ഇംഗ്ലിഷിൽ കവിതാരൂപത്തിൽ രചിക്കപ്പെട്ടതാണ് താഴെക്കാണുന്ന ഹൃദ്യമായ പ്രാർഥന. ആരെയും സ്പർശിക്കുന്നതും ആർക്കും പ്രസക്തവുമായ ഇൗ പ്രാർഥന അതിന്റെ മൂലരൂപത്തിൽ അവതരിപ്പിക്കാനാവാത്തതു കൊണ്ട്, പദ്യരൂപത്തിൽ പ്രസിദ്ധ കവയിത്രി ബാലാമണിയമ്മ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഇതോടൊപ്പം ചേർക്കുന്നു.
ഗദ്യരൂപത്തിൽ പ്രാർഥന: സർവശക്തനായ ദൈവമേ, സത്യത്തിനുവേണ്ടി നിലകൊള്ളുവാനും എന്റെ വെളിച്ചത്തിനനുസൃതമായി ശരിയെന്നു തോന്നുന്നവ പ്രവർത്തിക്കാനും സഹജരോടുള്ള എന്റെ പെരുമാറ്റത്തിൽ നീതിയും ഔദാര്യവും പുലർത്താനും എന്നെ ശക്തിപ്പെടുത്തേണമേ. മറ്റുള്ളവരുടെ വികാരം മുറിപ്പെടുത്തുന്ന കോപത്തിന്റെയോ അലിവില്ലായ്മയുടെയോ ഒരു വാക്കോ, കനിവില്ലാത്ത ഒരു നോക്കോ എന്നിൽനിന്നുമുണ്ടാകരുതേ. അസൂയയിൽനിന്നും പകയിൽനിന്നും എന്നെ വിമുക്തനാക്കുന്നതോടൊപ്പം, മറ്റുള്ളവരെക്കുറിച്ചുള്ള സ്നേഹവും ആശിസ്സുകളും എന്റെ ഹൃദയത്തിൽ നിറയ്ക്കുകയും ചെയ്യേണമേ. ദൈവമേ, എന്റെ ജീവിതപാതയിൽ കണ്ടുമുട്ടുന്ന എല്ലാവരിലും വിശ്വാസത്തിന്റെയും വെളിച്ചത്തിന്റെയും കിരണങ്ങൾ വിതറി അവരിൽ സന്തോഷവും പ്രകാശവും ചൊരിയുമാറാകേണമേ.
(പദ്യരൂപത്തിൽ: ബാലാമണിയമ്മ)
ബലമെനിക്കേകണമേ സത്യത്തിൻ ചേരിയിൽ
നിലകൊള്ളാനെപ്പോഴും, സര്‍വശക്താ!
കരളിൻ വെളിച്ചത്തിൽ ശരിയെന്നു കാണ്മതേ
കരണങ്ങൾകൊണ്ടെന്നും ചെയ്യുവാനും
മനുജരുമായ് വേണ്ടുമിടപാടിലൊക്കെയും
കനിവും ഔദാര്യവും കാട്ടുവാനും
ഒരുനാളുമെന്നിൽ നിന്നുളവായിപ്പോകല്ലേ
പരനുൾനോവേൽക്കുവാൻ പോരുംവണ്ണം
അരിശമിയന്നൊരു വാക്കുപോലും തെല്ലു–
മനുഭാവമില്ലാത്ത നോക്കുപോലും.
അകമേ നിറയ്ക്കുമേ സ്നേഹവുമാശിസും
പകയുമസൂയയുമേശാതുള്ള
ഇഹലോകയാത്രയിലീശ, ഞാൻ കണ്ടെത്താ–
നിട വരുവോർക്കെല്ലാമെന്നിലൂടെ
സുഖവും വെളിച്ചവും വിതറുന്ന വിശ്വാസ–
ത്തികവും പ്രതീക്ഷയും കൈവരാവൂ.
അത്യന്തം ഹൃദ്യവും പ്രസക്തവുമായ ഇൗ പ്രാർഥന ഇംഗ്ലിഷിൽ രചിച്ചത്, കേരളീയർക്കു സുപരിചിതനും പ്രസിദ്ധനുമായ കെ.പി. കേശവമേനോനാണ്. അദ്ദേഹത്തിന്റെ പ്രാർഥന നമ്മുടെ ശ്രദ്ധാപൂർവമായ പരിചിന്തനം അർഹിക്കുന്നു. ഇൗ പ്രാർഥന അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കൾക്കൊക്കെ അയച്ചിരുന്നു. കോട്ടയത്തുള്ള ഒരു സുഹൃത്തിനെ അദ്ദേഹം അന്ത്യമായി സന്ദർശിച്ച സന്ദർഭത്തിൽ യാത്ര പറഞ്ഞു പിരിയുന്നതിനു മുൻപ് ചോദിച്ചത്, അയച്ചുതന്ന പ്രാർഥന വായിക്കാറുണ്ടോ എന്നായിരുന്നു. ‘ഉണ്ട്’ എന്ന് ആതിഥേയൻ പറഞ്ഞപ്പോൾ വായിച്ചാൽ മാത്രം പോരാ അതനുസരിച്ച് ജീവിക്കാൻ സാധിക്കുന്നുണ്ടോ? എന്നായിരുന്നു അടുത്ത ചോദ്യം. ആ പ്രാർഥന അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വീക്ഷണത്തെയും വെളിപ്പെടുത്തുന്നു. ആ പ്രാർഥന തന്റെ സുഹൃത്തുക്കളും പ്രായോഗികമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നു മുകളിൽ ഉദ്ധരിച്ച സംഭാഷണം തെളിയിക്കുന്നു.
പ്രാർഥന അപഗ്രഥനം ചെയ്യുമ്പോൾ നമ്മെ സ്പർശിക്കേണ്ട പല സത്യങ്ങളും ബോധ്യമാകും.
(1) ദൈവത്തിലുള്ള പൂർണവിശ്വാസവും ആശ്രയബോധവുമാണ് പ്രാർഥനയ്ക്കുള്ള പ്രേരണാശക്തി. ജീവിതത്തിന്റെ പരിപാലകനും വഴികാട്ടിയും മാർഗദീപവും ഇൗശ്വരനാണെന്ന ഉത്തമബോധ്യം അനിവാര്യമാണ്.
(2) തിന്മയും പോരാട്ടവും നിറഞ്ഞ ലോകത്തിൽ തെറ്റിൽ വീണുപോകാതെ സംരക്ഷിക്കണമേ എന്നാണ് പ്രാർഥന. സ്വാർഥതയും അഹങ്കാരവും ജീവിതത്തിനു നേരിടേണ്ട വെല്ലുവിളികളാണ്. അവയെ അതിജീവിച്ച് സ്നേഹവും സഹാനുഭൂതിയും നിലനിർത്തണമെന്ന ് അപേക്ഷിക്കുന്നു.
(3) സാമൂഹികാവബോധം വളരെ വ്യക്തമാണ്. നമ്മുടെ ജീവിതം മറ്റുള്ളവരുമായി ബന്ധപ്പെട്ടു കഴിയേണ്ടതാണ്. ഇൗശ്വരനോടുള്ള ബന്ധത്തിൽനിന്നു ലഭിക്കുന്ന ഉൗർജമാണ് സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതും അനുഗ്രഹപ്രദമാക്കുന്നതും. മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ആത്മാർഥമായ അഭിവാഞ്ഛ നാം നിലനിർത്തേണ്ട ഒന്നാണ്. അവരുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചം പകരുവാൻ നമ്മുടെ ജീവിതത്തിൽ സാധ്യമാകണം.
ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധം ഭദ്രമാക്കുമ്പോഴാണ് ജീവിതം വിജയകരമാകുന്നത്. അതിനു ജാഗ്രത ആവശ്യമാണ്. അതുകൊണ്ടാണ് ശ്രീ മേനോൻ കോട്ടയത്തെ സുഹൃത്തിനോടു ചോദിച്ചത്, ആ പ്രാർഥന വായിക്കുന്നുണ്ടോ, അതിലുപരി, അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന്. ഏതു മതവിശ്വാസിക്കും പിന്തുടരാവുന്ന ഒരു സാർവത്രിക പ്രാർഥന എന്ന് അതിനെ വിശേഷിപ്പിക്കാം.
English Summary : Innathe Chintha Vishayam Column - How to Pray to God