നേർച്ചപോലെ

thakazhi-akkitham
SHARE

നേർച്ചപോലെ നാൽപതു വർഷം നീണ്ട രചനയോ?

കാവാലം നാരായണപ്പണിക്കർ ഭാഗവത വിവർത്തനം പൂർത്തിയാക്കാനെടുത്തതു നാൽപതു വർഷങ്ങളാണ്. പുലർകാലത്ത് എഴുന്നേൽക്കുന്നതായിരുന്നു ശീലം. രാവിലെ തന്നെ വിവർത്തനം ആരംഭിക്കും. ഒന്നോ രണ്ടോ ശ്ലോകം. അതിനപ്പുറമില്ല.

ഏഴര വർഷത്തെ തുടർ തപസ്യയിലൂടെയാണു മഹാകവി അക്കിത്തം ശ്രീമഹാഭാഗവതം മലയാളത്തിലേക്കു തർജമ ചെയ്തത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് ഉത്തരേന്ത്യയിലേക്കു യാത്ര ചെയ്യുമ്പോൾ തീവണ്ടിയിൽ വച്ചുപോലും തർജമ നടന്നു.

ഒന്നേമുക്കാൽ ലക്ഷം സംസ്കൃത പദ്യങ്ങളിൽ മഹാഭാരതം തയാറാക്കാൻ വ്യാസമുനി മൂന്നു കൊല്ലമെടുത്തു (1095 ദിവസം). കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അതു മലയാളത്തിലാക്കാൻ 874 ദിവസമേ എടുത്തുള്ളൂ. അതും വൃത്താനുവൃത്ത പരിഭാഷ. കേട്ടെഴുതാൻ ആളുകളെ വച്ചു പറഞ്ഞുകൊടുക്കുകയായിരുന്നു കുഞ്ഞിക്കുട്ടൻ തമ്പുരാൻ.

മഹാകവി വള്ളത്തോൾ ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയതു രണ്ടരക്കൊല്ലം കൊണ്ടാണ്. (വാല്മീകീരാമായണം പരിഭാഷപ്പെടുത്തിയതുകൊണ്ടാണു വള്ളത്തോളിനു ചെവികേൾക്കാൻ വയ്യാതായതെന്ന് അന്നു യാഥാസ്ഥിതിക നമ്പൂതിരിമാർ പ്രചരിപ്പിച്ചിരുന്നു. രാമായണം ‘കടന്നു തർജമ ചെയ്തതിന്റെ’ ശിക്ഷയാണത്രേ. (രാമായണവും ഭാരതവും മറ്റും തർജമ ചെയ്യാൻ പാടില്ലാത്ത രചനകളാണെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു).

മൂന്നു തലമുറകളായി തിരുവനന്തപുരത്തു കഴിഞ്ഞിരുന്ന തമിഴ് കുടുംബത്തിൽപ്പെട്ട ടി.രാമലിംഗം പിള്ള ഇംഗ്ലിഷ്– ഇംഗ്ലിഷ്–മലയാളം നിഘണ്ടു തയ്യാറാക്കിയത് മുപ്പത്തഞ്ചു വർഷം കൊണ്ടാണ്.  ഡിസി ബുക്സ് പുസ്തക പ്രസാധനം തുടങ്ങിയത് ഇതിന്റെ പുനഃപ്രസിദ്ധീകരണവുമായാണ്.

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ‘ശ ബ്ദതാരാവലി’ എഴുതിത്തീർത്തത് 22 വർഷം കൊണ്ടാണ്. മുപ്പതോളം വർഷം വേണ്ടിവരുമെന്നും ഇടയ്ക്കുവച്ചു മുടക്കിക്കളയരുതെന്നും കേരളവർമ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. ശ്രീകണ്ഠേശ്വരത്തിന്റെ കാരണവർ പി. ഗോവിന്ദപ്പിള്ള ബിഎ ‘ഇംഗ്ലീഷ് മലയാളം നിഘണ്ടു’ നിർമാണം അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ ഇടയ്ക്കുവച്ച് ഉപേക്ഷിച്ചതുപോലെ സംഭവിക്കരുതെന്നും.

പതിമൂന്നു വർഷം കൊണ്ടാണ് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം എഴുതിയത്.

പത്തുകൊല്ലം കൊണ്ട് എഴുതിയതാണു ജയമോഹന്റെ ‘വിഷ്ണുപുരം’ നോവൽ. ‘ആ നോവൽ തുടങ്ങാൻ ഒരു ആരംഭ വരി എനിക്കു കിട്ടിയില്ല. മനസ്സുകൊണ്ടു തേടിക്കൊണ്ടിരിക്കേ ഒരു വരിയിൽ ഞാൻ തൊട്ടുനിന്നു: ‘എന്റെ കാലുകളുടെ താഴെ.’

‘അത് ഒരുവരി മാത്രമാണെങ്കിലും തമിഴ്നാട്ടിൽ നിൽക്കുമ്പോൾ ആ വരി എന്നെ പ്രകമ്പനം കൊള്ളിക്കും. കാലുകളുടെ താഴെ എന്തൊക്കെയാണ്? എത്ര നാഗരികതകൾ, എത്ര സംസ്കാരങ്ങൾ, എത്ര സാമ്രാജ്യങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട് അവിടെ.’

‘ആറേഴു വർഷം എന്നോടൊപ്പം ജീവിച്ചു വളർന്ന കവിതയാണു കുരുക്ഷേത്രം’ എന്ന് അയ്യപ്പപ്പണിക്കർ എഴുതിയിട്ടുണ്ട്. അൻപതുകളുടെ തുടക്കത്തിൽ എഴുതിത്തുടങ്ങിയ അത് 1957 അവസാനമായപ്പോഴാണു ‘മാതൃഭൂമി’ വാരികയ്ക്ക് അയച്ചുകൊടുത്തത്. എൻ.വി. കൃഷ്ണവാരിയർ പത്രാധിപരായിരുന്ന കാലത്ത് അതു തിരിച്ചയയ്ക്കുന്നതിനു മുൻപ് ഏറെക്കാലം അവിടെ വച്ചുകൊണ്ടിരുന്നതിനാൽ മൂന്നുവർഷം കഴിഞ്ഞാണ് 1960ൽ എൻ.പി. ചെല്ലപ്പൻ നായരും സി.എൻ.ശ്രീകണ്ഠൻ നായരും പത്രാധിപന്മാരായിരുന്ന ‘ദേശബന്ധു’ വാരികയിൽ അതു വെളിച്ചംകണ്ടത്.

‘രണ്ടാമൂഴം’ എഴുതുന്നതിനുള്ള വായനയ്ക്കു വേണ്ടിത്തന്നെ എം.ടി.വാസുദേവൻ നായർ അഞ്ചുവർഷം എടുത്തു, 1977 മുതൽ 1982 വരെ. യുദ്ധശാസ്ത്രങ്ങൾ മുഴുവൻ വിവരിക്കുന്ന യജൂർവേദത്തിന്റെ കോപ്പിക്കുവേണ്ടി അലഞ്ഞ് അവസാനം കിട്ടിയത് ലഹോർ സർവകലാശാലയിൽ നിന്നാണ്.

‘കോഴിക്കോട്ടുവച്ചു വായന മാത്രമേ ഉണ്ടായുള്ളൂ. പുസ്തകങ്ങളിൽ അടയാളമായി സ്ലിപ്പ് വയ്ക്കും. ആദ്യത്തെ എഴുത്തു കൂടല്ലൂരിൽ വച്ചായിരുന്നു. കോഴിക്കോട്ടുനിന്ന് ഒരു ജീപ്പ് നിറയെ പുസ്തകങ്ങളുമായാണു പോയത്. കറന്റൊന്നും എത്താത്ത കാലമാണ്. രാത്രി റാന്തൽ കത്തിച്ച് എഴുതിയിട്ടുണ്ട്. ചിലപ്പോൾ രണ്ടു റാന്തൽ കത്തിച്ചുവയ്ക്കും. നാലുമാസംകൊണ്ടു നോവൽ എഴുതി മുഴുമിപ്പിച്ചു. ചെറുതുരുത്തി ടിബി യിൽ വച്ച് ഇരുപത്തഞ്ചു ദിവസംകൊണ്ടു ഫെയർ എഴുതി,’ എം.ടി. പറയുന്നു.

രണ്ടാമൂഴത്തിന്റെ തിരക്കഥയെഴുതാൻ ഏഴെട്ടു മാസമെടുത്തു.

ഏഴരവർഷം കൊണ്ടാണു തകഴി ‘കയർ’ പൂർത്തിയാക്കിയത്. ഏഴര വർഷവും തുടർച്ചയായി എഴുതിയെന്നല്ല. കയറിന്റെ ഒഴുക്കിനു തടസ്സം വരാതെ മറ്റു രചനകൾ ഇതിനിടെ നടത്തിക്കൊണ്ടിരുന്നു. 

രാഷ്ട്രപതിയുടെ സുവർണമെഡൽ മലയാളത്തിലേക്കു കൊണ്ടുവന്ന ആദ്യ സിനിമ ആവുക മാത്രമല്ല, ഏറ്റവും കൂടുതൽ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട നോവൽ എന്ന ഖ്യാതി നേടുകയും ചെയ്ത ‘ചെമ്മീൻ’ തകഴി എഴുതിയത് ഒരാഴ്ച കൊണ്ടാണ്. എഴുതാമെന്നു പറഞ്ഞു പറ്റിച്ചിട്ടു മാസങ്ങളായപ്പോൾ ഡി.സി.കിഴക്കെമുറി തകഴിയെ കൂട്ടിക്കൊണ്ടുവന്നു കോട്ടയത്തു ശങ്കരമംഗലം മാത്തുക്കുട്ടിയുടെ ‘ബോട്ട് ഹൗസ് ലോഡ്ജി’ൽ ഏതാണ്ടു തടവിലെന്ന പോലെ പാർപ്പിച്ചു ‘ചെമ്മീൻ’ എഴുതിക്കുകയായിരുന്നു.

തകഴി ‘രണ്ടിടങ്ങഴി’ പൂർത്തിയാക്കിയതു പത്തു ദിവസംകൊണ്ടാണ്. എഴുത്ത് ‌ അധികവും രാത്രികളിലായിരുന്നു. വാതിൽപ്പടിയിൽ പുന്നയ്ക്കാവിളക്കു കത്തിച്ചുവച്ച്, പായ വിരിച്ചു തറയിൽ കിടന്നായിരുന്നു അന്നൊക്കെ എഴുതിയിരുന്നത്. കച്ചിക്കടലാസിൽ പെൻസിൽകൊണ്ട്...

രണ്ടുപേർ ചേർന്നെഴുതുന്ന, മലയാളത്തിലെ ആദ്യ നോവലായ ‘അറബിപ്പൊന്ന്’ പതിനൊന്നു ദിവസംകൊണ്ടാണ് എഴുതിത്തീർന്നത്.  എം.ടി.വാസുദേവൻനായരും എൻ.പി.മുഹമ്മദും നോവൽ വീതിച്ചെഴുതുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കു പക്ഷേ, ഏറെനാളെടുത്തു. പൂർണരൂപത്തിൽ ഇരുവരും വായിച്ചു തിരുത്തിയും മാറ്റിയെഴുതിയും അവസാന രൂപത്തിലാക്കി പകർത്തിയെഴുതാൻ ഒരുകൊല്ലം കൂടിയെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAKKOOTTU
SHOW MORE
FROM ONMANORAMA