ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ് ഈ വർഷത്തെ ക്രിസ്മസ് വന്നണയുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ്, സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന തിരുപ്പിറവി ആഘോഷിക്കേണ്ടത്. ബാഹ്യമായ ആഘോഷങ്ങളുടെയും മേളങ്ങളുടെയും സ്ഥാനത്തു ക്രിസ്മസിന്റെ സന്ദേശം ആത്മീയാനുഭവമാക്കുകയാണ് കരണീയം.
സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു. ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് കുരിശുമരണം വരെ സ്വയം താഴ്ത്തി.’’ ഈ പരിത്യാഗത്തിനു പിന്നിൽ മനുഷ്യരോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല.
ബത്‌ലഹമിലെ പുൽത്തൊട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ശീലകളാൽ പൊതിയപ്പെട്ട ആ ശിശുവിനെ മാതൃകരങ്ങളിൽ നാം ദർശിക്കുന്നു. ആ ശിശുവിനെ ദർശിക്കുമ്പോൾ ‘അവതാരം ചെയ്ത സ്നേഹത്തെ ഞാൻ കാണുന്നു’ എന്ന് ഒരു ഭക്തകവി നിർവചിച്ചു. ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു യേശുവിന്റെ ജീവിതത്തിലെ ഓരോ സംഭവവും.

അവിടുന്നു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ഗലീലിയിൽ സഞ്ചരിച്ചപ്പോൾ പ്രവർത്തിക്കുന്ന സ്നേഹം; ഗത്‌സമേനിൽ എത്തുമ്പോൾ വേദനപ്പെടുന്ന സ്നേഹത്തെയും കാൽവരിയിൽ എത്തുമ്പോൾ രക്തം വാർന്നു മരണം വരിക്കുന്ന സ്നേഹത്തെയുമാണു കാണുന്നത്. ‘‘സ്നേഹിതർക്കു വേണ്ടി ജീവനെ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല’’ എന്നു പ്രസ്താവിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അതു തെളിയിക്കുകയും ചെയ്തു.
സ്നേഹത്തിന്റെ മൂർത്തീഭാവമായ അവിടുന്ന് നമുക്കു നൽകുന്ന സന്ദേശം, ‘‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിപ്പിൻ’’. ഇന്ന് ഈ സന്ദേശത്തിന് ഏറെ സാംഗത്യവും പ്രസക്തിയുമുണ്ട്. ശാസ്ത്രവിജ്ഞാനത്തിലും സാങ്കേതികവിദ്യയിലും നേട്ടങ്ങൾ കരസ്ഥമാക്കി താൻപോരിമയിൽ കഴിയുമ്പോഴാണ് കൊറോണ കടന്നെത്തിയത്. അപ്പോഴാണു മനുഷ്യന്റെ പരിമിതിയും നിസ്സഹായതയും വെളിപ്പെട്ടത്.
ക്രിസ്മസിൽ നാം ത്യാഗപൂർണമായ ദൈവസ്നേഹത്തെയാണല്ലോ കാണുന്നത്. ആ സ്നേഹമൂർത്തിയുടെ സന്ദേശം, ‘‘നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ’’. സ്നേഹത്തിനു തടസ്സമായി നിൽക്കുന്നതു സ്വാർഥതയും അധികാര പ്രമത്തതയും വിദ്വേഷവുമാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോൾ സ്വയം ചോദിക്കേണ്ട ഒന്ന്, ദൈവത്തിന്റെ സ്നേഹം തന്റെ ഇടത്തിൽ നിന്നു തന്നെ ഇറക്കിക്കൊണ്ടു വന്നു’’ എന്നു പ്രാർഥനയിൽ ചൊല്ലുന്ന ആ വാക്കുകളുടെ പ്രസക്തി ഓർക്കേണ്ടതല്ലേ?. സ്നേഹത്തിന്റെ കുളിർജലം കൊണ്ട് നിറയേണ്ട നമ്മുടെ ഹൃദയങ്ങൾ വിദ്വേഷത്തിന്റെയും പകയുടെയും വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുകയല്ലേ?
യോഹന്നാൻ ശ്ലീഹായുടെ വാക്കുകൾ ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്. ‘‘നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കയും നമ്മുടെ പാപങ്ങൾക്കു പരിഹാരത്തിനായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്പരം സ്നേഹിപ്പാൻ കടപ്പെട്ടിരിക്കുന്നു’’ (1 യോഹ. 4: 10,11).

വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകൾ ഇവിടെ പ്രസക്തമായി തോന്നുന്നു: സ്നേഹം എന്തു പോലെ ഇരിക്കുന്നു? അതിന്റെ കരങ്ങൾ മറ്റുള്ളവരുടെ സഹായത്തിനെത്തുന്നു; അതിന്റെ പാദങ്ങൾ ദരിദ്രരും അവശരുമായവരുടെ അടുക്കലേക്കു ധൃതിപ്പെടുന്നു; അതിന്റെ കണ്ണുകൾ കഷ്ടതയെയും ആവശ്യങ്ങളെയും കണ്ടെത്തുന്നു. അതിന്റെ കാതുകൾ മനുഷ്യരുടെ കരച്ചിലും വിലാപവും കേൾക്കുന്നു. സ്നേഹമെന്നാൽ ഇപ്പറഞ്ഞതു പോലെയാണ്.’’
സ്നേഹത്തിനായി ദാഹിക്കുന്ന ഹൃദയങ്ങൾ ഇന്ന് എവിടെയുമുണ്ട്. സ്നേഹത്തിന്റെ വ്യാപരണ കേന്ദ്രങ്ങളായിരിക്കേണ്ട ഭവനങ്ങളിൽ സ്നേഹശൂന്യതയാണ് ഇന്നത്തെ പ്രശ്നം.
ഈ വർഷത്തെ ക്രിസ്മസിൽ സ്നേഹത്തിന്റെ ആത്മാവ് വ്യക്തികളിലും സമൂഹത്തിലും വ്യാപരിക്കേണ്ടതിനു പരിശ്രമിക്കാം; പ്രാർഥിക്കാം.
English Summary : Innathe Chintha Vishayam - What is the true message of Christmas?