ദൈവവുമായുള്ള നിരന്തര സമ്പർക്കം

HIGHLIGHTS
  • ആവശ്യങ്ങളും ഡിമാൻഡുകളും ഉന്നയിക്കുക മാത്രമല്ല പ്രാർഥന
  • യഥാർഥ പ്രാർഥനയുടെ പാഠങ്ങളാണ് സങ്കീർത്തനങ്ങൾ
innathe-chintha-vishayam-personal-relationship-with-god
Representative Image. Photo Credit : Porstocker / Shutterstock.com
SHARE

ഇൗശ്വരൻ സർവവ്യാപിയെന്നു നിർവചിക്കാൻ എളുപ്പം. എന്നാൽ, അവിടുത്തെ സാന്നിധ്യം അനുഭവവേദ്യമാക്കുന്നതാണു പ്രശ്നം. അതിനുവേണ്ടി, പല കാര്യങ്ങൾ നിറവേറ്റിയെന്നു വരാം. തീർഥാടനം, പുണ്യകേന്ദ്ര സന്ദർശനം, നേർച്ചകൾ ഇങ്ങനെ പലതും. ഇവ മൂലം സംതൃപ്തിയോ ചാരിതാർഥ്യമോ അനുഭവപ്പെട്ടുവെന്നും വരാം. പക്ഷേ, ദൈവവുമായിട്ടുള്ള സംസർഗം ആന്തരിക അനുഭവമാണ്. പ്രാർഥനയെ സംബന്ധിച്ചുള്ള ഒട്ടേറെ പ്രസംഗങ്ങൾ കേട്ടുവെന്നു വരാം; പുസ്തകങ്ങളും വായിച്ചിരിക്കാം. 

മാനസിക–വാചിക– പ്രാർഥനകൾ നമ്മുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടാവാം. പക്ഷേ, അവയ്ക്കൊന്നും നമ്മുടെ ആത്മികാഭിലാഷം തൃപ്തിപ്പെടുത്താനാവില്ല. ദൈവവുമായി നടത്തുന്ന നിരന്തര സമ്പർക്കമാണ് പ്രാർഥന. ആവശ്യങ്ങളും ഡിമാൻഡുകളും ഉന്നയിക്കുക മാത്രമല്ല പ്രാർഥന. യഥാർഥ ദൈവവിശ്വാസി ദൈവത്തിന്റെ കരങ്ങളിൽ ഉറങ്ങുകയും ഉണരുകയും ജോലി ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്നു.

ബൈബിൾ പരിശോധിച്ചാൽ ഇസ്രയേൽ ജനം തങ്ങളുടെ ജീവിത സർവസ്വവും ദൈവമാണെന്ന് ഏറ്റുപറയുന്നതു കാണാം. സമ്പത്തിലും ദാരിദ്ര്യത്തിലും സുഖത്തിലും ദുഃഖത്തിലും അവർ ദൈവത്തോടുകൂടി ആയിരുന്നു. അപ്പോഴെല്ലാം അവർ തങ്ങളുടെ ഹൃദയം ദൈവസന്നിധിയിൽ ഉയർത്തിയിരുന്നുവെന്നു സങ്കീർത്തനങ്ങൾ എന്ന മനോഹരമായ കൃതി വ്യക്തമാക്കിത്തരുന്നു.

‘‘എന്റെ തെറ്റുകൾ ഞാൻ സർവേശ്വരനോട് ഏറ്റുപറഞ്ഞു. പാപങ്ങൾ ഏറ്റുപറയുമ്പോൾ അവിടുന്ന് അവയെല്ലാം ക്ഷമിക്കുന്നു. നീതിമാൻ സർവേശ്വരനോടു പ്രാർഥിക്കട്ടെ. പാഞ്ഞുവരുന്ന മലവെള്ളത്തിനു പോലും അവനെ ഭയപ്പെടുത്തുവാൻ കഴിയുകയില്ല.’’ (സങ്കീ. 32). പശ്ചാത്താപത്തിന്റെയും ദൈവത്തിൽ അഭയം ഗമിക്കുന്നതിന്റെയും ഒട്ടേറെ ഉദാഹരണങ്ങൾ സങ്കീർത്തനങ്ങളിലുണ്ട്. ‘‘ദൈവമേ അങ്ങ് എന്റെ സങ്കേതമാകുന്നു. ദിവ്യസഹായം കൊണ്ട് എന്നെ വലയം ചെയ്യണമേ.’’ (സങ്കീ. 32).

ഇൗശ്വരസന്നിധിയിൽ മർത്യജീവിതം നിസ്സാരവും തൃണപുഷ്പം പോലെ നൈമിഷികവും ആണെന്ന് ഇസ്രയേൽ ജനം മനസ്സിലാക്കി. ‘‘എന്റെ ദിവസങ്ങൾ അങ്ങയുടെ മുൻപിൽ എത്ര പരിമിതമാകുന്നു. എന്റെ ജീവിതകാലം എത്ര നിസ്സാരമാകുന്നു. ജീവിതം നിഴൽ പോലെ കടന്നുപോകുന്നു. മനുഷ്യനോ ഭൂമിയിൽ നിക്ഷേപം കൂട്ടിവയ്ക്കുന്നു, അത് ആർക്കു വേണ്ടിയാണെന്ന് അവൻ അറിയുന്നില്ല.’’ (സങ്കീ. 39).

ഹൃദയാഹ്ലാദം കവിഞ്ഞൊഴുകിയ വേളയിൽ ദൈവജനം പ്രാർഥനയ്ക്കായി ദൈവസന്നിധിയിൽ പരിമളധൂപം ഉയർത്തുന്നതു കാണുക; ‘‘ലോകം മുഴുവൻ സർവേശ്വരനെ സ്തുതിക്കട്ടെ. ആനന്ദപൂർവം അവിടുത്തെ പുകഴ്ത്തട്ടെ. വീണമീട്ടിയും പാട്ടുപാടിയും കർത്താവിനെ സ്തുതിക്കുവിൻ. ഭൂമിയും അതിലെ നിവാസികളും ഉണരട്ടെ. ആഴിയും അതിലെ വസ്തുക്കളും ചലിക്കട്ടെ. കാട്ടാറുകൾ കയ്യടിക്കുകയും പർവതങ്ങൾ പാട്ടുപാടുകയും ചെയ്യട്ടെ’’ (സങ്കീ.48).

മനുഷ്യജീവിതം സുഖദായകവും സന്തോഷപ്രദവുമാകാൻ എത്രയെത്ര കണ്ടുപിടിത്തങ്ങളും നൂതനമാർഗങ്ങളുമാണ് ആധുനിക കാലത്തു രൂപം പ്രാപിച്ചിട്ടുള്ളത്. വാനിലും കരയിലും കടലിലും സുഖകരമായി സഞ്ചരിക്കാവുന്ന സംവിധാനങ്ങൾ; എത്ര വിദൂരതയിലുള്ളവരെയും കണ്ടുകൊണ്ട് ആശയവിനിമയം നടത്താവുന്ന സാധ്യത, ബഹിരാകാശഗമനത്തിലുള്ള അദ്ഭുതകരമായ പുരോഗതി, റോബട്ടുകൾ തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ ആധുനിക മനുഷ്യൻ കൈവരിച്ചിരിക്കുന്നു. എന്നാൽ, ഇവ കൊണ്ടൊക്കെ ശാശ്വതമായ ശാന്തിയും ആന്തരിക സ്വസ്ഥതയും കൈവരിച്ചോ? നിരാശയിലും ഭയാശങ്കകളുടെ നിഴലിലുമല്ലേ മനുഷ്യൻ ഇന്നും ജീവിക്കുന്നത്; പ്രത്യേകിച്ചും പ്രതിവിധി ഒന്നും കണ്ടെത്തിയിട്ടില്ലാത്ത മാരകമായ ഒരു രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ.

സങ്കീർത്തകൻ ദൈവത്തിൽ അഭയം തേടിയ അന്നത്തെ ജനങ്ങളുടെ ഹൃദയവികാരങ്ങൾ എടുത്തുകാട്ടുന്നു: ‘‘സർവേശ്വരൻ എന്റെ ഇടയനാകുന്നു, എനിക്കൊന്നിലും കുറവുണ്ടാവുകയില്ല, പച്ചവിരിച്ച പുൽത്തകിടികളിൽ അവിടുന്ന് എന്നേ മേയ്ക്കും, പ്രശാന്തമായ ജലാശയത്തിലേക്ക് എന്നെ നയിക്കും. അങ്ങ് എന്റെ കൂടെയുള്ളതിനാൽ മരണത്തിന്റെ താഴ്‌വരയിൽക്കൂടി ഞാൻ നടക്കുമ്പോൾ ഒട്ടും ഭയപ്പെടുകയില്ല.’’ (സങ്കീ. 23).

യഥാർഥ പ്രാർഥനയുടെ പാഠങ്ങളാണ് സങ്കീർത്തനങ്ങൾ. ജീവിതത്തിലെ ദുഃഖദുരിതങ്ങളിലും ഹർഷോന്മാദങ്ങളിലും നല്ലവനായ ദൈവത്തിന്റെ സന്നിധിയിൽ ഹൃദയം അർപ്പിക്കുവാൻ അഭിലഷിച്ചു. ജലത്തിൽ മത്സ്യമെന്നതു പോലെ എപ്പോഴും ദൈവത്തിൽ വ്യാപരിക്കുവാൻ പരിശ്രമിച്ചു. ദൈവത്തിനായുള്ള ആത്മാവിന്റെ ദാഹം തുറന്നു കാട്ടുന്നു: നീർച്ചാലുകളിലേക്കു പോകുവാൻ കാംക്ഷിക്കുന്ന മാൻപേടയെപ്പോലെ ദൈവമേ എന്റെ ഹൃദയം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു. എന്റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.’’ (സങ്കീ. 42).

ആത്മാവിന്റെ ദാഹം തുറന്നുകാട്ടുന്ന ഒരു സങ്കീർത്തനം (143) കൂടി ഉദ്ധരിക്കട്ടെ. ‘‘ദൈവസന്നിധിയിലേക്കു ‍ഞാൻ എന്റെ കൈകൾ നീട്ടുന്നു. വരണ്ടുണങ്ങിയ ഭൂമിയെന്ന പോലെ ദൈവമേ അങ്ങേക്കു വേണ്ടി എന്റെ ആത്മാവ് ദാഹിക്കുന്നു. അങ്ങയുടെ മുഖം എന്നിൽ നിന്നു മറയ്ക്കരുതേ!. മറച്ചാൽ ഞാൻ മരിച്ചവനു തുല്യമാകും. അങ്ങയുടെ സ്നേഹം ഞാൻ ആസ്വദിക്കട്ടെ. ദൈവമേ എന്റെ ആശ്രയം അങ്ങു മാത്രമാകുന്നു.’’ ദൈവസംസർഗത്തിന്റെ വിവിധ ഭാവങ്ങൾ സ്ഫുരിപ്പിക്കുന്ന സങ്കീർത്തന വചനങ്ങൾ നമുക്കു പ്രചോദനമരുളട്ടെ.

English Summary : Innathe Chintha Vishayam - Personal Relationship with God

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.