രണ്ടു വിത്തുകളുടെ കഥ

seed-552
SHARE

വിത്തുകളെ അടിസ്ഥാനമാക്കി ജീവിതബന്ധിയായ പല ഉപമകളും യേശുക്രിസ്തു പ്രസ്താവിച്ചിട്ടുണ്ട്. വ്യത്യസ്തമായ മണ്ണുകളിൽ വീഴുന്ന വിത്തുകളും അവയ്ക്കു സംഭവിക്കുന്ന അനുഭവങ്ങളും; വിത്തുകളോടു ചേർന്ന് കളകൾ വളരുന്നത്, ഫലങ്ങൾ പുറപ്പെടുവിക്കുന്നതിലുള്ള വ്യത്യാസം ഇങ്ങനെ ഭാവനാസമ്പന്നമായ പല ഉപമകളും പ്രസ്താവിച്ചിട്ടുണ്ട്. എല്ലാംതന്നെ കർഷക സംസ്ക്കാരത്തിൽ ഉരുത്തിരിഞ്ഞവയാണ്.

ഇവിടെ രണ്ടുവിത്തുകൾ തമ്മിലുള്ള സംഭാഷണങ്ങളും തുടർക്കഥകളുമാണ് പ്രതിപാദിക്കുന്നത്. വളക്കൂറും നല്ല നനവുമുള്ള മണ്ണിൽ ചേർന്നുകിടക്കുകയാണ് രണ്ടു വിത്തുമണികൾ. അവയിൽ ഒന്നു പറയുന്നു: എനിക്കു വളരണം, അതിന് ആദ്യം എന്റെ വേരുകളെ എനിക്കു കീഴെയുള്ള മണ്ണിന്റെ ആഴത്തിലേക്ക് ഞാൻ അയയ്ക്കും. മുളപൊട്ടുമ്പോൾ ഞാൻ മൊട്ടുകളെ എനിക്കു മീതെയുള്ള മണ്ണിനു മുകളിലേക്ക് അയയ്ക്കും. അപ്പോൾ സൂര്യന്റെ ചൂടും വെളിച്ചവും ആസ്വദിക്കാം. മാത്രമല്ല പുലർകാലത്തിൽ മഞ്ഞുതുള്ളികൾ കുളിരണിയിക്കുന്ന അനുഭവം ലഭിക്കും. അങ്ങനെ മുകളിലേക്കും, ശിഖരങ്ങളായി നാലുവശത്തേക്കും വളരും. പക്ഷികൾ വന്ന് എന്നെ ആശ്ലേഷിച്ച് ഹൃദ്യമായ ഗാനങ്ങൾ ആലപിക്കും. ഇൗ വിധത്തിൽ പറഞ്ഞ് അതു വളരുക തന്നെ ചെയ്തു.

രണ്ടാമത്തെ വിത്തു പറഞ്ഞു, ‘‘എനിക്കു വിപൽസന്ധി (Risk) നേരിടുവാൻ ധൈര്യമില്ല, എനിക്ക് ഭയവും ആശങ്കയുമാണ്. താഴേയ്ക്കു വേരുകൾ ഇറങ്ങുന്നത് തികച്ചും അജ്ഞാതവും അപരിചിതവുമായ മേഖലയിലേക്കാണ്. ആ അന്ധകാരത്തിൽ എന്തു സംഭവിക്കും എന്ന് സങ്കൽപ്പിക്കാന്‍ പോലും കഴിയുന്നില്ല. മുകളിലേക്കു എന്റെ മൊട്ടുകൾ അയച്ചാൽ മുകളിലുള്ള മണ്ണിന്റെ സമ്മർദത്താൽ അത് ഞെരിഞ്ഞ് ഇല്ലാതാവുകയില്ലേ? അഥവാ ആ സമ്മർദത്തെ അതിജീവിച്ച് ഉപരിതലത്തിൽ എത്തി മുളപൊട്ടി നിൽക്കുമ്പോൾ ഏതെങ്കിലും പുഴുവന്ന് തിന്നു നശിക്കാൻ സാധ്യത ഏറെയാണ്. 

ആ അപകടത്തെയും അതിജീവിക്കാൻ ഞാൻ പുഷ്ടിച്ചു നിൽക്കുമ്പോൾ ഏതെങ്കിലും കുസൃതിക്കുട്ടൻ വന്ന് വേരോടെ പിഴുതുകൊണ്ടുപോയാൽ എന്തുചെയ്യും? ഇൗ അപകട സാധ്യതകൾ എല്ലാം മുന്നിലുള്ളപ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ ഇവിടെ സ്വസ്ഥമായി കഴിയുന്നതാണ് അഭികാമ്യം. അപകടസാധ്യതകൾ ഇല്ലാതാകുന്നതുവരെ ഇവിടെ തുടരാം.’’ അപ്രകാരം ആ വിത്ത് നിശ്ചലമായി അവിടെ കിടന്നു. 

ഒരു ദിവസം കൂട്ടിൽ നിന്നു തുറന്നുവിട്ട കോഴികൾ പറമ്പിൽ ഓടിനടന്നു തീറ്റകൾ തിരയുകയായിരുന്നു. ഒരു കോഴി കാലുകൊണ്ട് ചികഞ്ഞുനോക്കിയപ്പോൾ നല്ല ഒരു വിത്ത്! സന്തോഷത്തോടെ അതു വയറ്റിലാക്കി. അങ്ങനെ ആ വിത്തിന്റെ അന്ത്യം കുറിച്ചു.

രണ്ടു വിത്തുകൾ സാരവത്തായ ചില സന്ദേശങ്ങൾ നൽകുന്നു (1) രണ്ടു തരത്തിലുള്ള മനോഭാവത്തെ അവ വ്യക്തമാക്കുന്നു. ഒന്ന്, പോസിറ്റീവ് ആയി ചിന്തിച്ച് വളരുക, മുന്നേറുക; ഒരു ലക്ഷ്യത്തിലെത്തുക. ആ മുന്നേറ്റത്തിൽ പ്രതിബന്ധങ്ങളും പ്രയാസങ്ങളും, പരാജയങ്ങളും ഒക്കെ നേരിടാം. പക്ഷേ, അവയെ ധീരതയോടെ നേരിടാനും അതിജീവിക്കാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസം. അതാണ് ഒന്നാമത്തെ വിത്തിൽ പ്രകടമായത്. 

മഹാനായ ഏബ്രഹാം ലിങ്കന്റെ കഥ ഇതിനുദാഹരണമാണ്. അദ്ദേഹം ആദ്യം ആരംഭിച്ച (1831) ബിസിനസ്സ് പൊളിഞ്ഞു. അതിനുശേഷം പിന്നീട് ആരോഗ്യത്തിനു പ്രശ്നമുണ്ടായി. അമേരിക്കൻ പ്രസിഡന്റാകുവാൻ മത്സരിച്ച് തോറ്റു (1856). ഇങ്ങനെ പല പരാജയങ്ങളും പ്രതിസന്ധികളും അദ്ദേഹത്തെ തളർത്തുകയോ, പിന്മാറ്റത്തിലേക്കു നയിക്കുകയോ ചെയ്തില്ല. പരിശ്രമത്തിൽ മുന്നേറാൻ തന്നെ അദ്ദേഹം ശ്രദ്ധിച്ചു. അവസാനം അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. സ്വജീവിതത്തിൽകൂടി മനുഷ്യരാശിക്ക് ഒരു വലിയ സന്ദേശം അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന ഇൗ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. 

‘‘എന്റെ ഏറ്റവും വലിയ ഉൽക്കണ്ഠ നിങ്ങൾ പരാജയമടഞ്ഞുപോയോ എന്നതല്ല, പിന്നെയോ നിങ്ങളുടെ പരാജയത്തിൽ നിരാശനായി നിഷ്്ക്രിയനാകുന്നുവോ എന്നതാണ്’’ നേരിടുന്ന പരാജയങ്ങളും, വെല്ലുവിളികളും, മുന്നേറാനുള്ള ചവിട്ടുപടികളായി കാണേണ്ടതാണ്. നിരാശരോ, നിഷ്ക്രിയരോ ആകാൻ അനുവദിച്ചുകൂടാ.

നെഗറ്റീവ് ആയി ചിന്തിക്കുന്നവർക്ക് രണ്ടാമത്തെ വിത്തിന്റെ അനുഭവമാണ് സംഭവിക്കുക. അവർ ഇല്ലാത്ത പ്രശ്നങ്ങളെയും സാങ്കൽപിക പ്രതിസന്ധികളെയും മെനഞ്ഞുണ്ടാക്കി നിഷ്ക്രിയത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. കീറ്റ്സ് എന്ന ആംഗലകവി എഴുതി ‘‘Imaginary grievances have been my torments, more than the real ones.’’ യഥാർഥ ദുഃഖങ്ങളെക്കാൾ അധികമായി എന്നെ അലട്ടുന്നത് സാങ്കൽപിക ദുഃഖങ്ങളാണ്.

ഇല്ലാത്ത കാര്യങ്ങളെ ഭാവനയിൽ സങ്കൽപ്പിച്ച് മാനസിക സംഘർഷത്തിൽ എത്തുന്നവരുണ്ട്. ഒരു ഇടുങ്ങിയ വഴിയിൽ പോകേണ്ടിവരുമ്പോൾ, ഒരു മദയാന തനിക്കെതിരെ വന്നാൽ എന്തു ചെയ്യുമെന്ന് ഭയപ്പെട്ട് യാത്ര വേണ്ടെന്നുവയ്ക്കുന്നവരെപ്പറ്റി പലപ്പോഴും പരാമർശിക്കാറുണ്ട്.

ദൈവത്തിന്റെ ദിവ്യപരിപാലനത്തിലും പിതൃവിചാരണയിലുമുള്ള വിശ്വാസം ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുവാൻ നമ്മെ പ്രോത്സാഹിപ്പിക്കും. ആ പരമപിതാവിന്റെ സാന്നിധ്യം എപ്പോഴും അനുഭവവേദ്യമാണ്. ഉത്തമ വിശ്വാസവും ശുഭപ്രതീക്ഷയുമാണ് ചാലകശക്തിയായി നമ്മിൽ വ്യാപരിക്കേണ്ടത്.

English Summary: Thought Of The Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ