sections
MORE

സ്വാർഥത നമ്മെ നശിപ്പിക്കും

SHARE

മദ്ധ്യവയസ്കനായ ഒരാള്‍ ട്രെയിനിൽ കയറുവാനുള്ള തിടുക്കത്തിലാണ്. ആരെയും ഗൗനിക്കാതെ അയാളുടെ കൈയ്യൂക്ക് കാണിച്ച് തട്ടിമാറ്റി ഒരു വിധം അയാൾ ട്രെയിനിന്റെ അകത്തു കടന്നു. അയാളുടെ തടിമിടുക്കിന്റെ പ്രകടനത്തിൽ പലർക്കും വേദനിച്ചു. അതൊന്നും അയാൾ ഗൗനിച്ചതേയില്ല. ഏറ്റവും സൗകര്യപ്രദമായ ഒരു സീറ്റ് അയാൾ സ്വന്തമാക്കി. അടുത്തുള്ള സീറ്റിൽ ഇനി ഒരാൾ വന്നിരുന്നാൽ തന്റെ ഇരിപ്പിടത്തിന്റെ സുഖം കുറയുമെന്ന് കരുതി തന്റെ ലഗേജ് അടുത്ത സീറ്റിലും വച്ചു.

സ്വസ്ഥവും സുഖപ്രദവുമായിരിക്കുന്ന അയാളുടെ അടുത്ത് ഒരു യുവാവ് എത്തി. യുവാവിനെ കണ്ട ഉടനെ മദ്ധ്യവയസ്കൻ പറഞ്ഞു, ഇവിടെ സീറ്റൊന്നും ഒഴിവില്ല എന്റെ സ്നേഹിതന്റെ ബാഗാണ് ഇവിടെ വച്ചിരിക്കുന്നത്. യുവാവ് അത് ഗൗനിച്ചില്ല. അയാൾ ആ സീറ്റിലേക്ക് തന്നെ കടന്നിരുന്നു കൊണ്ട് ബാഗ് മടിയിലെടുത്തു വച്ച് പറഞ്ഞു താങ്കളുടെ സ്നേഹിതൻ വരുമ്പോൾ ഞാൻ ഒഴിഞ്ഞു കൊടുക്കാം. അതുവരെ ഇതിവിടെ ഇരിക്കുമല്ലോ. സമർഥനായുള്ള യുവാവിന്റെ മറുപടി കേട്ടപ്പോൾ അയാൾക്കൊന്നും പറയുവാനില്ലായിരുന്നു എങ്കിലും അയാൾ പിറുപിറുത്തുകൊണ്ടേയിരുന്നു. കുറേസമയമായിട്ടും അയാളുടെ സ്നേഹിതൻ വന്നില്ല.

ട്രെയിൻ നീങ്ങിത്തുടങ്ങി. പ്ലാറ്റ്ഫോമിനു പുറത്തേക്കു ട്രെയിൻ കടന്നതും യുവാവ് ബാഗെടുത്ത് ജനാലയിലൂടെ പുറത്തേക്കിട്ടു. എന്തായാലും താങ്കളുടെ സ്നേഹിതന് ഈ വണ്ടി നഷ്ടപ്പെട്ടു, പാവത്തിന് ഈ ലഗേജും കൂടി നഷ്ടപ്പെടാതിരിക്കട്ടെ. അയാൾക്കത് വന്നെടുക്കാം.

സ്വാർഥതയുടെ രൂപങ്ങളായി മാറുന്ന ഈ വിധത്തിലുള്ള അനേകം പേരെ ആധുനിക ജീവിതത്തിൽ നമുക്ക് കാണുവാൻ കഴിയുന്നില്ലേ. എല്ലാം എനിക്കു മാത്രം എപ്പോഴും എന്നു ചിന്തിക്കുന്നവർ. എല്ലാം തന്റെ ഇഷ്ടത്തിനൊത്തു തന്റെ കരതലത്തിലൊതുക്കണമെന്ന് നിശ്ചയിക്കുന്നവർ. ഇവരറിയുന്നില്ല സ്വാർഥത ഉള്ളതുകൂടി നശിപ്പിച്ചു കളയുമെന്ന്.

ഉദാഹരണത്തിന് ഒരു കുമ്പിൾ ജലം നമുക്ക് കൈത്തലത്തിൽ നിർത്തുവാൻ കഴിയും എന്നാൽ അതിനെ വിരലുകളാകുന്ന സ്വാർഥത കൊണ്ട് ചുറ്റിപ്പിടിക്കുവാൻ ശ്രമിച്ചാൽ ജലം മുഴുവൻ വിരലുകൾക്കിടയിലൂടെ ഒലിച്ചു പോകും.

സ്വാർഥതയുടെ പ്രതീകങ്ങളായി നമുക്ക് ഉള്ളിലും നമുക്കു ചുറ്റുമുള്ളതിനേ നമുക്ക് മാറ്റിവിടാം. മറ്റുള്ളവർക്കു വേണ്ടി മാറിക്കൊടുക്കുമ്പോള്‍ മറ്റുള്ളവർക്കു വേണ്ടി ഒഴി‍ഞ്ഞു കൊടുക്കുമ്പോൾ പലതും നമ്മെ തേടി വരും എന്ന യാഥാർഥ്യം നമുക്ക് ഉൾക്കൊള്ളുവാൻ കഴിയട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA