വിശ്വാസം; അത് എന്റേതുമാത്രമല്ല ശരി

459889049
SHARE

എന്താണ് വിശ്വാസം ?, ഇൗ ചോദ്യത്തിനു കൃത്യമായ മറുപടി നൽകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പൂർവികരോ മുതിർന്നവരോ പകർന്നു തന്ന കാര്യങ്ങളിലൂടെയാണ് എല്ലാവരിലും വിശ്വാസം എന്ന സങ്കൽപം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആരും വിശ്വാസിയായി ജനിക്കുന്നില്ല. അവൻ അല്ലെങ്കിൽ അവൾ പിറന്നു വീഴുന്ന കുലമാണ് ആ വ്യക്തിക്ക് ജാതിയും മതവും സമ്മാനിക്കുന്നതും ജീവിതശൈലി നൽകുന്നതും. ഇതിലൂടെയാണ് വിശ്വാസവും സംജാതമാകുന്നത്.  മറ്റുള്ളവരിൽനിന്നു പകർന്നു ലഭിച്ചത് എന്തും പിന്തുടരുന്നവനാകരുത് ഒരു വിശ്വാസി അല്ലെങ്കിൽ മനുഷ്യൻ.

‘സംഭവിക്കുന്നതെല്ലാം നല്ലത്, സംഭവിച്ചു കഴിഞ്ഞത് നല്ലത്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്’ എന്ന മട്ടിൽ സൂക്തങ്ങൾ പോലും, ഗീതയിലെ വരികൾ എന്ന മട്ടിൽ നാം കേൾക്കാറുണ്ട്. വിശ്വാസം എന്ന വാക്ക് ആദ്യം കേൾക്കുമ്പോൾത്തന്നെ അത് ദൈവവിശ്വാസമായി കൂട്ടിച്ചേർത്താണ് നാം മനസ്സിലാക്കുന്നത്. ദൈവവിശ്വാസമായാലും മറ്റേതെങ്കിലും വിശ്വാസമായാലും എല്ലാം മനുഷ്യമനസ്സിൽ രൂഢമൂലമായിക്കിടക്കുന്ന ഒരു പ്രത്യേകതരം വികാരമാണ്. 

ചില വിഷയങ്ങളിൽ അല്ലെങ്കിൽ ചില ആചാരങ്ങളിൽ ഉള്ള ഒരുവന്റെ വിശ്വാസം അയാളുടെ ഇൗ ജന്മംകൊണ്ട് ഉണ്ടായതായിരിക്കണമെന്നില്ല. കഴിഞ്ഞ നിരവധി ജന്മങ്ങൾ കൊണ്ട് അവനിൽ അന്തർലീനമായിരിക്കുന്ന ഒന്നായിരിക്കും. അതിനെ പെട്ടെന്ന് മാറ്റിമറിക്കാമെന്നു വിചാരിച്ചാൽ നടക്കണമെന്നില്ല. അതാണ് ഇന്ന് ശബരിമല വിഷയത്തിൽ നമ്മൾ കാണുന്നതും അനുഭവിക്കുന്നതും. ജന്മാന്തരങ്ങളായി മനുഷ്യമനസ്സിൽ രൂഢമൂലമായ വിശ്വാസ രീതികളിൽ കാലക്രമത്തിലേ അനിവാര്യമായ മാറ്റങ്ങൾ വരുത്താനാകുകയുള്ളൂ. ഇന്ന് ലോകത്തിലെ സംഘർഷങ്ങൾ പലതും ജനങ്ങൾ പറയുന്നതുപോലെ നല്ലതും ചീത്തയും തമ്മിലുള്ളതു മാത്രമല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഒരു വ്യക്തിയുടെ വിശ്വാസവും മറ്റൊരു വ്യക്തിയുടെ വിശ്വാസവും തമ്മിലാണ്. നിങ്ങൾ ഒരു കാര്യത്തിൽ വിശ്വസിക്കുന്നു, മറ്റു ചിലർ മറ്റു ചിലത് വിശ്വസിക്കുന്നു. ഉടനെ അവിടെ സംഘർഷമുണ്ടാകുന്നു. തുടക്കത്തിൽ നാം പറയും, നാമെല്ലാം സഹോദരന്മാരാണെന്ന്. പക്ഷേ നാളെ, നിങ്ങൾ വിശ്വസിക്കുന്നത് ശരിയെന്നു നിങ്ങളും ഞാൻ വിശ്വസിക്കുന്നത് ശരിയെന്നു ഞാനും തറപ്പിച്ചു പറയുമ്പോൾ, നമ്മൾ പരസ്പരം കലഹിക്കും. തീർച്ചയായും, നമ്മൾ വഴക്കിടും. ഇങ്ങനെയുള്ള വഴക്കുകൾ വീണ്ടും വീണ്ടും നാം ഇൗ ഭൂമിയിൽ ധാരാളം കാണുന്നുണ്ട്.  എന്നിട്ടും നമ്മൾ അതേ കാര്യവുമായി തന്നെ മുന്നോട്ടു പോകുന്നു. 

ഒാരോ വിശ്വാസവും സംസ്കാരത്തിൽ അധിഷ്ഠിതമായിരിക്കണം. ഏതു സംസ്കാരമാണ് നിങ്ങളെ സ്വാധീനിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വിശ്വാസങ്ങളും. ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും ഒക്കെ യാഥാർഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുകൂടി സ്വയം പരിശോധിക്കേണ്ടതാണ്. നിങ്ങളുടെമേൽ ആരെങ്കിലും എത്ര സ്വാധീനം ചെലുത്തി എന്നതായിരിക്കരുത്, സ്വന്തം വിശ്വാസത്തിലൂന്നിയ നിലപാട്. ജീവിതത്തിന്റെ നല്ല വശങ്ങളെ മാത്രം നോക്കുക എന്ന് മനഃശാസ്ത്രജ്ഞന്മാരും മാനേജ്മെൻറ് വിദഗ്ധരുമെല്ലാം ഒരുപോലെ ഉപദേശിക്കാറുണ്ട്. ജീവിതത്തിൽ വിശ്വാസം നേടാൻ ഇൗ വിശ്വാസം, ഇൗ മനോഭാവം സഹായകരമാവുമെന്ന് അവർ പറയാറുണ്ട്. 

വിശ്വാസം എന്നത് ചെറിയ വാക്കാണ്. അതു വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കുവാൻ ഒരു മിനിറ്റും മനസ്സിലാക്കാൻ ഒരു ദിവസവും മതിയാകും. പക്ഷേ അതു തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയാവില്ല. നാം  ഇൗ ഭൂമിയിൽ ജീവിക്കുന്നതു തന്നെ ഒരു വിശ്വാസത്തിന്റെ പുറത്താണ്. ശ്വസിക്കുന്ന വായു മുതൽ കഴിക്കുന്ന ഭക്ഷണം വരെ നിത്യജീവിതത്തിലെ സകല കാര്യങ്ങളും വിശ്വാസത്തിന്റെ പുറത്താണ് നയിക്കപ്പെടുന്നത്. 

നിസ്വാർത്ഥമായ, പരമോന്നതമായ ആ വിശ്വാസം മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു നേർവഴിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുകയുള്ളു. ‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നീ ചെയ്യേണ്ട കർമങ്ങൾ പൂർണമായും നിറവേറ്റുക. നിനക്കർഹതപ്പെട്ടത് നിന്നിൽ വന്നു ചേരും’ എന്നത് എത്ര അർത്ഥവത്തായ കാര്യമാണ്. ഒരു വ്യക്തി ജീവിക്കുന്ന ജീവിതശൈലി, ചുറ്റുപാടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കടഞ്ഞെടുക്കുന്നത് വിശ്വാസം തന്നെയാണ്.  ഇന്ന് എങ്ങനെ വിശ്വസിക്കും എന്നു സംശയിക്കപ്പെടുന്ന ഒരു കാലമാണ്. മനുഷ്യൻ മനുഷ്യനെത്തന്നെ മറന്നു പ്രവർത്തിക്കുന്ന സമയം.

ദുഃഖങ്ങളും വേദനകളുമുണ്ടാകുമ്പോൾ ഒരു വിശ്വാസത്തിനു പുറത്താണ് പലരും മുന്നോട്ടുള്ള ജീവിതം നയിക്കുന്നത്. പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരിൽ നിന്നാണോ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരോടു ക്ഷമിക്കുവാൻ കഴിയുമ്പോൾ മാത്രമേ വിശ്വാസ ജീവിതം വളർത്താൻ സാധിക്കുകയുള്ളു. പലപ്പോഴും നാം പ്രാർഥിക്കാറുള്ളത് പ്രശ്നങ്ങളും വിഷമങ്ങളൊന്നുമില്ലാത്ത ജീവിതം തരണമെന്നാണ്. എന്നാൽ ഇത്തരം പ്രാർഥനകൾ വിഫലമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന്  ചിന്തിക്കുന്നവർക്കു മാത്രമേ പുതിയ പാഠങ്ങൾ പഠിക്കുന്നതിനും ആത്മീയ പക്വത നേടാനും ആന്തരിക അവബോധം വളർത്താനും കഴിയൂ.

മനഃസാക്ഷിയുടെ സ്വഭാവിക മാർഗനിർദേശങ്ങളെ അപേക്ഷിച്ച്, നന്മ ചെയ്യാനുള്ള ശക്തമായ ഒരു പ്രേരകഘടമായാണ് വിശ്വാസം വർത്തിക്കേണ്ടത്. ഒരാളിൽ വേരൂന്നിയ വിശ്വാസം  മനഃസാക്ഷിക്ക് അറിവ് പകരുകയും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള അതിന്റെ പ്രാപ്തിയെ കൂടുതൽ സൂക്ഷ്മമാക്കുകയും ചെയ്യുന്നു. ചിലപ്പോൾ ചില ആളുകൾ ഹീനകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത് തിരിച്ചറിയുമ്പോൾ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്താനും വഴിതെറ്റിയവരെ നേർവഴിയിലാക്കാനും ഗുരുതരമായ തെറ്റുകൾ ഒഴിവാക്കാനും വിശ്വാസം സഹായിക്കും. 

തുർക്കിയിലെ ഒരു യുവതിയുടെ കഥയിങ്ങനെ: ഭർത്താവിന് അവളെക്കാൾ വളരെ പ്രായമുണ്ടായിരുന്നു. അക്കാരണത്താൽ വിവാഹമോചനം നേടാൻ ബന്ധുക്കൾ അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. അവൾക്ക് ഒരു കുട്ടി ഉണ്ടായിരുന്നെങ്കിലും, അവൾ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹമെന്ന പവിത്രമായ ബന്ധത്തെ കുറിച്ച് അവരുടെ മതഗ്രന്ഥത്തിൽ പറയുന്ന കാര്യങ്ങൾ ഒരു സ്ത്രീ അവൾക്കു വിശദീകരിച്ചു കൊടുത്തു. വിവാഹബന്ധം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും നിസ്സാരമായി വലിച്ചെറിയാനുള്ളതല്ലെന്നും അവർ വിശദീകരിച്ചു. തന്റെ കുടുംബ ജീവിതം അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ ആഗ്രഹിക്കുമ്പോൾ അന്യയായ ഇൗ സ്ത്രീ അതിനെ രക്ഷിക്കാൻ നോക്കുന്നത് അസാധാരണം തന്നെ- അവൾ ചിന്തിച്ചു. തന്റെ പുതു വിശ്വാസം വിവാഹമോചനം ഒഴിവാക്കാൻ അവളെ സഹായിച്ചു.

സഹനത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും ബലത്തിൽ എല്ലാം സഹിക്കാനും ക്ഷമിക്കാനും കരുത്തില്ലാത്തവർ ജീവിത യാഥാർഥ്യത്തിനു മുന്നിൽ കാലിടറി വീഴുന്നത് പലപ്പോഴും നാം കാണാറുണ്ട്.  ചിലർ പ്രതിസന്ധി വരുമ്പോൾ പിന്മാറും. മറ്റു ചിലർ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും തളരാതെ വീണ്ടുമതു പടുത്തുയർത്താൻ ശ്രമിക്കും. ജീവിതത്തിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. പാഠങ്ങളെ ഉൾകൊള്ളാനും തെറ്റുകളെ തിരുത്താനും വിവേകവും വിശ്വസവും അത്യാവശ്യമാണ്. എന്നാൽ തന്നിലെ വിശ്വാസം മാത്രമാണു ശരിയെന്ന് ഉറച്ചു വിശ്വസിക്കുന്നിടത്താണ് കൂടുതൽ പ്രശ്നം നിലനിൽക്കുന്നത്. സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയും അതിനെ മുറിവേൽപ്പിക്കാതിരിക്കുകയും വേണം. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് വിശ്വാസത്തെ അമർച്ചചെയ്യാനോ നിയമവഴിക്കു കൊണ്ടുവരാനോ ആകില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA