ജീവിതലക്ഷ്യം നിർണയിക്കുവാൻ

HIGHLIGHTS
  • അജ്ഞതയും അലസതയുമാണു നമ്മുടെ പുരോഗതിയുടെ മുമ്പിൽ വിലങ്ങടിച്ചു നിൽക്കുന്ന രണ്ടു പ്രതിബന്ധങ്ങൾ
  • ലക്ഷ്യം അവ്യക്തമായിരുന്നാൽ പോരാ, അതു സുവ്യക്തമായിരിക്കുക തന്നെ വേണം
innathe-chintha-vishayam-how-do-you-set-a-good-goal-in-life
Representative Image. Photo Credit : Andrei Mayatnik / Shutterstock.com
SHARE

ഇരുപത്തിയഞ്ചു വയസ്സായ ഒരു യുവാവ് ഒരു വലിയ പ്രതിസന്ധിയിൽ എത്തിച്ചേർന്നു. അച്ഛൻ നല്ലൊരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഹൃദ്രോഗം നിമിത്തം അദ്ദേഹം പെട്ടെന്നു മരണമടഞ്ഞു. അച്ഛൻ നടത്തിക്കൊണ്ടിരുന്ന വ്യവസായത്തെപ്പറ്റി ശരിയായ വിവരമൊന്നും ആ മകനുണ്ടായിരുന്നില്ല. കുറെ വിദ്യാഭ്യാസം ലഭിച്ചിരുന്നു. ചെറുപ്പത്തിൽ അമ്മ മരിച്ച ഏക മകനായിരുന്നതു കൊണ്ട് അച്ഛൻ മകനെ ലാളിച്ചു വളർത്തി. അച്ഛന്റെ പണം കൊണ്ട് ഓമനക്കുട്ടനായി കഴിയുകയായിരുന്നു ആ യുവാവ്. അപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. വലിയ ഒരു പ്രശ്നം അവന്റെ മുമ്പിൽ ഉയർന്നു വന്നു. 

വ്യവസായ സ്ഥാപനം നല്ല വിലയ്ക്കു വാങ്ങുവാൻ ചിലർ തയാറുണ്ടായിരുന്നു. ആ പണം വാങ്ങി ഒരു സൊല്ലയും കൂടാതെ അതുവരെ ജീവിച്ചതു പോലെ സുഖമായി നാൾ കഴിക്കാം. അതോ ചെയ്യേണ്ടത്? തനിക്കു ഒരു പരിചയവുമില്ലാത്ത വ്യവസായത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് അതു വികസിപ്പിക്കുവാൻ തുനിയുകയോ വേണ്ടത്? ഉടൻ തീരുമാനമാവശ്യമായിരുന്നു. വ്യവസായത്തിന്റെ മേൽനോട്ടം ഏറ്റെടുത്ത് അതു തുടർന്നു നടത്തുവാൻ തന്നെ തീരുമാനിച്ചു. ആ നിശ്ചയത്തോടു കൂടി ഒരു പുതിയ ഉത്തരവാദിത്തവും ആത്മവിശ്വാസവും അയാളിൽ ഉദിച്ചുയർന്നു. വ്യവസായത്തിന്റെ നാനാ വശവും ക്ഷണത്തിൽ നല്ലപോലെ മനസ്സിലാക്കി. ഉത്തമരും പരിചയ സമ്പന്നരുമായ ആളുകളുടെ ഉപദേശം തേടി. താമസിയാതെ തീരുമാനങ്ങൾ എടുത്തു. സമർഥമായി അവ നടപ്പാക്കുകയും ചെയ്തു. അയാൾ മറ്റുള്ളവർക്കും വിസ്മയം ജനിപ്പിക്കത്തക്കവണ്ണം ‘ഓമനക്കുട്ടൻ’ അതിവേഗത്തിൽ പ്രസിദ്ധനായ വ്യവസായ പ്രമുഖനായി ഉയർന്നുവന്നു. അതു മാത്രമല്ല, കാര്യശേഷിക്കും സത്യസന്ധതയ്ക്കും വലിയ പേരു സമ്പാദിക്കുവാനും അയാൾക്കു കഴിഞ്ഞു.

ഈ തരത്തിലുള്ള പ്രശ്നം നമുക്കും വേറെ വിധത്തിൽ നേരിടേണ്ടി വരാം. എന്നാൽ അധികം പേരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനല്ല ഇഷ്ടപ്പെടുക എന്നു മാത്രം. അതില്ലാതെ സ്വൈരജീവിതം നയിക്കാനാണ്. ഏറ്റെടുത്തു കഴിഞ്ഞാൽ തന്നെ വല്ല പ്രതിബന്ധങ്ങളും നേരിടുമ്പോഴേക്കു മനസ്സു മടുത്തു പലരും പിന്മാറുന്നു. വ്യവസായ കാര്യങ്ങളെ സംബന്ധിച്ചു മാത്രമല്ല, മറ്റു പല പ്രവൃത്തികളെ സംബന്ധിച്ചും ഇത്തരം മനഃസ്ഥിതി അനുഭവപ്പെടാം– ഉത്തരവാദിത്തമുള്ള വലിയ ഉദ്യോഗങ്ങളിലോ രാഷ്ട്രീയ നേതൃസ്ഥാനത്തോ അതുപോലെ മറ്റു വല്ലതിലും.

നമ്മുടെ ഓരോരുത്തരുടെയും ശരീരത്തെയും ആത്മാവിനെയും ഒരു വ്യവസായ സ്ഥാപനത്തോട് ഉപമിക്കാം. അതിന്റെ ആസ്തിക്കു തുല്യമാണു നമ്മുടെ പ്രാപ്തി. തന്റെ സ്ഥാപനത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ തീർച്ചപ്പെടുത്തിയ ആ യുവാവ് ആദ്യം ചെയ്തത് എന്താണെന്നു നമ്മൾ കണ്ടു. അതിന്റെ സ്ഥിതിയെപ്പറ്റി നല്ലപോലെ മനസ്സിലാക്കുകയും അതിന്റെ വികസനത്തിനുള്ള മാർഗങ്ങൾ ആരായുകയും അതനുസരിച്ചു പ്രവർത്തിക്കുകയുമായിരുന്നു. അതുപോലെ വിജയം കൈവരിക്കണമെന്നുണ്ടെങ്കിൽ നാമോരോരുത്തരും സ്വന്തം അഭിരുചിയെയും കഴിവിനെയും പറ്റി ശരിയായ വിലയിരുത്തലിനാദ്യം തുനിയണം. എന്താണു ജീവിതത്തിൽ നമ്മുടെ ലക്ഷ്യം, എന്താണു നാം നേടുവാൻ ഉദ്ദേശിക്കുന്നത് – അതിന് എന്താണ് വഴി? നാം സ്വീകരിക്കേണ്ട പദ്ധതികൾ എന്ത്്? ചുരുക്കത്തിൽ ജീവിതത്തെപ്പറ്റി ഒട്ടാകെയും അതിൽ നിങ്ങൾക്കുള്ള സ്ഥാനത്തെയും കുറിച്ചു ബോധ്യപ്പെടുക.  വിവേചന ശക്തി കൊണ്ടു മനുഷ്യൻ മൃഗങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നതു പോലെ ജീവിത ബാധ്യതകളെക്കുറിച്ചു ബോധവാനായ ഒരാൾ സാധാരണ ജനങ്ങളിൽ നിന്ന് എത്രയോ ഉയർന്നാണു നിൽക്കുന്നത്. അയാൾക്കു ജീവിതത്തിന് അർഥവും ലക്ഷ്യവുമുണ്ട്. ആ ലക്ഷ്യപ്രാപ്തിക്കായി തന്റെ കഴിവുകളും പദ്ധതികളും ഉപയോഗപ്പെടുത്തുന്നു. ഈ ബോധം ഒരാൾക്ക് എത്രമാത്രം കൂടുന്നുവോ അത്രകണ്ട് അയാളുടെ വിജയ സാധ്യതകളും കൂടും.

ജീവനു ഭീഷണിയൊന്നും ഇല്ലെന്നു വരുമ്പോൾ സുഖലോലുപന്മാരായി അങ്ങനെ കഴിഞ്ഞുകൂടാനാണധികം പേരും ഇഷ്ടപ്പെടുക. അജ്ഞതയും അലസതയുമാണു നമ്മുടെ പുരോഗതിയുടെ മുമ്പിൽ വിലങ്ങടിച്ചു നിൽക്കുന്ന രണ്ടു പ്രതിബന്ധങ്ങൾ. പുതിയ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുന്നതിൽ നിന്നു നമ്മെ തടസ്സപ്പെടുത്തുന്നതും അതു തന്നെ. 

പുതിയ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുന്നതിൽ നിന്നു നമ്മെ തടസ്സപ്പെടുത്തുന്നതും അവ തന്നെ. ഇതുമൂലം വ്യക്തിപരമായ സുഖത്തിനോ പൊതുനന്മയ്ക്കോ പ്രവർത്തിക്കുവാൻ നമുക്ക് ഉത്സാഹം ഉണ്ടാവുകയില്ല. ഈ കാരണങ്ങളാൽ നമ്മുടെ ജീവിതത്തിന് അതിന്റെ സുഖസമ്പത്തും വ്യക്തിപ്രഭാവത്തിന് അതിന്റെ പൂർണതയും നഷ്ടപ്പെടുകയാണ്. നമ്മുടെ പല കഴിവുകളും ശിഥിലമായിപ്പോവുകയും ചെയ്യുന്നു. ഈ ആപത്തു കൂടാതെ കഴിക്കുവാൻ നാം ഓരോരുത്തരും നമ്മുടെ സ്വന്തമായ ജീവിതലക്ഷ്യം രൂപവൽക്കരിക്കണം. അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. അതെങ്ങനെ?

‌നിങ്ങളുടെ സ്ഥിതിയും അനുഭവങ്ങളും പ്രാപ്തിയും താൽപര്യങ്ങളും ശരിയായി കണക്കിലെടുത്ത് എന്താണു നിങ്ങൾക്കു ജീവിതത്തിൽ ചെയ്യുവാനും നേടുവാനും കഴിയുകയെന്നു തീർച്ചപ്പെടുത്തുക. ഇതിൽ നിങ്ങളുടെ കഴിവുകേടുകൾക്കു പരിഗണന നൽകേണ്ടതുണ്ട്. വിദ്യാഭ്യാസക്കുറവ്, മുന്നോട്ടു വരാനുള്ള മടി, ശാരീരികമായ ദുർബലത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

പിന്നെ ചെയ്യേണ്ടത് എന്താണ്? നമുക്കു േവണ്ടത് എന്താണ്, നമ്മുടെ ലക്ഷ്യം എന്താണ് എന്നു തിട്ടപ്പെടുത്തുക. ലക്ഷ്യം അവ്യക്തമായിരുന്നാൽ പോരാ, അതു സുവ്യക്തമായിരിക്കുക തന്നെ വേണം.

യാത്രയിൽ നേരിടാൻ ഇടയുള്ള വിഷമതകളും തടസ്സങ്ങളും കണ്ടറിഞ്ഞു കൊണ്ടാവണം മുന്നോട്ടു പോവുന്നത്. 

കപ്പൽ യാത്രയിൽ നാവികന്മാർ അവിചാരിതമായ ആപത്തിൽ നിന്നു രക്ഷപ്പെടുവാൻ ആദ്യം നിശ്ചയിച്ച മാർഗത്തിൽ നിന്നും വ്യതിചലിക്കാറുണ്ട്. വലിയ കാര്യങ്ങൾ നേടുന്നതിനു സൂക്ഷ്മമായ ഒരുക്കങ്ങൾ ചെയ്യേണ്ടതുണ്ട്. 

അതിനു കാലം കുറെ പിടിച്ചെന്നു വരാം. ലക്ഷ്യം എപ്പോഴും മുന്നിൽ കണ്ടാൽ അതിനായുള്ള പ്രയാണത്തിൽ ആവശ്യത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും സ്വൽപം മാറ്റുന്നതിനു വിരോധമില്ല. അതു ലക്ഷ്യത്തിലെത്തുവാൻ നമ്മെ സഹായിക്കുകയേ ഉള്ളൂ.

Content Summary : Innathe Chintha Vishayam - How do you set a good goal in life?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA