഗുകളും മറ്റും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. സാധാരണ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ എല്ലാ ഗുണമേന്മയുമുള്ള ബയോപ്ലാസ്റ്റിക് മണ്ണില്‍ നിക്ഷേപിച്ചാല്‍ പരമാവധി മൂന്നു മാസത്തിനുള്ളില്‍ ദ്രവിച്ച് മണ്ണില്‍ ലയിക്കും. അപ്പോള്‍ പ്ലാസ്റ്റിക്കിനു പകരം എന്ത് എന്നതിനു പരിഹാരമാകും.

ശുചിത്വത്തിന്റെ കാര്യത്തില്‍, ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയില്, കേരളത്തില്‍നിന്ന് ഒന്നുപോലുമില്ലെന്നത് നാണക്കേടു തന്നെ. വീട്ടിനുള്ളില്‍ മലയാളി പുലര്‍ത്തുന്ന വൃത്തിബോധം പ്രശസ്തമാണ.് എന്നാല്‍ വീടിനു പുറത്തേക്കുള്ള വലിച്ചെറിയല്‍ സംസ്‌കാരം തുടരുകതന്നെയാണ്. എവിടെയും പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൂട്ടിയിട്ടിരിക്കുന്നു. റോഡിലെ മാലിന്യക്കൂമ്പാരങ്ങളില്‍ കടിപിടി കൂടുന്ന തെരുവു നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല മാലിന്യനിര്‍മാര്‍ജനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA