ശിക്ഷണരാഹിത്യം മാരകരോഗം

parenting-and-positive-punishment
SHARE

ശാരീരികമായ പല മാരകരോഗങ്ങളുടെയും കടന്നാക്രമണം നാം നേരിട്ടുകൊണ്ടിരിക്കയാണ്. മെഡിക്കൽ സയൻസ് തക്കതായ പ്രതിവിധികൾ, ശക്തമായ ഔഷധങ്ങളിൽ കൂടിയും സൂക്ഷ്മമായ ശസ്ത്രക്രിയകളിൽ കൂടിയും വരുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ സമുദായഗാത്രത്തെ വ്യാപകമായി ബാധിച്ചിട്ടുള്ള മാരകരോഗമാണ് ശിക്ഷണരാഹിത്യം. അത് എല്ലാ മേഖലകളിലും പ്രകടമാണ്. അക്രമങ്ങൾക്കും അഴിഞ്ഞാട്ടങ്ങൾക്കും പ്രോത്സാഹനം നൽകുന്ന വ്യവസ്ഥിതി വന്നെത്തിയാൽ അതു വല്ലാത്ത ദുർവിധി തന്നെ.

ശിക്ഷണബോധം ആരംഭിക്കേണ്ടത് ഭവനങ്ങളിലാണ്. മാതാപിതാക്കൾ തമ്മിലുള്ള ഊഷ്മളമായ ബന്ധവും അവിടെ വളരുന്ന കുഞ്ഞുങ്ങളോടുള്ള സമീപനവും അവർക്കു നൽകുന്ന പരിശീലനവും ഏറെ പ്രാധാന്യമർഹിക്കുന്നു. ജീവിതത്തിന്റെ അടിത്തറ അവിടെയാണല്ലോ തുടങ്ങുന്നത്. എന്നാൽ ഇന്നത്തെ കുടുംബാന്തരീക്ഷം എപ്രകാരമുള്ളത്? ധാർമികവും ആത്മീയവുമായ മൂല്യങ്ങളെ അവഗണിച്ചുകൊണ്ട് ഭൗതികത്വത്തിന്റെ അതിപ്രസരത്തിലും സോഷ്യൽമീഡിയയുടെ അപ്രമാദിത്വത്തിലും എത്തിച്ചേർന്നിരിക്കുന്ന അനുഭവമല്ലേ നടമാടുന്നത്.

ഡിസിപ്ലിൻ (അച്ചടക്കം) എന്നതുകൊണ്ട്, നാമെന്താണ് വിവക്ഷിക്കുന്നത്? സ്വാതന്ത്ര്യത്തെ നിഷേധിച്ച്, പട്ടാളച്ചിട്ട അനുഭവമാക്കണമെന്നാണോ? ഒരിക്കലുമല്ല. അച്ചടക്കം സ്നേഹത്തിന്റെ പ്രചോദനത്താലാണ്. ഔഷധം രുചിപ്രദമാവുകയില്ല. ശസ്ത്രക്രിയ വേദനകൂടാത്തതുമല്ല. പക്ഷേ അവ അനിവാര്യമാണ്. നാം പ്രകൃതിയിൽ തന്നെ നിരീക്ഷിച്ചാൽ അവിടെ എല്ലാ കാര്യങ്ങൾക്കും ക്രമവും ചിട്ടയുമുണ്ട്. അച്ചടക്കത്തിന്റെ വലിയ ദൃഷ്ടാന്തം അവിടെ ദൃശ്യമാണ്.

ജിറാഫ് ഒരു വലിയ മൃഗമാണ്. നിന്നുകൊണ്ട് പെൺജിറാഫ് കുട്ടിയെ പ്രസവിക്കുന്നു. മാതൃഗർഭത്തിൽ നിന്നു താഴെ വീണ കുട്ടി അവിടെ കിടക്കുമ്പോൾ, അമ്മ അതിന്റെ പുറകിൽ വന്നുകൊണ്ട് കാൽമടക്കി, ശക്തിയായി ആ കുട്ടിയെ തൊഴിക്കും. കണ്ടുനിൽക്കുന്നവർക്ക് അതു ക്രൂരകൃത്യമായി തോന്നാം. തൊഴി ഏൽക്കുമ്പോൾ കുട്ടി എഴുന്നേൽക്കും. പക്ഷേ അതിന്റെ കാലുകൾക്കു ബലമില്ലാത്തതിനാൽ താഴെ വീഴുന്നു. അമ്മ പിന്നെയും അതിന്റെ കാൽകൊണ്ട് ശക്തിയായി തൊഴിക്കും. വീണ്ടും കുട്ടി എഴുന്നേൽക്കും. പക്ഷേ പിന്നെയും വീഴും. അമ്മയുടെ തൊഴി തുടർന്നുകൊണ്ടിരിക്കുന്നതിൽ കുട്ടി എഴുന്നേറ്റു നടക്കാൻ തുടങ്ങും. അതിന്റെ കാലുകൾക്കു ബലം നേടി ഓടാൻ പഠിച്ചെങ്കിൽ മാത്രമേ കാട്ടിൽ, ശത്രുക്കളായ കടുവയിൽ നിന്നും മറ്റും രക്ഷപ്പെടുവാൻ സാധിക്കയുള്ളൂ. ആ അമ്മ കുട്ടിയോടു ചെയ്യുന്നത് ദ്രോഹമാണോ, സ്നേഹത്തിന്റെ പ്രവൃത്തിയാണോ? നിശ്ചയമായും സ്നേഹത്തിന്റെ പ്രവൃത്തി തന്നെ.

ഇതുപോലെ നമ്മുടെ കുഞ്ഞുങ്ങളും സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ശിക്ഷണത്തിന്റെയും അന്തരീക്ഷത്തിൽ വളർത്തപ്പെടുമ്പോഴേ, അവർ മാതാപിതാക്കന്മാരെ അനുസരിക്കുന്നവരും ആദരിക്കുന്നവരും നിയമത്തിനു വിധേയരുമായ ഉത്തമപൗരന്മാരായി തീരുകയുള്ളൂ. അങ്ങനെയല്ലെങ്കിൽ വിപരീതഫലമായിരിക്കും ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾക്ക് ഇഷ്ടമില്ലാത്തതാണെങ്കിലും അവരുടെ നന്മയെ കാംക്ഷിക്കുന്ന മാതാപിതാക്കൾ ചില ചിട്ടകളും ക്രമങ്ങളും അനുശാസിക്കും. സ്വാതന്ത്ര്യത്തോടൊപ്പം നിയന്ത്രണവും ആവശ്യമാണ്. ഒരു പിതാവ് സാക്ഷിച്ചു: അദ്ദേഹത്തിനു രണ്ടു മക്കൾ. അവർ സ്കൂളിലും കോളജിലും പഠിക്കുമ്പോൾ പലതിനും പണം ആവശ്യപ്പെടും. മേശയിൽ നിന്നെടുക്കാൻ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ എന്തിന് എടുത്തു? എത്ര ചെലവായി? എന്നുള്ളതിന്റെ വിവരവും വിശദവുമായ കണക്കു നൽകണം.

ഒരു കുട്ടി ഒരു പെട്ടിയിലെ ചോക്കലേറ്റ് മുഴുവൻ തിന്നാൻ അനുവദിച്ചാൽ അതിന് അസുഖം നേരിടും. എന്നാൽ ഒന്നോ രണ്ടോ എണ്ണം എന്നുള്ള നിയന്ത്രണം അതിന്റെ ആരോഗ്യത്തിനു ഹാനികരമാവുകയില്ല. സ്വാതന്ത്ര്യം എന്നാൽ ഇഷ്ടമുള്ളത് ചെയ്യുക എന്നുള്ള തെറ്റായ ധാരണയുണ്ട്. നിയന്ത്രണത്തോടും വിവേചനത്തോടും പ്രവർത്തിക്കുവാനാണ് വേണ്ടിയിരിക്കുന്നത്. അല്ലാത്തപക്ഷം തികഞ്ഞ പരാജയത്തിൽ കലാശിക്കും.

പട്ടം പറപ്പിക്കുന്നത് നാം നിരീക്ഷിക്കാറുള്ളതാണ്. ഒരു പിതാവും തന്റെ മകനുംകൂടി ഒരു മൈതാനത്ത് പട്ടം പറപ്പിക്കുകയായിരുന്നു. മകൻ ചോദിച്ചു, ‘‘പട്ടം ഉയർന്നു പറക്കാൻ എന്തുകൊണ്ടാണ് സാധിക്കുന്നത്?’’ പിതാവു പറഞ്ഞു, ‘‘അതിന്റെ ചരടിനാൽ’’, അപ്പോൾ കുട്ടി ചോദിച്ചു, ‘‘പപ്പാ, ആ ചരടല്ലേ പട്ടത്തെ താഴേക്കു പിടിച്ചുവലിക്കുന്നത്?’’ പിതാവിന്റെ മറുപടി, ആ ചരടു പൊട്ടിച്ചു വിടുകയായിരുന്നു. അപ്പോൾ അതു പറന്ന് ഏതോ സ്ഥലത്തു പതിച്ചു. എന്തുകൊണ്ടാണ് ആ പട്ടം നിലം പതിച്ചത്? താഴേക്കു പിടിച്ചു വലിക്കുന്ന പ്രയോഗം നഷ്ടപ്പെട്ടതുകൊണ്ട്. ജീവിതത്തിൽ പറന്നുയരാൻ ചില നിയന്ത്രണങ്ങളും വിലക്കുകളും ഒക്കെ ആവശ്യമാണ്. അവയില്ലാതെ വളരുമ്പോൾ ഉയർച്ച സാധ്യമല്ല.

എന്നാൽ ഇന്നു കേൾക്കുന്ന ശബ്ദം "I want to be free". എനിക്കു സ്വാതന്ത്ര്യം വേണം? ഒരു തീവണ്ടി അതിന്റെ പാളം വിട്ട് സ്വതന്ത്രമായി ഓടാൻ ശ്രമിച്ചാൽ എന്താകും ഫലം? ട്രാഫിക് നിയമങ്ങൾ വകവയ്ക്കാതെ ഓരോ വ്യക്തിയും തന്റെ ഇഷ്ടപ്രകാരം വാഹനം ഓടിച്ചാൽ എന്താണ് സംഭവിക്കുക? നിയമങ്ങൾ പാലിക്കുന്നതുമൂലം നാം സ്വാതന്ത്യ്രവും സുരക്ഷയും മുന്നേറ്റവും കൈവരിക്കുന്നു.

മാതാപിതാക്കളുടെ കർത്തവ്യം വലുതാണ്. അവർ മക്കൾക്കു ജന്മം നൽകുക മാത്രമല്ല, ഉത്തമവ്യക്തിത്വങ്ങളെ കരുപ്പിടിപ്പിക്കുകയും വാർത്തെടുക്കുകയും ചെയ്യുന്നു. ‘‘ന്യൂജനറേഷൻ’’ സംസ്കാരത്തിൽ മാതാപിതാക്കൾക്ക് പ്രത്യേകം കൗൺസലിങ് നൽകേണ്ടത് ആവശ്യമാണ്.

ഒരു കോടതിയിൽ ഒരുവനെ ധനാപഹരണക്കേസിൽ ശിക്ഷിച്ചപ്പോൾ, അയാൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചു. ‘‘ഉണ്ട്. ദയവായി അങ്ങ് എന്റെ മാതാപിതാക്കളെയും ജയിലിൽ അടയ്ക്കണം’’. ജ‍ഡ്ജി ചോദിച്ചു: ‘‘എന്തിന്?’’ മറുപടി: ‘‘ഞാനൊരു കൊച്ചുകുട്ടി ആയിരിക്കുമ്പോൾ സ്കൂളിൽനിന്ന് ഒരു പെൻസിൽ മോഷ്ടിച്ചു. എന്റെ മാതാപിതാക്കൾ അതറിഞ്ഞിട്ടും അവരത് അവഗണിച്ചു. പിന്നീട് ഞാനൊരു പേന മോഷ്ടിച്ചു. അതറിഞ്ഞിട്ടും അവർ ഗൗനിച്ചില്ല. മോഷണം ഞാനൊരു പതിവാക്കി. അതെന്റെ സ്വഭാവമായിത്തീർന്നു. അവർക്കത് അറിയാമായിരുന്നു. ഒരിക്കൽ പോലും ഒരക്ഷരവും അവർ എന്നോട് അതേപ്പറ്റി പറഞ്ഞിട്ടില്ല. അതുകൊണ്ട് അവരും എന്നോടൊപ്പം ജയിലിൽ പാർക്കേണ്ടവരാണ്.’’

അയാൾ പറഞ്ഞത് എത്ര ശരിയാണ്. മാതാപിതാക്കൾ അവരുടെ ഉത്തമമായ കർത്തവ്യങ്ങൾ നിറവേറ്റാഞ്ഞതിൽ വീഴ്ചക്കാർതന്നെ. ശിക്ഷണവും അച്ചടക്കവും ധാർമികബോധവും ആത്മീയദർശനവും ഭവനത്തിൽ നിന്നാണ് ലഭിക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ