മാനവശേഷി ഏറ്റവും മികച്ച മൂലധനം

x-default
SHARE

‘മനുഷ്യർക്കാവശ്യമായ വ്യത്യസ്ത ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യാധ്വാനശക്തിയുടെ സവിശേഷമായ വിനിയോഗമാണ്’ - കാൾ മാർക്സ്

ജനസംഖ്യാവർധനവിന്റെ ഗുണദോഷങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ഇന്നു ലഭ്യമാകുന്ന മാനവമൂലധനത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മാനവശേഷിയെക്കുറിച്ച്, അതിന്റെ മൂല്യത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് കാൾ മാർക്സാണ്. മനുഷ്യശേഷിയാണ് ലോകത്തിലേറ്റവുമധികം മൂല്യമുള്ള വസ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വസ്തുവിലടങ്ങിയിരിക്കുന്ന മനുഷ്യാധ്വാനമാണ് അതിന്റെ മൂല്യം എന്ന സിദ്ധാന്തം  മൂലധനസിദ്ധാന്തം അഥവാ മാർക്സിസം എന്നപേരിൽ ലോകം മുഴുവൻ പ്രചാരത്തിലായി. നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും മനുഷ്യശേഷി എന്ന മൂലധനത്തെക്കുരിച്ചു ലോകം ചർച്ച ചെയ്യുകയാണ്. ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തും, അധികരിക്കുന്ന ജനപ്പെരുപ്പം കണ്ട് അന്ധാളിക്കാതെ മാനവശേഷിയെ മാനവകുലത്തിനു പ്രയോജനപ്പെടുത്തണമെന്ന ആശയമാണ് ഉയർന്നു വന്നിട്ടുള്ളത്. 

ഭൂമിയിൽ മനുഷ്യനെന്ന ജീവിയില്ലായിരുന്നെങ്കിൽ ഇൗ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് എന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചം എന്നൊന്നുണ്ടെന്ന് ആര് ആരോടു പറയാനാണ്. വേണ്ട, തൽക്കാലം അത്തരം ചിന്തയിലേക്കു കടക്കണ്ട. ഭൂമിയിൽ മാത്രമേ ജീവജാലങ്ങൾ ഉള്ളൂ എന്നാണ് ഇതുവരെയുള്ള ജ്ഞാനം. അതിൽതന്നെ തിരിച്ചറിവും വിവേകവുമുള്ള, വായിക്കാനും പറയാനും ശേഷിയുള്ള ഏകജീവി മനുഷ്യനാണ്. ഭൂഗോളത്തിലെമ്പാടും മനുഷ്യൻ വസിക്കുന്നുണ്ട്. ഇവർ എത്രയുണ്ട് എന്ന അറിവിനും വ്യക്തതയില്ല. എങ്കിലും കണക്കാക്കുന്ന ലോക ജനസംഖ്യ ഇപ്പോൾ 765 കോടിയിലധികമാണ്. ഇതിൽ ഏഷ്യയിലാണ് ജനസംഖ്യ കൂടുതൽ. 4.54 ബില്ല്യൻ ജനങ്ങൾ നമ്മുടെ ഭൂഖണ്ഡത്തിൽ വസിക്കുന്നു. ഇതു ലോക ജനസംഖ്യയുടെ 60 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽത്തന്നെ ചൈനയും ഇന്ത്യയും കൂടി ചേരുമ്പോൾ 36.4 ശതമാനം. ആഫ്രിക്കയാണ് ജനസംഖ്യയിൽ രണ്ടാമതു നിൽക്കുന്ന ഭൂഖണ്ഡം. 16 ശതമാനം വരുന്ന, 1.28 ബില്ല്യൻ ജനങ്ങൾ. ചൈനയിൽ നൂറ്റിമുപ്പത്തേഴ് കോടി മുപ്പത്തഞ്ചുലക്ഷത്തി നാൽപ്പതൊന്നായിരത്തി ഇരുനൂറ്റി എഴുപത്തെട്ടും ഇന്ത്യയിൽ നൂറ്റി ഇരുപത്താറ് കോടി അറുപത്തിഎട്ട് ലക്ഷത്തി എൺപത്തിമൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി എട്ടും ആണ് ജനസംഖ്യ. ഇത് 2018 മേയ് വരെയുള്ള കണക്കാണ്.  

ജനസംഖ്യാ വർധനയ്ക്ക് അനുസൃതമായി മനുഷ്യന്റെ ആവശ്യങ്ങളും വർധിക്കും. ഇൗ ആവശ്യങ്ങൾ ഒാരോ രാജ്യത്തിനും അവരുടെ സവിശേഷമായ രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി പ്രത്യേകതകൾക്കനുസരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ ജനസംഖ്യാ വർധന നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കുമെന്നാണു കരുതുന്നത്. മനുഷ്യരുടെ എണ്ണത്തിന് ആനുപാതികമായി വിഭവങ്ങൾ ലഭ്യമാകാത്ത അവസ്ഥ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കു രാജ്യത്തെ കൊണ്ടുചെന്നെത്തിക്കും. ജനസംഖ്യാവർധനയ്ക്ക് അനുസരിച്ചു ഭക്ഷ്യോൽപാദന വളർച്ചയുണ്ടായില്ലെങ്കിൽ അതു ഭക്ഷ്യദൗർലഭ്യത്തിലേക്കു നയിക്കും. വലിയൊരു വിഭാഗം ജനങ്ങൾക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങൾ ലഭിക്കാത്ത അവസ്ഥയും നഗരവൽക്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഇന്ത്യയിൽ ജനപ്പെരുപ്പമുണ്ടാക്കുന്ന വിപത്തുകളാണ്.

ജനസംഖ്യാ വർധനയെ അത്രകണ്ടു ഭയപ്പെടേണ്ടതില്ലെന്നും മാനവവിഭവശേഷിയാണ് യഥാർഥത്തിലുള്ള രാഷ്ട്രസമ്പത്ത് എന്നുമുള്ള വാദം ഇപ്പോൾ സജീവമാണ്. ജനനനിയന്ത്രണം ഏറ്റവും കർശനമായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച ചൈനയ്ക്ക് വീണ്ടുവിചാരമുണ്ടായി നിയമത്തിൽ ഇളവു വരുത്തിയത് ഇവർ ചൂണ്ടിക്കാട്ടുന്നു. ‘ഒറ്റക്കുട്ടി നയം’ പിൻവലിക്കുവാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്ലീനം തീരുമാനിച്ചു. ഉയർന്ന മാനവവിഭവശേഷിയെ ക്രിയാത്മകമായി ആസൂത്രണം ചെയ്യുവാൻ പദ്ധതികളാവിഷ്കരിക്കാനും മാനവവിഭവശേഷിയാണ് യഥാർഥത്തിലുള്ള രാഷ്ട്രസമ്പത്ത് എന്ന് തിരിച്ചറിയാനും  ചൈനയിലെ ഇന്നത്തെ ഭരണകൂടത്തിനു കഴിഞ്ഞിരിക്കുന്നു.

അടുത്തകാലത്തായി ലോകരാഷ്ട്രങ്ങൾ സാമ്പത്തിക വളർച്ചയുടെ അടിത്തറയായി മാനവമൂലധനത്തെ പരിഗണിക്കുന്നു. സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി സംഭാവന നൽകാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മാനവവിഭവങ്ങളുടെ കലവറയാണ് ഇന്ത്യ. ഇന്ത്യൻ ജനസംഖ്യയിലെ യുവജനങ്ങളുടെ വർധിച്ചുവരുന്ന അനുപാതം നേട്ടമാകണമെങ്കിൽ മാനവമൂലധന നിക്ഷേപം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമ്പദ് വ്യവസ്ഥയുടെ വളർച്ച, വികസനം, മത്സരം എന്നീ മൂന്നു കാര്യങ്ങളിൽ അധിഷ്ഠിതമാണ് മാനവമൂലധനം. എന്നാൽ മാനവമൂലധനത്തെ വികസിപ്പിക്കുന്നതിൽ ഇന്ത്യ എത്രമാത്രം പുരോഗതി നേടിയെന്നു പരിശോധിക്കേണ്ടതാണ്. ഇന്ത്യയുടെ വലിപ്പത്തെ അപേക്ഷിച്ച് വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ വലുപ്പം വളരെ കുറവാണെന്നതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങൾ ഇതുവരെ വിദൂര പ്രദേശങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിൽശക്തിയുടെ വിതരണകേന്ദ്രമാണ് ഇന്ത്യ. 

ഇന്ത്യയിലെ നിലവിലുള്ള സാഹചര്യങ്ങളിൽനിന്നു പാഠം പഠിക്കുകയും പ്രാഥമിക വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻതോതിലുള്ള നിക്ഷേപം, സ്ത്രീസൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, നൈപുണ്യ വികസനത്തിനു പ്രാമുഖ്യം നൽകുക തുടങ്ങിയ പരിശ്രമത്തിലൂടെ ഇന്ത്യയിലെ മാനവിക മൂലധനത്തെ ശക്തിപ്പെടുത്താൻ പരിശ്രമം വേണം. മാനവ വികസനത്തിന്റെ പ്രധാന ഘടകമായി കരുതുന്ന ഒന്നാണ് ഉൽപാദനക്ഷമത. ഭൗതിക മൂലധനത്തിന് പുറമേ മനുഷ്യ മൂലധന നിക്ഷേപത്തിനും പ്രാധാന്യം നൽകിയാൽ കൂടുതൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സാധിക്കും. മാനവ വിഭവങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ള വിഭവങ്ങളുടെ ഉൽപാദനക്ഷമതയും വർധിക്കുന്നു. ഇൗ രീതിയാണ് ഇന്ത്യ ഇനി അവലംബിക്കേണ്ട വികസനമാർഗം.

ഇന്ത്യയിലെ തൊഴിൽ ശക്തിയെ അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നതിന് യോജിച്ച ഒരു പദ്ധതി ആവിഷ്ക്കരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ജിഡിപിയുടെ വിഹിതം ആരോഗ്യരംഗത്ത് അഞ്ചു ശതമാനമാക്കി ഉയർത്തണം. ശക്തമായ പ്രതിരോധ, ആരോഗ്യ പരിരക്ഷാ സംവിധാനം ഉറപ്പുവരുത്തുകയും സാർവത്രികമായ ആരോഗ്യസംരക്ഷണത്തിനായി സുസ്ഥിരമായ സംവിധാനം വികസിപ്പിച്ചെടുക്കുകയും വേണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ ശക്തി എന്നിവ വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ദേശീയ- സംസ്ഥാന- പ്രാദേശിക തലങ്ങളിലുള്ള നയരൂപീകരണം ആവശ്യമാണ്്. മാനവമൂലധനത്തിലൂടെ ഭാവിഇന്ത്യയെ പുനർനിർമിക്കുന്നതിന് ആരോഗ്യ- വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ ഇന്ത്യയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാനും അതിലൂടെ മാനവ വികസനരംഗത്ത് കുതിപ്പുണ്ടാക്കാനും കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA