അവിടുത്തെ തൃക്കരങ്ങളിൽ!

x-default
SHARE

ഒരു ശിശു ആസന്നമരണനായി കഴിയുമ്പോൾ അതിന്റെ അമ്മ ഉള്ളുരുകി പ്രാർഥിച്ചു: ‘‘ദൈവമേ, ഈ പൈതലിനെ അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.’’ ഗർഭത്തിൽ 25 ആഴ്ച മാത്രം പ്രായമുള്ളപ്പോൾ പ്രസവിച്ച കുഞ്ഞാണ്. രക്തത്തിൽ ഇൻഫക്‌ഷൻ വന്നതുകൊണ്ട് ജീവൻ വളരെ സന്ദേഹത്തിലാണെന്നു ഡോക്ടർമാർ പറഞ്ഞു. ദേഹത്തെല്ലാം കുഴലുകൾ പിടിപ്പിച്ച് ജീവൻ രക്ഷിക്കാനുള്ള ഭഗീരഥ യത്നത്തിലായിരുന്നു അവർ. 

സിന്ധ്യയെന്ന ആ അമ്മയ്ക്ക് കുഞ്ഞിനെ ഒന്നെടുത്ത് ചുംബനം നൽകണമെന്നാഗ്രഹം. പക്ഷേ, ഇൻക്യുബേറ്ററിൽ കഴിയുന്ന അതിനെ നോക്കി ഹൃദയം നൊന്തു പ്രാർഥിക്കാൻ മാത്രമേ സിന്ധ്യയ്ക്കു കഴിഞ്ഞുള്ളു.

അവൾ ഓർത്തു, ഈ സാഹചര്യത്തിൽ തന്റെ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ... അമ്മയുടെ സാന്നിധ്യം തനിക്കു കുറെ ധൈര്യവും പ്രത്യാശയും നൽകുമായിരുന്നു. സിന്ധ്യയുടെ മാതാവ് ഒരു അസാധാരണ വ്യക്തിത്വമായിരുന്നു. അഭ്യസ്തവിദ്യയായ അവർ തമിഴ്നാട്ടിൽ ഒരു ജുഡീഷ്യൽ മജിസ്ട്രേട്ട് പദവി വഹിച്ചിരുന്നു. അന്ന് ആ സ്ഥാനത്ത് എത്തുന്ന വനിതകൾ അത്യപൂർവം. ഏതുകാര്യവും കർത്തവ്യബോധത്തോടും, അതീവ ജാഗ്രതയോടും ചെയ്യുന്ന. എല്ലാറ്റിനുമുപരിയായി വലിയ പ്രാർഥനക്കാരിയായ വനിത. പല കേസുകളുടെയും വിധി, ഭവനത്തിൽ വച്ചാണ് എഴുതുന്നത്. പക്ഷേ, അതിനു മുൻപ് കുറെസമയം പ്രാർഥനയ്ക്കായി ചെലവിടും. വീടിനു മുന്നിൽ ഒരു പൊലീസുകാരൻ കാവലുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ സിന്ധ്യ ഒരിക്കൽ തന്റെ അമ്മയോടു എന്തിനാണ് പ്രാർഥനയ്ക്കായി സമയം കളയുന്നതെന്ന് ചോദിച്ചു.  ‘ഞാൻ നീതിയും സ്നേഹവും പുലർത്താൻ കടപ്പെട്ടവളാണ്. പ്രാർഥിക്കുമ്പോൾ, ദൈവം എന്റെ സമീപത്തുള്ളതു പോലെ തോന്നും’ എന്നായിരുന്നു ആ അമ്മയുടെ മറുപടി.

അങ്ങനെയുള്ള തന്റെ അമ്മയെപ്പറ്റി മാധുര്യമുള്ള സ്മരണകളാണ് സിന്ധ്യക്കുണ്ടായിരുന്നത്. അമ്മ ഒരു വലിയ വായനക്കാരി ആയിരുന്നുവെന്നും സ്വന്തം പുസ്തകസഞ്ചയം കൂടാതെ സമീപത്തുള്ള ലൈബ്രറിയിലെ പുസ്തകങ്ങളും പാരായണവിധേയമാക്കിയിരുന്നുവെന്നും സിന്ധ്യ ഓർക്കുന്നു. 

പക്ഷിമൃഗാദികളെ വളർത്തുന്നതിലും അവയുമായി ചങ്ങാത്തം കൂടുന്നതിനും സമയം കണ്ടെത്തി. കർമനിരതയും ഉത്സാഹവതിയുമായി കാണപ്പെട്ടു. സിന്ധ്യയ്ക്ക് 12 വയസ്സുള്ളപ്പോൾ മാതാവിന് രോഗബാധയുണ്ടായി. ശ്വാസകോശത്തിന് ഇൻഫക്‌ഷൻ എന്നു കരുതി. 

പിന്നീടാണ് കാൻസർ ആണെന്നു തിരിച്ചറിഞ്ഞത്. പത്തു വർഷം മുൻപ് ബ്രസ്റ്റ് കാൻസർ വന്ന്, പൂർണ സൗഖ്യം പ്രാപിച്ചതാണ്. ഇപ്പോൾ ശ്വാസകോശത്തിനു പിടിപെട്ടിരിക്കുന്നു. അങ്ങനെ നാൽപതാം ജന്മദിനത്തിനു രണ്ടുമാസം മുൻപ് സിന്ധ്യയുടെ മാതാവ് ജീവൻ വെടിഞ്ഞു. 

അന്നു മുതൽ സിന്ധ്യയെ അലട്ടിയ ഒരു ചോദ്യം ഇതായിരുന്നു: ഇത്ര കൃത്യമായും വിശ്വസ്തമായും ദൈവത്തെ സ്നേഹിക്കയും, അവിടുത്തെ ഹിതം നിറവേറ്റാൻ വ്യഗ്രതപ്പെടുകയും ചെയ്ത ഒരു വ്യക്തിയെ രണ്ടു പെൺമക്കളെ അനാഥരാക്കി പോകാൻ ദൈവം എന്തിനു വിളിച്ചു? ദൈവത്തിന്റെ നീതിയെന്താണ്? സ്നേഹനിധിയായ ഒരു ദൈവത്തിന് ഇങ്ങനെ പ്രവർത്തിക്കാമോ? ഇങ്ങനെ അനേകം ചോദ്യങ്ങൾ ആ ബാലികയുടെ ഹൃദയത്തിൽക്കൂടി കടന്നുപോയി. 

മാതാവിനെപ്പറ്റിയുള്ള ഈ ചിന്തകളൊക്കെ അയവിറക്കുമ്പോഴും സിന്ധ്യ ഇൻക്യൂബേറ്ററിൽ കഴിയുന്ന സ്വന്തം ശിശുവിനെ നോക്കിക്കൊണ്ടിരുന്നു. ഓരോ ചലനവും ശ്രദ്ധയിൽപെട്ടു. കണ്ണുനീർ ധാരയായി ഒഴുകി. ഇടറിയ ശബ്ദത്തിൽ ഒരു പ്രാർഥന നടത്തി. ‘‘ദൈവമേ, ഈ പൈതലിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു.’’

നാവിൽ നിന്ന് അറിയാതെ ഒഴുകി വന്നതായിരുന്നു ആ പ്രാർഥന. പെട്ടെന്ന് സിന്ധ്യ ഓർത്തു, ഇപ്രകാരം ഒരു പ്രാർഥന തന്റെ അമ്മയും നടത്തിയതായി മാതൃസഹോദരി പറഞ്ഞ കാര്യം.  കാൻസറിന്റെ ആധിക്യത്തിൽ അന്ത്യശ്വാസം വലിക്കുന്നതിനു മുൻപായി വളരെ മൃദുവായ ശബ്ദത്തിൽ അവർ പ്രാർഥിച്ചു: ‘‘ദൈവമേ എന്റെ രണ്ടു മക്കളെയും ഞാൻ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.’’ 

അമ്മ ചെയ്തതുപോലെ ഞാനും എന്റെ പൈതലിനെ സമർപ്പിച്ചുകൊണ്ട് പ്രാർഥിച്ചപ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ അനന്തരം സംഭവിച്ച കാര്യങ്ങളൊക്കെ ഓർമയിൽ വന്നു. ഇന്ത്യയിലെ ഡിപ്ലൊമാറ്റിക് വകുപ്പിൽ ഉന്നതസ്ഥാനീയനായിരുന്നു ഞങ്ങളുടെ പിതാവ്. മക്കളെ രണ്ടുപേരെയും ക്രിസ്തീയ ബോർഡിങ് സ്കൂളിൽ ചേർത്തു. ബോർഡിങ്ങിലെ ചുമതലക്കാർ കത്തോലിക്ക സിസ്റ്റേഴ്സ് ആയിരുന്നു. അവർ നഷ്ടപ്പെട്ട അമ്മയ്ക്കു തുല്യമായിരുന്നു. പിതാവ് ജോലിയിൽനിന്നു വിരമിച്ചപ്പോൾ ഞങ്ങൾ അമേരിക്കയിലേക്കു ചേക്കേറി. അവിടെ ഉപരിപഠനം, വിവാഹം എല്ലാം നടന്നു. 

സിന്ധ്യ സമർപ്പിച്ചു പ്രാർഥിച്ച ആ കുഞ്ഞും ഇപ്പോൾ സുഖമായി ഇരിക്കുന്നു. മാസം തികയാതെ പ്രസവിച്ച, മരണത്തെ മുഖാമുഖം കണ്ട ആ ശിശുവിന് ഇപ്പോൾ 12 വയസ്സുണ്ട് – ഒബദിയ എന്ന പേരിൽ മിടുക്കനായി കഴിയുന്നു. 

ഈ കഥ മൗലികങ്ങളായ പല സന്ദേശങ്ങളും നമുക്കു നൽകുന്നു.

1) ഔദ്യോഗിക കർത്തവ്യങ്ങൾ ഭക്തിപൂർവം എപ്രകാരം നിർവഹിക്കണമെന്ന് സിന്ധ്യയുടെ മാതാവു നമ്മെ പഠിപ്പിക്കുന്നു. പ്രാർഥനയുടെ വലിയ ശക്തിയും സന്തോഷവും അനുഭവിച്ചറിഞ്ഞ വനിതയാണ്. പ്രാർഥനയിൽ മുഖ്യമായും ലഭിച്ച നന്മകൾക്കും കൃപകൾക്കും ഹൃദയംഗമമായി സ്തുതി അർപ്പിക്കേണ്ടതാണെന്ന് ഓർമപ്പെടുത്തുന്നു. നാൽപതു തികയുന്നതിനു മുൻപ് അന്ത്യം വരിച്ചു 

2) ഉത്തമരായ മാതാക്കളുടെ സ്വാധീനം പ്രത്യേകിച്ച് പെൺമക്കളുടെമേൽ അദ്ഭുതകരമായി അനുഭവപ്പെടും. മറിച്ചുള്ള മാതാക്കളുടെ സ്വാധീനം തദനുസൃതവുമാകും. 

3) മേൽ ഉദ്ധരിച്ച പ്രാർഥനയ്ക്കു സമാനമായ ഒരു പ്രാർഥന സങ്കീർത്തനത്തിൽ‌ ഉണ്ട്. ‘‘നിന്റെ കയ്യിൽ ഞാൻ‌ എന്റെ ആത്മാവിനെ ഭരമേൽപിക്കുന്നു.’’ (സങ്കീ.31:5) ഇത് ഓരോ യഹൂദനും രാത്രി ഉറങ്ങുന്നതിനു മുൻപ് നടത്തുന്ന പ്രാർഥനയാണ്. യേശുക്രിസ്തു കാൽവരിയിൽ ക്രൂശിൽ കിടന്നുകൊണ്ട് അന്ത്യമായി തിരുവായ്മൊഴിഞ്ഞതും അതായിരുന്നു. 

4) നമ്മുടെ ജീവിതവും പ്രവൃത്തിയും ദൈവത്തിന്റെ തൃക്കരങ്ങളിൽ സമർപ്പിക്കപ്പെട്ട അനുഭവത്തിലാക്കേണ്ടതാണ്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN THOUGHT OF THE DAY
SHOW MORE
FROM ONMANORAMA