സഹാനുഭൂതിയാണ് സംസ്കാരം

kerala-flood-help
SHARE

മറ്റുള്ളവരോടുള്ള പരിഗണനയും പങ്കുവെക്കലും വേദനകളിൽ സഹാനുഭൂതിയും ദുരിതകാലത്ത് സഹായിക്കാനുള്ള തുറന്ന മനോഭാവവും താൽപര്യവും - ഇതിനെയാണ് സംസ്കാരം എന്നു പറയുന്നത്. ഇതുതന്നെയല്ലേ വർത്തമാനകാലത്തു കേരളം കണ്ടത്. സഹജീവികളുടെ മൂക്കറ്റം പ്രളയജലം പൊന്തി വന്നപ്പോൾ, അവരുടെ ജീവൻ മുങ്ങിത്താഴുമെന്നു കണ്ടപ്പോൾ, എല്ലാം മറന്ന് ചുറ്റുമുള്ളവർ ഓടിക്കൂടി അവരെ കൈപിടിച്ചുയർത്തി. പ്രളയത്തിനു മുൻപു വരെ നമ്മൾ പരിതപിച്ചിരുന്നത് മലയാളിയുടെ ത്യാഗമനഃസ്ഥിതി നഷ്ടപ്പെട്ടിരിക്കുന്നു എന്നും ഇവിടെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം കൊല്ലുകയാണെന്നുമാണ്. അത് ഏറെക്കുറെ ശരിയുമായിരുന്നു. എന്നാൽ വാപിളര്‍ന്നു പാഞ്ഞടുത്ത പ്രളയം നമ്മുടെ അഹംഭാവത്തെ വല്ലാതെ ബാധിച്ചു എന്നുതന്നെ പറയാം. ഇത് എത്ര കാലം നിലനിൽക്കുമെന്നതാണ് ആശങ്ക. സഹജീവിസ്നേഹം, സഹകരണം... അതുതന്നെയാണ് സംസ്കാരം. നമ്മിലെ കാടത്തം നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്നു കരുതാം. വനവാസികളുടെ സ്വഭാവ സവിശേഷത മോശപ്പെട്ടതാണെന്ന ആശയമാണ് കാടത്തം എന്ന വാക്കിൽ അന്തർലീനമായിരിക്കുന്നത്. എന്നാൽ അതത്രയ്ക്കങ്ങു ശരിയല്ല. സംസ്കാരശൂന്യരെന്നു നമ്മൾ പുറംലോകനിവാസികൾ കരുതിവച്ചിരിക്കുന്ന വനവാസികൾ യഥാർഥത്തിൽ സംസ്കാരസമ്പന്നരാണ്.

ആഫ്രിക്കന്‍ വനാന്തരങ്ങളിൽ പര്യടനം നടത്തിയിരുന്ന ഒരു സംഘം അവിടെ ഒരു വനവാസിക്കുടിൽ സന്ദർശിച്ച കഥയുണ്ട്. വിശപ്പു കൊണ്ടു മെലിഞ്ഞുണങ്ങിയ ആ വീട്ടുകാരെക്കണ്ടു മനസ്സലിഞ്ഞ അവർ, തങ്ങൾ കരുതിയിരുന്ന ഏതാനും ഭക്ഷണപ്പൊതികൾ അവർക്കു കൊടുത്തു. അത് ഉടനെ കഴിക്കുന്നതിനു പകരം ആ വീട്ടുകാർ അത് വലുതും ചെറുതുമായ പല ഭാഗങ്ങളായി പകുക്കുന്നതാണു കണ്ടത്. വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയായിരിക്കും ഇങ്ങനെ പകുത്തുവയ്ക്കുന്നത് എന്നാണു സഞ്ചാരികൾ കരുതിയത്. എന്നാൽ കുടുംബനാഥൻ പറഞ്ഞതനുസരിച്ച് ഒരു പങ്കുമാത്രം അവിടെവച്ച് ബാക്കിയെല്ലാം വാരിക്കൊണ്ടു മൂത്തമകൻ പുറത്തേക്ക് ഓടുന്നതു കണ്ടപ്പോൾ, എന്താണു സംഭവിക്കുന്നതെന്നു സഞ്ചാരികൾക്കു മനസ്സിലായില്ല. ഗൃഹനാഥൻ വിശദീകരിച്ചു.: ‘അവൻ ആ പൊതികൾ ഈ കുടിയിലെ മറ്റു വീടുകളിൽ കൊടുക്കാൻ പോയതാണ്. കൂടുതൽ അംഗങ്ങളുള്ള വീടുകൾക്കു വലിയ പൊതിയും കുറച്ചുപേർ മാത്രമുള്ളിടത്തു ചെറിയ പൊതിയും.’. അതുകേട്ട സംഘാംഗങ്ങൾ ചോദിച്ചു: ‘ഞങ്ങൾ നിങ്ങൾക്കു കഴിക്കാനല്ലേ ഭക്ഷണം തന്നത്?’

‘നിങ്ങൾക്കുള്ളതിൽ ഒരു പങ്ക് ഞങ്ങൾക്കു തന്നു. ഞങ്ങൾക്കു കിട്ടിയതിൽ ഒരു പങ്ക് മറ്റുള്ളവർക്കും കൊടുക്കണ്ടേ? അവർ വിശന്നിരിക്കുമ്പോള്‍ ഞങ്ങള്‍ കഴിച്ചാലും ഞങ്ങളുടെ വയർ നിറയുകയില്ല. കാരണം അവരും ഞങ്ങളും ഭിന്നരല്ല’. 

കാടന്മാരെന്നു നമ്മൾ മുദ്രകുത്താറുള്ള ജനതയ്ക്കുള്ള പരസ്പര സ്നേഹവും കരുതലും നമ്മുടേതിനെക്കാൾ മെച്ചപ്പെട്ടതാണ്. നമ്മൾ പരസ്പരം കുറ്റപ്പെടുത്തിയും വിദ്വേഷം വളർത്തിയും പൊരുതുമ്പോഴും നന്മയുടെ തുരുത്തുകൾ ‌നിലനിൽക്കുമെന്നും ആവശ്യമുള്ളപ്പോൾ അതു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും ഇക്കഴിഞ്ഞ പ്രളയം നമ്മെ പഠിപ്പിച്ചു.

മഴവെള്ളം സംഹാരഭാവം കാട്ടി ജീവനെയും ജീവിതത്തെയും വലിച്ചുകൊണ്ടു പോകാൻ ആർത്തലച്ചു കുത്തിയൊഴുകിയെത്തിയപ്പോൾ ഒന്നു പകച്ചു നിന്ന മലയാളി അടുത്ത നിമിഷം ശക്തി സംഭരിച്ചു. പ്രളയത്തെ ഒന്നിച്ചൊന്നായി നേരിട്ടു. സംഹരിക്കാൻ വായ്പിളർന്നെത്തിയ മഹാപ്രളയത്തിനു മലയാളിയുടെ ഐക്യശക്തിയെന്ന മനോബലത്തിനു മുന്നിൽ പരാജിതയായി പിൻവാങ്ങേണ്ടിവന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഉയർന്നു വന്ന ആത്മശക്തിക്കുമുന്നിൽ പ്രളയത്തിന് ഉദ്ദേശിച്ചതു സാധ്യമാക്കാനാകാതെ പിൻവാങ്ങേണ്ടിവന്നു. എങ്കിലും ഏൽപ്പിച്ച ക്ഷതം താങ്ങാവുന്നതിലപ്പുറമാണ്. നാശങ്ങൾ നിരവധിയാണ്. പ്രളയം കേരളമണ്ണിനെ ശ്വാസം മുട്ടിക്കാനെത്തിയത് ഓണനാളുകളിലാണെന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. അല്ലെങ്കിൽ നിരന്തരം കയ്യേറ്റവും കയ്യാങ്കളിയും നടത്തിക്കൊണ്ടിരിക്കുന്ന മക്കളുടെ അതിക്രമത്തിനു ചെറിയ താക്കീതുകൾ നൽകിയിട്ടും പ്രയോജനം കാണാത്തതിൽ മനം നൊന്ത് കേരളാംബ കണ്ണീർ വാർത്തതാകാം. ഓണനാളിൽ അഹംഭാവങ്ങൾ താഴെവച്ച് ഒരു പാഠം പഠിക്കട്ടെയെന്നു നിശ്ചയിച്ചതുമാകാം. എന്തായാലും കേരളമക്കളുടെ പ്രധാന സന്തോഷദിനത്തിൽ ജലം കൊണ്ടു മുറിവേറ്റപ്പോൾ ആ വേദനയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിസ്സഹായരായി കുത്തിയിരിക്കാൻ മലയാളികൾ തയാറായില്ല. 

കേരളത്തിലുള്ള മലയാളികൾ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ സടകുടഞ്ഞെഴുന്നേറ്റു. ഇനി ഉണർന്നു പ്രവർത്തിക്കാനുള്ള നേരമാണ്, കരയാനുള്ളതല്ലെന്ന് അവർ തിരിച്ചറിഞ്ഞു. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന മലയാള മണ്ണിനെ, അതിലെ വിലപ്പെട്ട ജീവനുകളെ മലയാളികൾ ഒന്നിച്ചൊന്നായിച്ചേര്‍ന്നു കൈപിടിച്ചു മുകളിലേക്കുയർത്തി. പ്രളയത്തോടു മല്ലടിക്കുമ്പോൾ സഹജീവികളായ അയൽസംസ്ഥാന നിവാസികളുടെയും ലോകരാഷ്ട്രങ്ങളിൽ എല്ലാ ഭാഗത്തുനിന്നുമുള്ള മനുഷ്യരുടെയും പിന്തുണയും സഹായങ്ങളും ലഭിച്ചത് മലയാളികൾക്കു പ്രചോദനവും കരുത്തുമായി. ഈ സമയം ‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്ന പഴമൊഴിയാണ് ഓരോ മലയാളിയുടെയും മനസ്സിൽ പ്രളയജലത്തെക്കാൾ ശക്തിയിൽ അലയടിച്ചുകൊണ്ടിരുന്നത്. അതിനൊപ്പം ‘അതിജീവിക്കും നമ്മൾ’ എന്നു പാടിക്കൊണ്ട് ഓരോ ചുവടും ആത്മവിശ്വാസത്തോടെ ദൃഢമായൂന്നി മുന്നേറി. അതിനു മലയാളിക്ക് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും കടലിന്റെ മക്കളുടെയും നിർലോഭ സഹായങ്ങളും സഹകരണവും ലഭിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ചപ്പോൾ അതിന്റെ ഫലം കണ്ടു. അടക്കിപ്പിടിച്ച ശ്വാസനിശ്വാസങ്ങൾക്ക് അയവു വന്നു, ദുരിതക്കയത്തെ അതിജീവിച്ച കേരളീയർ ജലംകൊണ്ട് ഏറ്റ മുറിവിന്റെ വേദനയിൽ നിന്നു പുനരുജ്ജീവിക്കാനുള്ള പരിശ്രമത്തിലാണ്.

ഇത്തവണ ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷം വേണ്ടെന്നു തീരുമാനിച്ചു. സമ്പാദ്യത്തിന്റെ ഒരംശം വർഷത്തിലൊരിക്കലുള്ള ഓണാഘോഷത്തിനായി മാസംതോറും മാറ്റിവയ്ക്കുന്ന ശീലമാണ് ഇവർക്കുള്ളത്. അല്ലാതുള്ള ചില പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന തുകയും ഓണാഘോഷത്തിനായി മാറ്റും. അവർ ഇത്തവണ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു കൈത്താങ്ങാകാൻ ഈ തുകയെല്ലാം കേരള സർക്കാരിനു കൈമാറി. ഇവിടെയാണ് മലയാളിയുടെ സംസ്കാരം ഉയർന്നു നിൽക്കുന്നത്. സമൃദ്ധിയുടെ കഥകൾ മാത്രം പറയുന്ന മലയാളികളുടെ ഇത്തവണത്തെ ഓണത്തിനു നിറമോ മണമോ ഇല്ലായിരുന്നു. ഇത് ഒരു മലയാളിക്കും ആരും പറഞ്ഞുകൊടുക്കുകയോ മനസ്സിലാക്കികൊടുക്കുകയോ ചെയ്യേണ്ടതില്ലായിരുന്നു. അവരോരോരുത്തരും സ്വയമറിഞ്ഞു പ്രവർത്തിച്ചു. കയ്യിലുള്ളതിനെ അവർ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പങ്കുവച്ചു. ഇവിടെ സഹാനുഭൂതിയും സഹകരണവും സന്മനോഭാവവും ഉയർന്നു. ഇതു സദാസമയം നിലനിർത്തുക എന്നതാണ് സംസ്കാര സമ്പന്നത. വിവരവും അറിവും വർധിക്കുമ്പോൾ വിവേകവും ഹൃദയവും നഷ്ടമാകാതിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA