ദൈവത്തിന്റെ ഭാര്യയാണോ?; ഒരു ബാലന്റെ ആശ്ചര്യജനകമായ ചോദ്യം

HIGHLIGHTS
  • പ്രയാസത്തിൽ കഴിയുന്നവർ നമ്മുടെ കൺമുന്നിൽ ഉണ്ടെങ്കിലും നമുക്ക് അവരെ ഗൗനിക്കാൻ സമയമില്ല
  • ഹൃദയം അലിഞ്ഞാൽ മാത്രം പോരാ. ആവശ്യങ്ങൾക്കായി പഴ്സ് തുറക്കുകയും വേണം.
innathe-chintha-vishayam-column-how-do-small-acts-of-kindness-impact-others
Representative Image. Photo Credit : Jaco Bothma Empire Photo/ Shutterstock.com
SHARE

ഇരുവശങ്ങളിലും വ്യാപാരശാലകൾ നിരനിരയായി കാണുന്ന ഒരു തെരുവീഥി. ലണ്ടൻ നഗരത്തിന്റെ ഒരു ഭാഗത്താണ്. ശീതകാലം ആരംഭിച്ച ഘട്ടം. തെരുവോരത്തെ ഒരു ഷൂ വിൽപന കേന്ദ്രത്തിന്റെ മുമ്പിൽ ഒരു ബാലൻ ആ കടയുടെ കണ്ണാടിജനലിൽ കൂടി ഉള്ളിൽ നിരത്തി വച്ചിരിക്കുന്ന കുട്ടികളുടെ ഷൂസുകൾ നോക്കി നിശ്ചലനായി നിൽക്കുകയായിരുന്നു. അവൻ അനാഥനായ ബാലൻ എന്നു കരുതാം. കാലിൽ ഷൂസ് ഇല്ല. പരുക്കൻ വേഷം. തണുപ്പിനെ അകറ്റാൻ പര്യാപ്തമായ ഉടുപ്പുകളില്ലാത്തതുകൊണ്ട് അൽപം വിറയ്ക്കുന്നുണ്ട്. തിരക്കിട്ട ഫുട്പാത്തിൽകൂടി ജനങ്ങൾ ത്വരിതഗതിയിൽ നടന്നു പോകുന്നു. പക്ഷേ, പത്തു വയസ്സുള്ള നമ്മുടെ ബാലൻ കടയ്ക്കുള്ളിലെ ഷൂസുകളും നോക്കി നിലകൊള്ളുന്നു. അതുവഴി വന്ന മധ്യവയസ്കയായ ഒരു വനിത ദൂരെനിന്ന്, ഉള്ളിലേക്കും നോക്കി കണ്ണുംനട്ടു നിൽക്കുന്ന ബാലനെ ശ്രദ്ധിച്ചു. അവൾ സമീപത്തുവന്നു നിന്നതുപോലും ബാലൻ അറിഞ്ഞില്ല. ആ വനിത, ആർദ്രതയോടെ അവന്റെ തോളത്തു തട്ടി: കുഞ്ഞുമോനേ, ആ ജനലിൽകൂടി നീ എന്താണ് ഇത്ര ജാഗ്രതയോടെ നോക്കി നിൽക്കുന്നത്?

അവൻ ഒട്ടും മടികൂടാതെ ഉത്തരം നൽകി. ‘‘ഒരു ജോടി ഷൂസ് എനിക്കു തരണമേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുകയായിരുന്നു.’’  ചെളിപുരണ്ട അവന്റെ നഗ്നമായ പാദങ്ങൾ അപ്പോൾ അവളുടെ ശ്രദ്ധയിൽപെട്ടു. അവളുടെ ഹൃദയം അലിഞ്ഞു. ഷോപ്പിനകത്തേക്ക് അവനെയും കൂട്ടിക്കൊണ്ടു കടന്നു. വിൽപനക്കാരനോട് അര ഡസൻ സോക്സ് ബാലനു നൽകാൻ വാങ്ങിച്ചു. പിന്നീട് അയാളോട് അവൾ ഒരു അഭ്യർഥന നടത്തി. ഒരു പാത്രത്തിൽ കുറെ വെള്ളവും, ഒരു ബേസിനും ഒരു ടൗവലും കൊടുക്കണമെന്നായിരുന്നു. സുമനസ്സായ ആ സ്ത്രീയുടെ നീക്കത്തെ കച്ചവടക്കാരൻ അഭിനന്ദിച്ച് വേഗത്തിൽ അവ എത്തിച്ചുകൊടുത്തു. അവൾ ബാലനെയും കൂട്ടി ഷോപ്പിന്റെ പുറകുവശത്ത് എത്തി. അവളുടെ കൈയിലെ ഗ്ലൗസ് ഊരി മാറ്റിയശേഷം ആ ബാലന്റെ പാദങ്ങൾ വെള്ളമൊഴിച്ചു വെടിപ്പായി കഴുകി. തുടച്ചശേഷം, വാങ്ങിച്ച സോക്സിൽ ഒരു ജോടി അവന്റെ കാലിൽ ധരിപ്പിച്ചു. അനന്തരം അവൻ ഇഷ്ടപ്പെട്ട ഷൂസും വാങ്ങി കാലിൽ ഇട്ടു. ഇതൊക്കെ നടക്കുമ്പോൾ ആ ബാലന്റെ ഹൃദയം ആനന്ദംകൊണ്ട് പുളകംകൊള്ളുകയായിരുന്നു.

ഒരു ഉത്തമ മാതൃഹൃദയത്തിന്റെ ഉടമയായ ആ വനിത ബാലനെയും കൂട്ടിക്കൊണ്ടു മുൻവശത്തേക്കു വന്ന്, അവനോടു ചോദിച്ചു: "No doubt, my little fellow, you feel more comfortable now." എന്റെ കൊച്ചുമനുഷ്യാ, നിനക്ക് ഇപ്പോൾ തീർച്ചയായും വളരെ സുഖം തോന്നിയിട്ടുണ്ടാവും?’’

അതിനുശേഷം അവൾ പോകാൻ ഭാവിച്ചപ്പോൾ അവൻ അവളുടെ ഒരു കൈയിൽ പിടിച്ചുകൊണ്ട്, സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നീർതുള്ളികൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി, ആശ്ചര്യത്തോടും, അത്യാദരവോടും ചോദിച്ചു: Are you God's wife? അവിടുന്ന്, ദൈവത്തിന്റെ ഭാര്യയാണോ? ആ വനിത അതു കേട്ട് കോൾ‌മയിർക്കൊണ്ടു. ഒന്നു ചിരിച്ച്, അവന്റെ തോളിൽ തട്ടിയശേഷം നടന്നു പോയി. ആ ബാലൻ ദൈവത്തോടാണ് പ്രാർഥിച്ചത്. ഇവിടെ ഒരു വനിത വന്നു സഹായം ചെയ്തപ്പോൾ അതു ദൈവത്തിനു പകരം തന്റെ ഭാര്യയെ അയച്ചതാണെന്നു ചിന്തിച്ചു പോയി. ദൈവത്തെ ഒരു പുരുഷനായിട്ടാണല്ലോ പൊതുസങ്കൽപം. അതുകൊണ്ടാണ് ദൈവത്തിന്റെ ഭാര്യ എന്നു ബാലൻ ചിന്തിച്ചുപോയത്. 

ഈ സംഭവം ഗൗരവമായ പല ചിന്തകൾക്കും വഴിതുറക്കുന്നു. ബാലിശമായി തള്ളാവുന്ന ഒന്നല്ല. 

(1) ഒന്നാമതു ശ്രദ്ധയിൽ വരേണ്ടത് ശീതകാലത്ത് തണുപ്പകറ്റാനുള്ള ഉടുപ്പുകൾ ഒന്നുമില്ലാതെ നഗ്നപാദനായി നിൽക്കുന്ന ആ ബാലനാണ്. ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും അവസ്ഥ വെളിപ്പെടുത്തുന്ന അവനെ, ആ വഴി കടന്നുപോയ ആരും കാണുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല. ആവശ്യത്തിലും പ്രയാസത്തിലും കഴിയുന്നവർ നമ്മുടെ കൺമുന്നിൽ ഉണ്ടെങ്കിലും നമുക്ക് അവരെ ഗൗനിക്കാൻ സമയമില്ല, മനസ്സില്ല. ആ ബാലന്റെ കരങ്ങൾ കടന്നുപോയവരിലേക്കല്ല നീട്ടപ്പെട്ടത്, കൂപ്പുകൈകളോടെ പിതാവായ ദൈവത്തിലേക്കായിരുന്നു. പ്രാർഥനയിൽ അവൻ വിശ്വസിച്ചു. ബൈബിളിൽ ഒരു വാക്ക് ഉണ്ട്: ‘‘യഹോവ, ബാലന്റെ നിലവിളി (പ്രാർഥന) കേട്ടു.’’ (ഉൽപ. 22:17). 

(2) സ്നേഹസമ്പന്നയും ഉദാരമതിയുമായ ആ വനിത ആദരിക്കപ്പെടേണ്ടവൾ തന്നെ. ഒരു മാതാവിന്റെ ആർദ്രതയും, കരുതലും നിറഞ്ഞ അവളുടെ പ്രവൃത്തി പ്രശംസാർഹമാണ്. തണുത്തു വിറച്ചു നിൽക്കുന്ന ആ ബാലനെ കണ്ടിട്ട്, മറ്റുള്ളവരെപ്പോലെ അവളും നിർവികാരയായി കടന്നുപോവുകയല്ല; ആ ബാലന്റെ ആവശ്യം അറിഞ്ഞ് അതിനനുസരണമായി അവൾ പ്രതികരിക്കുന്നു. ഹൃദയം അലിഞ്ഞാൽ മാത്രം പോരാ. ശുശ്രൂഷയ്ക്കായി കരങ്ങൾ നീളുകയും, ആവശ്യങ്ങൾക്കായി പഴ്സ് തുറക്കുകയും വേണം. ഇക്കാര്യങ്ങളിൽ യാതൊരു വൈമനസ്യവും കൂടാതെ ആന്തരിക പ്രേരണയാൽ അവൾ പ്രവർത്തിക്കയായിരുന്നു. ആ ബാലന്റെ ദൃഷ്ടിയിൽ അവൾ ദൈവത്തിന്റെ സഹധർമിണി എന്ന ധാരണയുണ്ടായതിൽ അതിശയിപ്പാനില്ല. ആ ബാലന്റെ പ്രാർഥന ദൈവം കേട്ട്, ആ ധന്യവതിയായ വനിതയെ ദൈവം നിയോഗിക്കയായിരുന്നു. ദൈവത്താൽ നിയോഗിക്കത്തക്കവണ്ണം അവളുടെ ഹൃദയം സ്നേഹമസൃണവും സേവനോൽസുകവുമായിരുന്നു.

(3) ആ ഷോപ്പുടമ: ആ വനിതയുടെ സ്നേഹപ്രവൃത്തിയെ പ്രോൽസാഹിപ്പിക്കുകയും, ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്യുന്നു. വെള്ളവും ബേസിനും ടൗവലും ഒക്കെ കൊടുക്കാനും, അവ ഉപയോഗപ്പെടുത്താനുള്ള സാഹചര്യവും അയാൾ ചെയ്തു കൊടുക്കുന്നു. നന്മ ചെയ്യുന്നതു കാണുമ്പോൾ അതിനെ ആദരിച്ച് അംഗീകരിക്കാനും, അതിനോടു സഹകരിച്ചു പ്രവർത്തിക്കയും ചെയ്യണമെങ്കിൽ സന്മനസ്സ് ആവശ്യമുണ്ട്.

നമ്മുടെ കഥയിലെ മൂന്നു പേരും ഓരോ വിധത്തിൽ നമുക്കു പ്രചോദനപ്രദമായ സന്ദേശം നൽകുന്നു. അതിനനുസരിച്ചു പ്രതികരിക്കാനും സംതൃപ്ത ജീവിതം നയിക്കാനും സംഗതിയാകട്ടെ എന്നാശംസിക്കുന്നു.

Content Summary : Innathe Chintha Vishayam - How do small acts of kindness impact others?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA