വിദ്വേഷത്തെ അതിജീവിക്കുന്ന ദിവ്യസ്നേഹം

950599040
SHARE

വിദ്വേഷം സത്‌വികാരങ്ങളെ നിഹനിക്കുന്ന ക്രൂരമായ ദുഷ്ടശക്തിയാണ്. വ്യക്തിവിദ്വേഷം, വർഗീയ വിദ്വേഷം, വംശീയ വിദ്വേഷം, മതവിദ്വേഷം ഇങ്ങനെ പലതരത്തിലുണ്ട്. എന്തു തരത്തിലുള്ള വിദ്വേഷമായാലും അതു വ്യക്തികളുടെ ഹൃദയത്തെ വിഷലിപ്തമാക്കുകയും ഏതു കഠിനവൃത്തിക്കും പ്രേരിപ്പിക്കുകയും ചെയ്യും. വർഗീയ വിദ്വേഷം ലോകത്തിൽ എന്തെല്ലാം അനർഥങ്ങൾക്കു കാരണമായിട്ടുണ്ട്.

ഭൂഖണ്ഡങ്ങളിലെല്ലാം  തന്നെ ഓരോ കാലത്ത്  വർഗീയ വിദ്വേഷ ത്തിന്റെ ഫലമായി കലാപങ്ങളും കൂട്ടക്കുരുതികളും നടന്നിട്ടു ണ്ട്. മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും ദീർഘചരിത്ര വും പാരമ്പര്യവുമുള്ള പുണ്യഭൂമിയായ ഭാരതത്തിൽ മതവിദ്വേ ഷത്തിന്റെ തീപ്പൊരി ഉയരാതിരിക്കാൻ നമുക്കു പ്രാർഥിക്കാം, പ്രയത്നിക്കാം.

വർണവിദ്വേഷം കൊണ്ടു മദമിളകിയ ഒരു വെള്ളക്കാരൻ അമേരിക്കയിൽ ഒരു പള്ളിയിൽ നടത്തിയ കൂട്ടക്കുരുതി നാലു വർഷങ്ങൾക്കു മുൻപായിരുന്നു. അക്കൂട്ടത്തിൽ ജീവൻ പൊലിഞ്ഞ ഒരു ധന്യമാതാവിന്റെ മകൾ (ഒരു ഹോസ്പിറ്റൽ ചാപ്ലെയ്ൻ) ആ സംഭവത്തെപ്പറ്റിയും അനന്തര പ്രതികരണങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നു. വെറുപ്പും വിദ്വേഷവും അമർഷവും എല്ലാം ഉയരേണ്ട സാഹചര്യത്തിൽ ക്രിസ്തുവിലുള്ള വിശ്വാസവും സ്നേഹവും അവയെ അതിജീവിക്കാൻ സഹായിച്ച കാര്യം വിശദമാക്കുന്നു.

അമേരിക്കയിൽ സൗത്ത് കാരലൈനയിലെ ആഫ്രിക്കൻ മെതേഡിസ്റ്റ് എപ്പിസ്കോപ്പൽ സഭയിലെ ഒരു ഇടവകപ്പള്ളി. അവിടെ ഞായറാഴ്ചകളിലെ ആരാധന കൂടാതെ മറ്റു ദിവസങ്ങളിലും ഓരോ ആത്മീയ പരിപാടികൾ നടത്തിപ്പോന്നു. ബുധനാഴ്ച തോറും ബൈബിൾ സ്റ്റഡി ആയിരുന്നു. അതിൽ സംബന്ധിച്ചിരുന്നത് ആത്മീയ തീക്ഷ്ണതയുള്ള ഏതാനും വനിതകൾ. 2015 ജൂൺ 17–ാം തീയതി നടന്ന ക്ലാസിൽ ഒരു വെള്ളക്കാരൻ സംബന്ധിച്ചു. അയാൾ അതിനുമുൻപ് അവിടെ രണ്ടുമൂന്നു പ്രാവശ്യം ഹ്രസ്വ സന്ദർശനം നടത്തിയിരുന്നു.

പതിവില്ലാതെ കടന്നുവന്ന അതിഥിയെ പ്രായമുള്ള ഒരു സ്ത്രീ (മേൽപറഞ്ഞ ചാപ്ലെയ്ന്റെ മാതാവ്) വളരെ ഹൃദ്യമായി സ്വീകരിച്ച് സീറ്റു നൽകി. ക്ലാസ് അവിടത്തെ വൈദികൻ നയിക്കുകയായിരുന്നു. സമാപനത്തിൽ എല്ലാവരും പ്രാർഥിക്കാൻ എഴുന്നേറ്റ് തലവണങ്ങി നിൽക്കുമ്പോൾ വെള്ളക്കാരൻ സെമി ഓട്ടമാറ്റിക് റൈഫിൾ എടുത്ത് അവിടെ നിന്നവർക്കുനേരെ നിറയൊഴിച്ചു. വൈദികന്റെ ഭാര്യയും കുട്ടിയും അവിടെ ഉണ്ടായിരു ന്നെങ്കിലും പ്രാർഥനയ്ക്ക് എഴുന്നേൽക്കുന്നതിനു മുൻപ് അവർ അടുത്ത മുറിയിലേക്ക് എന്തോ കാര്യത്തിനായി പോയിരുന്നു. വൈദികൻ ഉൾപ്പെടെ 9 പേർ താഴെവീണു പിടഞ്ഞുമരിച്ചു. 

പള്ളിക്കകം ചോരക്കളമായി. ജീവനോടെ ശേഷിച്ച ഏക വനിതയുടെ അടുക്കലെത്തിയപ്പോൾ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ടു പ്രാർഥിച്ചു. അയാൾ ആക്രോശിച്ചു, ‘മിണ്ടരുത്’. വിദ്വേഷവും പൈശാചിക വികാരവും നിറഞ്ഞ ആ മനുഷ്യൻ കൂട്ടിച്ചേർത്തു; ‘‘ഞാൻ നിന്നെ കൊല്ലാതെ വിടുകയാണ്, ഈ സംഭവം മറ്റുള്ളവരോടു പറയാൻ നീ ജീവിച്ചിരിക്കണം’’. സംഭവത്തിന്റെ ഏക സാക്ഷിയായി അവളെ അവശേഷിപ്പിച്ചു. മറ്റുള്ളവരെയെല്ലാം കൊന്നൊടുക്കി എന്നു മാത്രമല്ല, അതിന്റെ വിശദാംശങ്ങൾ പുറംലോകം വ്യക്തമായി അറിയണമെന്നും ആ മനുഷ്യൻ ആഗ്രഹിച്ചു.

മേൽപറഞ്ഞ ഹോസ്പിറ്റൽ ചാപ്ലെയ്ന്റെ അമ്മയുടെ ഫോൺ താഴെവീണു കിടന്നു. അതിൽനിന്ന് ആരോ വിളിച്ചാണ് അവർ ദുരന്തത്തെപ്പറ്റി അറിഞ്ഞത്. അമ്മയുടെ ദേഹത്ത് ഒട്ടേറെ വെടിയുണ്ടകൾ പതിച്ചിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുറപോലെ കേസ് നടന്നു. വിശദമായ വിസ്താരം നടക്കുമ്പോൾ ദൃക്സാക്ഷിയുടെ മൊഴികൾ ഏറെ ഉപകരിച്ചു. പ്രതിയെ തൂക്കിലേറ്റാൻ വിധി വന്നു. അയാളെ തടവറയിൽ നിന്ന് അന്ത്യവിധി കേൾക്കാൻ കൊണ്ടുവരുമ്പോൾ ഒരു കൂസലുമില്ലായിരുന്നു. പശ്ചാത്താപമോ ദുഃഖമോ ഒന്നുമില്ലാത്ത മരവിച്ച ഹൃദയത്തിന്റെ ഉടമ. അയാൾ ജയിലിൽ കിടന്നപ്പോൾ ഡയറിയിൽ എഴുതി: ‘‘ഞാൻ വളരെ ദൃഢസ്വരത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്, ഞാൻ ചെയ്ത കൃത്യത്തിൽ എനിക്ക് ഒരു ദുഃഖവുമില്ല. നിർദോഷികളായ അത്രയും പേരെ വധിച്ചതോർത്ത് ഒരുതുള്ളി കണ്ണുനീർ പോലും ഞാൻ പൊഴിച്ചിട്ടില്ല’’. 

പള്ളിയിലുണ്ടായിരുന്ന വനിത അവളുടെ രക്തംപുരണ്ട വേദപു സ്തകം ഉയർത്തി, തൂക്കിൽ കയറാൻ പോകുന്ന മനുഷ്യനോടു പറഞ്ഞു, ‘ഇതിലെ രക്തം, യേശു എനിക്കു വേണ്ടിയും താങ്കൾക്കു വേണ്ടിയും ചൊരിഞ്ഞ രക്തത്തെ ഓർമപ്പെടുത്തുന്നു. താങ്കളുടെ ആത്മാവിനു കരുണയും മോചനവും ലഭിക്കാൻ പ്രാർഥിക്കുന്നു.’ മാതാവിനെ നഷ്ടപ്പെട്ട ഹോസ്പിറ്റൽ ചാപ്ലെയ്ൻ വിദ്വേഷമോ വൈരാഗ്യമോ കൂടാതെ അയാളോടു പറഞ്ഞു. ‘‘താങ്കളുടെ ജീവൻ എടുക്കുന്നതിനു മുൻപ് യേശുവിനോടു കരുണയ്ക്കായി അപേ ക്ഷിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.’’ ഇതിലൊന്നും പ്രതികരി ക്കാത്ത ആ കഠിനഹൃദയനെ അവസാനം കൊലക്കയറിലേക്കു കൊണ്ടുപോയി.

മാർട്ടിൻ ലൂഥർകിങ് ഒരവസരത്തിൽ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ് –  സ്നേഹത്തിന്റെയും ക്ഷമയുടെയും ശക്തിയാണ് വിദ്വേഷത്തിന്റെ അഗ്നിജ്വാല കെടുത്തുന്നത്. അതല്ലാതെ, മറ്റൊന്നു കൊണ്ടും വിദ്വേഷത്തെ ജയിക്കാനോ നിർമാർജനം ചെയ്യാനോ കഴിയുന്നതല്ല. 

റവ. ഷാരോൺ (ചാപ്ലെയ്ൻ) എഴുതുന്നു: വിദ്വേഷം ലോകത്തിൽ വ്യാപരിക്കുന്ന ദുഷ്ടശക്തിതന്നെ. അതുപോലെ തന്നെ സ്നേഹവും നീതിയും ഇവിടെ വ്യാപരിക്കേണ്ടതാണ്. വിദ്വേഷം സ്വയം ആളിക്കത്തുന്ന അഗ്നിജ്വാലയാണ്. അതു വർഗീയ വിദ്വേഷത്തിന്റെ രൂപത്തിലോ മതവിദ്വേഷത്തിന്റെ പേരിലോ സംഹാരതാണ്ഡവം നടത്താം. എന്നാൽ, നന്മയും സ്നേഹവും കെട്ടുപോകാതെ സജീവമായി നിലനിർത്താനുള്ള ചുമതല എല്ലാ നല്ല മനുഷ്യരിലും സ്ഥിതി ചെയ്യുന്നു. സ്നേഹത്തിനു മാത്രമേ, വിദ്വേഷത്തെ ദൂരീകരിക്കാൻ ശക്തിയുള്ളൂ.

മതങ്ങൾ സ്നേഹത്തിന്റെ സന്ദേശം പ്രഖ്യാപിക്കുന്നവയാണ്. പക്ഷേ, വിശ്വാസികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കാതെ, മതത്തിന്റെ പേരിൽത്തന്നെ വിദ്വേഷവും വൈരാഗ്യവും ഉണർത്തി സമൂഹത്തെ കലുഷിത മാക്കുന്ന ശോചനീയ സ്ഥിതിയാണ് ഇന്നു കാണുന്നത്. ഒരു ക്രിസ്തുഭക്തൻ പ്രഖ്യാപിച്ചു ‘‘ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു’’. എന്തിനായിട്ട്? ക്ഷമിക്കാനും, സഹോദര സ്നേഹത്തോടെ പരസ്പരം സ്വീകരിക്കാനും!

English Summary: Rivalry and Love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ