വൈഭവം

dr-p-r-pisharadi-ems-chou-en-lai-696
ഡോ. പി ആർ. പിഷാരടി,ഇ.എം.എസ്,ഷു എൻ ലെ
SHARE

പണ്ട് മൈലാപ്പൂരിൽനിന്നു ഡൽഹിക്ക് ആട്ടുകല്ല് അയച്ച സ്വാമിയുടെ ബുദ്ധിയെപ്പറ്റി കേട്ടിട്ടുണ്ടോ? ആട്ടുകല്ലിന് റെയിൽവേയിൽ ചരക്കുകൂലി എത്രയെന്നന്വേഷിച്ചു. അൻപതു രൂപ. ഡൽഹിയിലെ മേൽവിലാസക്കാരൻ കൂലികൊടുത്തു ചരക്ക് എടുക്കുകയെന്ന വ്യവസ്ഥയിൽ ‘ഫ്രൈറ്റ് ടു പേ’  ആയി അയയ്ക്കാൻ വ്യവസ്ഥയുണ്ട്. തപാലിൽ വിപിപി അയയ്ക്കുന്നതുപോലെ. ഡൽഹിയിലേതു കള്ളവിലാസമായിരുന്നതിനാൽ ചരക്കെടുക്കാൻ ആളില്ല. ഏതാനും മാസം കഴിയുമ്പോൾ ലേലം ചെയ്ത് സ്ഥലം കാലിയാക്കാൻ നോട്ടിസിടുന്നു, റെയിൽവേ. സ്വാമി അത് ഒരു രൂപയ്ക്കു ലേലത്തിൽ പിടിക്കും!

വയസ്കര അച്ഛൻ മൂസ്സിനെപ്പറ്റിയുള്ള ഒരു കഥ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ട്. വീട്ടിലെ ഉത്തരത്തിൽനിന്ന് എന്തോ എടുക്കാൻ ഒരു സ്ത്രീ വലതുകൈ പൊന്തിച്ചപ്പോൾ കൈ ആ നിലയിൽനിന്ന് അനക്കാൻ വയ്യാതായി. വലതു കൈ പൊക്കിയ നിലയിൽ ബന്ധുക്കൾ കൂട്ടിക്കൊണ്ടുവന്ന ആ സ്ത്രീയുടെ രോഗവിവരം അച്ഛൻ മൂസ് ശ്രദ്ധാപൂർവം കേട്ടു. കുഴമ്പ്, കഷായ, തിരുമ്മു ചികിത്സകൾ ഏറെ ചെയ്തിട്ടും ഫലിച്ചില്ലെന്നു കൂടെ വന്നവർ പറഞ്ഞു. ഇടതുകൈയ്ക്കു പ്രശ്നമൊന്നുമില്ല.

ആ ഇടതുകൈ ഇല്ലത്തെ കെട്ടിടത്തിന്റെ ഉത്തരത്തിൽ കെട്ടിവയ്പിച്ചു. പിന്നെ ബന്ധുക്കളോട് ആ സ്ത്രീയുടെ ഉടുതുണി അഴിച്ചു കളയാൻ പറഞ്ഞു. അവരെല്ലാം മടിച്ചുനിന്നപ്പോൾ ‘എന്നാൽ ഞാൻ തന്നെ അവരെ നഗ്നയാക്കാം’ എന്നു പറഞ്ഞ് അച്ചൻ മൂസ് അവരുടെ മുണ്ടിന്റെ കുത്തഴിക്കാൻ തുടങ്ങുമ്പോഴേക്ക് പരിഭ്രമിച്ച ആ സ്ത്രീ ‘അരുതേ’ എന്നു നിലവിളിച്ചുകൊണ്ട് വലതുകൈ താഴേക്കു കൊണ്ടുവന്ന് തന്റെ വസ്ത്രത്തിൽ മുറുകെ പിടിച്ചു. ആ ഷോക്കിൽ ആ കൈയുടെ അസ്വാധീനത വയസ്കരക്കുന്നിൽനിന്നു താഴേക്ക് ഉരുണ്ടുപോയി.

റോക്കറ്റ് വിക്ഷേപണനിലയം സ്ഥാപിക്കാൻ, കാന്തിക ഭൂമധ്യരേഖയുമായുള്ള സാമീപ്യം കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സ്ഥലം നോക്കിയത്, അവസാന പട്ടികയിൽ വന്നത് തിരുവനന്ത പുരം ജില്ലയിലെ തുമ്പയും കൊല്ലം ജില്ലയിലെ വെള്ളനാത്തുരുത്തുമാണ്. സ്ഥലനിർണയക്കമ്മിറ്റിയിലുള്ള ഡോ. പി. ആർ. പിഷാരടിക്ക് അപ്പോൾ ഒരു കുസൃതി തോന്നി. അദ്ദേഹം Vellanathuruthu  എന്ന് ഇംഗ്ലിഷിലെഴുതിയിട്ട് ഈ സ്ഥലനാമത്തിന്റെ ആദ്യഭാഗത്തിന്റെ അർഥം vellana, white elephant എന്നാണെന്ന് സമിതി ചെയർമാൻ ഡോ. വിക്രം സാരാഭായിയോടു പറഞ്ഞു. White Elephant വേണ്ട, തുമ്പ മതി എന്നു സാരാഭായി പറഞ്ഞു എന്ന് പി.വി. മനോരഞ്ജൻ റാവുവും പി. രാധാകൃഷ്ണനും ചേർന്നെഴുതിയ A brief history of rocketry at ISRO  എന്ന പുസ്തകത്തിൽ പറയുന്നു.

പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ആ രാജ്യത്തിന്റെ ഭൂപടം കാണിച്ചുകൊണ്ടുള്ള ഒരു തപാൽ സ്റ്റാമ്പ് പുറപ്പെടുവിക്കാൻ അവർ ആഗ്രഹിച്ചു. പശ്ചിമ പാക്കിസ്ഥാനും പൂർവ പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായിരുന്നു അന്ന്. ഭൂപടം സ്റ്റാമ്പാക്കിയാൽ അതിന്റെ നടുക്കുവലുതായി കാണുക ഇന്ത്യയാണല്ലോ. ഒടുവിൽ, രണ്ടു സ്റ്റാമ്പുകളിറക്കി അവർ പ്രശ്നം പരിഹരിച്ചു: പശ്ചിമ പാക്കിസ്ഥാന്റെ കാണിക്കുന്ന ഒരു സ്റ്റാമ്പും പൂർവ പാക്കിസ്ഥാന്റെ കാണിക്കുന്ന മറ്റൊന്നും.

ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ലോകത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭകളിലൊന്ന് കേരളത്തിൽ 1957 ഏപ്രിൽ അഞ്ചിന് അധികാരമേൽക്കാൻ ആദ്യം നിശ്ചയിച്ച സമയം രാവിലെ 11.30 ആയിരുന്നു. ആ വിവരം പുറത്തായതോടെ അതു രാഹുകാലമാണല്ലോ എന്നു ചിലർ ചൂണ്ടിക്കാട്ടി. രാഹുകാലത്തെ പേടിച്ച് ഇനി സമയം മാറ്റിയാൽ പാർട്ടിക്ക് അതിൽപ്പരം ഒരു നാണക്കേടുണ്ടോ എന്നായി ചില നേതാക്കൾ.

‘‘അതിനൊരു വഴിയുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരെല്ലാം ആലപ്പുഴ വലിയ ചുടുകാട്ടിലെ  രക്തസാക്ഷി .മണ്ഡപത്തിൽ ആദരാ‍ഞ്ജലി അർപ്പിച്ച ശേഷമാണ് എത്തുകയെന്നതിനാൽ അവർക്കു തിരിച്ചെത്താനുള്ള സൗകര്യം പരിഗണിച്ച് സത്യപ്രതിജ്ഞ 12.30 ലേക്കു മാറ്റുന്നു എന്നു പറഞ്ഞാൽ മതി’’ – ഇഎംഎസ് പറഞ്ഞു.

അങ്ങനെ വെള്ളിയാഴ്ചകളിൽ പത്തരമുതൽ പന്ത്രണ്ടുവരെയുള്ള രാഹുകാലം കഴിഞ്ഞ് 12.30  ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ ഏപ്രിൽ അഞ്ച് ഒരു ദുഃഖവെള്ളിയാഴ്ചയായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം   ബ്യൂറോ ചീഫ് കെ.സി. ജോൺ തന്റെ പുസ്തകത്തിലെഴുതി. അതു ദുഃഖവെള്ളിയാഴ്ചയായിരുന്നില്ല. ആ വർഷത്തെ ദുഃഖവെള്ളിയാഴ്ച ഏപ്രിൽ 19 ന് ആയിരുന്നു.

ഒരുപക്ഷേ കമ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യമായി അധികാരത്തിൽ വന്ന വെള്ളിയാഴ്ച ഫലത്തിൽ കേരളത്തിന് ഒരു ദുഃഖവെള്ളിയാഴ്ചക്കഥ എന്നാണോ ജോൺ ഉദ്ദേശിച്ചതെന്നറിയില്ല. ജോണിന്റെ എഴുത്ത് വാച്യാർഥത്തിൽ വിശ്വസിച്ച് പലരും പിന്നീട് ദുഃഖ വെള്ളിയാഴ്ചക്കാലം ആവർത്തിച്ചു. സമീപത്തെ പള്ളികളിൽ ദഃഖവെള്ളിയാഴ്ചയുടെ മണി മുഴങ്ങുന്നത് അപ്പോൾ കേൾക്കാമായിരുന്നുവെന്നുവരെ ഒരാൾ എഴുതി.

രാഹുകാലത്തെ സത്യപ്രതിജ്ഞാ സമയം ഇംഎംഎസ് മാറ്റിയതുകൊണ്ട് സത്യത്തിൽ രക്ഷപ്പെട്ടത് രാഹു ആണ്. അല്ലെങ്കിൽ 1959 ൽ ഇഎംഎസ് മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചു വിട്ടപ്പോൾ എല്ലാവരും അതിന്റെ പഴി രാഹുകാലത്തിന്റെ മേൽ ചാർത്തുമായിരുന്നു!

അപകടം പിടിച്ച ചോദ്യങ്ങളിൽനിന്നു രക്ഷപ്പെടാൻ ചൈനീസ് പ്രധാനമന്ത്രി ഷൗ എൻ ലായി നൽകിയതുപോലുള്ള ഒരു മറുപടി മറ്റാരും നൽകിയിട്ടുണ്ടാവില്ല. 1780 കളിലെ ഫ്രഞ്ച് വിപ്ലവത്തിനും വിലയിരുത്താമോ എന്ന് ഷു വിനോടു ചോദ്യം വന്നത് വിപ്ലവത്തിന് 190 വർഷങ്ങൾക്കുശേഷം 1970 കളിലാണ്. ഷുവിന്റെ മറുപടി: ഒന്നും പറയാൻ സമയമായിട്ടില്ലല്ലോ! 

English Summary : splendor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA