മുൻവിധിയും തെറ്റുന്ന നിഗമനങ്ങളും

innathe-chintha-vishayam-column
Representative Image. Photo Credit: Anna Mogilevtseva / Shutterstock.com
SHARE

നമ്മുടെ സാമൂഹികബന്ധങ്ങളിൽ പല അപചയങ്ങളും സംഭവിക്കുന്നത് നമ്മുടെ മുൻവിധികൊണ്ടും അതുവഴി ഉണ്ടാകുന്ന തെറ്റായ നിഗമനങ്ങൾ നിമിത്തവുമാണ്. വ്യക്തിബന്ധങ്ങളെ ഉലയ്ക്കുന്നതും ശിഥിലമാക്കുന്നതും പലപ്പോഴും തെറ്റായ ധാരണകളിൽനിന്നാണ്. അതിൽ മുൻവിധി ഒരു വലിയ വില്ലനാണ്. ചിലരെ കാണുമ്പോൾതന്നെ ചില മുൻവിധികൾ നമ്മിൽ ഉയരുന്നു. അവരുടെ വേഷം, ശരീരഭാഷ, മുഖഭാവം ഇവയൊക്കെ അതിനു വക നൽകുന്നു. മുൻവിധിയുടെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ സംഭാഷണം തന്നെ.

ഭാര്യാഭർതൃബന്ധമാണല്ലോ ഏറ്റവും പ്രധാനമായ ഒന്ന്. അവിടെപ്പോലും സംഘർഷങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നതു തെറ്റായ ധാരണകളാണ്. ഏതെങ്കിലും സംഭവത്തെക്കുറിച്ചോ സംഭാഷണത്തെക്കുറിച്ചോ കൂടുതൽ ചിന്തിക്കുന്നതിനോ സത്യാവസ്ഥ മനസ്സിലാക്കുന്നതിനോ ശ്രമിക്കാതെ പെട്ടെന്നു ചില നിഗമനങ്ങളിലെത്തി പ്രതികരിക്കുകയായിരിക്കും. സത്യാവസ്ഥ പിന്നീടു മനസ്സിലാകുമ്പോൾ തെറ്റിനെ അംഗീകരിച്ചു ക്ഷമാപണം നടത്തുന്ന ധന്യാത്മാക്കളുണ്ട്. സത്യാവസ്ഥ ബോധ്യമായി തെറ്റുപറ്റി എന്നറിഞ്ഞാലും അഹന്ത മൂലം മൗനം ദീക്ഷിക്കുന്നവരും ഇല്ലാതില്ല.

ഒരു പിതാവ് തന്റെ ആറു വയസ്സു പ്രായമുള്ള മകളുമൊത്ത് ഒരു വിപണനമേള കാണാൻ പോയി. അവിടെ പോകുന്ന കാര്യം പറഞ്ഞപ്പോൾതന്നെ മകൾക്കു വലിയ ഉത്സാഹമായിരുന്നു. വിപണനശാലകൾ ഒന്നൊന്നായി അവർ കണ്ടുനീങ്ങി. കാഴ്ചയിൽപെട്ട ചില വസ്തുക്കളോടു മകൾക്കു താൽപര്യവും മോഹവുമുണ്ടായി. എങ്കിലും ‘ആശയടക്കം’ എന്ന സുകൃതം ഈ പ്രായത്തിൽതന്നെ അവൾ ആർജിച്ചിരുന്നു. അവൾ പിതാവിന്റെ കൈയും പിടിച്ച് ഉത്സാഹപൂർവം മുന്നോട്ടു നടന്നു. 

പഴവർഗങ്ങൾ വിൽക്കുന്ന ഒരു സ്റ്റാളിന്റെ മുന്നിലൂടെ പോയപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന പഴവർഗങ്ങൾ അവളുടെ ശ്രദ്ധ പിടിച്ചുപറ്റി. പല നിറത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ളവ അടുക്കിവച്ചിരിക്കുന്നത് ആരും നോക്കിനിന്നുപോകും. അവയെല്ലാം നോക്കിക്കണ്ടിട്ട് അവളുടെ പ്രതികരണമെന്തായിരിക്കുമെന്ന് പിതാവ് കൗതുകത്തോടെ ശ്രദ്ധിച്ചു. അവൾ പതിഞ്ഞ സ്വരത്തിൽ പിതാവിന്റെ ചെവിയിൽ പറഞ്ഞു: ‘‘എനിക്ക് ഒരു ആപ്പിൾ വേണം.’’ ഉടൻതന്നെ പിതാവ് ഒന്നിനു പകരം രണ്ടെണ്ണം വാങ്ങി അവളുടെ ഇരുകൈകളിലുമായി കൊടുത്തു. നടന്നു ക്ഷീണിച്ചതും ആപ്പിളിനോടുള്ള കൊതിയുമാണ് ആ ചോദ്യത്തിനു പ്രേരിപ്പിച്ചത്. അപ്പോൾ ഒന്നല്ല, രണ്ടെണ്ണം കിട്ടി. പിതാക്കന്മാരുടെ സ്നേഹവും കരുതലും അനുസ്മരിക്കാൻ ആ പൈതലിനു പ്രേരകമായിട്ടുണ്ടാവണം.

നടന്ന് ഹാളിന്റെ ഒരു മൂലയ്ക്ക് എത്തിയപ്പോൾ പിതാവ് ഒരു ടിഷ്യൂ പേപ്പർ സംഘടിപ്പിച്ച് ആപ്പിൾ തുടച്ചു കൊടുത്തു. രണ്ടെണ്ണവും അവൾക്കു കൊടുത്തതാണ്. എങ്കിലും അവളെ ഒന്നു പരീക്ഷിക്കാൻ പിതാവ് ചോദിച്ചു: ‘‘ഒരെണ്ണം എനിക്കു തരാമോ?’’ കേട്ട ഉടനെ അവൾ ഒരെണ്ണം എടുത്തു കടിച്ചു. പിതാവിന്റെ വികാരം എന്തായിരിക്കും? മകൾ സ്വാർഥമതിയാണ് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടാവും. അതുകഴിഞ്ഞ് രണ്ടാമത്തെ ആപ്പിൾ തന്നെ ഏൽപിക്കും എന്ന് ആ പിതാവു ചിന്തിച്ചു നിൽക്കുമ്പോൾ അവൾ അതും കടിച്ച് ഒരു കഷണം തിന്നു. രണ്ടും കടിച്ചു കഴിഞ്ഞാൽ പിന്നെ ആവശ്യപ്പെടുകയില്ലല്ലോ എന്നു ചിന്തിച്ച് സ്വാർഥതയിൽനിന്നു ചെയ്ത പ്രവൃത്തി എന്നു പിതാവ് ഉറപ്പിച്ചു. അൽപം സങ്കടപ്പെട്ടു നിൽക്കുമ്പോൾ അവൾ  ഒരെണ്ണം പിതാവിനു നേർക്കു നീട്ടിക്കൊണ്ടു പറഞ്ഞു: ‘‘ഇതിനാണു കൂടുതൽ മധുരമുള്ളത്.’’ പിതാവ് അതീവ സന്തോഷത്തോടെ അതു സ്വീകരിച്ചശേഷം മകളെ എടുത്ത് ഒരു ചുംബനം നൽകി. രണ്ടെണ്ണം കടിച്ചു തിന്നുനോക്കിയത്, ഏതിനാണു കൂടുതൽ മധുരമെന്നു പരീക്ഷിക്കാനായിരുന്നു. അതു പിതാവിനു നൽകാനുള്ള ശ്രേഷ്ഠ ഉദ്ദേശ്യത്തെ, പിതാവ് അവളുടെ സ്വാർഥതയെന്നു തെറ്റിദ്ധരിച്ചു.

അത്ര ഗൗരവമുള്ള സംഭവമൊന്നുമല്ല. എങ്കിലും പല സന്ദേശങ്ങളും നമുക്കു നൽകുവാൻ പോന്നതാണ്.

(1) സ്വന്തം കുഞ്ഞിനെപ്പോലും തെറ്റിദ്ധരിക്കാൻ ഇടയായ ഒരു സാഹചര്യം. നമ്മുടെ ബന്ധങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് ഇപ്രകാരമാണ്. ഒന്നിനു പിറകെ ഒന്നായി അവൾ എന്തുകൊണ്ടു കടിച്ചു തിന്നു എന്നു ശാന്തമായി ചിന്തിക്കുന്നതിനു പകരം വേഗത്തിൽ അവളിൽ സ്വാർഥത ആരോപിച്ച് അസ്വസ്ഥപ്പെടുകയായിരുന്നു. പെട്ടെന്നുള്ള നിഗമനങ്ങളിലേക്കു ചാടിവീഴാതെ ശാന്തമായും സാവധാനത്തിലും നേരാംവണ്ണം ചിന്തിക്കാൻ ശ്രദ്ധിക്കണം.

(2) ആ മകളെ എത്രകണ്ടു പ്രശംസിച്ചാലും അധികമാകുകയില്ല. നിസ്വാർഥതയുടെയും പരസ്നേഹത്തിന്റെയും പര്യായമാണവൾ. പിതാവിന് ഉത്തമമായതു നൽകണമെന്നുള്ള ചിന്ത ആ ഇളംമനസ്സിൽ ഉദിച്ചത് ഭവനത്തിൽ അവൾക്കു ലഭിച്ച മാതൃകയും പരിശീലനവുമാണ്. മുൻപ് ആറും ഏഴും മക്കൾ ഒരുമിച്ചു വളരുമ്പോൾ അന്യോന്യം യോജിച്ചും പങ്കുവച്ചും സഹകരിച്ചും ജീവിക്കാനുള്ള സാഹചര്യവും പരിശീലനവും ലഭിക്കുമായിരുന്നു. ഇന്ന് ‘ഒറ്റയാൻമാരായി’ ഭവനത്തിൽ വളരുമ്പോൾ മറ്റുള്ളവരുമായി പങ്കുവയ്ക്കലോ സഹായസഹകരണമോ ഒന്നുമില്ലല്ലോ.

(3) മകളുടെ മറ്റുചില കാര്യങ്ങളും ശ്രദ്ധിക്കപ്പെടണം. ‘ആശയടക്കം’. താൻ ഇഷ്ടപ്പെട്ടതെല്ലാം വേണമെന്നു ശഠിച്ചില്ല. ആപ്പിൾ വേണമെന്നു പറഞ്ഞതുതന്നെ വളരെ പതിഞ്ഞസ്വരത്തിൽ പിതാവിന്റെ ചെവിയിൽ. വിനയത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങൾ അവൾക്കു ലഭിച്ചതെങ്ങനെ? നിശ്ചയമായും സ്വന്തം ഭവനത്തിൽനിന്ന്; മാതാപിതാക്കളുടെ മാതൃകയും പരിശീലനവും പ്രചോദനമായി. അവളിലെ ഒരു നന്മ കണ്ടപ്പോൾ പിതാവ് അവളെ എടുത്തു ചുംബിച്ച് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. ശുചിത്വബോധം ഉളവാക്കാൻ ടിഷ്യൂ പേപ്പർ സ്വായത്തമാക്കി ആപ്പിൾ തുടച്ചുകൊടുത്തപ്പോൾ അതിൽ അവൾക്ക് ഒരു പാഠമായി.

(4) മാതാപിതാക്കളും മക്കളും ഒരുമിച്ചു സമയം ചെലവിടാനും ആശയവിനിമയം നടത്താനും നിശ്ചയമായും അവസരമുണ്ടാക്കണം. ജോലിത്തിരക്ക് ഉപശാന്തി ആയിക്കൂടാ.‌

English Summary : hought of the day Column by TJJ - Why does giving make you happy?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.