കാലിക്കവർ

Kadhakkoottu
ഇ.എം ശ്രീധരൻ, പൊൻകുന്നം വർക്കി, നമ്പൂതിരി
SHARE

കുഞ്ചൻ നമ്പ്യാർ ഇന്നു ജീവിച്ചിരുന്നെങ്കിൽ കേരളത്തിൽ ഈ അവാർഡ് പ്രളയം ഉണ്ടാകുമായിരുന്നോ? അദ്ദേഹത്തിന്റെ ഒരു കവിതയോ ഒരു തുള്ളൽപ്പാട്ടോ പോരായിരുന്നോ അവാർഡ് കട അടപ്പിക്കാൻ.

കേരളത്തെപ്പോലെ അവാർഡുകളുള്ള ഒരു നാടു വേറെയില്ല. കുറഞ്ഞത് രണ്ടായിരം അവാർഡുകളുണ്ടാ കുമിപ്പോൾ. ഒരു ദിവസത്തെ അപകടങ്ങളെല്ലാം കൂടി ‘ഇന്നത്തെ വഹ’ എന്ന തലക്കെട്ടിൽ തൃശൂരിലെ ‘എക്സ്പ്രസ്’ പത്രം കൊടുത്തിരുന്നതുപോലെ അവാർഡുകൾക്കു മാത്രമായി ഒരു ‘ഇന്നത്തെ വഹ’ തുടങ്ങാവുന്നതാണ്. 

രണ്ടു കുടുംബങ്ങളെങ്കിലും തങ്ങളുടെ അച്ഛന്റെ പേരിൽ ഇങ്ങനെ ഒരു അവാർഡ് വേണ്ടെന്നു പറഞ്ഞു സംഘാടകരെ പറഞ്ഞുവിട്ടു. ഇഎംഎസിന്റെ പേരിൽ അവാർഡ് പ്രഖ്യാപിച്ചത് ഭാരത് സേവക് സമാജ് ആണ്. അച്ഛൻ പല സംഘടനകളുമായും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ബിഎസ്എസിൽ പ്രവർത്തിച്ചതായി കേട്ടിട്ടില്ലല്ലോ എന്ന് മകൻ ഇ.എം.ശ്രീധരൻ പറഞ്ഞതോടെ താൻ ഈ അവാർഡ് സ്വീകരിക്കുന്നില്ലെന്നു പറഞ്ഞ് അവാർഡ് ജേതാവായി പ്രഖ്യാപിക്കപ്പെട്ട മന്ത്രി പാലൊളി മുഹമ്മദുകുട്ടി പിൻവലിഞ്ഞു. ബിഎസ്എസും തടിതപ്പി.

ഉറൂബിന്റെ മകനും ഇതുപോലൊരിക്കൽ അച്ഛന്റെ പേരിലുള്ള അവാർഡ് തട്ടിപ്പിനെതിരെ പൊട്ടിത്തെറിച്ചു.ആരെങ്കിലുമൊക്കെ പൊട്ടിത്തെറിച്ചില്ലെങ്കിൽ ഇവിടെ ഇനി വയലാർ അവാർഡ് എന്നു തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ വയലാർ അവാർഡുകളും ജ്ഞാനപീഠം അവാർഡുകൾ പോലും ഉണ്ടായെന്നു വരാമെന്ന് പ്രഭാവർമ പറഞ്ഞത് എത്ര ശരി!

നാട്ടുകാരിൽനിന്നു മാത്രമല്ല, അവാർഡ് ജേതാവിൽനിന്നുവരെ പണം പിരിക്കാമെന്നുകണ്ടാണ് പലരും അവാർഡ് കൃഷിക്ക് ഇറങ്ങിയിരിക്കുന്നത്. പതിനായിരം രൂപയായിരുന്നു ആദ്യകാലത്തൊക്കെ അവാർഡ് തുക. ഇക്കാലത്ത് കാൽലക്ഷം രൂപയെങ്കിലും കൊടുത്തില്ലെങ്കിൽ വാർത്തയ്ക്കൊപ്പം ജേതാവിന്റെ പടം കൊടുക്കില്ലെന്നു മനോരമ തീരുമാനിച്ചതോടെ ‘നമ്മളോടാണോ കളി’ എന്ന മട്ടിൽ എല്ലാവരും തുക കാൽലക്ഷമായി ഉയർത്തി. ചടങ്ങിൽവച്ച് കാലിക്കവറാണു നൽകുന്നതെന്നതിനാൽ തുക ലക്ഷമാക്കണമെങ്കിൽ അതിനും റെഡി. 

ഈ കാലിക്കവർ സമ്പ്രദായം തുടങ്ങിവച്ചത് പൊൻകുന്നം വർക്കിയാണെന്ന് ഇന്ന് ഓർമയുള്ളവർ കുറവാണ്. പുരോഗമന കലാസാഹിത്യ സംഘം നടത്തിയ കവിതാ മത്സരത്തിലായിരുന്നു അത്. ചങ്ങമ്പുഴയുടെ പേരിലുള്ള സ്വർണമെഡലാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്ക്. ഒ.എൻ.വി കുറുപ്പിനായിരുന്നു ഒന്നാം സമ്മാനം. 

പൊൻകുന്നം വർക്കി ഒഎൻവിയെ അടുത്തു വിളിച്ചു പറഞ്ഞു: ‘ഇവിടെ മെഡലൊന്നുമില്ല. മുഖ്യാതിഥി കെ.എ. അബ്ബാസിനെ ബോംബെയിൽ തിരിച്ചെത്തിക്കാനുള്ള വണ്ടിക്കൂലി പോലുമില്ല!’ പതിനെട്ടാം വയസ്സിൽ ഈ കാലിക്കവർ പൊലിച്ചു. പിന്നീട് ജ്ഞാനപീഠം വരെ എത്രയോ ബഹുമതികൾ.

‘‘ഞാൻ മയങ്ങുന്ന മൂർഖനാണ്. അവാർഡുകൾ തന്ന് എന്നെ ചേരയാക്കരുത്’’ എന്ന് പൊൻകുന്നം വർക്കി പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, കിട്ടിയ അവാർഡുകളൊക്കെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

അവാർഡുകളോടൊപ്പം കവറുകളോ അത്തരം ആലവട്ടങ്ങളോ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്നു പ്രശസ്തിപത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നമ്പൂതിരിയോ കാനായി കുഞ്ഞുരാമനോ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും എന്നായി. എന്നുമുതൽക്കാണ് ശിൽപം ഇതിന്റെ കൂടെ വന്നത്?

1969 ൽ ആണ് സംഭവം എന്നു നമ്പൂതിരി പറയുന്നു. കോഴിക്കോട്ടെ ഏഴു ദിവസത്തെ നാടകോത്സവം എം.ടി. വാസുദേവൻ നായർ, തിക്കൊടിയൻ, അരവിന്ദൻ, പട്ടത്തുവിള കരുണാകരൻ, പുതുക്കുടി ബാലൻ, ഓറിയന്റ് ലോങ്മാൻസിലെ വി. അബ്ദുള്ള എന്നിവരൊക്കെയുണ്ട്  ഉത്സാഹക്കമ്മിറ്റിയിൽ. സമ്മാനം നൽകാൻ പണവും പ്രശസ്തിപത്രവും റെഡി. എങ്കിലും എന്തോ ഒരു കുറവുപോലെ. ഒരു ശിൽപം ആയാലോ? അതുവരെ അവാർഡിന് ശിൽപം എന്ന ആശയം വന്നിട്ടില്ല.ഒന്നും രണ്ടുമല്ല, പന്ത്രണ്ടു ശിൽപം വേണം. പക്ഷേ അതിന് തേക്കിന്റെയോ ഈട്ടിയുടെയോ പന്ത്രണ്ട് ഉരുപ്പടികൾ എവിടെ കിട്ടും? എന്താ വില!

മരക്കച്ചവടക്കാരനായ പുതുക്കുടി ബാലൻ മരം ഏറ്റു. ഏതു മരം, ഏത് അളവ് എന്നു പറയുകയേ വേണ്ടൂ. നാലിഞ്ച് സമചതുരത്തിൽ ഒന്നരയടി നീളമുള്ള തേക്കും ഈട്ടിയും.നാലുദിവസം കൊണ്ട് കഥകളിയിലെ പച്ച, കത്തി വേഷങ്ങളുടെ മുഖരൂപം കൊത്തിയ ശിൽപമുണ്ടാക്കി. ശിൽപം അൽപം പണച്ചെലവുള്ള കാര്യമാകയാൽ ഇന്നത്തെ അവാർഡ് വ്യാപാരികൾ ശിൽപത്തിനു പകരം ഒരു ഫലകമാണു നൽകുന്നത്. ഇത്തരം കുറേയെണ്ണം കിട്ടിയവർക്ക് വീട്ടിൽ അതു വയ്ക്കാൻ സ്ഥലമില്ലെന്നുവച്ച് അവാർഡ് വേദിയിലോ വഴിക്കോ അത് ഉപേക്ഷിച്ചു പോകാനും വയ്യ. കാരണം, അതിൽ ജേതാവിന്റെ പേരു മാത്രമല്ല, പടവും ഉണ്ട്.

പത്തിരുപതു പേർക്കുള്ള അവാർഡ് ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരത്തുനിന്നു മടങ്ങിയ എന്റെ വണ്ടിയിൽ അത്തരമൊരു വിറകുതടിഫലകം സംഘാടകർ ദയാപൂർവം എടുത്തുവച്ചു. വീട്ടിൽ വന്നു നോക്കിയപ്പോൾ അത് എന്റെ ഫലകമല്ല, കാവാലം നാരായണക്കുറുപ്പിന്റേതാണ്! ബഷീർ ചെയ്തതുപോലെ കുറുക്കനെ എറിഞ്ഞോടിക്കാൻ പറമ്പ് ഇല്ലാത്തതിനാൽ ആ വിറകു കഷണം തിരുവനന്തപുരത്ത് കാവാലത്തിന് എത്തിച്ചു കൊടുക്കുന്നതിനുള്ള ചെലവുകൂടി ഞാൻ വഹിക്കേണ്ടി വന്നു.

English Summary : Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA