‘സമയം നമുക്കു വേണ്ടി കാത്തു നിൽക്കില്ല’

SHARE

ജീവിതവിജയത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നു പോകുമെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ നിശ്ചയമാർക്കുമില്ല സമയം സ്ഥിരമാണോ. നമ്മളാണ് കടന്നു പോകുന്നത്. ഒരു ദാർശനികൻ പറഞ്ഞതാണ് ഇവയൊക്കെ. ഈ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഒരു ശിൽപകലാ വിദഗ്ധൻ ഒരു ശിൽപം നിർമിച്ചു. സമയത്തെ അതികായനും ധീരനുമായ ഒരു മനുഷ്യജലധാരയായി സങ്കൽപിച്ച് അവതരിപ്പിച്ചിരിക്കുന്നു. അതിന്റെ അടുത്തുനിന്ന് ഒരു ദീർഘമായ മനുഷ്യ മഹാനിര നീങ്ങിക്കൊണ്ടിരിക്കുന്നു. അവരെല്ലാം തല ഉയർത്തിപ്പിടിച്ചല്ല അവർ അദൃശ്യമായ ഏതോ ലക്ഷ്യത്തെ നോക്കിക്കൊണ്ടാണ് യാത്ര. ആ അദൃശ്യലക്ഷ്യമാണ് അവരുടെ പ്രയത്നത്തിന്റെ പ്രേരണ.

സമയമെന്ന കഥാപാത്രം അതിസൂക്ഷ്മതയോടെ വീക്ഷിക്കുന്നു. ഇടമുറിയാതെ നിത്യതയിലേക്ക് നീങ്ങുന്നതാണ് ആ യാത്ര. എന്താണ് സമയം. നിർവചിക്കുവാൻ എളുപ്പമല്ല. നിത്യതയുടെ ഒരു നിശ്ചിത പരിച്ഛേദമെന്ന് അതിനെ നിർവചിച്ചാൽ ശരിയാകും. ദിവസത്തെയും വാരത്തെയും വർഷത്തെയും നിർണയിക്കുവാനുള്ള ഒരു സങ്കൽപമാണോ അത്. എന്തുതന്നെയാണെങ്കിലും മുൻപ് പറഞ്ഞതുപോലെ സമയം സ്ഥിരമായി നിൽക്കുന്നു എങ്കിൽ കടന്നു പോകുന്നത് നമ്മളാണ്. 

സമയത്തെ നാം മൂന്നായി വിഭജിക്കുന്നു, ഭൂതം, വർത്തമാനം, ഭാവി. പക്ഷേ അത് ആപേക്ഷികമായ ഒരു വിഭജനം മാത്രമാണ്. ഭൂതകാലം നിശേഷമായി നീങ്ങിപ്പോകുന്നില്ല. അതിന്റെ സ്വാധീനം നമ്മിൽ തുടരുന്നു. വർത്തമാനകാലത്തെ നാം ജയിക്കേണ്ടിയിരിക്കുന്നു. അത് ധൈര്യമായ വിശ്വാസം കൊണ്ടാണ്. ഭാവിയെ നാം ജയിക്കേണ്ടത് പ്രത്യാശ കൊണ്ടാണ്. യഥാർഥത്തിൽ ഇങ്ങനെ ഒരു വിഭജനം കാലത്തിനില്ല. അത് നമ്മുടെ വ്യവഹാരിക തലത്തിലെ പരിഗണനയാണ്. സമയത്തിന്റെ വേഗത്തിനു നാം വ്യത്യാസം കൽപ്പിക്കുന്നു. ചിലപ്പോൾ നാം പറയുന്നു സമയം വേഗത്തിൽ കടന്നു പോയി. പോയത് അറിഞ്ഞേയില്ല എന്ന്. മറ്റു ചിലപ്പോൾ പറയും സമയം ഇഴഞ്ഞാണ് നീങ്ങുന്നത്. മുന്നോട്ട് പോകുന്നില്ല. നമുക്ക് ലഭിക്കുന്ന സമയം നാം എങ്ങനെ ചിലവഴിക്കുന്നു എന്നത് പരമ പ്രധാനമാണ്. 

അവസരം നമുക്കായി കാത്തുനിൽക്കില്ല എന്ന ബോധം നമുക്ക് എപ്പോഴും ഉണ്ടാകണം. സമയം നമ്മെ കൈവിട്ടു പോയാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയണം. അവസരങ്ങളെ ഉപയോഗപ്പെടുത്തുവാനും പ്രയോജനപ്പെടുത്തുവാനും കഴിയുന്നില്ല എങ്കിൽ ജീവിതത്തിന്റെ ഏതു രംഗത്തു നിന്നായാലും നാം പിൻതള്ളപ്പെടും. എങ്ങനെയും സമയം ചെലവിടുക എന്നുള്ളതല്ല അർഥപൂർണമായും പ്രയോജനപ്രദമായും ചെലവിടുക എന്നതിലാണ് കാര്യം. പ്രവൃത്തിയുടെ ആദ്യ ഘടകം ചിന്തയാണ്. 

ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തിയുടെയും പ്രതിഫലനമാണ് ഒരു മനുഷ്യന്റെ കർമ്മമെന്ന് വിവക്ഷിക്കുന്നു. ആ കർമ്മത്തിന്റെ ഗതി വിഗതികൾ അവന്റെ ജീവിതത്തെ നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നു. ജീവിതത്തിന്റെ വിജയത്തിന് അത് ആധാരമാകുന്നു. ജീവിതത്തിന്റെ വിജയമെന്ന് വിവക്ഷിക്കുന്നത് എന്താണ്. ധാരാളം ധനം സമ്പാദിക്കുവാൻ കഴിഞ്ഞാൽ അത് ജീവിതവിജയമായി കൂടുതൽ ആളുകളും കരുതുന്നു. മറ്റു ചിലരാവട്ടെ സ്ഥാനവും പദവിയും ലഭിക്കുന്നതിലാണ് ജീവിതവിജയം കണ്ടെത്തുന്നത്. എന്നാൽ എന്തുതന്നെ ഉണ്ടായാലും എന്തുതന്നെ ഇല്ലെങ്കിലും ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും ഉണ്ടായാൽ അതിനെയാണ് ജീവിതവിജയമെന്ന് വിളിക്കപ്പെടാവുന്നത്. 

ഇതിൽ നിന്നും തെളിയുന്നത് വിജയമെന്നു പറയുന്നത് ആത്മനിഷ്ടമായ ഒന്നാണ്. ജീവിതവിജയത്തിന് തടസ്സമായി നിൽക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് അഹന്തയാണ്. അതുപോലെ പരാജയഭീതിയും. ആത്മവിശ്വാസക്കുറവും അതിനെ സ്വാധീനിക്കുന്ന ഘടകമാണ്. മറ്റൊന്ന് കാര്യങ്ങൾ നീട്ടിവയ്ക്കുന്ന സ്വഭാവവും അർപ്പണബോധമില്ലായ്മയും എല്ലാം തനിയെ ചെയ്യണമെന്ന വ്യഗ്രതയും വിജയത്തിന് തടസ്സമാണ്. ശരിയായ മുൻഗണനാക്രമമില്ലാത്തതും ആസൂത്രണമില്ലാതെയുള്ള സമീപനവും പരാജയത്തെ വിളിച്ചു വരുത്തുവാനെ ഉതകൂ. ആദർശങ്ങൾ വെടിയുന്നതും കുറുക്കുവഴികൾ തേടുന്നതും വിജയത്തിൽ നിന്നും അകലെ എത്തിക്കുന്നതാണ്. 

നാം സമ്പത്തും സ്ഥാനമാനങ്ങളും പ്രശസ്തിയുമെല്ലാം എത്രത്തോളം നേടി എന്നതിലല്ല വിജയം മറിച്ച് അവിടെ വരെയെത്തുവാൻ നമ്മുടെ ജീവിതം നമ്മൾ ഏതുരീതിയിൽ നയിച്ചു എന്നതു മാത്രം. നമ്മൾ എന്തെല്ലാം പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്തു എന്നതു നോക്കിയുള്ള നിർണയമാണ്. മറ്റുള്ളവരുടെ നേട്ടവുമായി തുലനം ചെയ്തല്ല നമ്മുടെ വിജയം നാം നിശ്ചയിക്കേണ്ടത്. നമ്മുടെ കഴിവിന്റെ അടിസ്ഥാനത്തിൽ നാം എന്തു പ്രവർത്തിച്ചു എന്നതിലാണ് കാര്യം. വിജയത്തിലേക്കെത്തുവാനുള്ള വഴിയിൽ ഈശ്വരവിശ്വാസവും ആത്മവിശ്വാസവും ആണ് അടിസ്ഥാനഘടകം. ഇതു രണ്ടും ആർജിച്ചെടുക്കുമ്പോൾ അതിനോടൊത്ത് നിന്ന് പ്രവർത്തിക്കുമ്പോൾ വിജയം താനേ കൈവരുന്നതായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ