ഞെരുക്കമുള്ള വഴികൾ താണ്ടി വിജയത്തിലേക്ക്...

make-best
SHARE

ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്: Make the Best of bad Situation. പ്രതികൂല സാഹചര്യത്തെ എത്രയും അനുകൂലമാക്കിത്തീർക്കുക. പ്രതികൂലങ്ങൾ നമ്മിലുള്ള നൈസർഗിക പ്രതിഭയെ പ്രോജ്വലിപ്പിക്കുവാൻ സഹായിക്കുന്നു. അസ്വാസ്ഥ്യജനകമായ അനുഭവങ്ങൾ തന്നെ നമ്മുടെ നന്മയ്ക്കും പ്രയോജനത്തിനുമായി ഉപയുക്തമാക്കുവാൻ സാധിക്കും. നാം സ്വീകരിക്കുന്ന മനോഭാവവും പിന്തുടരുന്ന സമീപനവും ആശ്രയിച്ചായിരിക്കുമെന്നുമാത്രം. 

മഹാനായ ഏബ്രഹാം ലിങ്കൺ സമകാലീനർക്കും പിൻതലമുറകൾക്കും പലകാര്യത്തിലും പ്രേരകശക്തിയും പ്രചോദന ഹേതുവുമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും ദർശനവും ഏതുകാലത്തുള്ളവർക്കും പ്രസക്തമാണ്. ഈ പംക്തിയിൽ പല പ്രാവശ്യം അദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. അദ്ദേഹത്തെ പൊതുവേദിയിൽ നിശിതമായി വിമർശിക്കുകയും അദ്ദേഹത്തോട് അഹിതമായി പ്രവർത്തിക്കുകയും ചെയ്ത ഒരാളാണ് എഡ്വിൻ സ്റ്റാന്റൻ. ലിങ്കൺ പ്രസിഡന്റായി അവരോധിക്കപ്പെട്ടപ്പോൾ, തന്റെ വിമർശകനായ സ്റ്റാന്റനെ കാബിനറ്റിൽ എടുക്കുകയും വളരെ പ്രധാനപ്പെട്ട സാമ്പത്തിക വിഭാഗത്തിന്റെ ചുമതല നൽകുകയും ചെയ്തു. അതിനുശേഷം സ്റ്റാന്റൻ നിശ്ശബ്ദനായി തന്റെ ദൗത്യം നിർവഹിച്ചുകൊള്ളുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം പിന്നെയും വിമർശനങ്ങൾ, പൊതുവേദിയിൽ പോലും, ഉയർത്താതിരുന്നില്ല. താൻ വിശ്വാസമർപ്പിച്ച് വളരെ പ്രധാനപ്പെട്ട ചുമതല ഭരമേൽപിച്ച വ്യക്തി തന്റെ വിമർശകനായി തുടരുമ്പോൾ സ്വാഭാവികമായി എന്തു പ്രതികരണമാകും ലിങ്കണിൽ നിന്ന് ഉണ്ടാകാവുന്നത്? നമ്മുടെ സമൂഹത്തിൽ വിമർശനത്തിന്റെ നേരിയ ശബ്ദം പോലും അസഹിഷ്ണുതയോടെ മാത്രമേ വീക്ഷിക്കപ്പെടുകയുള്ളൂ. നേരെമറിച്ച് ആത്മശോധനയ്ക്കും സ്വയം തിരുത്തലിനും അവസരമാക്കാതെ, വിമർശകരെ നിശ്ശബ്ദരാക്കുന്നതിനും തേജോവധം ചെയ്യുന്നതിനുമായിരിക്കും ശ്രമം. 

ഇത്തരം വീക്ഷണമുള്ളവർ ലിങ്കണോടു ചോദിച്ചു: എന്തുകൊണ്ട് വിമർശകനായ വ്യക്തിയെ ഉന്നത സ്ഥാനത്ത് അവരോധിച്ചു സംരക്ഷിക്കുന്നു? ലിങ്കൺ സ്വതസിദ്ധമായ ആർജവത്തോടെ മറുപടി നൽകി. അത് സ്വാനുഭവത്തിൽപെട്ട ഒരു സംഭവം ഉദ്ധരിച്ചുകൊണ്ടാണ്:

ഒരിക്കൽ ഗ്രാമപ്രദേശത്ത് വയോധികനായ ഒരു കർഷകനെ ലിങ്കൺ സന്ദർശിക്കുകയായിരുന്നു. ഉപചാരപൂർവം കർഷകൻ അതിഥിയെ സ്വീകരിച്ചു. ഹൃദയപൂർവമായി സംഭാഷണത്തിലേക്ക് ഇറങ്ങി. അപ്പോൾ സമീപത്തു കെട്ടിയിരുന്ന കർഷകന്റെ കുതിരയെ ലിങ്കൺ ശ്രദ്ധിച്ചു. അതിന്റെ പുറത്ത് കുതിരകളെ ശല്യപ്പെടുത്തുന്ന ഒരു വലിയ ഈച്ച ഇരിക്കുന്നതു കണ്ടു. അതു കുതിരയ്ക്ക് എത്രമാത്രം ദോഷവും ഉപദ്രവവും വരുത്തുമെന്ന് ചിന്തിച്ച്, ലിങ്കൺ അതിനെ ഓടിച്ചു കളയുവാൻ കയ്യും നീട്ടി ചെല്ലുമ്പോൾ കർഷകൻ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു: ‘‘Don’t do that, friend. That horsefly is the only thing keeping this old horse moving’’. അരുത്, അത് ചെയ്യരുത്. ഈ കിഴവൻ കുതിരയെ ചലനക്ഷമമാക്കുന്നത് ആ ഈച്ച ഒന്നു മാത്രമാണ്. 

ഈ വാക്കുകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അസുഖപ്പെടുത്തുന്ന ഈച്ചയുടെ സാന്നിധ്യമാണ് ആ കുതിരയെ പ്രയോജനമുള്ളതാക്കിത്തീർക്കുന്നത് എന്നു പറയുമ്പോൾ നമ്മുടെ ജീവിതത്തോടു ബന്ധപ്പെടുത്തി ചിന്തിക്കണം. നമുക്ക് ഇഷ്ടപ്പെടാത്തതും ഈർഷ്യയും അസ്വാസ്ഥ്യവും ഉളവാക്കുന്നതുമായ സാഹചര്യങ്ങൾ പലപ്പോഴുമുണ്ടാകാം. അവയ്ക്കു നിശ്ചയമായും ഒരു സ്ഥാനമുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങൾ നമ്മുടെ ജീവിത ഗതിയെ തിരുത്താനും തിരിച്ചുവിടാനും കാരണമാകാം. നമ്മിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളും താലന്തുകളും ഉണർത്തി പ്രയോഗക്ഷമമാക്കാൻ ഉതകിയെന്നു വരാം. ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളും ആഘാതങ്ങളും നേരിടേണ്ടി വന്നവർ പറയും: അവയ്ക്കെല്ലാം ഓരോ പ്രയോജനമുണ്ടായി. അനിവാര്യമായ ചില ജീവിത യാഥാർഥ്യങ്ങളെ പഠിക്കാനും അതുവഴി ജീവിതം കുറെക്കൂടി അർഥപൂർണമാക്കാനും പര്യാപ്തമായിട്ടുണ്ട്. 

ക്ലമന്റ് സ്റ്റോൺ ചോദിക്കുന്നു: ‘‘അപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നമുണ്ട് അല്ലേ? അതു നല്ലതാണ്! എന്തുകൊണ്ട്? നിങ്ങളുടെ പ്രശ്നങ്ങളുടെമേൽ തുടർച്ചയായ വിജയങ്ങൾ, ഉയരത്തിലേക്കു കരേറുന്ന ഗോവണിയുടെ പടികളാണ്. ഓരോ വിജയം കൈവരിക്കുമ്പോഴും നിങ്ങൾ ജ്ഞാനത്തിലും വിവേകത്തിലും അനുഭവത്തിലും വളരുകയാണ്. ഓരോ പ്രാവശ്യവും സർഗാത്മകമായ മനോഭാവത്തോടെ ഓരോ പ്രശ്നത്തെയും അഭിമുഖീകരിച്ച് വിജയം വരിക്കുമ്പോൾ നിങ്ങൾ കൂടുതൽ കരുത്തനും ഉത്തമനും വിജയശ്രീലാളിതനുമായിത്തീരുകയാണ്.’’ 

ക്രിസ്തു വ്യക്തമായി പറഞ്ഞു: ലോകത്തിൽ നിങ്ങൾക്കു കഷ്ടതയുണ്ട്. പിന്നീട് അവിടുന്നു പറയുന്നു. ‘‘ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.’’ ലോകത്തെ ജയിച്ച ദൈവത്തിന്റെ സാന്നിധ്യവും നടത്തിപ്പുമാണ് വിപരീത സാഹചര്യങ്ങളെ നേരിടാൻ നമ്മെ പ്രാപ്്തരാക്കുന്നത്. 

പി.ടി.ഫോർസിത് എന്ന എഴുത്തുകാരൻ പറയുന്നത്: ‘‘മറ്റുള്ളവരോടുകൂടി നാം വസിക്കുകയും സമയം ചെലവിടുകയും ചെയ്യുമ്പോൾ നാം അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും അറിയുന്നു; എന്നാൽ അവ പരിഹരിക്കുന്നതിന് ദൈവത്തോടൊന്നിച്ച് ജീവിക്കുകയാണു വേണ്ടത്’’. 

English Summary : Thoughts of the day column written by TJJ, Make the best of bad situation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.