യുവത്വം കാത്തുസൂക്ഷിക്കുക

x-default
SHARE

എപ്പോഴാണ് ഒരാൾ വൃദ്ധനായിത്തീരുന്നത്? വാർധക്യത്തിന്റെ മുല്ലമാല ശിരസ്സിലും, ജരയുടെ വരകുറി നെറ്റിയിലും അണിയുമ്പോൾ എന്നു പലരും ഉത്തരം പറഞ്ഞേക്കും. കുറെക്കൂടി തെളിച്ചുപറഞ്ഞാൽ ജരാനരകൾ ബാധിക്കുമ്പോൾ എന്നായിരിക്കും. അതു ശരിയല്ല. ഒരാൾ വൃദ്ധനാകുന്നതു സ്വയം വൃദ്ധനാകുമ്പോൾ എന്നു പറയുന്നതാണു ശരി. മറ്റൊരു വാക്കിൽ, ഒരാളുടെ മനസ്സ് ദുർബലമാകുമ്പോൾ അയാൾ വൃദ്ധനാകുന്നു. ശാരീരികമായ ചില പരിവർത്തനങ്ങളും പരിമിതികളും സംഭവിക്കാം. അതു സ്വാഭാവിക പരിണാമം മാത്രം. എന്നാൽ മനസ്സ് ഊർജ്ജസ്വലവും ചലനാത്മകവുമെങ്കിൽ യുവത്വത്തിന്റെ ചൈതന്യം സംരക്ഷിക്കാൻ കഴിയും.

ജീവിതത്തെക്കുറിച്ചു പ്രത്യാശ നിറഞ്ഞ ചിന്ത, ജോലി ചെയ്യാനുള്ള താൽപര്യവും ഉൽസാഹവും, അറിവു സമ്പാദിക്കാനുള്ള തൃഷ്ണ ഇവയൊക്കെ പുലർത്തുന്നിടത്തോളം കാലം നമ്മുടെ മനസ്സും ആത്മാവും ചൈതന്യനിർഭരമായിരിക്കും.

അമേരിക്കയിലെ പ്രശസ്ത കവിയായിരുന്ന ലോംഗ്ഫെ‌ലോവിനോട് അദ്ദേഹത്തിന്റെ യുവത്വത്തിന്റെയും ജീവിതത്തിലുള്ള ഒടുങ്ങാത്ത താൽപര്യത്തിന്റെയും കാരണം എന്താണെന്ന് ഒരാൾ ജിജ്ഞാസയോടെ ചോദിച്ചു. അദ്ദേഹം അടുത്തുനിന്ന ഒരു ആപ്പിൾമരം ചൂണ്ടിക്കാട്ടി പറഞ്ഞു: ‘‘ആ മരം വർഷംതോറും പുതിയ ശാഖകൾ പൊട്ടിവിടർത്തി വളരുന്നു. അതു നടക്കുന്ന കാലത്തോളം അതിന്റെ വളർച്ച അവസാനിക്കില്ല. അതുതന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്. ജീവിച്ചിരിക്കുന്നിടത്തോളം വളർന്നുകൊണ്ടേയിരിക്കണം...’’

ഏകാന്തതയെക്കാൾ വലിയ വ്യഥ വേറെയില്ല. മറ്റുള്ളവരിൽനിന്നു താൻ ഒറ്റപ്പെട്ടുവെന്ന് ഒരാൾക്ക് അനുഭവപ്പെട്ടാൽ സമ്പത്തിനോ സുഖഭോഗങ്ങൾക്കോ, യന്ത്രസംവിധാനങ്ങൾക്കോ അയാൾക്കു സംതൃപ്തി നൽകാനാവില്ല. ഏറ്റവും കഠിനമായ ശാരീരിക പീഡകളുടെ മധ്യേ പോലും സ്നേഹിതരും ബന്ധുജനങ്ങളും തന്നെ ശുശ്രൂഷിക്കുകയും തനിക്കുവേണ്ടി കരുതുകയും ചെയ്യുന്നു എന്നു കാണുന്നത്, അയാൾക്കു പ്രസാദാത്മകത്വം പകരുന്നതാണ്. സ്നേഹവും സൗഹൃദവും തന്നെ വലയം ചെയ്യുന്നു എന്ന ബോധം ശക്തിപകരുന്നു; കർമനിരതനാകുവാൻ പ്രേരണ നൽകുന്നു. നേരെമറിച്ച് എന്നെക്കൊണ്ടു ലോകത്താർക്കും ഉപയോഗമോ നന്മയോ ഇല്ല; എല്ലാവർക്കും ഞാൻ തിരസ്കൃതനാണ് എന്ന ചിന്ത ഒരാൾക്കുണ്ടായാൽ അയാൾ എന്തു പ്രായത്തിലുള്ളവനായാലും വൃദ്ധനും ദുർബലനും ആയിത്തീരും.

അത്തരം ചിന്തകളെ പ്രതിരോധിക്കാൻ ആധ്യാത്മികത കൈമുതലായുള്ളവർക്കു സാധിക്കും. ആധ്യാത്മികതയും ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെപ്പറ്റി ദീർഘമായ ഗവേഷണം നടത്തിയ അമേരിക്കയിലെ ഡേവിഡ് ലാർസർ പോസിറ്റീവ് ആയുള്ള ഉത്തരം കണ്ടെത്തി. മനുഷ്യൻ കേവലം ശരീരവും മനസ്സും മാത്രമുള്ള വ്യക്തിയല്ല; ആത്മാവ് എന്ന മൂന്നാമതൊരു ഘടകവുമുണ്ട്. ശരിരായ ആരോഗ്യം എന്നു പറയുന്നത് ഇവ മൂന്നിന്റെയും ഏകയോഗ‌മായ പൊരുത്തവും ഭദ്രതയുമാണ്. ലാർസൻ കണ്ടെത്തിയ ഒരു സത്യം, ക്രമമായി ആരാധനയിൽ ഭക്തിപൂർവം സംബന്ധിക്കുന്നവർ താരതമ്യേന ദർഘായുസ്സോടെ ജീവിക്കുന്നു. ആധ്യാത്മികതയുടെ ഫലമായി രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവ കുറയുന്നതായി തെളിഞ്ഞു. വിവാഹബന്ധത്തിലും ആധ്യാത്മികതയുടെ സ്വാധീനം പ്രകടമാണ്. വിവാഹമോചനം താരതമ്യേന അവിടെ കുറവാണ്. കുടുംബബന്ധങ്ങളിൽ സംതൃപ്തിയും സുരക്ഷിതത്വവും അനുഭവപ്പെടുന്നു. വിവാഹമോചനം വ്യക്തികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുന്നു. ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കുപോലും വഴി തെളിക്കുന്നു.

സങ്കീർത്തകൻ നീതിപൂർവം ജീവിക്കുന്നവരെപ്പറ്റി രേഖപ്പെടുത്തുന്നു: ‘‘നീതിമാൻ പനപോലെ തഴയ്ക്കും; ലബനനിലെ ദേവദാരു പോലെ വളരും. സർവേശ്വരന്റെ ആലയത്തിൽ അവരെ നട്ടിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അങ്കണത്തിൽ അവർ തഴച്ചു വളരും. വാർധക്യത്തിലും അവർ ഫലം നൽകും. പച്ചിലച്ചാർത്തു ചൂടി എന്നും പുഷ്ടിയോടിരിക്കും.’’ (സങ്കീ. 92: 12–14)

89–ാം വയസ്സു വരെ മൈക്കൽ ആഞ്ചലോ തന്റെ ഉന്നത കലാസൃഷ്ടികൾ നിർമിച്ചിരുന്നു. ശീഥേയുടെ 81–ാം വയസ്സിലാണ് ‘ഡോക്ടർ ഫൗസ്റ്റ്’ എന്ന കൃതി പൂർത്തിയാക്കുന്നത്. തൊണ്ണൂറാം വയസ്സിൽ ബർണാർഡ് ഷാ ഒന്നാംതരം നാടകങ്ങൾ രചിച്ചു. ബഞ്ചമിൻ ഫ്രാങ്ക്‌ലിൻ എൺപതുകളിൽ എത്തിനിൽക്കുമ്പോഴാണ് പെൻസിൽവേനിയായുടെ ഗവർണറായത്.

മനസ്സിന്റെ യുവത്വം ഒരിക്കലും നഷ്ടപ്പെടുത്തരുത്. പുതിയ അറിവു സമ്പാദിക്കാനും പുതുമയെ പുണരാനുമുള്ള ഒരിക്കലും കെട്ടടങ്ങാതെ ദാഹം നമ്മുടെ ഹൃദയത്തിൽ നിലനിൽക്കണം. മനസ്സും ശരീരവും സജീവമായി വ്യാപൃതമാകണം. നാം ദൈവത്തിന്റെ മക്കളാണ്. അവിടുത്തെ മക്കളെന്ന നിലയിൽ നാം ഓരോരുത്തരും സഹോദരങ്ങളാണ്. എന്നെക്കൊണ്ട് മറ്റുള്ളവർക്കും മറ്റുള്ളവരെക്കൊണ്ട് എനിക്കും പ്രയോജനമുണ്ട്. ഇങ്ങനെ ഉറച്ചു വിശ്വസിക്കുക. നമുക്കു നിരാശപ്പെടാനോ ഖേദിക്കാനോ ഒന്നും ഉണ്ടായിരിക്കില്ല.

യുവത്വം നിലനിർത്താൻ ഒരാൾ നിർദേശിക്കുന്നതു ശ്രദ്ധേയമാണ്. (1) ഉന്മേഷവും സന്തോഷവും പകരുന്ന സ്നേഹിതർ മാത്രം ഉണ്ടായിരിക്കുക. (2) പഠനത്തിനുള്ള ഔത്സുക്യം നിലനിർത്തണം. ഒരിക്കലും മനസ്സ് അലസമായിരിക്കാൻ അനുവദിക്കരുത്. അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്നുള്ളത് ഓർക്കുക. (3) ചിരിക്കാൻ മറക്കരുത്. ഉറക്കെ ചിരിക്കുക. (4) ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുക. മിതമായ ആഹാരം, ക്രമമായ വ്യായാമം ഇവ ജീവിത പ്രമാണമാക്കണം. (5) അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളരോടു ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു പറയുക. അപ്പോൾ നമ്മുടെ ഏകാന്തതയും വ്യർഥതാബോധവും സൂര്യന്റെ പ്രഭാകിരണങ്ങളേറ്റു മറയുന്ന മഞ്ഞുകണം പോലെ അപ്രത്യക്ഷമായിത്തീരും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN THOUGHT OF THE DAY
SHOW MORE
FROM ONMANORAMA