നാവിലെ മാധുര്യം മനസ്സിനു കുളിർമ

HIGHLIGHTS
  • കൃത‍ജ്ഞത പറയുക എന്നതു മലയാളികളുടെ ഒരു ശീലമല്ല തന്നെ
  • നന്ദിയുടെയും അഭിനന്ദനത്തിന്റെയും വാക്കുകൾ ആരെയും സ്പർശിക്കും
innathe-chintha-vishayam-why-we-need-to-develop-the-habit-of-saying-thank-you
Representative Image : Photo Credit : Studio Romantic
SHARE

മനുഷ്യനെ മാലാഖയായി ഉയർത്താൻ അവന്റെ കൃതജ്ഞതാനിർഭരമായ ഹൃദയത്തിനു കഴിയും. എന്നാൽ , നന്ദികേട് മനുഷ്യനെ മൃഗത്തെക്കാൾ തരം താഴ്ത്തും. ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് താൻ ചെയ്ത കർമത്തിനു നന്ദിയുടെ പ്രതികരണം. അതു പക്ഷേ, പലരും മറന്നു പോകുന്ന ഒന്നായി അനുഭവപ്പെടാറുണ്ട്.

മഹാത്മജി ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനു മുൻപു ദക്ഷിണാഫ്രിക്കയിലായിരുന്നു. നത്താൾ എന്ന സ്ഥലത്തു താമസിച്ചിരുന്ന അവസരത്തിൽ ഗാന്ധിജി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ബില്ലനുസരിച്ചു തുക കൊടുത്തതിനു ശേഷം ഗാന്ധിജി ഹോട്ടലിലെ വെയ്റ്ററോടു പറഞ്ഞു ‘‘സുഹൃത്തേ, താങ്കളുടെ സേവനത്തിനു നന്ദി.’’

വെയ്റ്റർ വികാരഭരിതനായി ഗാന്ധിജിയെ നോക്കി. അയാൾ പറഞ്ഞു: ‘സർ, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. എന്നാൽ, ഒരിക്കൽ പോലും ആരും ഇങ്ങനെയൊരു വാക്ക് എന്നോടു പറഞ്ഞിട്ടില്ല’. ഒരു നല്ലവാക്കു പറയുന്നതു കൊണ്ടു നമുക്കു യാതൊരു നഷ്ടവുമില്ല. പക്ഷേ, അതുകൊണ്ടു ലഭിക്കാവുന്ന നന്മ വളരെ വലുതായിരിക്കും. 

കൃത‍ജ്ഞത പറയുക എന്നതു മലയാളികളുടെ ഒരു ശീലമല്ല തന്നെ. സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും ഔപചാരികമായി നന്ദി പറയുന്നതൊഴിച്ച് വ്യക്തിപരമായ കാര്യങ്ങളിൽ നന്ദിപ്രകാശനം നടത്തുക അനാവശ്യമായി ചിലർ കരുതുന്നു. നന്ദി പറഞ്ഞു തഴക്കമില്ലെങ്കിൽ അവശ്യസമയങ്ങളിൽ പോലും അതു പറയുക ദുഷ്കരമാണ്.

ഇന്ത്യയിലെ ഒരു പ്രധാന നഗരത്തിൽ മുൻപു നടന്ന സെമിനാറിലെ ഒരനുഭവം വായിക്കുകയുണ്ടായി. സെമിനാറിൽ സംബന്ധിച്ച അമേരിക്കക്കാരന്റെ മുറിയിലെ ബൾബിന് തകരാറുണ്ടായി. അന്ന് അത്യാവശ്യമായി പുറത്തു പോയി വൈകിട്ടു തിരികെ വന്ന അമേരിക്കക്കാരൻ കണ്ടതു തന്റെ മുറിയിലെ ബൾബ് പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നതായാണ്. അന്വേഷിച്ചപ്പോൾ സഹായം ചെയ്തത് അടുത്ത മുറിയിലുള്ള മലയാളിയാണെന്ന് അറിഞ്ഞു. അമേരിക്കക്കാരൻ മലയാളിയുടെ മുറിയിൽ എത്തി പറഞ്ഞു: ‘‘താങ്ക്യു വെരി മച്ച് സർ.’’ ഇതുകേട്ട് അഭ്യസ്തവിദ്യനായ മലയാളി ഒന്നു ‍ഞരങ്ങി. തന്റെ ഉപകാരി താൻ നന്ദി പറഞ്ഞതു കേട്ടില്ലെന്നു കരുതി അമേരിക്കക്കാരൻ വീണ്ടും ഉറക്കെ താങ്ക്സ് പറഞ്ഞു. അതിനുള്ള മറുപടിയും ചുമയും ‍ഞരക്കവും കലർന്ന ഒരു ശബ്ദമായിരുന്നു.

മറുപടി പറയാത്തതിൽ കുണ്ഠിതവും നേരിയ കോപവും പ്രദർശിപ്പിച്ചു കൊണ്ട് അമേരിക്കക്കാരനായ സുഹൃത്ത് ‘‘താങ്ക്യു സർ’’ എന്നു മൂന്നാമതും പറഞ്ഞു. ഇതിനും മറുപടിയായി എന്തൊക്കെയോ അപശബ്ദം പുറപ്പെടുവിച്ചു വിറളി പൂണ്ടു   നിന്നതല്ലാതെ ഒരു വാക്കു പോലും മറുപടി പറയുവാൻ ആ മലയാളിക്കു കഴിഞ്ഞില്ല. താൽപര്യപൂർവം നന്ദി പറഞ്ഞയാളോട് എങ്ങനെയാണു പ്രതികരിക്കേണ്ടതെന്നു നിശ്ചയമില്ലാതിരുന്നതിനാലാണ് അഭ്യസ്തവിദ്യനായിട്ടും നമ്മുടെ ആ മലയാളി സുഹൃത്തിനു ബുദ്ധിമുട്ടുണ്ടായത്. ഇതു വർഷങ്ങൾക്കു മുൻപു നടന്ന സംഭവമാണ്. ഇപ്പോൾ അങ്ങനെ സംഭവിക്കുമെന്നു തോന്നുന്നില്ല. ഇപ്പോൾ പെരുമാറ്റ രീതികൾക്ക് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നു പറയാം. നഴ്സറി ക്ലാസ് മുതൽ പെരുമാറ്റ മര്യാദകൾ കുറെയൊക്കെ പഠിപ്പിക്കുന്നുണ്ട്. താങ്ക്സ് പറഞ്ഞു ശീലമില്ലെങ്കിൽ എത്ര വലിയ ഉപകാരം ലഭിച്ചാലും നന്ദിവാക്കു പറയുവാൻ സാധിക്കില്ല. 

innathe-chintha-vishayam-what-is-the-true-message-of-christmas
Representative Image. Photo Credit : Halfpoint / Shutterstock.com

വെറും ഉപചാരത്തിനു വേണ്ടിയാണെങ്കിൽ പോലും നന്ദി പ്രകാശനം ആരുടെയും ഹൃദയത്തെ ആകർഷിക്കും. നന്ദി പറയുന്നത് അതിവിനയത്തിന്റെ അടയാളമാണെന്നോ, എന്റെ നന്ദിവാക്കു കൊണ്ടു കേൾക്കുന്ന ആളിന് അഹങ്കാരമുണ്ടാകുമെന്നോ വിചാരിക്കേണ്ട. മറ്റുള്ളവരുടെ നന്മ അംഗീകരിക്കാനും അനുസ്മരിക്കാനും തയാറാകുന്ന നമ്മുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണു കൃതജ്ഞതാ പ്രകടനം.

ആധ്യാത്മികതയുടെ ശ്രേഷ്ഠാനുഭവമാണ് ഇൗശ്വരൻ ചെയ്യുന്ന എല്ലാ നന്മകൾക്കും സ്തുതി അർപ്പിക്കുന്നത്. കൃത‍ജ്ഞതാനിർഭരമായ ഹൃദയത്തോടെയാണ് ഒരു ഭക്തൻ ഇൗശ്വരസമക്ഷം എത്തുന്നത്. ആവശ്യങ്ങൾ നിരത്തിയുള്ള അപേക്ഷകൾക്കും യാചനകൾക്കും മുൻപായി ലഭിച്ച നന്മകളും സഹായങ്ങളും  കൃപകളും  ഓർത്ത് ദൈവത്തെ നന്ദിനിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കയത്രേ ചെയ്യുന്നത്. സങ്കീർത്തകൻ പാടുന്നു: എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക. അവിടുത്തെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.

കൃതജ്ഞതാഭാവമുള്ള ഹൃദയം എപ്പോഴും സന്തുഷ്ടമായിരിക്കും. പരാതിയോ പരിഭവമോ കുറ്റാരോപണമോ ഒന്നും ആ ഹൃദയത്തിൽ നിന്നുയരുകയില്ല. ഒരു ആധ്യാത്മിക ഗുരുവിനെ ഓർക്കുന്നു. പ്രായാധിക്യത്തിലും രോഗാവസ്ഥയിലുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ മുഖം എപ്പോഴും പ്രസന്നമാണ്. പരാതിയുടെയോ അസംതൃപ്തിയുടെയോ ഒരു വാക്കുപോലും ആ നാവിൽ നിന്നുണ്ടാവുകയില്ല. എപ്പോഴും പറയുന്നത്: ‘‘ദൈവം എത്ര നല്ലവനാണ്! അവിടുത്തെ അനുഗ്രഹങ്ങൾ എത്ര അളവറ്റതാണ്. അവിടുത്തെ ദൃഷ്ടി എപ്പോഴും നമ്മുടെ മേൽ ഇരിക്കുന്നു.’’ ഇപ്രകാരമുള്ള വാക്കുകളാണ്, നിസ്സഹായനും ശയ്യാവലംബിയുമായ അദ്ദേഹത്തെ സമീപിക്കുമ്പോൾ കേൾക്കാൻ കഴിഞ്ഞിരുന്നത്. 

നമ്മുടെ ഹൃദയത്തിലെ ചിന്തകളും ഭാവനകളും ഒക്കെയാണ് നമ്മുടെ നാവിൽക്കൂടി പ്രത്യക്ഷമാകുന്നത്. നമ്മുടെ നാവാണ് മറ്റുള്ളവരെ നമ്മിലേക്ക് ആകർഷിക്കുകയോ നമ്മിൽ നിന്ന് അകറ്റുകയോ ചെയ്യുന്നത്. നന്ദിയുടെയും അഭിനന്ദനത്തിന്റെയും വാക്കുകൾ ആരെയും സ്പർശിക്കും. ബന്ധങ്ങൾ ദൃഢപ്പെടാനും നിലനിർത്താനും നമ്മുടെ നാവിനു വളരെയധികം സാധ്യതയുണ്ടെന്നു നാം മനസ്സിലാക്കണം. അഭിനന്ദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും കൃതജ്ഞതയുടെയും വാക്കുകൾ നമ്മുടെ നാവിൽ നിന്നുയരാൻ ഉത്സാഹിക്കാം.

English Summary : Innathe Chintha Vishayam - Why we need to develop the habit of saying thank you

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.