സ്വപ്നങ്ങളുടെ അർഥം

Subhadinam
പ്രതീകാത്മക ചിത്രം
SHARE

പൂച്ച ചിരിച്ചുകൊണ്ടേയിരുന്നു. അടുത്തിരുന്ന നായ ചോദിച്ചു, എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്? പൂച്ച പറഞ്ഞു, ‘എനിക്കു സന്തോഷം സഹിക്കാനാകുന്നില്ല. ഞാനിന്നലെ ഒരു സ്വപ്നം കണ്ടു: ശക്തമായ മഴ പെയ്യുകയാണ്. പക്ഷേ, മഴത്തുള്ളികൾക്കു പകരം വീഴുന്നത് എലിക്കുഞ്ഞുങ്ങളാണ്’. നായയ്ക്കു ദേഷ്യം വന്നു – ‘ഇതിലിത്ര സന്തോഷിക്കാൻ എന്തിരിക്കുന്നു? വീണത് എല്ലിൻകഷണങ്ങൾ ആയിരുന്നെങ്കിൽ എന്തെങ്കിലും ഗുണമുണ്ടായിരുന്നു’.

സ്വന്തം ആഗ്രഹങ്ങളുടെ സാക്ഷാത്കാരമാണ് അർധബോധാവസ്ഥയിൽ കാണുന്ന ഓരോ സ്വപ്നവും. ഏതു മാർഗം ഉപയോഗിച്ചും അഭിലാഷങ്ങൾ സാധിച്ചെടുക്കാനുള്ള പരിശ്രമം എല്ലാ മനുഷ്യരിലുമുണ്ട്. ഒരാൾ കാണുന്ന സ്വപ്നങ്ങളുടെ വിശദീകരണം തേടിയാൽ അയാൾ ആരെന്നു തിരിച്ചറിയാം. ചിലർ സ്വപ്നങ്ങളെ കർമങ്ങളിലൂടെ സാക്ഷാത്കരിക്കും; ചിലർ നടക്കാത്ത ആഗ്രഹങ്ങളെ സ്വപ്നങ്ങളിൽ അണിയിച്ചൊരുക്കും.  അപരന്റെ സ്വപ്നങ്ങളെ അവഗണിക്കുകയാണ് അവനു നൽകാവുന്ന ഏറ്റവും വലിയ അവഹേളനം. 

ഓരോ ജീവിതവും തളിരിടുന്നത് അവർ നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ പിൻബലത്തിലാണ്. സ്വപ്നം കണ്ട വ്യക്തിക്കൊഴികെ മറ്റെല്ലാവർക്കും ആ സ്വപ്നം അസംബന്ധമോ അർഥരഹിതമോ ആയിരിക്കും. താൻ കണ്ട സ്വപ്നം അതേ തീവ്രതയോടെയും ഉത്തരവാദിത്തത്തോടെയും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കൂട്ടുകിട്ടിയിരുന്നെങ്കിൽ പലരുടെയും ചുവടുകൾ കുറെക്കൂടി ദൃഢമായേനെ. പങ്കുവയ്ക്കുമ്പോൾ അവഗണിക്കപ്പെടുന്ന സ്വപ്നങ്ങൾക്കാണ്, മുന്നിട്ടിറങ്ങിയിട്ടും നടക്കാതെ വരുന്ന സ്വപ്നങ്ങളെക്കാൾ നൊമ്പരം. 

സ്വന്തം സന്തോഷങ്ങൾ തേടാനും കണ്ടെത്താനുമുള്ള ഉൾപ്രേരണ എല്ലാവരിലുമുണ്ട്. അപരന്റെ സന്തോഷങ്ങളെ ആശ്ലേഷിക്കാനും അവയ്ക്കൊപ്പം നിൽക്കാനുമുള്ള സന്മനസ്സു കൂടി ഉണ്ടാകണം. എല്ലാവർക്കും ഒരുപോലെ ചിന്തിക്കാനോ ഒരേ രീതിയിൽ അഭിലാഷങ്ങൾ ചിട്ടപ്പെടുത്താനോ കഴിയില്ല. ഒരാൾ അസംബന്ധമെന്നു കരുതുന്നതാകാം, മറ്റൊരാളുടെ ജീവിതത്തിന് അർഥം നൽകുന്നത്. 

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA