കൊടുക്കുന്നതിന്റെ സംതൃപ്തി

HIGHLIGHTS
  • പേരിനും പെരുമയ്ക്കും വേണ്ടി കൊടുക്കുന്ന ചിലരുണ്ട്
  • സ്നേഹവും ആർദ്രതയുമാണ് ഉചിതമായ സഹായം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്
innathe-chintha-vishayam-what-is-the-true-message-of-christmas
Representative Image. Photo Credit : Halfpoint / Shutterstock.com
SHARE

പ്രകൃതിയിൽനിന്നു പാഠം ഉൾക്കൊള്ളുന്നവർക്ക്, സ്വീകരിക്കുന്നതോടൊപ്പം കൊടുക്കുന്നതിന്റെ കടമയും ബോധ്യമാകും. സമുദ്രം, എല്ലാ നദികളിൽനിന്നും ജലം സ്വീകരിക്കുന്നു. പക്ഷേ, അത് അനുസ്യൂതം നീരാവി ഉയർത്തി മേഘങ്ങൾക്കു നൽകുന്നു. മേഘമാകട്ടെ അതു മഴയായി തിരികെ നൽകുന്നു. അങ്ങനെ സസ്യലതാദികളും ജീവജാലങ്ങളും സംരക്ഷിക്കപ്പെടുന്നു. പക്ഷേ, സൃഷ്ടികളുടെ മകുടമെന്നു വിശേഷിപ്പിക്കപ്പെടുകയും ബുദ്ധിജീവിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മനുഷ്യൻ സ്വീകരിക്കാൻ തൽപരനും കൊടുക്കുന്നതിൽ വിമുഖനുമായി പലപ്പോഴും കാണപ്പെടുന്നു. ‘എന്തു കിട്ടും’ എന്നതാണ് മിക്കവരുടെയും ചോദ്യം. എന്നാൽ, കൊടുക്കുന്നതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നവരുമുണ്ട്; അവരുടെ സംഖ്യ പരിമിതമാണെന്നു മാത്രം.

യേശു തന്റെ ജീവിതകാലത്ത് ഒട്ടേറെ ശിഷ്യരെ തിരഞ്ഞെടുത്തു. ആ ശിഷ്യർക്ക് അനുഗ്രഹവും നൽവരങ്ങളും നൽകി. അനന്തരം അവരെ വിവിധ ദേശങ്ങളിലേക്ക് അയച്ചു. അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനുള്ള വരവും ശക്തിയും പ്രദാനം ചെയ്തുകൊണ്ട് അവിടുന്നു പറഞ്ഞു: ‘‘നിങ്ങൾക്ക് ഇവ ദാനമായി ലഭിച്ചു. നിങ്ങൾ ഇവ ദാനമായി കൊടുക്കുവിൻ.’’ എത്ര വിശിഷ്ടമായ നിർദേശം.

സംഭാവനകളും ദാനങ്ങളും നൽകുന്നവരിൽ വ്യത്യസ്ത ഭാവങ്ങളും ലക്ഷ്യങ്ങളും നമുക്കു കാണാൻ കഴിയും. പേരിനും പെരുമയ്ക്കും വേണ്ടി കൊടുക്കുന്ന ചിലരുണ്ട്. താൻ ചെയ്യുന്നത് പത്തുപേർ അറിയണമെന്നുള്ള നിർബന്ധം അത്തരക്കാരിൽ കാണാം. പത്രത്തിൽ വാർത്തയും ചിത്രവും വന്നാൽ ഏറെ സന്തോഷം. എന്തെങ്കിലും കൊടുത്തശേഷം കാണുന്നവരോടെല്ലാം തന്റെ ഔദാര്യത്തെപ്പറ്റി കൊട്ടിഘോഷിക്കും.

യേശുക്രിസ്തുവിന്റെ നിശിത വിമർശനത്തിനു വിധേയരായ ഒരു വിഭാഗമായിരുന്നു പരീശന്മാർ. യഹൂദർക്കിടയിൽ വളരെ പ്രാമുഖ്യവും സ്വാധീനവുമുള്ള വിഭാഗം. ജൂതമതത്തിൽ അനുദിന ജീവിതത്തിൽ അനുവർത്തിക്കേണ്ട മൂന്നു കാര്യങ്ങൾ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയാണ്. പരീശവിഭാഗം ഇവയുടെ അനുഷ്ഠാനത്തിൽ നിഷ്ഠയുള്ളവരായിരുന്നു. പക്ഷേ, അതു മറ്റുള്ളവർ അറിയാനും അവരുടെ പ്രശംസ ആർജിക്കാനുമുള്ള ലക്ഷ്യത്തോടെയാണ്. ദാനധർമം ചെയ്യുന്ന ആൾ നാൽക്കവലയിൽ വന്നു കുഴലൂതും. ആളുകൾ അടുത്തു വരും. അപ്പോൾ എല്ലാവരും കാൺകെ കീശയിൽനിന്നു സഹായം ദാനം ചെയ്യും. ഇൗ പ്രവണതയെ വിമർശിച്ചുകൊണ്ട് യേശു പറഞ്ഞു – ‘‘നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്, രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തന്നുകൊള്ളും.’’

ഏതെങ്കിലും ആതുരശുശ്രൂഷാ കേന്ദ്രത്തിനോ ജീവകാരുണ്യ പ്രസ്ഥാനത്തിനോ വേണ്ടി സഹായത്തിനെത്തുമ്പോൾ അതിനു വേണ്ടി മുൻപു കൊടുത്തിട്ടുള്ളവരുടെ ലിസ്റ്റ് നോക്കി, മറ്റുള്ളവരെക്കാൾ മോശക്കാരനാകരുതല്ലോ എന്നുകരുതി സംഭാവന നൽകുന്നവരുണ്ട്. മേൽപറഞ്ഞ ഗണത്തിൽപെടാത്ത ചുരുക്കം പേരുണ്ട്. അവർ കൊടുക്കുന്നതു തികഞ്ഞ സന്തോഷത്തോടെയാണ്. അങ്ങനെ ചെയ്യാൻ ഒരു കർത്തവ്യബോധം അവരെ ഭരിക്കുന്നതായി തോന്നും. അവർ പണമോ സാധനമോ മാത്രമല്ല കൊടുക്കുന്നത്, മറ്റുള്ളവരുടെ ആവശ്യങ്ങളുമായി താദാത്മ്യപ്പെട്ടുകൊണ്ട്, അവർ അൽപസമയത്തേക്കു തങ്ങളെത്തന്നെ മറ്റുള്ളവരുടെ ദുഃഖഭാരം ലഘൂകരിക്കുന്നതിന് അർപ്പിക്കുകയാണ്.

എമി കാർമൈക്കൽ പറഞ്ഞിട്ടുള്ള വാക്യം പ്രസക്തമാണ്. ‘‘You can give without loving, but  you cannot love without giving. Giving is the thermometer of our love.” സ്നേഹം കൂടാതെ നിങ്ങൾക്കു ദാനം ചെയ്യാം. എന്നാൽ, ദാനം ഇല്ലാതെ സ്നേഹിക്കുക സാധ്യമല്ല. നമ്മുടെ സ്നേഹത്തിന്റെ ‘തെർമോമീറ്ററാണ്’ നമ്മുടെ ദാനം.

സ്നേഹവും ആർദ്രതയുമാണ് ഉചിതമായ സഹായം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. അന്യൻ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ അവിടെ നിഷ്ക്രിയനായി നിൽക്കാൻ നമ്മുടെ മനഃസാക്ഷി അനുവദിക്കരുത്. എന്നെപ്പോലുള്ള മനുഷ്യരല്ലേ ദുരിതത്തിൽ കിടന്നു തപിക്കുന്നത്; ആ ഹതഭാഗ്യർ കഷ്ടപ്പെടുന്നതു കണ്ടിട്ടും ഞാൻ നിസ്സംഗനായിരിക്കുന്നത് എങ്ങനെ എന്ന ബോധത്തോടെ അവസരത്തിനൊത്തു സഹായിക്കാൻ ഒരുങ്ങുന്നവൻ യഥാർഥ മനുഷ്യസ്നേഹിയാണ്.

ഇൗ പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമ്മുടെ പേരിൽ പതിച്ചു കിട്ടിയെന്നിരിക്കട്ടെ. വൈജ്ഞാനിക കലാസാംസ്കാരിക രംഗങ്ങളിൽ കറയറ്റ പ്രാഗല്ഭ്യം കൈവന്നു എന്നിരിക്കട്ടെ. സഹജരുടെ ജീവിതം ധന്യമാക്കാൻ പോന്ന വിശാലഹൃദയവും ഔദാര്യനിർഭരമായ മനസ്സും നമുക്കില്ലെങ്കിൽ ആ നേട്ടങ്ങളെല്ലാം നിരർഥകങ്ങളാണ്. “It is an anomaly of modern life that many find giving to be a burden: Such person have omitted a preliminary  giving. If one first gives himself to the Lord, all other giving is easy.” (John S.Bonnet)

English Summary : Innathe Chintha Vishayam Column - The Joy of Giving

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.