‘മഴ’ പ്രപഞ്ച സംഗീതത്തിലെ ആദിതാളം

rain
SHARE

മഴ സംഗീതമാണ്. പ്രപഞ്ചവിപഞ്ചികയിൽ കാറ്റിന്റെ വിരലുകൾ തഴുകുമ്പോൾ ഊർന്നു വീഴുന്ന സംഗീതം. കാറ്റിന്റെ ശക്തി കൂടുമ്പോൾ അത് പെരുമഴയായും പിന്നീട് അത് അതിവർഷമായി മാറുകയും ചെയ്യും. മഴ സ്വപ്നം കാണാൻ പ്രേരിപ്പിക്കുമ്പോൾ പെരുമഴ കുളിര് നൽകും. അതിവർഷം രൗദ്രമാകുകയും പ്രകൃതിയുടെ രോഷമായി മാറുകയും ചെയ്യുന്നു. എന്തായാലും മഴ എന്നത് ഭൂമിയെ ജീവമണ്ഡലമാക്കി നിലനിർത്തുന്നു എന്നതാണ് പ്രപഞ്ച സത്യം. ആകാശവും ഭൂമിയും പരസ്പരം ചുംബിച്ച് ജീവന്റെ ഉൽപ്പാദനത്തിനായി ഇണചേരുന്ന ധന്യമുഹൂർത്തം. മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ് മഴ. മഴ ആസ്വദിക്കാത്ത മനുഷ്യൻ ഇന്നുവരെ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുമെന്നും തോന്നുന്നില്ല. കാഴ്ചയും കേഴ്‌വിയും ഇല്ലെങ്കിലും മനുഷ്യനിലേക്ക് ഒരു കുളിരായോ കാറ്റിന്റെ നനുത്ത സ്പർശമായോ മഴ സംവദിക്കും. മഴയെപ്പറ്റി കവിതയെഴുതാത്ത കവികളും ഉണ്ടാവുമെന്നു തോന്നുന്നില്ല.

മഴയും ഈശ്വരനും ബന്ധമായ നസറുദ്ദീൻ ഹോജയുടെ പ്രശസ്തമായ ഒരു കഥയുണ്ട്. ആ കഥ ഇങ്ങനെയായിരുന്നു: ഒരു ദിവസം മഴ പെയ്യുന്നതും നോക്കി ഹോജ വീടിനു മുമ്പിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഹോജയുടെ അയൽവാസി മഴയത്ത് നനഞ്ഞൊലിച്ച് വീട്ടിലേക്ക് ഓടുന്നതുകണ്ടത്. ഉടൻ വന്നു ഹോജയുടെ പ്രതികരണം: ‘സുഹൃത്തേ നീയെന്താണിങ്ങനെ ഓടുന്നത്. മഴ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അറിഞ്ഞുകൂടേ? താങ്കൾ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്നും ഓടിയൊളിക്കുകയാണോ?’ പാവം അയൽക്കാരൻ. ഹോജ പറഞ്ഞതു കേട്ടതോടെ മഴ മുഴുവൻ നനഞ്ഞ് സാവകാശത്തിൽ വീട്ടിലേക്ക് നടന്നുപോയി.

മറ്റൊരു ദിവസം മഴ പെയ്തപ്പോൾ അയൽവാസി വീട്ടിനുമുമ്പിലും ഹോജ മഴയത്തുമായിരുന്നു. മഴയിൽ വീട്ടിലേക്ക് ഓടുകയായിരുന്ന ഹോജയോട് അയൽവാസി ചോദിച്ചു: ‘ഹോജാ, മഴ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് പറഞ്ഞ താങ്കളിപ്പോൾ മഴയിൽ നിന്നും ഓടിയൊളിക്കുകയാണോ?’ ഉരുളക്കുപ്പേരിയായിരുന്നു ഹോജയുടെ മറുപടി: ‘സുഹൃത്തേ അല്ലാഹുവിന്റെ അനുഗ്രഹം കൂടുതൽ കൂടുതൽ ലഭിക്കാൻ വേണ്ടിയാണ് ഞാൻ ഓടുന്നത്. നടന്നാൽ അത് കിട്ടുന്നത് കുറയുമല്ലോ?’ മഴയ്ക്ക് മുഖങ്ങൾ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിർപ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് തിമിർക്കുന്ന മഴ.

പിന്നെ പഞ്ഞക്കര്‍ക്കടകത്തിന്റെ വറുതിയുടെ, ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്റെയും മുഖം. എല്ലാം തകർത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം. ഇതൊക്കെയാണെങ്കിലും മഴ വരേണ്ട സമയം ഒന്നു വൈകിയാൽ നമ്മൾ അതിനെ വരണേ എന്നു പ്രാർത്ഥിച്ച് കാത്തിരിക്കും. വരാൻ വീണ്ടും വൈകിയാൽ ‘നാശം ഈ മഴ എവിടെപോയിക്കിടക്കുന്നു’ എന്നു പഴിക്കും. വന്നാൽ സന്തോഷിക്കും. പോകാൻ വൈകിയാല്‍ നമ്മള്‍ ‘ഒന്നു തോരുന്നില്ലല്ലോ ഇത് എല്ലാംകൊണ്ടേ പോകൂ’ എന്ന് വീണ്ടും മഴയെ ശപിക്കും. ഇങ്ങനെ മഴയെന്നാൽ പ്രകീർത്തനവും പ്രതിഷേധവും ഒരുപോലെ ഏറ്റുവാങ്ങുന്ന മഴ നമ്മുടെ അനുഗ്രഹമാണ്. കേരളത്തിന്റെ അന്താരാഷ്ട്ര ബ്രാന്റ് നാമമായ ‘ദൈവത്തിന്റെ സ്വന്തം നാട്’ സൃഷ്ടിച്ച മഹാശക്തിയുമാണ്.

കേരളത്തിൽ ഒരു വർഷത്തിൽ ഏകദേശം നൂറ്, നൂറ്റിരുപത് ദിവസം മഴ നമുക്കുമേൽ ചൊരിയുന്നു. ഇതിൽ മലനിരകളിൽ കാറ്റിനഭിമുഖമായുള്ള സ്ഥലത്ത് കൂടുതൽ മഴ ലഭിക്കുമ്പോൾ, മറുവശത്ത് മഴ കുറവായിരിക്കും. മഴ ഊഷരഭൂമിയെ ആർദ്രമാക്കാൻ വരുന്ന പ്രകൃതിയുടെ മന്ദഹാസകണങ്ങളാണ് മഴ. എന്തായാലും മഴക്കാലത്തെ ഹൃദ്യമായ അനുഭവസമ്പത്തായി സൂക്ഷിക്കാനാണ് സാഹിത്യലോകത്തെ പ്രതിഭകൾക്കിഷ്ടം.

അടുത്ത കാലത്ത് കൂടുതൽ മലയാളികൾ വായിച്ച നോവൽ ‘ആടുജീവിത’ത്തിൽ മഴയെ വളരെ പ്രധാനപ്പെട്ട സ്ഥാനത്താണ് നോവലിസ്റ്റ് ബെന്യാമിൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രജ്ഞയും പ്രതീക്ഷയും അറ്റവന്റെ പുതുജീവനായി മഴ നോവലിൽ പെയ്തിറങ്ങുന്നു. മരുഭൂമിയിൽ ആടുകളോടൊപ്പം ഒറ്റപ്പെട്ടുപോകുന്ന നജീബ് ഒരു മഴയത്ത് ആഹ്ലാദിക്കുകയാണ്. നജീബിന്റെ അറബിയാകട്ടെ മഴയെ പേടിച്ച് വാഹനവുമായി മസാറ വിട്ടുഓടിപോയി. മഴ കനത്തു പെയ്ത അന്നുരാത്രിയിൽ നജീബ് ശരിക്കും സ്വതന്ത്രനായി ആഹ്ലാദിച്ചു. നജീബ് മാത്രമല്ല, തന്നോടൊപ്പം ഗൾഫിൽ നിന്നും പണം വാരാൻ വന്ന സമീപത്തെ മസാറയിലെ മലയാളി സന്തോഷിച്ചതും അന്നാണ്. മാസങ്ങൾക്ക് ശേഷം അന്നാണ് കാണുന്നതും. ഈ മഴയാണ് നജീബിന്റേയും സുഹൃത്തിന്റേയും മോചനത്തിന് നാന്ദികുറിച്ചതും.

മലയാളിയുടെ ജീവിതത്തിൽ മാത്രമല്ല കഥയിലും കവിതയിലുമൊക്കെ മഴ, പെയ്യുന്നതുപോലെ പ്രത്യക്ഷപ്പെടാറുണ്ട്. മഴക്കഥകളും മഴക്കവിതകളും ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA