ആത്മധൈര്യം ഇല്ലെങ്കിൽ

innathe-chintha-vishayam-why-is-self-confidence-so-important
Photo Credit : HQuality / Shutterstock.com
SHARE

ബുദ്ധിയും അറിവും അധ്വാനശീലവുമുള്ള ഒട്ടേറെ ചെറുപ്പക്കാരെ കാണാം. കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അവർക്കു കഴിയും; പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സാധിച്ചെന്നും വരാം. എന്നാൽ, എന്തോ ഒരു കുറവ് അവരുടെ ഉന്നതിക്കു തടസ്സമായി നിൽക്കുന്നതായി അനുഭവപ്പെടാറുണ്ട്. സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ അതറിയാൻ വിഷമമുണ്ടാകില്ല.

ഉദ്യോഗങ്ങൾക്കു തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനു ക്ഷണിച്ചെന്നു കരുതുക. ചുമതലപ്പെട്ടവരുടെ മുന്നിലെത്തുമ്പോൾ പലർക്കും വേണ്ടപോലെ ഉത്തരം നൽകാൻ കഴിയാതെ വരുന്നു. കാര്യങ്ങൾ അറിയാത്തതുകൊണ്ടല്ല പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. ചോദ്യകർത്താക്കൾക്ക് ഉള്ളതോ ഇല്ലാത്തതോ ആയ പെരുമ ഈ സാധുക്കളുടെ മനസ്സിനെ കീഴടക്കുന്നു; അവരിൽ അമ്പരപ്പുണ്ടാക്കുന്നു. എന്താണു മറുപടി പറയേണ്ടതെന്ന് ആലോചിച്ചു കണ്ടുപിടിച്ചാലും അതെല്ലാം മറന്ന് പലരും മിണ്ടാനാകാതെ ഇരുന്നുപോകും.

സമർഥരായ എത്രയോ ചെറുപ്പക്കാരാണ് ആത്മധൈര്യത്തിന്റെ അഭാവം ഒന്നുകൊണ്ടു മാത്രം ജീവിതത്തിൽ പരാജയപ്പെട്ടുപോകുന്നത്. അതേസമയം, താരതമ്യേന പ്രാപ്തി കുറഞ്ഞവർ ആത്മധൈര്യം കൊണ്ടു മാത്രം മുന്നേറിയതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട്. ആത്മധൈര്യം പുരോഗതിക്കുള്ള വലിയ പ്രേരണാശക്തിയാണ്; ഭീരുത്വം അതിന്റെ വലിയ ശത്രുവും.

പലപ്പോഴും പരിശ്രമങ്ങൾക്കു തടസ്സം തീർത്ത് ഭയം നിൽക്കാറുണ്ട്. ആരംഭിച്ച പ്രവൃത്തികൾ പൂർത്തീകരിക്കാൻ പോലും പലപ്പോഴും അതു പ്രതിബന്ധമാവുകയും ചെയ്യും. എന്താണു ഭയം? വലിയൊരു ആപത്ത് നമുക്കു വരുമെന്ന തോന്നൽ, അതിനു മതിയായ കാരണമൊന്നുമുണ്ടാകണമെന്നില്ല. എങ്കിലും ആ തോന്നൽ അതിശക്തിയോടെ മനസ്സിനെ ബാധിക്കുകയാണ്. ഇതു തീരെ അകറ്റാൻ കഴിയാതെ വരുമ്പോൾ ഭയം നമ്മെ പിടികൂടുന്നു.

അധികം വീതിയില്ലാത്ത ഒരു പലക നിലത്തുവച്ചാൽ നിലം ചവിട്ടാതെ അതിനു മുകളിലൂടെ നടക്കാൻ പ്രയാസമുണ്ടാകില്ല. അതേ പലക കിണറിന്റെ ആൾമറമേൽ വച്ചുവെന്നു വിചാരിക്കുക. അതിന്റെ മുകളിലൂടെ നടക്കാൻ എത്രപേർക്കു ധൈര്യമുണ്ടാകും? പലകയുടെ വീതി കുറഞ്ഞിട്ടില്ല. എങ്കിലും താഴെ വീണാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിനെ അസ്വസ്ഥമാക്കും. അങ്ങനെ നടന്നു ശീലിച്ചിട്ടുള്ളവർ കൂസലില്ലാതെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു പോകുന്നതു കാണാം. വീഴുമെന്ന ഭയം അവരുടെ മനസ്സിൽ തീരെയില്ല എന്നർഥം. ഒന്നു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഭയത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ കൊണ്ടായിരിക്കും. അതുകൊണ്ട് കാര്യം നേടണമെങ്കിൽ ഭയമകറ്റണം. അതെങ്ങനെ?

ഭീരുത്വത്തിന്റെ മൂലകാരണം ആത്മവിശ്വാസക്കുറവാണ്. ചെറുപ്പത്തിലുണ്ടായ അസുഖകരമായ വല്ല സംഭവവുമാകും അതിന്റെ അടിസ്ഥാനം. ‘നിനക്ക് അതു പറ്റില്ല, നിന്നെ ഇതിനു കൊള്ളില്ല’ എന്നും മറ്റും മുതിർന്നവർ ഇടതടവില്ലാതെ പറയുന്നതുകൊണ്ട് പലർക്കും സ്വന്തം ശക്തിയിൽ വിശ്വാസം നശിച്ചിട്ടുണ്ടാകും. ഒരുപക്ഷേ, പരിഹാസങ്ങൾക്കും ഇതിലൊരു പങ്കുണ്ടാവാം. അതെല്ലാം മറക്കുക. ലോകം നിങ്ങളെ അളക്കുന്നത് ഇന്ന് ഏതു നിലയിലാണ് എന്നതു നോക്കിയാണ്. അല്ലാതെ, കുട്ടിക്കാലത്ത് എങ്ങനെയായിരുന്നുവെന്ന് ആരാഞ്ഞിട്ടല്ല.

ബഹുമിടുക്കരെന്നു നിങ്ങൾ കരുതുന്ന പലരിലും കുറവുകളും കുറ്റങ്ങളുമുണ്ടാവും. അവർ സർവഗുണങ്ങളും തികഞ്ഞ അതിമാനുഷരല്ല. അവരിലില്ലാത്ത ചില ഗുണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയും ചെയ്യും. ഈ പരമാർഥം അറിഞ്ഞിരുന്നാൽ എന്തു നേരിടുന്നതിനും നിങ്ങൾക്കു ധൈര്യം ലഭിക്കും.

സ്വയം താഴ്ത്തിക്കെട്ടാനുള്ള വാസന ചിലരിൽ കാണാം. വിനയം ആവശ്യമാണ്. എന്നാൽ, ജീവിതവിജയത്തിനാവശ്യമായ കഴിവുകളൊന്നും ഇല്ലെന്നു സ്വയം കരുതുന്നത് നിങ്ങളോടുതന്നെ ചെയ്യുന്ന അങ്ങേയറ്റത്തെ അപരാധമാണ്. ചെയ്തുപോയ തെറ്റുകളെയോ നഷ്ടപ്പെട്ടുപോയ അവസരങ്ങളെയോ ഓർത്ത് വിഷമിച്ചിട്ടു വലിയ കാര്യമൊന്നുമില്ല. നോട്ടം എപ്പോഴും ഭാവിയിലേക്കാകട്ടെ. സ്വന്തം ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിങ്ങളുടെ പങ്കു വഹിക്കാൻ നിങ്ങൾക്കേ കഴിയൂ.

ഭക്ഷിക്കുന്ന ഇലകളുടെ നിറം ചില പ്രാണികൾക്കു കിട്ടാറുണ്ട്. നമ്മുടെ ചിന്തകൾക്ക് അനുസൃതമായിരിക്കും നമ്മുടെ സ്വഭാവം. സംശയവും ഭീരുത്വവും കൈവിടാത്തവർ കർമരംഗത്തു ശോഭിക്കില്ല. ധൈര്യവും ആത്മവിശ്വാസവും തുളുമ്പുന്ന വ്യക്തിക്ക് എന്തും സാധ്യമാണെന്ന ഉറപ്പുണ്ടാകും. പ്രതിസന്ധിഘട്ടത്തിൽ ഞാൻ ഇപ്രകാരം പ്രവർത്തിക്കുമെന്നു ഭാവനയിൽ കാണുക. അതു വിടാതെ മനസ്സിൽ തെളിഞ്ഞുവരുമ്പോൾ, പ്രവർത്തിക്കേണ്ട സമയമെത്തിയാൽ അങ്ങനെ ചെയ്യാനുള്ള ധൈര്യം അനായാസേന വന്നുകൊള്ളും.

ഭയപ്പെടാതെ കാര്യം നിർവഹിക്കാൻ കഴിയുന്നത് അതിനായി ഒരുങ്ങിപ്പുറപ്പെടുന്നതുകൊണ്ടു തന്നെയാണ്. കയ്യുംകെട്ടി കരയ്ക്കിരുന്നാൽ നീന്താൻ കഴിയില്ല. അതിനു വെള്ളത്തിലിറങ്ങുക തന്നെ വേണം. മഹാന്മാരെല്ലാം ജീവിതവിജയം നേടിയത് പരിശ്രമശീലം കൊണ്ടാണ്. അതിരറ്റ ആത്മവിശ്വാസം കൊണ്ടു നമുക്കെല്ലാവർക്കും നേടാവുന്ന സുകൃതങ്ങളാണവ. ആത്മധൈര്യത്തിന്റെ അടിത്തറയും അതുതന്നെ.

English Summary : Innathe Chintha Vishayam : Why is self-confidence so important?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.