സന്തോഷത്തിന്റെ രഹസ്യം

SHARE

ജീവിതത്തെ ശരിയായ രീതിയിൽ നോക്കി കാണുവാന്‍ സാധിക്കും പ്രഗത്ഭനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അതുപോലെതന്നെ വിദ്യാർഥികൾക്ക് ഏറെ പ്രിയങ്കരനും. റിട്ടയർ ചെയ്തപ്പോൾ വിദ്യാർഥികൾക്ക് വലിയ ദുഃഖമായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. പ്രായം വർധിച്ചപ്പോൾ രോഗമായി, ക്ഷീണമായി അദ്ദേഹമങ്ങനെ കിടപ്പിലായി. വിവരമറിഞ്ഞ ശിഷ്യർ അദ്ദേഹത്തെ സന്ദർശിക്കുവാൻ എത്തി.

രോഗിയായിരുന്നു എങ്കിലും എപ്പോഴും സന്തോഷവാനായിരുന്നു. സന്ദർശിക്കുവാനെത്തിയ വിദ്യാർഥികൾ അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ രഹസ്യം ചോദിച്ചു. ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ദൈവത്തെ അനുസ്മരിച്ചുകൊണ്ട് അവിടുത്തേക്ക് നന്ദി പറഞ്ഞുകൊണ്ടും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് ഞാൻ ഉറക്കം ഉണരാറുള്ളത്. പുതിയൊരു ദിവസം ദൈവം എനിക്ക് തന്നിരിക്കുന്നതിനെക്കുറിച്ചും എന്റെ ജീവിതത്തിലെ നിരവധിയായ മറ്റ് അനുഗ്രഹങ്ങളെക്കുറിച്ചും ഞാൻ അപ്പോൾ ദൈവത്തോട് നന്ദി പറയും.

വിദ്യാർഥികൾ സശ്രദ്ധം അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം തുടർന്നു. അതിനുശേഷം ഒരു പുതിയ ദിവസം ഏറ്റവും നന്നായി വിനിയോഗിക്കുവാനുള്ള അനുഗ്രഹവും ഞാൻ യാചിക്കും. പുതിയ ദിവസത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായാലും അവയെല്ലാം ക്ഷമയോടെ വന്നാൽ ധൈര്യത്തോടെ നേരിടുവാനുള്ള അനുഗ്രഹം ഞാൻ അപേക്ഷിക്കും. അതുപോലെ ഞാൻ അവിടുത്തെ മറക്കുവാൻ ഇടയായാലും അവിടുന്ന് എന്നെ മറക്കരുതെന്ന് അവിടുത്തോട് പറയും. അതിനു പിന്നാലെ എന്റെ പ്രിയപ്പെട്ടവരെ ഓർമിക്കുകയും അവർക്കുവേണ്ടി ദൈവാനുഗ്രഹം യാചിക്കുകയും ചെയ്യും.

അൽപനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി. ദൈവത്തെ പ്രാർഥിച്ചതിനുശേഷമുള്ള അന്നത്തെ എന്റെ ജീവിതം തുടങ്ങുമ്പോൾ അത് ജീവിതത്തിലെ അവസാന നിമിഷമാണെന്ന രീതിയിൽ ഞാൻ ചിലവഴിക്കും. അതിന്റെ ഭാഗമായി അന്ന് ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും ഞാൻ നന്ദി പറയും. ഓരോ വെല്ലുവിളിയെയും ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് ഞാന്‍ നേരിടും. ഞാൻ കണ്ടുമുട്ടുന്ന എല്ലാവരോടും സ്നേഹത്തോടും താൽപര്യത്തോടും കൂടി ഞാൻ പെരുമാറും. ഞാൻ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അദ്ദേഹം പറയുന്നത് ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് വിദ്യാർഥികള്‍ പരസ്പരം നോക്കുമ്പോൾ വീണ്ടും തുടർന്നു. ഞാൻ പഠിപ്പിച്ചപ്പോള്‍ ഒക്കെ ഏറെ ഉത്സാഹത്തോടെയാണ് പഠിപ്പിച്ചത്. പഠിപ്പിച്ചപ്പോള്‍ മാത്രമല്ല മറ്റെന്ത് ജോലികൾ ചെയ്താലും അവയും നല്ല ഉത്സാഹത്തോടെയാണ് ഞാൻ ചെയ്തിരുന്നത്. അതുകൊണ്ടാകാം എന്റെ ജോലിയിൽ ഒരിക്കലും മടുപ്പോ വിരസതയോ എനിക്ക് തോന്നിയിട്ടില്ല. എന്റെ ജോലിക്കിടയിൽ എനിക്ക് ക്ഷീണം തോന്നിയിട്ടില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.

തീർച്ചയായും അതുകൊണ്ടുതന്നെ ന്യായമായ രീതിയിൽ വിശ്രമിക്കുന്ന കാര്യവും ഞാൻ മറന്നുപോയിരുന്നില്ല. എന്നാൽ വിശ്രമിക്കുവാൻ മാത്രമുള്ളതാണ് ജീവിതം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടും ഇല്ല. അദ്ദേഹം തന്റെ സന്തോഷത്തിന്റെ രഹസ്യം പങ്കുവയ്ക്കുമ്പോൾ വിദ്യാർഥികള്‍ അദ്ദേഹത്തോടുള്ള ആദരവ് വർധിക്കുകയായിരുന്നു. അവർ താൽപര്യപൂർവം തന്റെ വാക്കുകൾക്ക് കാതോർക്കുന്നത് കണ്ടപ്പോൾ അദ്ദേഹം തുടർന്നു. ഓരോ ദിവസവും എന്റെ അവസാനത്തെ ദിവസം ആയേക്കാമെന്ന ചിന്ത ഉണ്ടായിരുന്നതുകൊണ്ട് ഓരോ ദിവസവും ശരിയായ രീതിയിൽ ജീവിക്കുവാൻ ഞാൻ പരിശ്രമിച്ചു. അതിനു ഫലവും ഉണ്ടായി. അതുകൊണ്ടാണല്ലോ വലിയ തെറ്റികളിലും കുറ്റങ്ങളിലുമൊന്നും വീഴാതെ ദൈവാനുഗ്രഹത്തോടെ ഇവിടം വരെയെത്തുവാൻ എനിക്ക് സാധിച്ചത്. അപ്പോൾ എനിക്ക് സന്തോഷിക്കുവാൻ തീർച്ചയായും വകയുണ്ട്.

ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തോടൊപ്പം സംതൃപ്തിയും നിഴലിക്കുന്നത് വിദ്യാർഥികള്‍ ശ്രദ്ധിച്ചു. അവരുടെ കണ്ണികളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു ഇനിയെനിക്ക് ഒരാഗ്രഹം മാത്രമേയുള്ളൂ എനിക്ക് ജന്മം നൽകി എന്നെ അനുഗ്രഹിച്ച കാത്തു പരിപാലിച്ച സ്നേഹനിധിയായ ദൈവത്തിന്റെ അടുത്തെത്തുക. അതിനുവേണ്ടിയാണ് ഞാൻ ഇപ്പോള്‍ പ്രാർഥിക്കുന്നത്. ഞാൻ പ്രാർഥിക്കുമ്പോൾ എന്റെ ജീവിതത്തിലെ അവസാന പ്രാർഥനയാണ് എന്ന നിലയിലാണ് ഞാൻ പ്രാർഥിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഹൃദയവും മനസ്സും എന്റെ പ്രാർഥനയിലുണ്ടെന്നാണ് എന്റെ വിശ്വാസം.

തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സന്ദർശിക്കുവാനെത്തിയ വിദ്യാർഥികൾ പുതിയൊരു ജീവിത വീക്ഷണവുമായിട്ടാണ് അന്ന് മടങ്ങിപ്പോയത്. നമുക്കും അദ്ദേഹത്തെപോലെ ജീവിക്കുവാനാകുമോ. തീർച്ചയായും. പക്ഷേ അതിനു സാധിക്കണമെങ്കിൽ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നോക്കിക്കാണുവാൻ നമുക്കു കഴിയണം. ജീവിതത്തിലെ സുഖസന്തോഷങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധയെങ്കിൽ നാം ഒരിക്കലും ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കുകയില്ലാ എന്നതാണ് വസ്തുത. അപ്പോൾ പിന്നെ നാം പോകുന്ന വഴി നാശത്തിലേക്കു മാത്രമേ നമ്മെ നയിക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ