ജനതയുടെ മനസ്സുരുകിയപ്പോൾ ബുദ്ധൻ പ്രകാശിച്ചു

x-default
SHARE

‘ജലാശയത്തിൽ ആകാശം കാണാം, മിന്നാമിനുങ്ങിൽ വെളിച്ചവും കാണാം, പക്ഷേ ആകാശത്തിൽ ജലാശയമോ മിന്നാമിനുങ്ങിൽ അഗ്നിയോ ഇല്ല. അതുകൊണ്ട് പ്രത്യക്ഷത്തിൽ കാണുന്നതിനു പിന്നിലെ തത്വം പരീക്ഷിച്ചറിയണം. അങ്ങനെ ബോധ്യപ്പെടാതെ പ്രവർത്തിച്ചാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.’ മഹാഭാരതത്തിൽ ഭീഷ്മർ ഉദ്ധരിക്കുന്ന നീതികഥയിലെ പരാമർശമാണിത്. ഒരു പെൺസിംഹം തന്റെ മകനു നൽകുന്ന ഉപദേശം.

പ്രശ്ന സങ്കീർണമായ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നമ്മളിൽ പലരും പ്രതീക്ഷ നശിച്ചു വഴിമുട്ടി നിൽക്കാറുണ്ട്. ചിലപ്പോൾ സ്വയം പഴിക്കും. എന്നാല്‍ പ്രശ്ന നടുവിൽ ആത്മധൈര്യം വിടാതെ മുന്നേറാൻ ശ്രമിച്ചാൽ വിജയം സുനിശ്ചിതമാകും. ഇത്തരം ഒരു സംഭവമാണ്, ഈ അടുത്തകാലത്ത് ഉത്തര തായ്‌ലൻഡിൽ മ്യാൻമാർ അതിർത്തിയിലെ ചിയാങ് റായ് വനമേഖലയിലുള്ള ദോയി നാങ് നോൺ പർവതത്തിനു താഴെ താം ലുവാങ് ഗുഹയിൽ നടന്നത്. ബുദ്ധ ജീവിതം ചര്യയാക്കിയ തായ്‌ലൻഡ് ജനതയുടെ മനസ്സുരുകുന്നത് ലോകം കണ്ടതാണ്. ആ വേദനയ്ക്കൊടുവിൽ ബുദ്ധൻ അവർക്കു വേണ്ടി ഒന്നുകൂടി പ്രകാശിച്ചു. ഗുഹയിലകപ്പെട്ട 12 മക്കളും അവരുടെ പരിശീലകനും 17 ദിവസത്തിനു ശേഷം ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു വന്നിറങ്ങി. ജനകോടികളുടെ പ്രാർഥനയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയവരുടെ ഇച്ഛാശക്തിയും കൊണ്ടു മാത്രമാണ് ഇത്രയും പേർപുതുവെളിച്ചം കണ്ടത്. 13 പേരും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തിയത് അത്രമേൽ സന്തോഷമാണ് ലോകത്തിനു നൽകിയത്. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാദൗത്യത്തിനും വിജയസമാപ്തിയായതോടെ സമാനതകളില്ലാത്ത ചരിത്രമായി അത്.

വിവിധ രാഷ്ട്രങ്ങളിലുള്ളവർ കരളുറപ്പോടെ ഒന്നിച്ച് ഒരേ മനസ്സോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയത് മനുഷ്യനിൽ ഇപ്പോഴും കരുണയുടെയും നന്മയുടെയും നീരുറവ വറ്റിയിട്ടില്ലെന്നതു കാട്ടിത്തരുന്നു. ഈ രക്ഷാദൗത്യം ലോകജനതയ്ക്കു മുന്നിൽ പ്രത്യാശയുടെയും ഐക്യത്തിന്റെയും വെളിച്ചമായി മാറുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ തായ്‌ലൻഡ് മുൻ നാവിക സേനാംഗവും മുങ്ങൽ വിദഗ്ധനുമായ സമൻ കുനോന്ത് പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവർത്തകരെയും ജനങ്ങളെയും ഏറെ ദുഃഖത്തിലാക്കി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ത്യാഗത്തിന്റെ നിറദീപമായി എന്നും ജ്വലിച്ചു നിൽക്കും. ശ്രീബുദ്ധന്റെ സാന്നിധ്യമുള്ള ഈ ഗുഹയിൽ ഈ സംഭവം എന്നും സ്മരിക്കാൻ ഒരു പക്ഷേ ദൈവത്തിന്റെ ചില വികൃതികളായിരിക്കാം സമന്റെ ജീവനെടുത്തതും. ആ ഗുഹയ്ക്കു മുന്നിൽ ലോകം ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന സുവർണ നിമിഷങ്ങളും എന്നും സ്മരിക്കപ്പെടും.

ഗുഹയ്ക്കുള്ളിലെ ദൈവം

17 ദിവസത്തോളം കുട്ടികൾ ഗുഹയിൽ കഴിച്ചുകൂട്ടിയത് ഓർത്താൽ ദൈവസാന്നിധ്യം അതിനകത്ത് ഉണ്ടായിരുന്നുവെന്നത് തീർച്ചയാണ്. അത് ഒരു പക്ഷേ ആ പരിശീലകന്റെ വേഷത്തിലായിരിക്കാം. പെട്ടെന്നുണ്ടായ മഴയെക്കുറിച്ച് നേരിയ ആശങ്കയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കിൽ ഏക്കാ പോൾ എന്ന പരിശീലകൻ കുഞ്ഞുങ്ങളുമായി ഗുഹയിൽ പ്രവേശിക്കില്ലായിരുന്നുവെന്ന് തീർച്ച. പത്താം വയസ്സിൽ അനാഥനായ ശേഷം ബുദ്ധ സന്യാസിമാർ വളർത്തി വലുതാക്കിയ ആ യുവാവാണ് കുട്ടികളുടെ പരിശീലകൻ. കയ്യിലുണ്ടായിരുന്ന അൽപം ആഹാരം പങ്കിട്ടു നൽകിയും മിച്ചം വച്ചും പ്രതിസന്ധിയിൽ തളർന്നു പോകാതിരിക്കാനുള്ള ധ്യാനമുറകൾ പഠിപ്പിച്ചും ശരീരത്തിൽ ഊർജ്ജം സംഭരിച്ചു വയ്ക്കാൻ പഠിപ്പിച്ചും ആ പരിശീലകൻ എപ്പോഴോ ആ കുഞ്ഞുങ്ങൾക്കു ദൈവമായി മാറി. 

ദുരന്തനിമിഷങ്ങളിൽ അദ്ദേഹം കെടാതെ സൂക്ഷിച്ചത് അതിജീവനത്തിന്റെ വിളക്കായിരുന്നു. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആ ഗുഹയ്ക്കുള്ളിൽ ബുദ്ധൻ നേരിട്ട് എത്തിയതാണോയെന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ആ ദിവസങ്ങൾ. അദ്ദേഹം നൽകിയ ധൈര്യവും സ്ഥൈര്യവും എടുത്തു പറയേണ്ടതു തന്നെയാണ്. സ്വന്തം ജീവൻ തന്നെ ആശങ്കാജനകമായ സ്ഥിതിയിലാണെന്ന സത്യം പൂർണമായും അവഗണിച്ച് കുരുന്നുകൾക്ക് ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നിരന്തരം നൽകിക്കൊണ്ടിരുന്ന ആ 25 കാരന്‍ അസാമാന്യ നിശ്ചയദാർഢ്യത്തിന്റെ ജീവൽ മാതൃകയാണ്. കണക്കുകൂട്ടലുകൾ തെറ്റിച്ചെത്തിയ മഴയിൽ സന്ദർഭോചിതമായി പ്രവർത്തിക്കുകയും കുട്ടികളെ രക്ഷാസ്ഥാനത്തേക്കു നയിക്കുയും ചെയ്ത പരിശീലകന്റെ മാതൃക സുവർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.

തായ് ലുവാങ് ഗുഹയ്ക്കു മുന്നിൽ ഇക്കഴി‍ഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായ കൂട്ടായ്മയും സഹകരണവും സന്മനസ്സും മാനവ കുലത്തിന്റെ നന്മ അസ്തമിച്ചിട്ടില്ലെന്നു കാട്ടിത്തരുന്നു. ജീവന് തെല്ലുപോലും വില കൽപിക്കാത്ത ഇന്നത്തെ കാലത്ത് ജീവൻ നിലനിർത്തുന്ന സംസ്കാരം പുതു തലമുറയ്ക്ക് കാണിച്ചു കൊടുത്ത ഈ മഹത്തായ പ്രവർത്തനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല.

‘ഇതൊരു അത്ഭുതമാണോ. അതോ ശാസ്ത്രത്തിന്റെ വിജയമോ അതിനുമപ്പുറം വല്ലതുമാണോ അറിയില്ല.. ഇതെന്താണെന്ന് തീർച്ചയില്ല. ഒടുവില്‍ ആ 13 പേരും ഗുഹയ്ക്ക് പുറത്തെത്തിയിരിക്കുന്നു’ എന്നാണ് തായ് നാവികസേന വിജയകരമായ ഈ രക്ഷാദൗത്യത്തോട് പ്രതികരിച്ചിരിക്കുന്നത്. മനുഷ്യനന്മയും ശാസ്ത്രവും ഉണര്‍ന്നു പ്രവർത്തിച്ചപ്പോള്‍ അവർക്ക് ബുദ്ധന്റെ പ്രകാശം ചൊരിഞ്ഞതാണ് ഇവിടെ യഥാർഥത്തില്‍ സംഭവിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA