ധീരതയ്ക്കു ലഭിച്ച പ്രതിഫലം

HIGHLIGHTS
  • തികഞ്ഞ അർപ്പണബോധവും സേവനത്തിന്റെ ഉൾപ്രേരണയുമാണ് അവരെ ഭരിക്കുന്നത്
brave-photo-credit-Josu-Ozkaritz
Photo Credit : Josu Ozkaritz / Shutterstock.com
SHARE

ചില നിർണായക ഘട്ടങ്ങളിലും അടിയന്തര കർത്തവ്യങ്ങളുടെ മുൻപിലും മറ്റുള്ളവർ ചെയ്യട്ടെ എന്നു ചിന്തിച്ച്, നൽകാവുന്ന സഹായത്തിൽ നിന്നും ചെയ്യാവുന്ന സേവനത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നവർ കുറവല്ല. എന്നാൽ മറ്റാരുടെയും പ്രേരണയോ നിർദേശമോ കൂടാതെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വമേധയാ ത്യാഗസന്നദ്ധതയോടും സേവന മനോഭാവത്തോടും മുൻപോട്ട് വരുന്ന ചിലരുമുണ്ട്. 

പ്രതിഫലേച്ഛയോ സ്വാർഥപരമായ കാര്യസാധ്യമോ ഒന്നും മോഹിച്ചല്ല. തികഞ്ഞ അർപ്പണബോധവും സേവനത്തിന്റെ ഉൾപ്രേരണയുമാണ് അവരെ ഭരിക്കുന്നത്.  ഹോളണ്ടിൽ മൽസ്യബന്ധനക്കാർ പാർക്കുന്ന ഒരു ഗ്രാമത്തിലാണ് സംഭവം.  ഒരു ദിവസം മേഘസംഘർഷവും തുടർന്നു കൊടുങ്കാറ്റും പേമാരിയുമുണ്ടായി. അന്ന് ആരും മൽസ്യബന്ധനത്തിനു പോയില്ല. എന്നാൽ അർധരാത്രിയോട് അടുത്ത സമയത്ത് ഒരു ബോട്ടിൽ നിന്ന് ആപത്‌സൂചനാ സന്ദേശം  നാട്ടുകാരെ നടുക്കി. വേഗത്തിൽ ഒരു രക്ഷാസംഘത്തെ സംഘടിപ്പിച്ച് അവർ ഒരു ബോട്ടിൽ അപകടത്തിൽ അകപ്പെട്ടവരെ തേടി പുറപ്പെട്ടു. അടിച്ചുയരുന്ന തിരമാലകളെയും കോരിച്ചൊരിയുന്ന മഴയെയും ലംഘിച്ച് അവർ അന്വേഷണ യത്നത്തിലായി. ഗ്രാമവാസികൾ കത്തിച്ച വിളക്കുകളുമായി തീരപ്രദേശത്ത് ആകാംക്ഷയോടും ഉത്കണ്ഠയോടും കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, രക്ഷാദൗത്യവുമായി പോയ ബോട്ട് തിരികെ വരുന്നതായി അതിൽ നിന്നുള്ള വെളിച്ചം കണ്ടപ്പോൾ ബോധ്യമായി. കരയ്ക്കിറങ്ങിയപ്പോൾ അപകടത്തിൽപെട്ട ബോട്ടിലെ ഒരാളൊഴിച്ച് എല്ലാവരുമുണ്ടെന്ന് അറിയിച്ചു. ഉപേക്ഷിച്ചിട്ടു പോന്ന ആളിനെപ്പറ്റിയായി ഉത്കണ്ഠ. രക്ഷാദൗത്യവുമായി പോയവർ പറഞ്ഞത് ഒരാൾ കൂടി കയറിയാൽ അവരുടെ ബോട്ട് മുങ്ങിപ്പോകുമെന്ന അവസ്ഥ വന്നതിനാൽ ആ ഒരാളെ വിട്ടിട്ടു പോരേണ്ടി വന്നു എന്നാണ്. എല്ലാവരുടെയും മനസ്സിലെ ആധി ആ വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു. ക്ഷണത്തിൽ ഹാൻസ് എന്ന ഒരു പതിനാറുകാരൻ മുൻപോട്ടു വന്ന് ആ ഒരാളിനു വേണ്ടി അന്വേഷണത്തിനു പുറപ്പെടാൻ ഒരു ടീമിനെ അയാളുടെ നേതൃത്വത്തിൽ സജ്ജമാക്കി. ഹാൻസ് പുറപ്പെടാൻ ഒരുമ്പെട്ടപ്പോൾ അവന്റെ മാതാവ് അവന്റെ കൈയ്ക്കു പിടിച്ചുകൊണ്ട്, ആ സംരംഭത്തിൽ നിന്നു പിന്മാറാൻ കെഞ്ചി അപേക്ഷിച്ചു. മാതാവ് ഹൃദയവേദനയോടെ പറഞ്ഞു: ‘മോനേ, നിന്റെ പിതാവ് കപ്പലപകടത്തിൽ മരിച്ചതു പത്തു വർഷങ്ങൾക്കു മുൻപാണ്. നിന്റെ മൂത്ത സഹോദരൻ പോൾ, സമുദ്രത്തിൽ നഷ്ടപ്പെട്ടിട്ടു മൂന്ന് ആഴ്ചയോളമേ ആയിട്ടുള്ളൂ. ഇനിയും എനിക്ക് ആകെയുള്ളതു നീ മാത്രമാണ്. അതുകൊണ്ടു പൊന്നുമോനേ, നീ പോകരുത്.’ അപ്പോൾ ഹാൻസിന്റെ മറുപടി: ‘പ്രിയ മമ്മീ, എനിക്കു പോയേ മതിയാവൂ. വേറൊരാൾ പോകട്ടെ എന്നു പറഞ്ഞുകൊണ്ട് എല്ലാവരും നിന്നാൽ അപകടത്തിൽപെട്ട ആളിനെ ആരു രക്ഷപ്പെടുത്തും? അതുകൊണ്ടു ഞാൻ പോകുന്നു.’ അവൻ വേഗം ബോട്ടിൽ കയറി. കൂടെയുള്ള മൂന്നുനാലു പേരുമായി യാത്രയായി. ഓർക്കുക; രാത്രിയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. 

എല്ലാവരും ആകാംക്ഷയോടെ തീരത്തു കാത്തിരുന്നു. ഒരു മണിക്കൂറിലധികം കഴിഞ്ഞു. സമയത്തിന്റെ ദൈർഘ്യം അപ്പോഴാണ് ബോധ്യമാകുന്നത്. മൂടൽമഞ്ഞിനിടയിൽ കൂടി വിദൂരതയിൽ ബോട്ടിന്റെ വിളക്ക് കാണാൻ കഴിഞ്ഞു. പിന്നീടു പ്രതീക്ഷാപൂർവം കാത്തിരുന്ന നിമിഷങ്ങൾ! 

ബോട്ട് സമീപമെത്തിയപ്പോൾ തീരത്തു നിന്നിരുന്ന ഗ്രാമവാസികൾ എല്ലാവരും ഒരേ ശബ്ദത്തിൽ ചോദിച്ചത് ഒറ്റപ്പെട്ട ആ വ്യക്തിയെ ലഭിച്ചോ എന്നായിരുന്നു. അപ്പോൾ ഹാൻസ് ഉച്ചത്തിൽ അവന്റെ അമ്മയോടു വിളിച്ചുപറഞ്ഞു: ‘അതേ, മമ്മീ അതു നമ്മുടെ പോൾ ആണ്.’ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. മൂന്നാഴ്ചയായി കടലി‍ൽ പോയി കാണാതായ തന്റെ മൂത്ത മകനെ ഇളയ മകൻ പോയി കണ്ടെത്തി സുരക്ഷിതനായി തിരിച്ചെത്തിച്ചപ്പോൾ, ആ കുടുംബത്തോടൊപ്പം ഗ്രാമവാസികൾ എല്ലാവരും സന്തോഷിച്ചു. 

1. ഈ സംഭവത്തിൽ നിന്നു പല സന്ദേശങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. എന്തെങ്കിലും അടിയന്തരമായി ചെയ്യേണ്ട അവസരം വരുമ്പോൾ മറ്റാരെങ്കിലും അതു ചെയ്യട്ടെ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സ്വഭാവം ഒട്ടും ആശ്വാസ്യമല്ല. ഇതിനെപ്പറ്റി സോക്രട്ടീസ് ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരു റോഡിന്റെ നടുവിൽ ഒരു കല്ല് കിടന്നിരുന്നു. ആറുപേർ അതിൽ തട്ടി വീഴുന്നതു ഞാൻ എണ്ണി. അവരെല്ലാം മണ്ണും പൊടിയും തട്ടി എഴുന്നേറ്റു പോവുകയല്ലാതെ ആ കല്ല് റോഡിൽ നിന്നു മാറ്റുവാൻ ഒരു ശ്രമവും നടത്തിയില്ല. എന്തെങ്കിലും ഉടനടി ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ അതു നിറവേറ്റുക. മറ്റൊരാൾക്കായി വിട്ടിട്ടു പോകരുത്. 

2. പതിനാറു വയസ്സുകാരൻ ഹാൻസിന്റെ ഉൽസാഹവും പ്രവർത്തിപ്പാനുള്ള സന്നദ്ധതയും ശ്ലാഘിക്കപ്പെടേണ്ടതാണ്.  ഉത്കണ്ഠയെയും വിലക്കിനെയും എല്ലാം അതിജീവിച്ചു കൊണ്ട് അപകടത്തിലായവൻ ആരായിരുന്നാലും അയാളെ രക്ഷിക്കണമെന്നുള്ള ദൃഢനിശ്ചയവും പ്രാതികൂല്യങ്ങളെ അതിലംഘിച്ചുള്ള മുന്നേറ്റവും എത്രയും പ്രശംസാർഹമാണ്. ആ ഉദ്യമം എത്ര അനുഗ്രഹപൂർണവും സന്തോഷപ്രദവുമായിരുന്നു എന്നു കാണാതായിരുന്ന സ്വന്തം സഹോദരനെ കണ്ടെത്തിയതിൽ തെളിയുന്നു. ത്യാഗപൂർവമായ തന്റെ ധീരതയ്ക്കുള്ള പ്രതിഫലമായി ഹാൻസ് ആ അനുഭവത്തെ കണക്കാക്കി.

English Summary : Innathe Chintha Vishayam / Reward for Brave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS