യൗവനം ഒരു പൂവനം

importance-of-goal-setting-in-youngs-age
പ്രതീകാത്മക ചിത്രം
SHARE

വിജ്ഞാനകേസരിയും മഹാബുദ്ധിമാനുമായിരുന്ന ശലോമോൻ, തനിക്ക് അഗ്രാഹ്യമായിട്ടുള്ളത് മൂന്നു കാര്യങ്ങളാണെന്നു പറഞ്ഞിട്ടുണ്ട്: ഗരുഡൻ ആകാശത്തുകൂടി പറക്കുമ്പോൾ അവന്റെ വഴി കണ്ടുപിടിക്കുക സാധ്യമല്ല. കല്ലിലൂടെ ഇഴഞ്ഞുപോകുന്ന സർപ്പത്തിന്റെ മാർഗമേതെന്നും നിരൂപിക്കുക വയ്യ. കടലിൽ സഞ്ചരിക്കുന്ന കപ്പലിന്റെ പാത വളരെവേഗം മാഞ്ഞുപോകും; പിന്നീടതു കണ്ടുപിടിക്കുക ദുഷ്കരമാണ്. ഇപ്പറഞ്ഞ മൂന്നു കാര്യങ്ങളും അഗ്രാഹ്യമെങ്കിൽ ഇനിയൊരു കാര്യം അതീവ ദുർഗ്രഹമാണെന്നു ശലോമോൻ കൂട്ടിച്ചേർത്തു: അതു യൗവനകാലത്ത് ഒരു മനുഷ്യന്റെ സഞ്ചാരപഥമാണ്.

യുവത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജാജി ഒരു കഥ പറയുന്നുണ്ട്: സകല ജീവജാലങ്ങളെയും സൃഷ്ടികൾക്കെല്ലാം മകുടമായി മനുഷ്യനെയും ദൈവം സൃഷ്ടിച്ചു. മറ്റു ജീവികളെ അപേക്ഷിച്ചു മനുഷ്യന് ആയുസ്സു കുറവായിരുന്നു. ഇക്കാര്യം ദൈവസന്നിധിയിൽ, മനുഷ്യനിൽ അനുകമ്പ തോന്നിയ ജീവവൃന്ദം ഉണർത്തിച്ചു.ദൈവം പറഞ്ഞു – ‘‘മനുഷ്യന് ഇതിൽ കൂടുതൽ ആയുസ്സു വേണമെങ്കിൽ നിങ്ങൾ കുറേശ്ശെ അവനു സംഭാവന ചെയ്യുവിൻ.’’ ഉടൻ തന്നെ കുരങ്ങു മുന്നോട്ടു വന്ന് പത്തു വയസ്സ് തന്റേതിൽനിന്നു മനുഷ്യനു നൽകാമെന്നു പറഞ്ഞു. കുതിര 20 വയസ്സ് മനുഷ്യന് ഓഫർ ചെയ്തു. കഴുത 30 വയസ്സു കൂടി നൽകി. അവസാനമായി ആ രംഗത്തേക്ക് ഇഴഞ്ഞുകയറി വന്ന പെരുമ്പാമ്പ് മനുഷ്യനു തന്റേതായ സംഭാവനയും നൽകി. അതുവരെ സംഭാവന കിട്ടിയ വയസ്സിന്റെ ഇരട്ടി! 

മനുഷ്യന്റെ ജീവിതത്തിൽ ആദ്യത്തെ പത്തു വർഷം (കുരങ്ങിൽനിന്നു കിട്ടിയത്) ചാപല്യമുള്ളതാണ്. തുടർന്നുള്ള 20 വയസ്സ് കുതിരയിൽനിന്നു ലഭിച്ചതാണല്ലോ. കുതിരയുടെ ഊർജസ്വലത ഇക്കാലഘട്ടത്തിൽ മനുഷ്യനുണ്ട്. കരുത്തും തന്റേടവും യൗവനത്തിന്റെ പ്രത്യേകതയാണ്. എന്തിനെയും വെല്ലുവിളിച്ചും ആരെയും കൂസാതെയും മുന്നോട്ടു പോകും.‌

യൗവനത്തിനു ശേഷമുള്ള കാലത്തു കഴുതയ്ക്കു സമനാണ് മനുഷ്യൻ. കടപ്പാടുകൾകൊണ്ടു നിർഭരമായ ഈ കാലഘട്ടം മുഴുവൻ കഴുതയെപ്പോലെ പണിയെടുക്കുന്നു. എടുത്തുചാട്ടമൊന്നും കൂടാതെ നിശ്ശബ്ദനായി ജീവിതഭാരം വഹിക്കുന്നു. പിന്നീട് ഇഴഞ്ഞുനീങ്ങുകയും മാളത്തിൽ ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന പെരുമ്പാമ്പിന്റെ രീതിയാണു മനുഷ്യനുള്ളത്. ഇതിൽ ഏറ്റവും ഗണനീയവും സുന്ദരവുമായ കാലം, കുതിര നൽകിയ ആയുസ്സിന്റെ ഭാഗമാണെന്നത്രെ രാജാജിയുടെ അഭിപ്രായം. 

പണിയെടുക്കാനും കരുത്തോടെ കാര്യങ്ങൾ നിർവഹിക്കാനും നേട്ടങ്ങൾ കൈവരിക്കാനും സാധിക്കുന്ന ഘട്ടമാണ് യൗവനം. പക്ഷേ വിവേകം കുറയും; വീണ്ടുവിചാരം ഉണ്ടാകുകയില്ല; ഭവിഷ്യത്തുകളെപ്പറ്റി ചിന്തിക്കില്ല. അതുകൊണ്ട് യൗവനകാലം ഫലപ്രദമാക്കാൻ അതീവശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. പക്വതയോടും ദീർഘദൃഷ്ടിയോടെയും പ്രവർത്തിക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടാകണം.

യൗവനത്തിളപ്പിൽ വഴി തെറ്റിപ്പോകാൻ സാധ്യതകളുണ്ട്. ആത്മശിക്ഷണവും വിവേചന ശേഷിയുമില്ലാത്തവർ വേഗത്തിൽ വഴിതെറ്റിപ്പോകാനിടയുണ്ട്. അവർക്കു സ്വയം കടിഞ്ഞാണിടാൻ കഴിയാത്തതുകൊണ്ട് നാശത്തിന്റെ അഗാധതയിലേക്കു നിപതിക്കും. വളര‌െ പ്രായാധിക്യത്തിലെത്തും വരെ ജീവിച്ചിരുന്ന ഒരു അപ്പോസ്തലനുണ്ട്. ക്രിസ്തു സ്നേഹിച്ച ശിഷ്യനെന്ന് അദ്ദേഹം അറിയപ്പെട്ടു. സ്നേഹത്തിന്റെ സന്ദേശം അന്ത്യകാലം വരെ ശക്തിയോടെ ഉദ്ഘോഷിച്ച അപ്പോസ്തലൻ ഒരു കത്തിൽ യുവാക്കളെ സംബോധന ചെയ്ത് എഴുതുന്നു: ‘‘യുവാക്കളേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു; നിങ്ങൾ ശക്തരാണ്. ദൈവവചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു’’ (1 യോഹന്നാൻ 2:14). 

മൂന്നു കാര്യങ്ങളാണ് യുവാക്കളെപ്പറ്റി ഈ സന്ദേശത്തിൽ പ്രസ്താവിക്കുന്നത്. ഒന്ന്, യുവാക്കൾ ശക്തരാണ്. കായികമായും മാനസികമായും ശക്തിയാർജിച്ച ഘട്ടം. പിടിച്ചടക്കാനും നേടിയെടുക്കാനുമുള്ള വ്യഗ്രത. അസാധ്യമെന്ന വാക്കിനു വലിയ പ്രസക്തി നൽകാത്ത സമീപനം. ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ജീവിതമെങ്കിൽ, ആരോഗ്യത്തിന്റെ സുവർണകാലം. വികാരത്തിനടിമപ്പെടാതെ വിവേകം ശരിയായി ഉപയോഗിച്ചാൽ ബൗദ്ധികമായ നേട്ടവും സ്വന്തം.

രണ്ട്, ‘ദൈവവചനം നിങ്ങളിൽ വസിക്കുന്നു.’ അതാണ് അപ്പോസ്തലൻ യുവാക്കളിൽ പ്രതീക്ഷിക്കുന്നത്. അരുൾ ചെയ്ത വചനത്തിനും (വിശുദ്ധ ഗ്രന്ഥം) അവതരിച്ച വചനത്തിനും (ക്രിസ്തു) അവരുടെ ജീവിതത്തിൽ സ്ഥാനം വേണം. അപ്പോൾ മലിനവും നാശോന്മുഖവുമായ ചിന്തകളും വിചാരങ്ങളും കടന്നുവരികയില്ല. സങ്കീർത്തനത്തിൽ പറയുന്നു: ‘‘നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.’’ വീണ്ടും അനുസ്മരിക്കുന്നു: ‘‘നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവുമാകുന്നു.’’

മൂന്ന്, ‘‌നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുന്നു.’ ദുഷ്ടൻ എന്നത് സകല തിന്മകളുടെ ശക്തിയെയും സൂചിപ്പിക്കുന്നു. തിന്മയുടെ പോരാട്ടവും പ്രലോഭനവും ഏറ്റവും രൂക്ഷമാകുന്നതു യൗവനത്തിലാണ്. അവിടെയാണ് ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടത്. തിന്മയോടുള്ള പോരാട്ടത്തിൽ വിജയം വരിക്കാൻ ദൈവവചനം ഏറെ സഹായകമാണ്. 

ഊർജസ്വലതയും കർമോത്സുകതയും ധീരതയും കൊണ്ടു ബന്ധുരമാണ് യുവത്വം. വിവേകവും വിജ്ഞാനവും ദൈവവചനവും കൊണ്ടു ഭദ്രമാക്കിയാൽ, നന്മയുടെ നറുപുഷ്പങ്ങൾ വിരിയുന്ന പൂവനമായിത്തീരും യൗവനം. 

English Summary : The importance of goal-setting at a young age

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA