ജീവിതം ക്ഷണികമാണ്...

459889049
SHARE

 മൂന്ന് വയസ്സ് പ്രായം വരുന്ന  ഒരു കുഞ്ഞു ബാലന്‍. അവന്‍ വീടിന്റെ ഉള്ളിലും മുറ്റത്തും തൊടിയിലുമെല്ലാം ഓടി നടക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ അമ്മാവന്റെ സംഗീതത്തിലും ചെവി കൊടുക്കുന്നുണ്ട്.  ആ ഇളം ചുണ്ടില്‍ സംഗീതം അറിയാതെ നിറഞ്ഞൊഴുകി... ഇതിനിടയില്‍ അമ്മാവന്റെ  നാലഞ്ചു വയലിനുകള്‍  ഉടച്ചു കളഞ്ഞിരുന്നു. അതിലൊന്നും പരിഭ്രമിക്കാതെ  അനന്തരവനെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടു പോന്നു. അന്ന് ഉടഞ്ഞു പോയ വയലിനുകളെല്ലാം പിന്നീട്  അങ്ങോട്ട് മുറുകെ പിടിച്ച് ആ ബാലന്‍ യാത്ര തുടര്‍ന്നു... വിരല്‍ത്തുമ്പുകള്‍ കൊണ്ട് ശ്രുതിമീട്ടി സംഗീതത്തിന്റെ മായിക പ്രപഞ്ചം തീര്‍ത്ത് കാണികളെ രസിപ്പിച്ച ബാലനാണ് ബാലഭാസ്‌കര്‍.

സംഗീത ലോകത്ത് ജീവിച്ച വയലിനെ പ്രാണനെ പോലെ സ്‌നേഹിച്ച വയലിന്റെ നിത്യ കാമുകനായവന്‍. ഒരു നിമിഷത്തെ അപകടം കൊണ്ട്  ഇല്ലാതായത് ആ വലിയ പ്രതിഭയാണ്.  ഇത്രയും അത്ഭുതം കാണിച്ച് ആ കലാകാരന് എന്ത് പേരാണ് ചേരുക അത്ഭുതമെന്നോ പ്രതിഭാസമെന്നോ. ജനിച്ച്  40 വര്‍ഷം മാത്രം  ഭൂമിയില്‍ ജീവിച്ച് മറ്റെതോ ലോകത്തിലേക്ക് പെട്ടെന്ന് മടങ്ങിയ ആ അതുല്യ പ്രതിഭ. ഈ ഭൂമിയില്‍ അവന്‍ അവശേഷിപ്പിച്ചത് അവന്റെ മാന്ത്രിക വിരലുകളാല്‍ നിറം ചാര്‍ത്തിയ അനേകം ശ്രുതികളാണ്. പറഞ്ഞാലും എഴുതിയാലും തീരാതത്ര ഓര്‍മകള്‍.  ഈ പ്രപഞ്ചത്തെ ആശ്ചര്യത്തോടെയും  കൗതുകത്തോടെയും വീക്ഷിച്ച മറ്റൊരാള്‍ ബാലഭാസ്‌കറിനെ പോലെ ഉണ്ടാവാന്‍ വഴിയില്ല. ഈ ലോകത്തെ സമാധാനത്തിന്റെ പാദയില്‍ സ്‌നേഹിക്കണമെന്ന് അവന്റെ കൈവിരലിലൂടെ ഈ ലോകത്തിന് കാണിച്ച് കൊടുത്തു.  അവന്റെ വയലിന്‍ വായനയില്‍ കണ്ടുനിന്നവരും കേട്ടവരും അതിശയിച്ചു. ഒരു കുഞ്ഞിന്റെ ജനനത്തില്‍ പോലും സംഗീതമുണ്ടെന്ന് കണ്ടെത്തി അതിനെ തന്റെ വയലിന്റെ ശ്രുതികളായി മീട്ടി. തിരുവനന്തപുരം സ്വദേശിയായ  ബാലഭാസ്‌കറിന് സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നെങ്കില്‍ പോലും അതിനെ അത്രയും സ്‌നേഹിച്ച മറ്റൊരാളുണ്ടാവില്ല.  അവന്‍ പോകുന്നിടത്തെല്ലാം സംഗീതമായിരുന്നു.

 മരണം കവര്‍ന്നെടുക്കും മുന്‍പേ അവന് ഇഷ്ടമുള്ള കുറേ കാര്യങ്ങള്‍ ചെയ്തു. അല്ല അതില്‍ അലിഞ്ഞു ചേര്‍ന്നു എന്ന് പറയുന്നതാവും ശരി. എന്തുകൊണ്ടാണ് ചില പ്രതിഭകളെ ഓര്‍ത്ത് നമ്മുടെ കണ്ണുകള്‍ നിറയുന്നത്. ചിലപ്പോള്‍ പ്രകാശം നിറയുന്നത്. ഓരോ പ്രതിഭയും ലോകത്തോട് വിട പറയുമ്പോള്‍ നികത്താനാവത്ത നഷ്ടങ്ങളുടെ  കണക്കെടുക്കുമ്പോള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ്. പ്രതിഭ കൊണ്ട് അത്ഭുതപ്പെടുത്തിയ എത്ര പേരാണ്  ജീവിതത്തില്‍ കൊരുത്തുവച്ച സ്വപ്‌നങ്ങള്‍ നെയ്തു തീര്‍ക്കാതെ ലോകത്തേട് വിട പറഞ്ഞിട്ടുള്ളത്. 

ഈണമായും കാഴ്ചയായും അക്ഷരങ്ങളായും വാക്കായും ഇവിടെ നിറഞ്ഞുനിന്നവര്‍. മരണം ജീവിതത്തിലെ അനിവാര്യതയും ഏറ്റവും വലിയ സത്യവുമാണെങ്കിലും ചിലരുടെ വേര്‍പാട്  നൈമിഷികമാണ്. ഓരോരുത്തരും അവരവരുടെ പ്രതിഭാവിശേഷം കൊണ്ട് ഗിരിശൃംഗങ്ങളില്‍ നിന്നവര്‍. ഇവര്‍ക്ക് പകരക്കാര് ആര് എന്ന ചോദ്യത്തിനുമാത്രം ഉത്തരം ഏത് കാലത്താണുണ്ടാവുക എന്നും നിശ്ചയമില്ല. വലിയ പ്രതിഭകളെ ദൈവം സൃഷ്ടിക്കുമ്പോള്‍ അവര്‍  തുടങ്ങിവച്ച പലതും മുഴമിപ്പിക്കാന്‍ സമയം കൊടുക്കാറില്ല...  ഓരോ കലയേയും കായികത്തേയും നാം നെഞ്ചേറ്റി സ്‌നേഹിക്കുന്നതിനാലാവാം ഈ രംഗത്ത് ശോഭിച്ചിരിക്കുന്നവരുടെ വേര്‍പാടും ഹൃദയത്തെ സ്പര്‍ശിക്കുന്നത്. 

 സമീപകാലത്ത് തന്നെ എത്ര പേരാണ് അവരുടെ ജോലികള്‍ ബാക്കി വച്ചുകൊണ്ട് മരണത്തിന് മുന്നില്‍ കൊച്ചുകുട്ടിയെ പോലെ നിശബ്ദമായി നിന്നത്. നൃത്തത്തില്‍ ഏറെ ശോഭിച്ച ഉയരങ്ങളില്‍ എത്താന്‍മാത്രം കൊതിച്ച മഞ്ജുഷ മോഹന്‍ദാസ്.. നൃത്തവും സംഗീതവും മാത്രമായിരുന്നു അവരുടെ ലോകം..  എന്നിട്ടും ഇത്തിരി കരുണ പോലും കാണിക്കാതെ അവളേയും ദൈവം തിരിച്ചു വിളിച്ചു...  അസാധ്യമായ രീതിയില്‍ കഴിവു തെളിയിച്ചവരെ മരണം നേരത്തെ തേടിയെത്തിയ ഒട്ടേറെ പ്രതിഭകള്‍ ഉണ്ട്. 

 ആറ് പതിറ്റാണ്ടോളം  കാലം മലയാള കവിതാ ലോകത്ത്  അക്ഷരങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത കവി ഒ. എന്‍. വി കുറുപ്പ്. അദ്ദേഹവും മരണത്തിന്റെ കരങ്ങളില്‍ നിശബ്ദമായി. അര്‍ത്ഥപൂര്‍ണമായ വാക്കുകള്‍ക്കൊണ്ട് അദ്ദേഹം വരച്ചിട്ട പ്രണയവും വിരഹവും സ്നേഹവും മോഹവും മോഹഭംഗവുമെല്ലാം മലയാളി നെഞ്ചോടുചേര്‍ത്തു. ദാരിദ്ര്യത്തില്‍ നിന്ന കല കച്ചിത്തുരുമ്പായി പിടിച്ച് കരകയറി അഭ്രപാളിയില്‍ വിസ്മയിപ്പിച്ച കലാഭവന്‍ മണി. ജീവിതം പച്ച പിടിച്ച് വരുമ്പോഴേക്കും മരണം മണിയേയും മാടി വിളിച്ചു. അതുപോലെ  കല്‍പ്പന മലയാളത്തില്‍ മറ്റൊരു ഹാസ്യനടിയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് കല്‍പനയ്ക്ക് കിട്ിയിരുന്നത്. സ്വാഭാവികമായ അഭിനയത്തിലൂടെ ഹാസ്യം കൈകാര്യം ചെയ്യാന്‍ അസാമാന്യ കഴിവായിരുന്നു അവര്‍ക്ക്. മികച്ചൊരു സ്വഭാവനടികൂടിയായിരുന്നു കല്‍പന. സ്വന്തം ജീവിതത്തിലെ പ്രതിസന്ധിയൊന്നും അവരുടെ അഭിനയത്തില്‍ നിഴലിച്ചിരുന്നില്ല. അഭിനയം അവര്‍ക്ക് ജീവിതമായിരുന്നു. 

പാതിവഴിയില്‍ നിലച്ച സംഗീതംപോലെയാണ് ഷാന്‍ ജോണ്‍സണിന്റെ ജീവിതം. അല്ലെങ്കില്‍ ആരുമറിയാതെ മരണം പതിയെത്തി 29-ാം വയസ്സില്‍ ഷാനിനെ കൂട്ടിക്കൊണ്ടുപോയി. 2011 ല്‍  ജോണ്‍സണ്‍ മാഷ് വിടപറഞ്ഞെങ്കിലും അമ്മയ്ക്കും അനിയനും ധൈര്യം പകര്‍ന്ന് കൂടെ നിന്നത് ഷാനായിരുന്നു. സംഗീതത്തില്‍ എല്ലാ വേദനയും അര്‍പ്പിച്ച് ജീവിച്ച ഷാന്‍ എല്ലാ അര്‍ത്ഥത്തിലും അച്ഛന്റെ മകള്‍ തന്നെയായിരുന്നു. സംഗീതത്തിലൂടെ അച്ഛനെത്തന്നെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. പാട്ടെഴുത്തും പാട്ടും ഈണമിടലും തുടങ്ങി എല്ലാ മേഖലകളിലും കഴിവുതെളിയിച്ച് തുടങ്ങിയ ഷാന്‍ വിരിയും മുമ്പേ കൊഴിഞ്ഞു വീണു. 

 നശ്വരമായ ലോകത്ത് അനശ്വരമായ ഒട്ടേറെ പ്രതിഭകള്‍ ജീവിച്ചിരുന്നു. അവര്‍ ഒരിക്കലും നശിച്ചു പോകാത്ത നിത്യതയിലേക്ക് പ്രവേശിക്കാന്‍ ദൈവത്തിന്റെ സ്‌നേഹം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാം ബാക്കിയാക്കി മടങ്ങി പോകുകയാണ്.  അതുകൊണ്ട് തന്നെയാണ് ഭൂമിയില്‍ നിന്ന് മാറ്റപ്പെട്ടാലും ആളുകള്‍ക്ക് പറയാനും പിന്‍തുടരാനും ചില നന്മയുടെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നത്. പാതിവഴിയില്‍ ജീവിതം അവസാനിക്കുമ്പോള്‍ പകരം വയ്ക്കാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ കല്ലറയ്ക്ക മുകളില്‍ നാം എന്തിന് വേണ്ടി ഭൂമിയില്‍ പിറന്നു വീണു എന്ന് എഴുതി ചേര്‍ക്കപ്പെടും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA