മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യത്തിലൂടെ ഒറ്റയ്ക്കൊരു യാത്ര

VENU
വേണു
SHARE

കേരളത്തിൽ പണ്ടൊക്കെ യാത്രയ്ക്ക് വിപണിമൂല്യം കുറവായിരുന്നു. രണ്ടു തലമുറ പിന്നാക്കം പോയാൽ ചെറുകിട യാത്രക്കാരെ കാരണവന്മാർ അപമാനിക്കുന്നതു വരെ കേൾക്കാം. ചിലപ്പോൾ, ‘തേരാപ്പാരാ’ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്, ഒരു കാര്യവുമില്ല’ എന്നാകാം. അതല്ലെങ്കിൽ ‘ദാ, ചന്തയ്ക്കു പോയി‌ട്ടു വരുന്നുണ്ട്, വെറുതെ!’ എന്നാകാം. ‘തേരാപ്പാരാ’ എന്നു പറഞ്ഞാൽ ഒരു ഗുണവുമില്ലാതെ അങ്ങോട്ട്‌, കുറെക്കഴിഞ്ഞ് വെറുതെ ഇങ്ങോട്ട്’ എന്നാണർഥം. ചന്തയ്ക്കു പോയി വരിക എന്നു പറയുന്നത് തെല്ല് ശ്വാനസംബന്ധിയുമാണ്.

അപമാനിക്കുന്ന കാരണവന്മാർ അനുകൂലമായി ചിലതു പറയണമെങ്കിൽ പമ്പ കടന്നാൽ പോരാ. പെ‍രിയാറും കുന്തിപ്പുഴയും കൂരോപ്പുഴയും കടന്നാലും പോരാ. കടൽ തന്നെ കടക്കണം. കടൽ കടന്നു ഗൾഫിലെത്തുന്നവർക്കും  ഇട‌യ്ക്കിടെ ഫോറിൻ മണവുമായി തിരികെ വരുന്നവർക്കും ഡിമാൻഡാണ്. മോഹൻലാലും ശ്രീനിവാസനും തേരാപ്പാരാ നടന്ന ശേഷം ഗഫൂർ കാ ദോസ്ത് ഫെയിം ഉരുവിൽ കയറി ഏറെക്കുറെ അക്കരയെത്തി കുറച്ചു നീന്തി കരപറ്റാൻ ശ്രമിച്ചതിനു പിന്നിൽ കണ്ടത് ഈ പറഞ്ഞ സാഹചര്യങ്ങളുടെ സമ്മർദമാണ്. 

മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും യാത്രയ്ക്കു വിലയുണ്ടാക്കിയത് എസ്.കെ. പൊറ്റക്കാട് എന്ന ഗംഭീര യാത്രക്കാരനാണ്. വെറുതെ നടക്കുന്ന മക്കളെ അപമാനിച്ചു വന്ന കാരണവന്മാരെക്കൊണ്ട് യാത്ര ഇങ്ങനെയായാൽ തെറ്റില്ല എന്ന് ആ മഹാനുഭാവൻ പറയിപ്പിച്ചു. 

ഇന്നാണെങ്കിൽ യാത്രയെ വാമൊഴിയും വരമൊഴിയും ദൃശ്യപ്രസ്ഥാനവുമാക്കി മാറ്റിയ സന്തോഷ് ജോർജ് കുളങ്ങര ഒരു വശത്ത്. ഏതു വഴിക്കുള്ള യാത്രയും തത്സമയം രേഖപ്പെടുത്തി ജീവിതവിജയത്തിനു യത്നിക്കുന്ന ഭാഗ്യാന്വേഷികൾ‌ മറുവശത്ത്. രണ്ടു ദിവസം തരപ്പെട്ടാൽ പരുന്തുംപാറ മുതൽ വയനാടു ചുരം വരെ ചുറ്റിയടിക്കുന്നവർ വേറെ. ഒറ്റയ്ക്കൊരു പായ്ക്കപ്പലിൽ കടലായ കടലുകളിലെ നോട്ടിക്കൽ മൈലുകൾ താണ്ടി ഭൂമിക്കു വലംവയ്ക്കുന്ന ധീരസാഹസികനായ അഭിലാഷ് ടോമിക്കു സലാം.  ടോമി, കഷ്ടിച്ച് ഒരു വള്ളപ്പാട് മുന്നിലുള്ള ദക്ഷിണാഫ്രിക്കക്കാരിയെ തോൽപിച്ച് വേഗം ഫ്രാൻസിന്റെ തീരമണയുക. ത്രിവർണ പതാക പാറിക്കുക!

എന്തായാലും, നമ്മുടേതു യാത്രക്കാരുടെ നാടായിരിക്കുന്നു. കടൽ കടന്നു ഗൾഫിൽ പോകുന്നതു പഴയ സ്റ്റൈൽ. ഇന്ന് യാത്ര യൂറോപ്പിലേക്കും അനുബന്ധ രാജ്യങ്ങളിലേക്കുമായി. പല ഗ്രാമങ്ങളിലും വീടുകൾ ആളില്ലാതെ അന്യംനിൽക്കുന്നു. 

അതൊക്കെ കരപറ്റാനുള്ള യാത്രകൾ.   

കര കണ്ടെത്തിയ യാത്രകളുടേതാകുന്നുവല്ലോ  ചരിത്രം.  ആയുസ്സിന്റെ നല്ല പങ്കും യാത്ര ചെയ്തുകൊണ്ടിരുന്ന മാർക്കോ പോളോ, അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസ്, ഭാരതത്തിന്റെ ജ്ഞാനം തിരഞ്ഞെത്തിയ ഹ്യുയാൻ സാങ്, നമ്മുടെ ഹൃദയങ്ങളിലേക്ക് സാമ്രാജ്യത്വത്തിന്റെ വഴിമരുന്നിട്ട വാസ്കോ ഡി ഗാമ തുടങ്ങി എത്ര മഹായാത്രികർ. 

nagnarum-narabhojikalum

ഒറ്റയ്ക്കുള്ള യാത്ര തിരിച്ചറിവിന്റേതാണെന്നു ചലച്ചിത്രകാരൻ വേണു പറയും. ഏകാന്തയാത്രകളുടെ കഥകൾ അദ്ദേഹം മനോഹരമായി എഴുതുകയും ചെയ്യും. സാഹിത്യ അക്കാദമി അവാർഡ് നേടിയ വേണുവിന്റെ ‘നഗ്നരും നരഭോജികളും’ എന്ന യാത്രാപുസ്തകം എഴുത്തും ചിത്രങ്ങളുംകൊണ്ടു സുന്ദരം.

മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യത്തിലൂടെയായിരുന്നു ഒറ്റയ്ക്കൊരു കാറിലുള്ള യാത്ര. 

ഒറ്റയ്ക്കാണു യാത്രയെങ്കിൽ ജനാധിപത്യത്തിന്റെ വിജയം എളുപ്പമാണ്. ഒന്നിലേറെ പേരുണ്ടെങ്കിൽ യാത്രയ്ക്കൊരു ലീഡർ വേണം. ലീഡറുടെയും ലീഡറല്ലാത്തവരുടെയും അഭിപ്രായങ്ങൾ യോജിക്കണമെന്നില്ല. അങ്ങനെ വന്നാൽ ജനാധിപത്യം ഭീഷണിയിലാകും. യാത്ര ദുഷ്കരമാകും. 

സംസ്കാരങ്ങൾ പടർന്നു പന്തലിക്കുകയും തകർന്നമരുകയും ചെയ്ത നദീതടങ്ങളിലൂടെ, ചോരയും വിയർപ്പുമൊഴുക്കിയ ജനപഥങ്ങൾ ബാക്കിവച്ച അടയാളങ്ങളിലൂടെ, ആദിമജനതയുടെ സങ്കീർണതകളില്ലാത്ത ലഘുജീവിതങ്ങളെ സ്പർശിച്ചായിരുന്നു വേണുവിന്റെ യാത്ര. 

ഏകാന്തയാത്ര തീവ്രാനുഭവമാകുന്നതെങ്ങനെയെന്നു വേണു വിവരിക്കുന്നുണ്ട്. ഒരു പരിചയവുമില്ലാത്തവർ സ്നേഹം പകരും. ഒരു ബന്ധവുമില്ലാത്തവർ കൈപിടിക്കും. ചിലരോട് വിവരിക്കാനാവാത്ത അടുപ്പം തോന്നും. ഒടുവിൽ യാത്ര തീരുമ്പോൾ  പിന്നി‌‌‌‌‌ട്ട വഴികളിലേക്ക് ഗൃഹാതുരത്വത്തോടെ നോക്കാതിരിക്കാനാവില്ല. അപ്പോൾ, വീണ്ടും വരുമെന്നു മനസ്സിൽ പറയും. 

യാത്രയെ അതിരറ്റു പ്രണയിക്കുന്നവർ അങ്ങനെയാണല്ലോ.

 പുസ്തകം ഓർഡർ ചെയ്യാൻ സന്ദർശിക്കുക

Content Summary: Author's Copy - Column on Venu and his book ' Nagnarum Narabhojikalum ' 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS