അഹന്തയും അശ്രദ്ധയും ഒന്നിച്ചാൽ

innathe-shintha-vishayam-general-ulyssess-s-grant
ജനറൽ യുളീസസ് ഗ്രാന്റ്
SHARE

തീവണ്ടിയിൽ ഒരു വനിത ന്യൂയോർക്കിൽ നിന്നു ഫിലഡൽഫിയയിലേക്കു യാത്ര ചെയ്യുകയായിരുന്നു. ആരുംതന്നെ ഇല്ലെന്നു തോന്നിയ ഒരു ലക്ഷ്വറി കംപാർട്മെന്റിലാണ് അവർ കയറിപ്പറ്റിയത്. വിശാലമായ മുറി, ഇരിപ്പിടങ്ങൾ സവിശേഷമായി സജ്ജീകരിക്കപ്പെട്ടത്. ചുറ്റിലും നോക്കിയപ്പോൾ  ഒരു പുരുഷമേധാവി അപ്പുറത്തിരിക്കുന്നു. അയാളുടെ വേഷവും ഭാവവും ‘വലുപ്പത്തെ’ വിളിച്ചറിയിക്കുന്നവയായിരുന്നു. അത് അവളിൽ ചില മുൻവിധിയുളവാക്കി. അവൾ ആ കംപാർട്മെന്റിൽ കയറിയതിൽ അൽപം അതൃപ്തിയോ അനിഷ്ടമോ അയാൾക്കുണ്ടായി എന്ന് ആ വനിത ചിന്തിച്ചു. ഒന്നു പുഞ്ചിരിക്കുകപോലും ചെയ്യാതെ ഗൗരവത്തോടെ അയാളിരുന്നു. ഏതോ പുസ്തകം വായിക്കുന്നുമുണ്ട്. 

താൻ സാധാരണക്കാരിയല്ലെന്നും സമൂഹത്തിൽ ഉന്നതസ്ഥാനീയ ആണെന്ന ധാരണ വരുത്തണമെന്നും കരുതിയായിരുന്നു പിന്നീട് ആ വനിതയുടെ ഓരോ ചലനവും. തന്റെ ആഗമനത്തെ സ്വാഗതം ചെയ്യാതെ ഇരിക്കുന്ന ആ വ്യക്തിയോട് അൽപം അമർഷവും തോന്നി. ഇതിനിടെ അയാൾ ഒരു സിഗാർ കത്തിച്ചു വലിക്കാൻ തുടങ്ങി. അതിലുള്ള അതൃപ്തി അവൾ ഭാവം കൊണ്ടും അസ്വസ്ഥതയുടെ ശബ്ദമുണ്ടാക്കിയുമൊക്കെ പ്രകടിപ്പിച്ചു. പക്ഷേ, അതൊന്നും ഗൗനിക്കാതെ അയാൾ പുകച്ചുരുൾ വിട്ട് ആസ്വദിച്ചുകൊണ്ട് പുസ്തകപാരായണം തുടർന്നു. 

അൽപം കഴിഞ്ഞപ്പോൾ ആ വനിതയുടെ ക്ഷമ നശിച്ചു. അവൾ വളരെ അമർഷത്തോടും പുച്ഛത്തോടും ചോദിച്ചു: ‘‘ഹേ! നിങ്ങൾ ഒരു വിദേശിയാണോ? ഏതു നാട്ടുകാരനാണ്? നിങ്ങൾക്കറിയില്ലേ തീവണ്ടിയിൽ പുകവലി പാടില്ലെന്ന്. അഥവാ വലിക്കണമെങ്കിൽ അതിനായി വേർതിരിച്ച മുറിയുണ്ട്. അവിടെപ്പോയി വലിക്കണം.’’ പുസ്തകത്തിൽനിന്നു  മുഖം മാറ്റി, ആ വനിതയെ നോക്കി. ഒന്നും പറയാതെ സിഗാർ കെടുത്തി ആഷ്ട്രേയിൽ ഇട്ടു. യാത്ര തുടർന്നു. അപ്പോൾ അതാ ടിക്കറ്റ് പരിശോധകൻ വന്നിരിക്കുന്നു! അയാൾ ആദരപൂർവം ആ യാത്രക്കാരനെ അഭിവാദ്യം ചെയ്തു. അത് വളരെ ഉന്നതസ്ഥാനീയനായ വ്യക്തി ആയിരുന്നു; ആർമിയിലെ വലിയ ഉദ്യോഗസ്ഥൻ–ജനറൽ യുളീസസ് ഗ്രാന്റ്. ആ കംപാർട്മെന്റ് അദ്ദേഹത്തെപ്പോലുള്ള ഏറ്റം ഉന്നതരായ മിലിറ്ററി ഉദ്യോഗസ്ഥർക്കുള്ളതാണ്. അതിൽ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. അതുകൊണ്ട് ടിക്കറ്റ് പരിശോധകൻ ധരിച്ചത് ആ വനിത, ആ ഉദ്യോഗസ്ഥന്റെ ഭാര്യയോ സഹോദരിയോ ആയിരിക്കുമെന്നാണ്. ജനറൽ ഗ്രാന്റിനോടു ചോദിച്ചപ്പോഴാണ് അവർ അപരിചിതയായ ഒരു യാത്രക്കാരിയാണെന്നും ബോഗി തെറ്റിക്കയറിയ വ്യക്തിയാണെന്നും മനസ്സിലായത്. പരിശോധകൻ അവരുടെ ടിക്കറ്റ് വാങ്ങി നോക്കി. അവരെ കുറ്റപ്പെടുത്തുകയും പിഴ ഇടുകയും ചെയ്തു. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ, അവർ ജാള്യത്തോടെ തലയും കുനിച്ച് ഇറങ്ങിപ്പോയി. ജനറൽ ഗ്രാന്റ് ‘ബൈ’ എന്നു പറഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കാതെ കടന്നുപോയി. 

നമ്മുടെ ജീവിതത്തിൽ പിഴവുകളും പരാജയങ്ങളും എങ്ങനെയൊക്കെ സംഭവിക്കാമെന്നതിനെ ഓർമപ്പെടുത്താൻ സഹായിക്കുന്ന സംഭവമാണ്. രണ്ടു കഥാപാത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നാം അവരെ എങ്ങനെ വിലയിരുത്തുന്നു? ഒന്നാമത് ജനറൽ ഗ്രാന്റിനെ നോക്കാം. ഉന്നതമായ തന്റെ സ്ഥാനത്തിനനുസൃതമായ രീതി. പുകവലി ആ മുറിയിൽ അനുവദനീയമാണെങ്കിലും സഹയാത്രികയുടെ സൗകര്യത്തിനായി നിർത്തിവയ്ക്കുന്നു. പരുഷമായി ആ സ്ത്രീ പറഞ്ഞിട്ടും മോശമായി പ്രതികരിച്ചില്ല. എങ്കിലും ആ സ്ത്രീ ആ മുറിയിൽ കയറിയപ്പോൾ അവൾക്കു തെറ്റിപ്പോയി എന്നു ചൂണ്ടിക്കാണിക്കാമായിരുന്നു. മാത്രമല്ല, എന്തെങ്കിലും ഒരു വാക്ക് സംസാരിക്കാമായിരുന്നു. 

English Summary : Innathe Chintha Vishayam: The dangers of fear, pride and ignorance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.