ഓംകാരം

HIGHLIGHTS
  • റിട്ടയർമെന്റ് ഇല്ലാത്ത ഒരാളുടെ കഥ
  • ആശ്രമത്തിൽ താമസിച്ചിട്ടും സന്യാസിയാകാതെ രക്ഷപ്പെട്ടു
Kadhakkottu
സ്വദേശാഭിമാനി, ആഗമാനന്ദ സ്വാമികൾ,ഓം ചേരി
SHARE

റിട്ടയർമെന്റ് ഇല്ലാത്ത ഒരാളുടെ കഥയാണിത്. ഏഴു പതിറ്റാണ്ടോളമായി ഡൽഹിയിലിരുന്നുകൊണ്ട് കേരളത്തിൽ ജീവിച്ച ഓംചേരി എൻ.എൻ പിള്ളയുടെ കഥ. ഒരു ജ്യോത്സ്യൻ പണ്ടേ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്, ‘‘നിങ്ങൾക്കു റിട്ടയർമെന്റ് ഇല്ല. ഓരോയിടത്ത് മാറി മാറി ജോലി ചെയ്തുകൊണ്ടിരിക്കും.’’ 

പത്രപ്രവർത്തകനായിരുന്ന ശേഷം ഇരുപത്താറാം വയസ്സിൽ ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽനിന്ന് അറുപത്തഞ്ചാം വയസ്സിൽ റിട്ടയർ ചെയ്ത അന്നുതന്നെ ഡൽഹിയിൽ ഭാരതീയ വിദ്യാഭവനിൽ ചേർന്നു. വിദ്യാഭവൻ പ്രിൻസിപ്പലും ഡയറക്ടറുമായി  തൊണ്ണൂറ്റഞ്ചാം വയസ്സിൽ റിട്ടയർ ചെയ്തെങ്കിലും സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങുകയാണദ്ദേഹം. 

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഓംചേരിയുടെ പേരിൽ ഓം വരുമായിരുന്നില്ല. ഓഞ്ചേരി എന്നായിരുന്നു വീട്ടുപേർ. പിതാവ് പി. നാരായണപിള്ളയുടെ സുഹൃത്തായിരുന്ന സ്വദേശാഭിമാനി. കത്തുകളിലെല്ലാം വീട്ടുപേർ മന്ത്രമധുരമായ ഓംചേരി എന്നാക്കി. എൻ. എൻ. പിള്ള ആ വീട്ടുപേരിനെ വാരിപ്പുതയ്ക്കുകയായിരുന്നു.

ആശ്രമത്തിൽ താമസിച്ചിട്ടും സന്യാസിയാകാതെ രക്ഷപ്പെട്ടു. ആഗമാനന്ദസ്വാമികൾ ആശ്രമത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഇങ്ങനെയാണ്: ‘‘അങ്കമാലിയിൽ ബസിറങ്ങി നടന്നാണ് കാലടിയിലേക്കു വരേണ്ടത്. ആശ്രമം ഒട്ടും പ്രശസ്തമല്ലാത്തതിനാൽ ആളുകൾ വഴി പറഞ്ഞുതന്നില്ലെന്നു വരാം. എന്നാൽ വളരെ പ്രശസ്തമായ ഒരു സ്ഥാപനം സമീപത്തുതന്നെയുണ്ട്: കാലടി കള്ളുഷാപ്പ്. അത് അന്വേഷിച്ചാൽ കൃത്യമായി വഴി പറഞ്ഞുതരും.’’

അന്ന് ആശ്രമത്തിൽ കൂടെയുണ്ടായിരുന്നവരിൽ ആധ്യാത്മിക ശ്ലോകങ്ങൾ മനഃപാഠമാക്കുന്നതിൽ ഒന്നാമനായിരുന്ന ചെറുപ്പക്കാരനാണ് പിന്നീ ട് ‘തനിനിറം’ പോലുള്ള ഒരു ദിനപത്രമായ ‘കേരള ദേശ’ത്തിന്റെ ഉടമസ്ഥനും  പത്രാധിപരുമായ കെ.വി.എസ്. ഇളയത് എന്ന് നാം നടുക്കത്തോടെ മനസ്സിലാക്കുന്നു.

ആശ്രമത്തിലുണ്ടായിരുന്ന മറ്റൊരാൾ പിന്നീട് തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിൽ ഓണേഴ്സിന് ഓംചേരിയുടെ അധ്യാപകനായിരുന്നു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി. പരമേശ്വരൻ. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കവിതാ രചനമത്സരത്തിൽ വയലാർ രാമവർമയെ രണ്ടാമനാക്കി ഒന്നാം സ്ഥാനം നേടിയ പരമേശ്വർജി തന്നെ. 

രണ്ടു നാണപ്പന്മാരും കൂടി ചേർന്നിരുന്നെങ്കിൽ എന്ന് ആലോചിക്കാൻ രസമുണ്ട്. എം.പി.നാരായണപിള്ള യുടെ എന്നപോലെ ഓംചേരിയുടെയും വിളിപ്പേര് നാണപ്പൻ എന്നാണ്. എഴുത്തിൽ സ്വന്തം പാത വെട്ടിയുണ്ടാക്കുന്നതു മുതൽ ജ്യോതിഷം വരെ അവർക്കിടയിൽ സമാനമായ എത്രയോ വിഷയങ്ങളു ണ്ടായിരുന്നു. ഒളശ്ശയിലെ എൻ.എൻ. പിള്ളയും വൈക്കത്തെ എൻ.എൻ.പിള്ളയും ചേർന്നിരുന്നെങ്കിൽ നമ്മുടെ നാടകവേദി എവിടൊക്കെ എത്തുമായിരുന്നില്ല?

‘‘പ്രായമാവുമ്പോൾ ഓർമ നഷ്ടപ്പെടുന്നതിനെപ്പറ്റിയാണ് പലരും പറയാറ്. എന്റെ കാര്യത്തിൽ പ്രായമേറുന്തോറും ഓർമ കൂടുകയാണ്’’– ഡൽഹിയിലെ യാത്രയയപ്പു യോഗത്തിൽ ഓംചേരി പറഞ്ഞു. കോട്ടയം സിഎംഎസ് കോളജിൽ പഠിച്ചപ്പോഴത്തെ ഒരു സംഭവം ഓർമകളുടെ പുസ്തകമായ ‘ആകസ്മിക’ ത്തിൽ  ഓംചേരി പറയുന്നുണ്ട്. പരീക്ഷയും അവധിയും കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പോൾ ഓംചേരിയൊഴികെ എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകൾ പ്രഫസർ തിരികെ നൽകി. എന്നിട്ട്, പരീക്ഷയിൽ കോപ്പിയടി ഈ സ്ഥാപനത്തിൽ സമ്മതിക്കുകയില്ലെന്നൊരു പ്രഖ്യാപനവും ഒരു പ്രസംഗവും. അതോടെ എല്ലാവരുടെയും കണ്ണ് ഓംചേരിയിലേക്കായി.

താൻ പാഠപുസ്തകം വച്ച് കോപ്പിയടിച്ചതല്ലെന്ന് പറഞ്ഞ്  ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നതെല്ലാം ഒാംചേരി ക്ലാസിൽ ആവർത്തിച്ചു. ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പ്രഫസറായിരുന്ന കെ.പി. കരുണാകരൻ ചില കാര്യങ്ങൾ മറക്കുന്നതിനെപ്പറ്റി ഓംചേരി ‘ആകസ്മിക’ത്തിൽ പറയുന്നുണ്ട്. കരുണാകരന്റെ ഒരു മകൻ കൽക്കട്ട ഐഐഎം–ൽ പഠിക്കാൻ അപേക്ഷ അയച്ചു. അവിടെനിന്നു വന്ന അഡ്മിഷൻ കാർഡ് കരുണാകരൻ എവിടെയോ വച്ചു മറന്നു. അവിടെ അഡ്മിഷൻ കിട്ടാത്തതിനാൽ ഡൽഹിയിൽ തന്നെ ഇക്കണോമിക്സിനോ മറ്റോ ചേരാൻ മകൻ തീരുമാനിച്ചപ്പോഴാണ് ഐഐഎം–ൽ നിന്ന് ആഡ്മിഷൻ കാർഡ് വന്നിരുന്നു എന്നു കരുണാകരൻ പറയുന്നത്. 

ഒറ്റപ്പാലത്തെ കോൺഗ്രസ് നേതാവായിരുന്ന   എം. പി. ഗോവിന്ദമേനോന്റെ പുത്രനായ കരുണാകരന്, ഇങ്ങനെ അഡ്മിഷൻ വച്ചുനീട്ടിയിട്ടും സ്വീകരിക്കാതെ പോയതിനെപ്പറ്റി മനസ്താപമോ മകന് പരിഭവമോ ഉണ്ടായില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യമെന്ന് ഓംചേരി പറയുന്നു. കരുണാകരൻ നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കൾക്കു മകൻ ഗോപാൽ അയച്ച താഴെപ്പറയുന്ന കത്ത് ഒാംചേരി ഇന്നും സൂ ക്ഷിച്ചുവച്ചിട്ടുണ്ട്.

‘‘ഒരു പ്രിയ സുഹൃത്തായി താങ്കൾ അറിയുന്ന പ്രഫ. കെ.പി. കരുണാകരൻ ഇഹലോക വാസം വെടിഞ്ഞു എന്ന ദുഃഖവാർത്ത അറിയിക്കട്ടെ. മരണ സർട്ടിഫിക്കറ്റ് വാങ്ങിവയ്ക്കണമെന്ന് ഞങ്ങളുടെ അഭ്യുദയകാംക്ഷി കളിലൊരാൾ പറയുകയുണ്ടായി. പൈതൃകസ്വത്തിന്റെ കൈമാറ്റത്തിന് അത് അത്യാവശ്യമാണെന്നദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ അമ്മയുടെ നേരെ നോക്കി. അമ്മ എന്റെ സഹോദരനെ നോക്കി. സഹോദരൻ എന്റെ സഹോദരിയെ നോക്കി. അങ്ങനെ ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങൾക്ക് ഒരു മരണ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. 

അദ്ദേഹം വിലപിടിപ്പുള്ള ഒരു സൽപ്പേരല്ലാതെ മറ്റു ഭൗതിക സമ്പാദ്യങ്ങളൊന്നും നേടിയില്ല. സ്വന്തം പേരിൽ അദ്ദേഹത്തിനു ബാങ്ക് ബാലൻസില്ല,ഭൂസ്വത്തില്ല. അതായിരുന്നു ഞങ്ങളുടെ പിതാവ്. അതിനാലാണ് അദ്ദേഹത്തെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നത്. അദ്ദേഹം എന്തെങ്കിലും അവശേഷിപ്പിക്കണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മഹാനായ ഒരു മനുഷ്യൻ എന്ന മതിപ്പാണ് അദ്ദേഹം അവശേഷിപ്പിച്ചു പോയത്.’’

English Summary : Swadeshabhimani, Aagamanda Swami, Omchery, Kadhakoottu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ