പേരിനിമ്പം

HIGHLIGHTS
  • രണ്ടു പുസ്തകങ്ങൾ ഒരേ പേരിലിറങ്ങിയ ഒട്ടേറെ അവസരങ്ങളുണ്ട്.
  • പിന്നീടൊരിക്കൽ എംടിക്ക് തന്റെ നോവലിന്റെ, പേര് കൈമോശം വന്നു
kadhakkoottu-book-titles
SHARE

എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലേ എഴുതാവൂ എന്നു ശഠിച്ചിരുന്ന കണ്ടത്തിൽ വറുഗീസുമാപ്പിള ഒരു ആട്ടക്കഥയെഴുതിയപ്പോൾ അതിന് ‘ദർപ്പവിഛേദനം അഥവാ യദുകുലരാഘവം’ എന്നു പേരിട്ടതെന്തുകൊണ്ടാണ് എന്നു ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. ആ ഇരട്ടപ്പേരിന്റെ രണ്ടാം ഭാഗത്തിനു മാത്രമാണ് അൽപം മയം.

പണ്ടുകാലത്ത് മിക്ക പേരുകളുടെയും നടുവിൽ അഥവാ എന്നൊരു വിജാവരി വച്ച് അവ ഇരട്ടപ്പേരുകളാക്കിയിരുന്നു. നമ്മുടെ തലമുറയിൽ ജീവിച്ച്, രചനകൾക്കൊക്കെ നല്ല പേരുകൾ നൽകിയ കാമ്പിശ്ശേരി  കരുണാകരൻ പോലും ആദ്യ നാടകത്തിന് ‘ഭ്രാന്തന്റെ പരമാർഥം അഥവാ വൈതരണി’ എന്നാണു പേരിട്ടത്.

ആട്ടക്കഥയുടെ കാര്യത്തിലെന്നപോലെ അർഥം മനസ്സിലാകാൻ നിഘണ്ടു തേടിപ്പോകേണ്ട പേരുകൾ ഇക്കാലത്തും ഉണ്ടാകുന്നുണ്ട്. എൻ. കുഞ്ചുപിള്ളയുടെ ഏക കവിതാസമാഹാരത്തിന്റെ പേർ ആത്മഹവ്യം എന്നാണ്. ആത്മപൂജ എന്നാണ് അർഥമെന്നറിയുന്നവർ ഭാഗ്യവാന്മാർ.

സി.പി. രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ്. മണിയെപ്പറ്റി പത്രപ്രവർത്തകനായ ജി. യദുകുലകുമാർ എഴുതിയ പുസ്തകം ഡിസി ബുക്സിനു കൈമാറും മുൻപ് അദ്ദേഹം സുഹൃത്തായ ബാലരമ പത്രാധിപർ എൻ.എം.മോഹനനു വായിക്കാൻ കൊടുത്തു. ദാർശനികസൗന്ദര്യമുള്ളതായിരുന്നു പുസ്തകത്തിന്റെ പേര്. ‘അസിധാര’മോഹനനും ഡി.സി. കിഴക്കെമുറിയും കൂടി അതു വെട്ടി സർ സി.പി. യെ വെട്ടിയ കെ.സി.എസ്. മണി എന്നാക്കി. അതു കാരണം രണ്ടു മാസത്തിത്തിനുള്ളിൽ രണ്ടാം പതിപ്പിറങ്ങി.

ഇഎംഎസ് ചില പുസ്തകങ്ങൾക്കു പേരിട്ടത് വിചിത്രമായ രീതിയിലാണ്. കേരള സംസ്ഥാന രൂപീകരണത്തിന് അനുകൂലമായി കൊച്ചി മഹാരാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചത് കമ്യൂണിസ്റ്റുകാർക്ക് ഇഷ്ടമായില്ല; കേരളം ഒരൊറ്റ ഭരണത്തിലാകണമെന്നു തന്നെയായിരുന്നു അവരുടെ കാഴ്ചപ്പാടെങ്കിലും വൈസ്രോയിക്കും ഗവർണർക്കും റസിഡന്റിനുമാണ് അധികാരമെന്നിരിക്കെ ഒരു പദവിയിൽ വെറുതെ ഇരുത്തിയിരിക്കുന്ന ഈ പരാധീനൻ ഇങ്ങനെ കൽപനയിറക്കിയതിനെ വിമർശിച്ച് ഇഎംഎസ് എഴുതിയ പുസ്തകത്തിന്റെ പേര്: ‘കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടിഷ് കമ്മട്ടത്തിലിറക്കിയ കള്ളനാണയം.’

തലക്കെട്ടു വായിച്ചു കഴിഞ്ഞാൽപ്പിന്നെ ഉള്ളടക്കമറിയാൻ പുസ്തകം വായിക്കണമെന്നില്ല!

ഫാ. ജോസഫ് വടക്കന്റെ ജന്മശതാബ്ദി നമ്മൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ അച്ചന്റെ ഒരു പുസ്തകത്തിന്റെ പേർ ഓർമവരുന്നു. കോഴിക്കോട്ട് മെട്രിക്കുലേഷനു പഠിക്കുമ്പോൾ അൽപം പണമുണ്ടാക്കാൻ വേണ്ടി ‘സേവനവിജയം’ എന്നോ ‘പ്രേമവിജയം’ എന്നോ പേരുള്ള നാടകവുമായി അച്ചൻ കെആർ ബ്രദേഴ്സിനെ സമീപിച്ചു. മുൻപ്  അവർ അച്ചന്റെ ഒരു കൃതി പ്രസിദ്ധീകരിച്ചതിനാൽ മുഖപരിചയമുണ്ടായിരുന്നു. പുതിയ കൈയെഴുത്തുപ്രതി തിരിച്ചും മറിച്ചും നോക്കിയ മാനേജർ അച്ചടിക്കടലാസ് കിട്ടാത്തതുകൊണ്ടു പുതിയ പുസ്തകങ്ങൾ എടുക്കുന്നില്ല എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.

കാശിനു ബുദ്ധിമുട്ടുള്ളതിനാൽ അച്ചൻ ഒരു വളഞ്ഞ വഴി കണ്ടെത്തി. പുതിയൊരു പുറംചട്ടയുണ്ടാക്കി തലക്കെട്ട് ‘ആസാം മലയിലെ ആലിംഗനം’ എന്നാക്കി വീണ്ടും കെആർ ബ്രദേഴ്സിൽ സമർപ്പിച്ചു. പേരിൽ ആകൃഷ്ടനായ മാനേജർ അപ്പോൾത്തന്നെ അഡ്വാൻസായി 50 രൂപ നൽകി.

രണ്ടു പുസ്തകങ്ങൾ ഒരേ പേരിലിറങ്ങിയ ഒട്ടേറെ അവസരങ്ങളുണ്ട്.

വൈക്കം ചന്ദ്രശേഖരൻ നായർ എഴുതി 1972 ൽ കെപിഎസി അവതരിപ്പിച്ച നാടകമാണ് ‘ഉദ്യോഗപർവം.’ തോട്ടം രാജശേഖരൻ അതു തന്റെ സർവീസ് സ്റ്റോറിയുടെ പേരാക്കി.

ചെമ്മനം ചാക്കോ ‘നെല്ല്’ എന്ന പേരിൽ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചശേഷമാണ് പി.വത്സല ‘നെല്ല്’ എന്ന നോവലുമായി വന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സി.ജെ. തോമസ് എഴുതിയ നാടകമാണ് ‘വിഷവൃക്ഷം’. മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ നോവലിന്റെ പേരും അതുതന്നെ.

മരണത്തെ മുഖ്യകഥാപാത്രമാക്കി മറ്റൊരു വീക്ഷണത്തിൽ ‘വിഷവൃക്ഷം’ മാറ്റിയെഴുതാൻ പോവുകയാണെന്നു മരിക്കുന്നതിന് ഏതാനും നാൾ മുൻപ് സിജെ തനിക്ക് എഴുതിയിരുന്നതായി എം. ഗോവിന്ദൻ പറയുന്നുണ്ട്.

എം.ടി. വാസുദേവൻ നായർക്കും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്കും തങ്ങളുടെ ഓരോ നോവലിന്റെ പേര് കൈമോശം വന്നിട്ടുണ്ട്. ചൊവ്വല്ലൂരിന്റെ നോവലിന്റെ പേരായിരുന്നു നിർമാല്യം. ക്ഷേത്രജീവിതവുമായി ബന്ധപ്പെട്ട ഒരു ചലച്ചിത്രം എടുത്തപ്പോൾ എംടി ആ പേരങ്ങെടുത്തു. കഥ, എംടിയുടെ തന്നെ. 

പിന്നീടൊരിക്കൽ എംടിക്ക് തന്റെ നോവലിന്റെ, പേര് കൈമോശം വന്നു. ‘വാനപ്രസ്ഥം’ സിനിമയാക്കാൻ ശോഭന പരമേശ്വരൻ നായരും എംടിയും കൂടി ആലോചിക്കുമ്പോഴാണ് മറ്റൊരു കഥ ‘വാനപ്രസ്ഥം’ എന്ന പേരിൽ ഷാജി എൻ. കരുൺ ചലച്ചിത്രമാക്കിയത്.

കേരളത്തിലിപ്പോൾ പൊലീസിലൊഴികെ എവിടെയും നിയമനം കിട്ടുന്ന ഡിജിപി ഡോ. ജേക്കബ് തോമസിന്റെ ആത്മകഥയുടെ പേര് ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ അമേരിക്കയിൽ പുറത്തുവന്ന മാനേജ്മെന്റ് പുസ്തകത്തിന്റ പേരു തന്നെ സ്വീകരിക്കാമായിരുന്നെന്ന് അദ്ദേഹത്തിനിപ്പോൾ തോന്നുന്നുണ്ടാവും. ആ പുസ്തകത്തിന്റെ പേര്: ണ്ണഗ്നന്ദ ന്ധഗ്ന ന്ഥന്ദദ്ധണ്ഡ ന്ദദ്ധന്ധ ന്ഥന്റത്സkന്ഥ ന്ദദ്ധന്ധഗ്നഗ്മന്ധ ൹ന്റന്ധ൹n ന്റ₨ദ്ധത്മ൹? (ജീവനോടെ അകത്താവാതെ സ്രാവുകൾക്കൊപ്പം നീന്തുന്നതെങ്ങനെ?).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA