രണ്ടു തലമുറകളായി കേരളത്തിന്റെ പഠിത്തവീടായിരുന്നു അത്. ആദ്യം അത് എൻ. ശേഖരപിള്ളയുടെ വീടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഗോവിന്ദൻ എസ്. തമ്പിയുടെയും. അറിവിന്റെ അവസാന വാക്കായിരുന്നു ശേഖരപിള്ള. സംസ്ഥാനത്തിന്റെ പബ്ലിക് റിലേഷൻസ് സയറക്ടർ. മുഖ്യമന്ത്രി സി. കേശവന്റെ പ്രൈവറ്റ് സെക്രട്ടറി.
അന്നു തിരു– കൊച്ചിയിലെ വലിയ നേതാക്കൾക്കു പ്രധാന പരിപാടികൾക്കുള്ള പ്രസംഗം എഴുതിക്കൊടുക്കുന്നതു ശേഖരപിള്ളയായിരുന്നു. ഇംഗ്ലിഷിലായാലും മലയാളത്തിലായാലും അവയെല്ലാം വിജ്ഞപ്തി പ്രസംഗങ്ങളായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ അഭിഭാഷകരിലൊരാളായ എടാമടം അച്യുതൻപിള്ള (എടവാമഠം ആണ് ശരി എന്നു ഗോവിന്ദൻ എസ്. തമ്പി പറയും) ഒരു ഇംഗ്ലിഷ് പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ gamut എന്ന പരിചയമില്ലാത്ത വാക്കിൽ കണ്ണ് ഉടക്കിനിന്നു. അർഥവ്യാപ്തി എന്ന് നിഘണ്ടുവിൽ കൊടുത്തിരുന്ന അർഥത്തിൽ തൃപ്തനാകാതിരുന്ന എടാമഠം ഒരാളെ ശേഖരപിള്ളയുടെ അടുത്തേക്കു വിട്ടു. അയാൾ മടങ്ങിവരുന്നതുവരെ അദ്ദേഹം പുസ്തകം അടച്ചുവച്ച് കാത്തിരുന്നു.
കഴിഞ്ഞ എത്രയോ വർഷങ്ങളായി പത്രത്തിൽ ഒരു തെറ്റു കണ്ടാൽ എന്നെ ആദ്യം വിളിക്കുന്നയാൾ ഗോവിന്ദൻ എസ്. തമ്പി ആയിരുന്നു. അത് ഒരു സ്ഥലത്തിന്റെയോ പേരിന്റെയോ ഉച്ചാരണത്തിൽ വന്ന തെറ്റാവാം. ഒരാളുടെ ഇനീഷ്യൽ മാറിപ്പോയതാവാം. ക്ഷമിക്കാൻ വയ്യാത്ത ഒരു അക്ഷരത്തെറ്റാവാം. തെറ്റാവരമുള്ള തമ്പിസാറിന്റെ ഫോൺ വന്നിരിക്കും.
എഴുപത്തെട്ടാം വയസ്സിലും ഓർമശക്തിയിൽ നമ്മെ അതിശയിപ്പിക്കുമായിരുന്നു തമ്പിസാർ. ഒരിക്കൽ കണ്ടതും കേട്ടതും വായിച്ചതുമൊക്കെ ആ മനസ്സിന്റെ ഒപ്പുതാളിൽ സുരക്ഷിതമായിരുന്നു. എത്രയോ കവിതകൾ പൂർണമായി അദ്ദേഹം മനസ്സിൽ കൊണ്ടുനടന്നു. കസ്റ്റംസിൽ ജോലി ചെയ്തിരുന്ന കാലത്ത് വീട്ടിൽനിന്നു പുറപ്പെടുമ്പോൾ തുടങ്ങുന്ന ‘ചിന്താവിഷ്ടയായ സീത’ മുഴുവൻ ചൊല്ലിത്തീർന്നാലും ഓഫിസിലെത്താൻ കഴിയാത്ത ട്രാഫിക് ബ്ലോക്കിനെപ്പറ്റി അദ്ദേഹം പറയാറുണ്ട്. ടഗോറിന്റെ ഗീതാഞ്ജലി എൻ. ഗോപാലപിള്ള സംസ്കൃതത്തിലേക്കു മൊഴിമാറ്റം നടത്തിയതു മുഴുവൻ ഓർമയിൽനിന്നു നമ്മെ ചൊല്ലിക്കേൾപ്പിക്കും. കാളിദാസനെ ആറ്റൂരും ഏആറും ഭാഷാന്തരം ചെയ്തതിലെ വ്യത്യാസങ്ങളെപ്പറ്റി അദ്ദേഹം സരസമായി സംസാരിക്കും.
തമ്പി മലയാള മനോരമ പത്രത്തിൽ പംക്തി എഴുതിത്തുടങ്ങിയപ്പോൾ, തന്റെ കൂടെ പഠിച്ച തമ്പി തന്നെയാണോ ഇതെന്നു കണ്ടുപിടിക്കാൻ മനോരമയുടെ മുൻ വർക്കല ലേഖകൻ ദേവരാജൻ അദ്ദേഹത്തിന്റെ നമ്പർ കണ്ടുപിടിച്ചു വിളിച്ചു. ആ സംഭാഷണം ഇങ്ങനെയായിരുന്നു.
– യൂണിവേഴ്സിറ്റി കോളജിലാണോ പഠിച്ചത്?
അതെ.
– 1956–58 വർഷങ്ങളിൽ അവിടെ ഉണ്ടായിരുന്നോ?
ഉവ്വ്.
– ഡി. ബാച്ചിൽ ആയിരുന്നോ?
– അതെ, എന്റെ നമ്പർ 264. ഇനി കൂടുതൽ പറയുംമുൻപു താങ്കളുടെ പേരു പറയൂ. ഞാൻ ഓർമിച്ചുനോക്കട്ടെ.
– ദേവരാജൻ
– നിങ്ങൾ ജി. വിവേകാനന്ദന്റെ സഹോദരൻ ജി. ദേവരാജൻ. ഞാൻ നിങ്ങളെ വിളിച്ചിരുന്നത് ‘കള്ളിച്ചെല്ലമ്മ’യുടെ ചിറ്റപ്പൻ എന്നാണ്.
– താങ്കൾക്കു ഭയങ്കര ഓർമയാണല്ലോ!
– ഇന്റർമീഡിയറ്റ് കോളജിൽ നടന്ന ഫാൻസിഡ്രസിൽ നിങ്ങൾ കാട്ടാളന്റെ വേഷം ഇട്ടിരുന്നു.
ഇത്രയും കേട്ടപ്പോഴേക്ക് ദേവരാജൻ ആയുധം വച്ചു കീഴടങ്ങി.
ഏതു വിഷയത്തെപ്പറ്റിയും മറ്റാർക്കുമില്ലാത്ത അറിവ് തമ്പിക്കുണ്ടായിരുന്നു. പട്യാല മഹാരാജാവിന്റെ പതാകയിൽ സിംഹവും കുതിരയും വന്നതെങ്ങനെയെന്നു ചോദിച്ചാൽ, ആദ്യം സിംഹവും കുതിരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ ആനയും വന്നു. ഒരു വിവാഹബന്ധത്തിന്റെ ഭാഗമായാണ് ആന വന്നത് എന്നു പറഞ്ഞുതുടങ്ങി ഇന്ത്യയിലെ പ്രധാന രാജകുടുംബങ്ങളുടെ പതാകകളുടെ ചരിത്രത്തിലേക്കു പോകും അദ്ദേഹം.
ഇന്നത്തെ ക്രിക്കറ്റ് ചരിത്രകാരന്മാരിൽ മിക്കവരെക്കാളും അറിവ് ക്രിക്കറ്റിൽ അദ്ദേഹത്തിനുണ്ടായിരുന്നു. സെലക്ടർമാർ കാണിച്ച അനീതികളെപ്പറ്റി, ക്രിക്കറ്റ് ബാറ്റുകളെപ്പറ്റി, പന്തുകളെപ്പറ്റി പറഞ്ഞുവരുമ്പോൾ മീററ്റിൽ പന്തുണ്ടാക്കുന്നവർക്കു വരുന്ന ത്വഗ്‍രോഗത്തെപ്പറ്റിയും അദ്ദേഹം നമുക്ക് അറിവു പകരും.
സ്വതന്ത്ര ഭാരതത്തിൽ കസ്റ്റംസ് സർവീസിൽ പ്രവേശിച്ച ആദ്യ മലയാളി ഓഫിസറായ തമ്പിക്ക് ഇന്ത്യയിലെ വിവിധ സർവീസുകളിൽ ആദ്യം എത്തിയ മലയാളികളുടെയെല്ലാം പേരുകൾ നിശ്ചയമുണ്ടായിരുന്നു.
കസ്റ്റംസിലായിരുന്നപ്പോൾ ഒരു പേടിസ്വപ്നമായിരുന്നു തമ്പി. നികുതിവെട്ടിപ്പുകാരോട് ഒരു ദാക്ഷിണ്യവും അദ്ദേഹം കാട്ടിയില്ല.
ഇന്ത്യയിൽ ആദ്യമായി സെയിൽസ് ടാക്സ് ഏർപ്പെടുത്തിയതിന്റെ പിന്നിൽ മലയാളിയായ ഡോ. പി.ജെ. തോമസായിരുന്നുവെന്ന് നമുക്കറിയാം. പക്ഷേ, പലർക്കും അറിയാത്തത് ഇന്ന് ഇന്ത്യാഗവൺമെന്റിന്റെ ഒരു പ്രധാന വരുമാന മാർഗമായ സേവനനികുതിയുടെ ശിൽപി തമ്പിസാറാണെന്നതാണ്.
ആ ശുപാർശ കുറെക്കാലം അവഗണിക്കപ്പെട്ടു കിടന്നു. ഒടുവിൽ പി. ചിദംബരം ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് സർവീസ് ടാക്സ് ഏർപ്പെടുത്തിയത്.
ഇത്ര വലിയ സിദ്ധികളുള്ള തമ്പിസാറിനെ കേരളം വേണ്ടത്ര തിരിച്ചറിയുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ലല്ലോ എന്ന സങ്കടമാണ് ബാക്കി നിൽക്കുന്നത്. അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാൻ പത്രാധിപന്മാരോ പുസ്തക പ്രസാധകരോ മുന്നോട്ടു വന്നില്ല. കഴിഞ്ഞയാഴ്ച കടന്നു പോയപ്പോൾ മിക്ക പത്രങ്ങളും സാദാ ചരമകോളത്തിലല്ലേ അദ്ദേഹത്തെ അടക്കിയത് !