പ്രശ്നങ്ങള്‍ ഇല്ലാത്ത ആരെങ്കിലുമുണ്ടോ?

HIGHLIGHTS
  • എന്തൊക്കെയാണ് നമ്മൾ അനുഭവിച്ചത്? ഇതിലും വലുത് വരുമോ?
  • . നമ്മളൊക്കെ തരണം ചെയ്ത പ്രതിസന്ധിപോലെ മറ്റാരെങ്കിലും ചെതിട്ടുണ്ടോ?
SHARE

എല്ലാവരും കുറേനാള്‍ വെറുതേയിരുന്നിട്ട് ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. എല്ലാവരും കാലെടുത്തു വയ്ക്കുന്നത് പ്രതിസന്ധിലേക്കാണെന്നു തോന്നുന്നു. പക്ഷേ പ്രശ്നങ്ങള്‍ നമുക്ക്  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോഴല്ലേ കൊറോണയോക്കെ വന്നത്. നമ്മള്‍  ജീവിക്കുന്നെങ്കില്‍ കൂടപ്പിറപ്പായി എന്നും പ്രശ്നങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ഈ കോവിഡ് സമയത്ത് പൊതുവായി അത് എല്ലാവരെയും ഒരുപോലെ ബാധിച്ചെന്നു മാത്രമല്ലേയുള്ളൂ. ചില സമയത്ത്  നമ്മള്‍ വിചാരിക്കും.  ഹൊ! എന്തൊരു കഷ്ടമാണ്, എന്തൊരു വിധിയാണ്.  ഇത് എന്നെയും കൊണ്ടേപോകൂ. നിങ്ങളെപ്പോലെയൊക്കെ ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ചു തന്നെയാണ് നമ്മളും മുന്നോട്ടു പോകുന്നത്. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും,  ഹോ, സ്വാമിക്ക് എന്തൊക്കെയാണ്  പ്രശ്നം. പ്രശ്നങ്ങള്‍ ഇല്ലാത്ത ആരെങ്കിലുമുണ്ടോ? പക്ഷേ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പരിഹരിക്കുവാന്‍ കഴിയാത്തതായി ലോകത്ത് ഒരു പ്രശ്നവുമില്ല. ഓരോ വിഷയത്തെയും അത് ഉണ്ടാകുന്ന സമയത്തും അതിന്റെ സാഹചര്യത്തിലുമാണ് നേരിടേണ്ടതെന്നുമാത്രം - സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ഞാന്‍ ഒരു കഥ പറയട്ടെ. ഷെര്‍ലക് ഹോംസിന്റെയും വാട്സന്റെയും കഥയാണ്. രണ്ടു പേരും ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. പ്രമാദമായ ഒരു കൊലപാതകം ഒരിടത്ത് നടന്നിരിക്കുന്നു. അതിനെക്കുറിച്ച് വിവരം ലഭിച്ച ഉടനെ  അന്വേഷിക്കാനായിട്ടാണ് അവരുടെ യാത്ര. ഹോംസ് ജനലിനരികിലൂടെ ഓടി മറയുന്ന പുറം കാഴ്ചകളില്‍ അങ്ങനെ മതി മറന്നിരിക്കുകയാണ്.  വാട്സനാണെങ്കിലോ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തെക്കുറിച്ച്  ഓര്‍ത്ത് വലിയ മാനസികസമ്മര്‍ദ്ദത്തിലാണ്. വാട്സണ്‍ ഹോംസിനോട് ചോദിച്ചു: ‘ഇത്രയും വലിയ ഒരു കേസ് അന്വേഷണത്തിന് പോകുകയല്ലേ നമ്മള്‍. താങ്കള്‍ക്കെങ്ങനെയാണ് ഇത്രയും ഉത്സാഹഭരിതനായിട്ട് ഇരിക്കാന്‍ സാധിക്കുന്നത്?’ ഹോംസ് പറ‍‍‍ഞ്ഞു: ‘താങ്കള്‍ക്കോ എനിക്കോ കേസിനെക്കുറിച്ച് യാതൊന്നും അറിഞ്ഞുകൂടാ. അവിടെയെത്താതെ നമുക്ക് ഒരുവിവരവു കിട്ടുകയുമില്ല. പിന്നെയെന്തിനാണ് വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഇപ്പോഴേ മനസ്സമാധാനം കളയുന്നത്. താന്‍ ഇവിടെ വന്നിരിക്കൂ. ഈ കാഴ്ചകളൊക്കെ കാണൂ. എന്ത് രസമാണെന്നറിയോമോ ഇതൊക്കെ കാണാന്‍.‍’

നമ്മുടെ ജീവിതത്തില്‍ ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എത്രയോ പ്രതിസന്ധികളിലൂടെയാണ് നമ്മളൊക്കെ കടന്നു പോയിരിക്കുന്നത്. എല്ലാവരും ഒരു നിമിഷം ഒന്നു പുറകോട്ടു തിരിഞ്ഞുനോക്കൂ. എന്താ മനസ്സിലേക്കു കടന്നു വരുന്നത്. നമ്മളൊക്കെ തരണം ചെയ്ത പ്രതിസന്ധിപോലെ മറ്റാരെങ്കിലും ചെതിട്ടുണ്ടോ? എന്തൊക്കെയാണ് നമ്മൾ അനുഭവിച്ചത്? ഇതിലും വലുത് വരുമോ?

വന്നുപോയതും വരാനിരിക്കുന്നതുമൊക്കെ എന്തെങ്കിലുമാകട്ടെ. ഇപ്പോള്‍ നമുക്ക് ആശ്വാസം തരുന്ന ചില സംഗതികള്‍ നമ്മുടെ കൂടെയുണ്ട്. പക്ഷേ അത് താരതമ്യനേ വളരെ ചെറുതായിരിക്കാം. എന്നാല്‍ ആ സന്തോഷത്തെ, സൗന്ദര്യത്തേ നാം നശിപ്പിച്ച് കളയരുത്. നമ്മളെയെല്ലാവരെയും ഭരിക്കുന്നത് പഴയ ചില ഓര്‍മകളാണ്. ചിലരെല്ലാം ഇനി വരാനിരിക്കുന്ന പ്രതിസന്ധിയുടെ തടവറയിലുമാണ്. ചില ഓര്‍മകള്‍ നമ്മളെ പുറകോട്ട് വലിച്ചുകൊണ്ടു പോകും. അല്ലെങ്കില്‍ ഇനി വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങളും ചിന്തകളും നമ്മളെ മുന്‍പോട്ട് തള്ളും. ഒന്നുങ്കില്‍ മുന്‍പോട്ട് അല്ലെങ്കില്‍ പുറകോട്ട്. എന്തായാലും വീഴ്ച ഉറപ്പാണ്. പഴയ കാര്യങ്ങളൊക്കെ ഓര്‍മിച്ചാല്‍ നമുക്ക് മധുര നിമിഷങ്ങളാണോ അതൊക്കെ നല്‍കുന്നത്. നൊമ്പരങ്ങളെ വീണ്ടും  കുത്തി മുറിവേല്‍പ്പിച്ച് ആ വേദന വീണ്ടും അനുഭവിക്കുകയല്ലാതെ അതിന് എന്ത് കാര്യമാണ് ഉള്ളത്. നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു സംഭവം ഉണ്ടായെന്നിരിക്കട്ടെ. ‘അയ്യോ ! ഇനി എന്തൊക്കെയാണോ ഇതിന്റെ പേരില്‍ ഉണ്ടാകുന്നത്’ എന്നിങ്ങനെ ചിന്തിച്ചാല്‍ നമുക്ക് കിടന്ന് ഉറങ്ങാന്‍ പറ്റുമോ? നമുക്ക് ഉണ്ടായ അനുഭവത്തിന് ഒരു ഭീകരതയുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് ഉണര്‍ത്തുന്ന ചിന്തകള്‍ അതിനേക്കാള്‍ ഭയാനകമാണെങ്കിലോ, നമുക്ക് താളം തെറ്റിപ്പോകും. നമുക്ക് ചില കാര്യങ്ങളെക്കുറിച്ച് മുന്‍ധാരണയുണ്ട്. പലതിനെക്കുറിച്ചും ചിന്തിച്ച്  നമ്മള്‍ ഉറച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ വച്ചിട്ട് ഇന്ന് ഉണ്ടായിരിക്കുന്ന കാര്യങ്ങളെയെല്ലാം നേരിടാന്‍ പറ്റുമെന്നാണോ ‍ നമ്മുടെ വിചാരം. ഓരോ പ്രശ്നവും നമ്മുടെ മുന്‍പില്‍ വരുമ്പോഴാണ് ‍ അതിനെ നേരിടേണ്ടത്. ആ സമയത്ത് നമ്മുടെ എല്ലാ മികവും എല്ലാ കഴിവും പൂര്‍ണ്ണതയും  അതിന് വേണ്ടി എടുക്കണം. 

വലിയ ഫുട്ബോള്‍ കളിക്കാരെ കണ്ടിട്ടില്ലേ, അവരൊക്കെ ശ്രദ്ധിക്കുന്നത് പന്തിളക്കത്തിലും കളിയുടെ തന്ത്രത്തിലുമായിരിക്കും. വന്നു പോയ പരാജയങ്ങളൊ നാളെ കളത്തിലിറങ്ങുമ്പോഴുള്ള സമ്മർദമോ ഒന്നും അവരുടെ ചിന്തയില്‍ വരുകയില്ല. ആര്‍ക്കാണ് ഒരു കളിയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നത്. കളത്തില്‍ ഇറങ്ങുന്ന സമയത്ത് എന്താണോ അവിടുത്തെ സാഹചര്യം അതിനനുസരിച്ച് അവര്‍ അതിനെ നേരിടും. പണ്ട് നമ്മുടെ ജീവിതത്തില്‍ എന്തുണ്ടായി, ഇനി എന്ത് ഉണ്ടാകാന്‍ പോകുന്നു ഇതൊക്കെ വിചാരിച്ച്  ഇന്നത്തെ സന്തോഷങ്ങളെ കളയരുത്. എന്തെങ്കിലുമൊക്കെ വരട്ടെ,  എന്തിനെയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും.

English Summary : Positive thoughts by Swami Gururethnam Jnana Thapaswi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.