നല്ല ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ

positive-thinking
SHARE

ഒരാൾക്ക് അയാളോടുതന്നെ സ്നേഹം തോന്നുകയും സ്വന്തം കഴിവുകൾ മികച്ചതാണെന്ന് സ്വയം കരുതുകയും ചെയ്താൽ മാത്രമേ അയാൾക്ക് മുന്നോട്ടുപോകാനും ജീവിത വിജയം കൈവരിക്കാനുമാകൂ. ഒാരോരുത്തരും ആത്മവിശ്വാസമുള്ളവരായിരക്കണമെന്ന് സാരം. ഇത്തരത്തിൽ സ്വയം തിരിച്ചറിയുക എന്നതാണ് നമ്മിലുണ്ടാകുന്ന അപകർഷതാ ബോധത്തെ നേരിടുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. നമ്മുടെ മനസ്സിന് നാം കൊടുക്കുന്ന നെഗറ്റീവ് സന്ദേശങ്ങളാണ് നമ്മെ അപകർഷതയിലേക്ക് നയിക്കുന്നത്.

ഉദാഹരണത്തിന് തനിക്ക് വേണ്ടത്ര നിറമില്ല, ഉയരമില്ല, താൻ സൗന്ദര്യം കുറഞ്ഞവളാണ് എന്നിങ്ങനെ ഒരു പെൺകുട്ടി തന്നോടു തന്നെ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നാൽ ഒരിക്കലും അപകർഷതാബോധത്തിൽ നിന്നും രക്ഷ നേടുവാൻ അവൾക്കാവില്ല. എന്നാൽ തൽസ്ഥാനത്ത് താൻ മിടുക്കിയാണ്, പല മേഖലകളിലും മികവ് പുലർത്തുവാൻ തനിക്കാകും എന്ന് അവൾ തന്നോടു തന്നെ പറയുകയാണെങ്കിൽ അപകർഷതയുടെ എെസ് ഉരുകി ആത്മവിശ്വാസത്തിന്റെ ജലമായി മാറുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും.തന്റെ  കഴിവുകളും കഴിവുകേടുകളും ബലവും ബലഹീനതയും ഒരു വ്യക്തിക്ക് തിരിച്ചറിയുവാനാകുമ്പോൾ അപകർഷതാബോധത്തിന് ആ വ്യക്തിയെ സ്പർശിക്കുവാനാകില്ല.

വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലെത്തിയ ഗാന്ധിജിയുടെ വേഷം ഒരു മുണ്ടും ഷാളും മാത്രമായിരുന്നു. കോട്ടും സൂട്ടും ധരിച്ച ഇംഗ്ലണ്ടിലെ വരേണ്യ രാഷ്ട്രീയ പ്രഭുക്കന്മാർക്കു നടുവിലും ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുവാൻ ഗാന്ധിജിയെ സഹായിച്ചത് ഇൗ സ്വയം തിരിച്ചറിവിൻറെ കരുത്താണ്.തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലാ എന്ന് ഒരു വ്യക്തി വിചാരിക്കുന്നതാണ് ഇൗ ലോകത്തിലെ ഏറ്റവും വലിയ പാപമെന്ന് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഏർപ്പെടുന്ന പ്രവൃത്തി എന്തു തന്നെയായാലും വിജയം സുനിശ്ചിതമെന്ന് ഉറച്ചുവിശ്വസിക്കുക. വിശ്വാസത്തിന്റെ കരുത്തിൽ മനസ്സിലെ അടിമത്തമാകുന്ന അപകർഷതയെ തുടച്ചുനീക്കി വിജയത്തിന്റെ പുത്തൻ അധ്യായങ്ങൾ രചിക്കൂ.

ഒരു ചെറുപ്പക്കാരൻ, ഒരു സോഫ്റ്റ്‌വെയർ  എൻജിനിയറാണ് അയാൾ. താൻ കിടക്കുന്ന മുറിയിൽ മുകളിലേക്ക് നോക്കിയാൽ നേരിട്ടു കാണുന്ന ഫാനിൽ താൻ തൂങ്ങിമരിക്കുമോ എന്ന നിർബന്ധിത ചിന്ത അയാളെ ആവർത്തിച്ചാവർത്തിച്ച് അലട്ടിക്കൊണ്ടിരുന്നു.അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്തോറും ചിന്തകൾ കൂടിവരുന്നതു കാരണം റൂം ലോക്ക് ചെയ്ത് നാട്ടിലെ വീട്ടിൽ വന്ന് പിതാവിനെയും കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നത് പതിവായി. ചിന്തകൾ കാരണം ഒറ്റയ്ക്കു കിടക്കാനും ഉറങ്ങാനും പേടി. കോട്ടയത്തുനിന്ന് മദ്രാസ് മെയിലിൽ കയറി യാത്രചെയ്യുമ്പോൾ ട്രെയിനിൽനിന്ന് താൻ ചാടിക്കളയുമോ എന്ന അനാവശ്യചിന്ത ആവർത്തിച്ചാവർത്തിച്ച് വന്നിരുന്നതുകൊണ്ട് ഒറ്റയ്ക്കു യാത്രചെയ്യാൻ ഭയം. വീട്ടിൽ വന്നാൽ അമ്മയുടെ കൂടെ അടുക്കളയിൽ സംസാരിച്ചു നിൽക്കുമ്പോൾ കറികത്തി കണ്ടാൽ അതെടുത്ത് പ്രയോഗിച്ചുകളയുമോ എന്ന ഭയചിന്തയാൽ അതെടുത്ത് കബോർഡിൽ വച്ച് അടയ്ക്കുന്ന സ്വഭാവം. ഇവയൊക്കെ ആ സമർഥനായ ചെറുപ്പക്കാരന്റെ സ്വസ്ഥത കെടുത്തി. ഇതൊന്നും താൻ ചെയ്യാൻപോകുന്നില്ലെന്ന് അയാൾക്ക് നല്ലവണ്ണം അറിയാമെങ്കിലും ആവർത്തിച്ചുള്ള ചിന്തകളുടെ ഘോഷയാത്ര കാരണം വിചിത്രമായ ഇൗ മനോനിലയെ അയാൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നു. ഇങ്ങനെയാണ് അനാവശ്യ ചിന്തകൾ നമ്മെ മനോരോഗികളാക്കുന്നത്.

നമ്മുടെ ചിന്തയാണ് നമ്മെ നയിക്കുന്നത്. വിജയകരമായ ജീവിതത്തിന് വസ്തുനിഷ്ടമായ ചിന്തയാണ് വേണ്ടത്. നമ്മുടെ ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ. ജീവിതത്തെക്കുറിച്ച് പോസിറ്റീവായ മനോഭാവം വച്ചു പുലർത്തുക. അത് ആത്മവിശ്വാസം നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA