വാർധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും

HIGHLIGHTS
  • ജെഫിന്റെ ഓഫിസ് ഒരു കൊച്ചുമുറിയിലേക്കു മാറ്റിയശേഷം ആ മുറി സജ്ജമാക്കി
  • യാത്രയിൽ പല വിഷയങ്ങളും ചർച്ചയിൽ വന്നുവെങ്കിലും മാതാവിനെപ്പറ്റിയുള്ള അനുസ്മരണം മുന്നിട്ടു നിന്നു
innathe-chintha-vishayam-they-will-still-bear-fruit-in-old-age-they-will-stay-fresh-and-green
Representative Image. Photo Credit : Koldunov / Shutterstock.com
SHARE

വാർധക്യത്തിലും കർമനിരതമായും ഫലപ്രദമായും ജീവിതം നയിക്കുന്ന സ്വന്തം പിതാവിനെപ്പറ്റി ഒരു മകൾ നൽകുന്ന സാക്ഷ്യമാണു നമ്മുടെ ചിന്താവിഷയം.  ഒരു വൈദികനാണു കഥാപുരുഷൻ. 93 വയസ്സുള്ള അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു എങ്കിലും സേവനങ്ങളിൽ വ്യാപൃതനാണ്. എഴുപതു വർഷം നീണ്ടുനിന്ന ഉത്തമ ദാമ്പത്യബന്ധത്തിനു വിരാമമിട്ടുകൊണ്ട്, ജീവിതപങ്കാളി ശാശ്വതഭവനത്തിലേക്കു യാത്രയായി. ഏകനായപ്പോൾ അകലെപ്പാർക്കുന്ന ഏകമകൾ ബേത്ത്, സ്വന്തം ഭവനത്തിൽ പിതാവിനു താമസസൗകര്യങ്ങൾ സജ്ജമാക്കി, ഭർത്താവായ ജെഫുമായി, പിതാവിനെ ക്ഷണിക്കുവാനെത്തി. അമ്മ മരിക്കാൻ കിടക്കുമ്പോൾ ബേത്ത്, അമ്മയുടെ ചെവിയിൽ വാക്കു കൊടുത്തതാണ്, താൻ ഡാഡിയുടെ സംരക്ഷണം നടത്തിക്കൊള്ളാമെന്ന്.

അതിൻപ്രകാരം സ്വഭവനത്തിൽ ജെഫിന്റെ സഹകരണത്തോടെ വേണ്ട ക്രമീകരണങ്ങൾ വരുത്തി. ജെഫിന്റെ ഓഫിസ് ഒരു കൊച്ചുമുറിയിലേക്കു മാറ്റിയശേഷം ആ മുറി സജ്ജമാക്കി. അൽപംകൂടി അതു വിശാലമാക്കി, ഒരു ഭാഗം കിടക്കസ്ഥലവും, മറ്റേഭാഗം പഠനവേദിയുമാക്കി. തറയിൽ പുതിയ കാർപ്പറ്റ് വിരിച്ചു. കിടക്കയ്ക്കഭിമുഖമായി മാതാവിന്റെ ചിത്രം ഘടിപ്പിച്ചു. ഇവയെല്ലാം ക്രമീകരിച്ച ശേഷമാണു പിതാവിനെ ക്ഷണിക്കാൻ എത്തിയത്.

താൽക്കാലികമായ ഒരു മാറ്റം എന്നുമാത്രം ചിന്തിച്ചാണു പിതാവ് പോയത്. മൂന്നു മണിക്കൂർ നേരത്തെ ദീർഘയാത്രയിൽ പല വിഷയങ്ങളും ചർച്ചയിൽ വന്നുവെങ്കിലും മാതാവിനെപ്പറ്റിയുള്ള അനുസ്മരണം മുന്നിട്ടു നിന്നു. ഭവനത്തിലെത്തി, ഡാഡിക്കായി സജ്ജമാക്കിയിട്ടുള്ള മുറിയിലേക്ക് അദ്ദേഹത്തെ നയിച്ചു. 

അവിടെ താമസം തുടർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ പിതാവ് പറഞ്ഞു: ‘‘എനിക്കു മടങ്ങിപ്പോകേണ്ടതായുണ്ട്. അവിടെ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന പല ദൗത്യങ്ങളും മുടങ്ങിപ്പോകും.  വീടിന്റെ മുമ്പിലുള്ള ചെടികൾ നനച്ചില്ലെങ്കിൽ അവ ഉണങ്ങിപ്പോകും. ‍ഞാൻ പിന്നീടു വന്നുകൊള്ളാം. ഇത്രയും പറഞ്ഞു യാത്രയ്ക്കുള്ള ഒരുക്കമായി. മകളും കുടുംബവും തടസ്സമൊന്നും പറഞ്ഞില്ല.  കുറെ ദിവസങ്ങൾക്കുശേഷം ബേത്ത് പിതാവിനെ വിളിച്ചു. ‘‘ഇനിയും എപ്പോഴാണ് ഇങ്ങോട്ടു വരുന്നത്’’ എന്നു ചോദിച്ചു. മറുപടി: ‘‘ഞാൻ നോക്കട്ടെ... ബുധനാഴ്ചയും വെള്ളിയാഴ്ചയും എനിക്കു ബൈബിൾ ക്ലാസുകൾ ഉണ്ട്. ഈ ആഴ്ചയിൽ സൺഡേ സ്കൂളിൽ ക്ലാസുണ്ട്. എന്റെ ഒരു സുഹൃത്തിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം. ചൊവ്വാഴ്ച ഒരു പ്രയർ മീറ്റിങ്ങുണ്ട്.’’ 

representative-image-innathe-chintha-vishayam-they-will-still-bear-fruit-in-old-age-they-will-stay-fresh-and-green
Representative Image. Photo Credit : Casper1774 Studio / Shutterstock.com

‘‘താമസിയാതെ ഞാൻ അങ്ങു വരും. എനിക്കായി നിങ്ങൾ സജ്ജമാക്കിയ മുറിയിൽ വിശ്രാന്തിക്കായി ഞാനാഗ്രഹിക്കുന്നു.’’ 

അപ്പോൾ ബേത്തിന്റെ മകൻ ജെസ്സ് ചോദിച്ചു: ‘‘എന്തുകൊണ്ട് ആ വീട് വിറ്റതിനുശേഷം ഇങ്ങു പോന്നുകൂടാ?’’ 

മറുപടി: ‘‘ഇല്ല; എന്റെ സ്മരണകൾ എല്ലാം ആ സ്ഥലം കേന്ദ്രീകരിച്ചാണ്. ഞാൻ നിങ്ങളുടെ അടുക്കൽ വന്നുകൊള്ളാം.’’

അപ്പോഴാണു കോവിഡിന്റെ, മൂന്നാഴ്ചത്തേക്കുള്ള ലോക്ക്ഡൗൺ ഗവൺമെന്റ് പ്രഖ്യാപിച്ചത്. അത് ആരംഭിക്കുന്നതിനു മുമ്പായി ബേത്തും ജെഫും പിതാവിനെ കൂട്ടിക്കൊണ്ടുപോയി. അതു കഴിഞ്ഞപ്പോൾ പിതാവ് മടങ്ങിപ്പോവുകയും ചെയ്തു.

ഇവിടെ പ്രധാനമായി മൂന്നു കഥാപാത്രങ്ങൾ നമ്മുടെ മുമ്പിൽ നിൽക്കുന്നു. ഓരോരുത്തരെപ്പറ്റിയും ഒന്നു വിലയിരുത്താം.

(1) പിതാവ്: വൈദിക സമൂഹത്തിന് ഒരു ഉത്തമ മാതൃക. തന്റെ വിളിയെപ്പറ്റിയും കർത്തവ്യത്തെപ്പറ്റിയും എത്ര വ്യക്തമായ ബോധ്യവും അവ നിറവേറ്റുന്നതിനുള്ള തീക്ഷ്ണതയും. വിരമിച്ച ശേഷം പ്രതിഫലേച്ഛ ഒന്നുമില്ലാതെ സേവനം വിശ്രമരഹിതമായി നടത്തുന്ന വ്യക്തി.

(2) മകളായ ബേത്ത്: മാതാവിനോടു ചെയ്ത വാഗ്ദാനം നിറവേറ്റണമെന്നുള്ള വ്യഗ്രത മാത്രമല്ല, പുത്രീധർമത്തെക്കുറിച്ചുള്ള അവബോധവും അവളെ ഭരിച്ചിരുന്നു.മറ്റൊന്ന്, ഭർത്താവുമായുള്ള നല്ല ബന്ധമാണ്.  ഒരു നല്ല മകൾ എന്നപോലെ ഉത്തമയായ ഒരു ഭാര്യയുമായിരുന്നു.

(3) ബേത്തിന്റെ ഭർത്താവ് ജെഫ്: സ്നേഹവും ഐക്യവും കുടുംബത്തിൽ പുലർത്തുവാൻ ജെഫിനു കഴിഞ്ഞു. ഭാര്യയുടെ വികാരത്തെയും താൽപര്യത്തെയും മനസ്സിലാക്കി ത്യാഗപൂർവം പ്രവർത്തിക്കുവാനുള്ള സന്നദ്ധത. സ്വന്തം ഓഫിസ്മുറി ഒഴിഞ്ഞുകൊടുക്കാനും അതു പിതാവിന്റെ വസതിയായി ക്രമീകരിക്കാനും കാണിച്ച തീക്ഷ്ണത മാതൃകായോഗ്യമാണ്.  സ്വാർഥതയും അഹന്തയും, താൻപോരിമയും കടന്നുവരുമ്പോഴാണു ദാമ്പത്യബന്ധം ശിഥിലമാകുന്നത്. ഏണസ്റ്റ് എന്ന  വൈദികനെയും കുടുംബത്തെയും അവതരിപ്പിച്ചത് അവരിൽ ഓരോരുത്തരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതിനാണ്.

Content Summary : Innathe Chintha Vishayam - They will still bear fruit in old age, they will stay fresh and green

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.