സർക്കിളച്ചൻ

circle-achan
SHARE

വിദേശികളായ പത്രകൺസൾറ്റന്റുമാർ മലയാളപത്രങ്ങൾ ആദ്യമായി കാണുമ്പോൾ അതിലെ മിക്ക പേജുകളിലെയും ഉള്ളടക്കം ഗണിച്ചെടുക്കുമെങ്കിലും ഒരു പേജിന്റെ മുന്നിൽ അടിയറവു പറഞ്ഞു നിൽക്കും. ചരമവാർത്തകളുടെ പേജാണത്. അവർ അങ്ങനെയൊന്നു കണ്ടിട്ടേയില്ല.

ഇന്ത്യയിലോ വിദേശത്തോ മറ്റൊരു ഭാഷാപത്രത്തിലുമില്ലാത്ത ഒരു സേവനമാണു ചരമപ്പേജ്. പിന്നെ അവർക്കറിയേണ്ടത് ഇതൊരു പരസ്യപ്പേജ് അല്ലേ എന്നാണ്. പരസ്യപ്പേജ് അല്ലെന്നു മാത്രമല്ല, ആ പേജിൽ പരസ്യങ്ങൾ കടന്നുകയറി ചരമത്തിനുള്ള സ്ഥലം കുറഞ്ഞുപോകാതിരിക്കാനായി പല പത്രങ്ങളും ആ പേജിലെ പരസ്യങ്ങൾക്കു മറ്റ് ഉൾപ്പേജുകളെക്കാൾ കൂടിയ നിരക്കു നിശ്ചയിക്കാറുണ്ടെന്നു കൂടി കേൾക്കുമ്പോൾ അവർ അമ്പരക്കും. മുതിർന്ന തലമുറയിലെ മിക്കവരും ചരമപ്പേജുമുതലാണ് അന്നത്തെ പത്രവായന തുടങ്ങുന്നതെന്നു കേൾക്കുമ്പോൾ അവർക്കു വീണ്ടും വിസ്മയം.

കേരളത്തിൽ ഒരു ദിവസം അഞ്ഞൂറിനും അറുന്നൂറിനുമിടയ്ക്ക് ആളുകൾ മരിക്കുന്നുണ്ടെന്നാണ് എന്റെ ഒരു മനക്കണക്ക്. ഇതിൽ അൻപത് അല്ലെങ്കിൽ അറുപതുപേരുടെ ചരമവാർത്തകളും പടങ്ങളും പത്രത്തിന്റെ ഒരു എഡിഷനിൽ വരും. അതിൽ അൻപതും പ്രാദേശികമായി മാത്രം പ്രസിദ്ധീകരിക്കുന്നതാവും. ബാക്കി പത്തെണ്ണമാണ് എല്ലാ എഡിഷനിലും വരിക. ഇതുപോലെ എല്ലാ പ്രാദേശിക എഡിഷനിലെയും അൻപതു ചരമങ്ങൾ ചേർക്കുമ്പോൾത്തന്നെ അഞ്ഞൂറാകും.

ചരമപ്പേജിലെയും ചരമവാർഷിക പരസ്യപ്പേജിലെയും ചില ചിത്രങ്ങൾ നമ്മോടു സംസാരിക്കാറുണ്ട്, കഥകൾ പറയാറുണ്ട്. ഗൾഫിൽ പത്രപ്രവർത്തകനായിരുന്ന റാന്നി സ്വദേശി പി.ജെ. ഏബ്രഹാമിന്റെ ചരമവാർഷികപ്പരസ്യം പത്തിരുപത്തഞ്ചു വർഷം പത്രങ്ങളിൽ വന്നിരുന്നു. ഓരോ വർഷവും ആ പടം ഡാറ കപ്പലപകടത്തെപ്പറ്റി എന്നോടു പറഞ്ഞുകൊണ്ടിരുന്നു. ഡാറ കപ്പലപകടത്തിലാണ് മറ്റ് ഒട്ടേറെ മലയാളികൾക്കൊപ്പം ഏബ്രഹാമും കുടുംബവും മരിച്ചത്. ഇങ്ങനെ കഥപറയുന്ന എത്രയോ പടങ്ങൾ.

ഏതാനും വർഷം മുൻപു മധ്യതിരുവിതാംകൂറിലെ ഒരു ചരമവാർത്തയും പടവും ഇതുപോലെ എന്നോടു കഥ പറഞ്ഞു. വർഷങ്ങൾക്കു മുൻപു പള്ളിയുമായുള്ള എന്തോ തർക്കം കാരണം തന്റെ ശവസംസ്കാരം പള്ളിയിൽ നടത്തേണ്ടെന്നു പറഞ്ഞു‌ വീട്ടിൽ തനിക്കുവേണ്ടി ഒരു ശവക്കല്ലറ പണിതു വച്ചയാളാണ് ഈ കക്ഷി എന്നു‌ മനസ്സ് എന്നോടു പറഞ്ഞു. വീട്ടിൽ ഇങ്ങനെ കല്ലറ പണിതു കാത്തിരുന്ന ആദ്യത്തെ ക്രിസ്ത്യാനിയാണദ്ദേഹം. സംസ്കാരത്തെപ്പറ്റി വാർത്തയിൽ ഒന്നും പറയുന്നില്ല. മക്കളിൽ ചിലർ വിദേശത്താകയാൽ സംസ്കാരം പിന്നീട് എന്നു മാത്രമേ വാർത്തയിലുള്ളൂ.

ആ സ്ഥലത്തെ പുതിയ ലേഖകനെ വിളിച്ച് ഈ കല്ലറക്കഥയൊക്കെ ഞാൻ പറയുകയും സംസ്കാരം ആ കല്ലറയിൽത്തന്നെയാണോ എന്നന്വേഷിച്ച് ഈ കല്ലറക്കഥ എഴുതാൻ പറയുകയും ചെയ്തു.

വൈകുന്നേരം ആ ലേഖകൻ തിരിച്ചുവിളിച്ചു. അദ്ദേഹവും പള്ളിയുമാ‌യുള്ള തർക്കങ്ങളൊക്കെ വർഷങ്ങൾക്കുമുൻപു പരിഹരിച്ചതിനാൽ പള്ളിയിൽത്തന്നെയാണ് സംസ്കാരമെന്നും ഇനി ആ കല്ലറക്കഥയെഴുതി ദ്രോഹിക്കരുതെന്നു കുടുംബാംഗങ്ങൾ അഭ്യർഥിക്കുന്നുവെന്നും ലേഖകൻ പറഞ്ഞു. ആ മരണവീടിനു കൂടുതൽ വേദന നൽകരുതല്ലോ എന്നു കരുതി ഞങ്ങൾ ആ കല്ലറക്കഥ‌ കുഴിച്ചുമൂടി.

ഇതുപോലെ കഴിഞ്ഞയാഴ്ചത്തെ ചരമപ്പേജിലെ ഒരു ചിത്രം എന്നോടൊരു പഴയകഥ പറഞ്ഞു.

ഞാൻ മനോരമയുടെ കൊച്ചി ഓഫിസിൽ ജോലിചെയ്യുന്ന കാലത്തായിരുന്നു സംഭവം. എന്റെ സഹോദരീ ഭർത്താവിന്റെ അമ്മ കായംകുളത്തു നിര്യാതയാകുന്നു. പള്ളിയിലെ ശവസംസ്കാരച്ചടങ്ങിനു മാത്രമല്ല, നാൽപതാം ദിവസത്തെ ഓർമച്ചടങ്ങിനും ഞാൻ ആദ്യവസാനക്കാരനായി ഉണ്ടായിരുന്നു.

ഓർമദിവസത്തെ ചടങ്ങിനെത്തിയ വൈദികരിലൊരാളെ കണ്ടപ്പോൾ എനിക്കു നേരിയൊരു മുഖപരിചയം പോലെ തോന്നി. അദ്ദേഹം എന്നെ നോക്കി ഒന്നു മന്ദഹസിക്കുകകൂടി ചെയ്തപ്പോൾ സംശയം ബലപ്പെട്ടു.

പിന്നീട് ആ ശുശ്രൂഷ സമയത്തു മുഴുവൻ എന്റെ ചിന്ത ഇതായിരുന്നു. ഈ അച്ചനെ ഞാൻ മുൻപ് എവിടെയാണു കണ്ടിട്ടുള്ളത്?

ഓർമയുടെ ഒളിച്ചുകളിക്ക് ഒരു പ്രത്യേകതയുണ്ട്. മറഞ്ഞുനിൽക്കുന്ന ഓർമ, എത്ര ശ്രമിച്ചാലും അപ്പോൾ പുറത്തുവരില്ല. ചിലപ്പോൾ പിറ്റേന്നൊക്കെയായിരിക്കും അപ്രതീക്ഷിതമായി തിരിച്ചുവരിക.

ഞാനങ്ങനെ സുല്ലിട്ടുനിൽക്കുമ്പോൾ ശുശ്രൂഷ കഴിഞ്ഞു. കാപ്പി സൽക്കാരത്തിന്റെ സമയമായി.

വൈദികർക്കു കൈകഴുകാൻ കിണ്ടിയിൽനിന്നു വെള്ളം ഒഴിച്ചുകൊടുക്കാൻ ഞാൻ മുൻപിൽ നിന്നു. നമ്മുടെ കഥാനായകൻ അച്ചൻ കൈകഴുകിയ ശേഷം എന്നെ നോക്കിപ്പറഞ്ഞു: വയർ അൽപം കൂടിയിട്ടുണ്ട്.

ഇത്ര അടുപ്പമോ? ഞാൻ അച്ചനെ ദയനീയമായി നോക്കി. അദ്ദേഹം പറഞ്ഞു:

–മനസ്സിലായില്ല, അല്ലേ?

–മനസ്സിലായി വരുന്നു. അൽപസമയം കൂടി കിട്ടിയാൽ...

–ഞാൻ ആലുവ സ്പെഷൽ ബ്രാഞ്ചിലുണ്ടായിരുന്ന ചാക്കോച്ചൻ. റിട്ടയർ  ചെയ്ത ശേഷം ഞാൻ ദൈവവേല തിരഞ്ഞെടുക്കുകയായിരുന്നു.

ദൈവമേ! ചുമ്മാതല്ല എനിക്കു തിരിച്ചറിയാൻ കഴിയാതെ പോയത്. എന്റെ സഹോദരീ ഭർത്താവിന്റെ അടുത്ത സുഹൃത്ത്. സ്പെഷൽ ബ്രാഞ്ചിലായിരുന്നപ്പോൾ പല രഹസ്യവിവരങ്ങളും കിട്ടാൻ ഞാൻ അദ്ദേഹത്തെ വിളിക്കുമായിരുന്നു. ചില രഹസ്യവിവരങ്ങൾ കിട്ടാൻ അദ്ദേഹം എന്നെയും.

‘‘എന്റെ ചാക്കോച്ചാ, അല്ല, ചാക്കോച്ചനച്ചാ, സ്പെഷൽ ബ്രാഞ്ചിലായിരുന്നപ്പോൾ ഈ കുപ്പായമുണ്ടായിരുന്നെങ്കിൽ താങ്കൾക്ക് എവിടെയും പ്രവേശനം ഉറപ്പായിരുന്നല്ലോ’’ എന്നു ഞാൻ പറഞ്ഞു.

അച്ചനായതിനുശേഷം നാട്ടുകാർ അദ്ദേഹത്തെ ‘സർക്കിളച്ചൻ’ എന്നുവിളിച്ചു തുടങ്ങി. ഞങ്ങളുടെ റാന്നി ലേഖകൻ പിന്നീട് ‘സർക്കിളച്ചൻ’ എന്ന പേരിൽ അദ്ദേഹത്തെ മനോരമയിൽ അവതരിപ്പിച്ചു. മുപ്പത്തഞ്ചു വർഷം മുൻപു മനോരമയുടെ എല്ലാ പതിപ്പുകളിലും ആ വ്യത്യസ്ത ഫീച്ചർ പ്രത്യക്ഷപ്പെട്ടു.

ആ വൈദികൻ പിന്നീടു യാക്കോബായ സഭയുടെ തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറിയായി. കോർ എപ്പിസ്കോപ്പയായി: ടി.വി. തോമസ് കോർ എപ്പിസ്കോപ്പ (91). അദ്ദേഹമാണ് കഴിഞ്ഞയാഴ്ച ചരമപ്പേജിൽനിന്ന് എന്നെ നോക്കി ചിരിച്ചതും കഥപറഞ്ഞതും.

അദ്ദേഹത്തിന്റെ കുടുംബവീടു സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേർ പെട്ടെന്നാരും മറക്കാനിടയില്ല: മാന്തുക, ആ പേരിൽ വശംകെട്ട നാട്ടുകാർ പേരുപരിഷ്കരിച്ച് മാന്തളിർ എന്നാക്കി. ബന്യാമിന്റെ പ്രശസ്തമായ നോവലിലെ മാന്തളിർ പള്ളി ഇവിടെയാണ്.

പക്ഷേ ഇന്നും ഒട്ടേറെപ്പേർ ആ സ്ഥലത്തെ മാന്തുക തന്നെ ചെയ്തുകൊണ്ടിരിക്കുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAKKOOTTU
SHOW MORE
FROM ONMANORAMA