പ്രശ്നങ്ങൾ പ്രയോജനപ്രദമാക്കാം

HIGHLIGHTS
  • ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു ലക്ഷ്യവും പദ്ധതിയുമുണ്ട്
  • ജീവിതത്തിലെ ഓരോ കാര്യത്തിനും വില കൊടുക്കേണ്ടതുണ്ട്
innathe-chintha-vishayam-life-goals-article-image
Representative Image. Photo Credit : KieferPix / Shutterstock.com
SHARE

നഗരമധ്യത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു മ്യൂസിയം നിലകൊണ്ടു. നഗരം സന്ദർശിക്കുന്നവർ നിശ്ചയമായും മ്യൂസിയം കൂടി കാണാൻ താൽപര്യപ്പെടുമായിരുന്നു. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ചേതോഹരമായ മാർബിൾ വിരിച്ചിരുന്നു. സന്ദർശകരെ സ്വാഗതം ചെയ്യുന്ന രീതിയിൽ അതിമനോഹരമായ ഒരു മാർബിൾ പ്രതിമയുമുണ്ട്. ദിനംതോറും ധാരാളം സന്ദർശകർ അവിടെ എത്തിയിരുന്നു. അവരെല്ലാം കവാടത്തിനു മുന്നിലെ മാർബിൾത്തറയിൽ ചവിട്ടിവേണമല്ലോ അകത്തു പ്രവേശിക്കാൻ. അപ്പോഴെല്ലാം ഷൂസ് ഇട്ടുള്ള ചവിട്ട് മാർബിൾ ഫലകത്തിന് ഏൽക്കേണ്ടിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ മാർബിൾ ടൈലും പ്രതിമയും സംഭാഷണത്തിലേർപ്പെട്ടു.

മാർബിൾ ടൈൽ: സ്നേഹിതാ, ഇവിടെ നടക്കുന്നത് എന്ത് അനീതിയും അന്യായവുമാണ്. ഇക്കാര്യം താങ്കൾക്ക് ഇതുവരെ തോന്നിയിട്ടില്ലേ? എന്നെ സന്ദർശകർ അവഗണിക്കുന്നതു ക്ഷമിക്കാം; പക്ഷേ, അവരുടെ ഷൂസിട്ടുള്ള ചവിട്ടാണു സഹിക്കാൻ പറ്റാത്തത്. അങ്ങനെയാണ് സന്ദർശകർ താങ്കളെ കാണാനെത്തി താങ്കളുടെ മേൽ പ്രശംസ ചൊരിയുന്നത്.

മാർബിൾ ശിൽപം: പ്രിയപ്പെട്ട സഹോദരാ, നമ്മൾ രണ്ടുപേരും ഒരേ മാർബിൾ കൂനയിൽ നിന്നുള്ളവരാണെന്ന് ഓർക്കുന്നില്ലേ?

ടൈൽ: ഉവ്വ്, നന്നായി ഓർക്കുന്നു. അതാണ് എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നതും അസ്വസ്ഥനാക്കുന്നതും.

ശിൽപം: എന്നാൽ, നീ ഒരു കാര്യം ഓർക്കുന്നില്ലേ; ശിൽപി ആദ്യം നിന്നെയാണു തിരഞ്ഞെടുത്തത്. അയാൾ നിന്റെമേൽ കൊത്തുപണി തുടങ്ങിയപ്പോൾ നീ ഉളിയെ ചെറുത്തുനിന്നു. അയാൾ ആവതു നോക്കി, നീ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ, നിന്നെ ഉപേക്ഷിക്കുകയായിരുന്നു.

ടൈൽ: ശരിയാണ്, ഞാൻ ആ വിദ്വാനെ വെറുക്കുന്നു. അയാൾ അതിക്രൂരമായ ഉളിയും ചുറ്റികയും എന്റെമേൽ എത്ര നിർദയമായാണു പ്രയോഗിച്ചത്.

ശിൽപം: താങ്കൾ എതിർത്തപ്പോൾ, ശിൽപി താങ്കളെ ഉപേക്ഷിച്ച് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ, എനിക്കറിയാമായിരുന്നു, അയാൾ വിദഗ്‌ധമായി എന്റെമേൽ ഉളി പ്രയോഗിക്കുമ്പോൾ ഞാൻ മറ്റൊന്നായി മാറുമെന്നും അതു മനോഹരമായിരിക്കുമെന്നും... സഹോദരാ, ജീവിതത്തിലെ ഓരോ കാര്യത്തിനും വില കൊടുക്കേണ്ടതുണ്ട്. താങ്കൾ ആദ്യമേ തന്നെ എതിർത്തു നിന്നതിനാൽ പരിത്യക്തനായി. ഇപ്പോൾ ആളുകൾ ചവിട്ടിമെതിക്കുന്നുവെന്നു പരാതിപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ല.

ഈ സംഭാഷണം നമ്മുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന പല സന്ദേശങ്ങളും നൽകുന്നുണ്ട്. 

1. നാം ദൈവത്തിന്റെ കരങ്ങളിൽ സ്ഥിതിചെയ്യുന്നു. അവിടുന്ന് തന്റെ അഭീഷ്ടമനുസരിച്ച് നമ്മെ രൂപപ്പെടുത്തുകയും അഭികാമ്യരാക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു ലക്ഷ്യവും പദ്ധതിയുമുണ്ട്. അതു തിരിച്ചറി‍ഞ്ഞ് സമ്പൂർണമായി സമർപ്പിക്കുകയാണു വേണ്ടത്.

2. സ്രഷ്ടാവിന്റെ ഇഷ്ടപ്രകാരമുള്ള വ്യക്തിത്വത്തിലേക്കു നമ്മെ രൂപപ്പെടുത്താൻ ഉളികൊണ്ടുള്ള പ്രയോഗങ്ങൾ നടന്നെന്നു വരും. പല ഭാഗങ്ങളും കൊത്തിമാറ്റുന്ന പ്രക്രിയ ആവശ്യമാണ്. ചിലതൊക്കെ വേദനാജനകവും പ്രയാസമുളവാക്കുന്നതുമാകാം. നമുക്കു നേരിടേണ്ടി വരുന്ന കഷ്ടതകളെപ്പറ്റി പൗലോസ് പറയുന്നു: “നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാൽ കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.” 

ചില പരിമിതികളും പരിശോധനകളും നമുക്കുണ്ടാകുന്നത് നമ്മെ വിനയപ്പെടുത്താനും അഹങ്കാരത്തിൽനിന്നു വിടുവിക്കാനുമാണ്. 

3. ഏറെ രോഗങ്ങളും വേദനകളും കഷ്ടതകളും നേരിട്ട ഒരു വ്യക്തിയുടെ സാക്ഷ്യം പൗലോസ് അപ്പോസ്തലന്റെ വാക്കുകളാണ്. ‘‘ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ.” ഓരോ പ്രതിസന്ധിയും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതും നിരാശയുടെ നിഴൽ വീഴ്ത്തുന്നതുമാകാം. എന്നാൽ, ദൈവത്തിലുള്ള സമ്പൂർണ വിശ്വാസവും ആശ്രയവും ആത്മീയമായ സദ്ഫലങ്ങൾ ഉളവാക്കാൻ വഴി തെളിക്കുന്നു.

English Summary : Innathe Chintha Vishayam - How to deal with hardships in life?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.