ഇഷ്ട സ്വർഗ്ഗങ്ങൾ

905084466
SHARE

 സ്വർഗ്ഗ രാജ്യത്ത് നിന്ന് ഒരു രാജഹംസം ഭൂലോകത്ത് പറന്നിറങ്ങി ഒരു പാടത്തിന്റെ കരയിലിരുന്നു. ഹരിതാഭമായ നെൽച്ചെടികൾക്കിടയിൽ നിന്നും പുഴുക്കളേയും അട്ടകളെയും പ്രാണികളേയും  കൊത്തിത്തിന്നുന്ന നൂറുകണക്കിന് കൊക്കുകളെ കണ്ടപ്പോൾ  ഹംസം ചിന്തിച്ചു. 

 കഷ്ടം ഇവർ എന്തുമാത്രം കഷ്ടപ്പെടുന്നു. ഇൗ ചെളിയിൽ കിടക്കുന്ന ചെറുജീവികളെയും തിന്ന് അധമമായി ജീവിക്കുന്നു.  ഇവരെ അപേക്ഷിച്ച് നോക്കിയാൽ താനെത്രയോ ഭാഗ്യവാനാണ്.  സ്വർഗ രാജ്യത്ത്  തന്റെ ജീവിതം എത്ര സുന്ദരമാണ്. അമൃത് ഭക്ഷിച്ചുകൊണ്ടുള്ള സുഖ ജീവിതം. ആ ജീവിതവും അഴുക്കു ചാലിലെ ഇൗ ജീവിതവും തമ്മിൽ എത്ര അന്തരമാണുള്ളത്. പാവപ്പെട്ട ഇൗ പക്ഷികൾ  എത്ര ക്ലേശപ്പെട്ടാണ് ജീവിക്കുന്നത്. ഇൗ ചിന്തകളുമായിരിക്കുന്ന ഹംസത്തിന്റെ അടുത്തേക്ക്  കൊക്കുകൾ പറന്നിറങ്ങി അടുത്തു ചെന്നു.

"ആരാണ്  എവിടെ നിന്നു വരുന്നു"?

 "ഞാനൊരു രാജഹംസം, സ്വർഗ്ഗത്തിൽ നിന്നും വരുന്നു".  ഹംസത്തിന്റെ മറുപടി കേട്ടപ്പോൾ അവർക്ക് വീണ്ടും സംശയം

 "ഇൗ സ്വർഗ്ഗം എന്നു പറയുന്നത് ഇൗ വയലേലകൾ പോലെയാണോ ചെളിയും കുഞ്ഞൻ തവളയും മീനും തത്തയുമെല്ലാം ധാരാളമുണ്ടോ?

 ഹംസം ചിരിച്ചുകൊണ്ട് പറഞ്ഞു

 "ഏയ്  അതൊന്നും അവിടെയില്ല.  അവിടെ സൗന്ദര്യത്തിന്റെ പൂർണ പ്രകൃതിയാണ്.  സദാവീശുന്ന മന്ദമാരുതൻ. വിടർന്നു വിലസുന്ന സുന്ദരപൂഷ്പങ്ങൾ, നൃത്തവും സംഗീതവും കൊണ്ട് സദാ ഇമ്പം പകരുന്ന അപ്സരസ്സുകൾ, ഭക്ഷണം അമൃതാണ്. അമൃത് ഭക്ഷിച്ചാൽ പിന്നെ ജരാനരകൾ പോലും ബാധിക്കില്ല. എവിടെയും സന്തോഷം എല്ലാം മനോഹരം"..

 ഹംസത്തിന്റെ വർണന കേട്ടപ്പോൾ കൊക്കുകൾ പരസ്പരം നോക്കി പിറുപിറുത്തു.

 "തവളയില്ല, മണ്ണിരയില്ല, മീനില്ല, തത്തയുമില്ല ഇതൊന്നുമില്ലാത്തത് സ്വർഗ്ഗമല്ല നരകമാണ്. ആർക്കുവേണം ഇവന്റെ സ്വർഗരാജ്യം. വൃത്തിക്കെട്ടവൻ പുലമ്പുന്നത് കേട്ടില്ലേ അവന്റെയൊരു സ്വർഗ്ഗം". പിറുപിറുത്തുകൊണ്ട് രാജഹംസത്തെ ഒറ്റപ്പെടുത്തി അവർ പറന്നകന്നു. 

ഒാരോരുത്തരുടെയും സ്വർഗ്ഗവും സന്തോഷവും അവന്റെ ഇഷ്ട ഇടങ്ങൾ മാത്രമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA