സ്വപ്നാടനം

Dr PA Fazal Gafoor
SHARE

സർഗാത്മക രചനയുടെ ആശയങ്ങൾ മാത്രമല്ല, വരികൾ പോലും സ്വപ്നത്തിലൂടെ വരുമോ? തന്റെ മാസ്റ്റർപീസ് എന്നു കരുതപ്പെടുന്ന ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ ഇരുപത്തിയാറാം വയസ്സിൽ എഴുതിയ അക്കിത്തം പറഞ്ഞിട്ടുണ്ട്, ‘ഇതെഴുതിയതു ഞാനല്ല. എന്നിലെ മറ്റൊരാളാണ്.’

‘‘കവിതയുണ്ടാക്കുന്ന കാര്യത്തിൽ ഞാൻ തീരെ ബോധവാനല്ല. അബോധമായ പ്രവർത്തനമായാണ് ഞാനതു കണ്ടിട്ടുള്ളത്. ചിലപ്പോൾ ഉറക്കത്തിൽനിന്നുപോലും എഴുന്നേറ്റിരുന്നു കവിത എഴുതിയിട്ടുണ്ട്. അതിൽ എന്റെ സ്വന്തമായ ബുദ്ധിപരമായ അംശം കവിത ഉണ്ടായതിനു ശേഷം അതിന്റെ വൃത്തവും അർഥവുമൊക്കെ ശരിയാക്കിയതാണ്’’ എന്ന് അക്കിത്തം പറയുന്നു.

‘‘എന്റെ പല കവിതകളിലെയും ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി ഉറക്കത്തിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു കവിത പൂർണമായും എനിക്ക് ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. എന്റെ കാവ്യ ജീവിതത്തിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത അനുഭവമാണത്.’’

ഇതാണ് ആ കവിത:

കാശിക്കു പോയൊരു പൂശാരി രാമനെ 

കാശിയിലെങ്ങും കണ്ടില്ല

പോയ വഴിയിലും കണ്ടില്ല

ഞങ്ങൾ പോന്ന വഴിയിലും കണ്ടില്ല 

മീശ വളർത്തിയ പൂശാരി രാമനെ 

ദോശ വിഴുങ്ങുന്ന പൂശാരി രാമനെ 

കീശയിൽ കാശുള്ള പൂശാരി രാമനെ

വാശിക്കുടുക്കയാം പൂശാരി രാമനെ

കാശിക്കു പോയൊരു പൂശാരി രാമനെ

കാശിയിലെങ്ങും കണ്ടില്ല.

കാശിക്കല്ലവൻ പോയതെന്നുണ്ടോ

കാശിയിൽനിന്നും പോയെന്നുണ്ടോ?

കാശിക്കേ പോയിട്ടില്ലെന്നുണ്ടോ

കാശി, തൻ ബന്ധുവീടാണെന്നുണ്ടോ?

തീക്കടൽ കടഞ്ഞ് തിരുമധുരം എഴുതിയപ്പോഴത്തെ അനുഭവം സി. രാധാകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.

‘‘ആയുഷ്കാല പ്രയത്നത്തിന്റെ ഫലമാണ് തീക്കടൽ. പതിനൊന്നു വയസ്സു മുതൽ ഊണിലും ഉറക്കത്തിലും ഞാനതിനു തയാറെടുക്കുകയായിരുന്നു. വായിച്ചറിയാൻ ഏറെയുണ്ടായിരുന്നു. ചോദിച്ചറിയാനും യാത്ര ചെയ്തറിയാനും അതിലേറെ. അതൊക്കെയായപ്പൊഴും മിഴിവുകിട്ടാൻ ധ്യാനം തന്നെ ശരണമെന്നുവന്നു. അതു വർഷങ്ങളോളം തുടർന്നു. എഴുതാമെന്നു വിചാരിക്കുമ്പോഴെല്ലാം മനസ്സു പറഞ്ഞു, ആയില്ല! അവസാനം ഒരു ദിവസം ഉണർന്നത് ഇനിയെഴുതാം എന്ന നിശ്ചയത്തോടെയായിരുന്നു. 

എഴുതിത്തുടങ്ങിയപ്പൊഴോ ഒരു പ്രയാസവും ഉണ്ടായില്ല. ഒരിക്കലെങ്കിലും നോട്ടുകളിലേക്കു തിരികെ പോവുകയോ ആരോടെങ്കിലും ഒരു കാര്യം കൂടി ചോദിക്കുകയോ വേണ്ടിവന്നിട്ടില്ല. എഴുതിയത് അക്ഷരാർഥത്തിൽ ഞാൻ തന്നെയെങ്കിലും രചന എന്റെയാണ് എന്ന തീർത്തുറപ്പ് ഇപ്പൊഴും ഇല്ല.’’

ബോധമണ്ഡലത്തിന്റെ നിയന്ത്രണത്തിൽനിന്നു വിമുക്തനായി എഴുതിപ്പോവുക എന്നു പറയുന്നില്ലേ, അത്തരമൊരനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് എസ്. വി. വേണുഗോപൻ നായർ, ‘ഗർഭശ്രീമാൻ’ എന്ന കഥയെഴുതി സഹപ്രവർത്തകനായ ജി .ഗോപാലകൃഷ്ണൻ നായർക്കു പതിവുപോലെ കൊടുത്തു. 

ഏതു രചനയും അദ്ദേഹത്തെ കാണിച്ചിട്ടേ പ്രസിദ്ധീകരണത്തിനു നൽകിയിരുന്നുള്ളൂ. അദ്ദേഹം അതു നിന്ദാപൂർവം തിരിച്ചു തരുന്നു. മാറിയെഴുതി വീണ്ടും കാണിക്കുന്നു. ‘‘തന്നേക്കൊണ്ട് ഇതെഴുതാൻ കഴിയില്ല.’’ എന്നു പ്രതികരണം. ഞാൻ തളർന്ന് മിണ്ടാതിരുന്നു. ഒരു മാസത്തോളം കഴിഞ്ഞ് ഒരു അർധരാത്രി ഉറക്കമുണർന്ന് വീണ്ടും ആ കഥ എഴുതുന്നു. യഥാർഥത്തിൽ എഴുതുന്നതു ഞാനല്ലെന്ന തോന്നൽ. പേന സ്വയം ചലിക്കുമ്പോലെ, പിറ്റേന്നു കഥ വായിച്ച് സാർ പറയുന്നു: ഇനി അയയ്ക്കാം.

വയലാര്‍ അവാര്‍ഡ് നേടിയ പ്രശസ്ത നോവലിസ്റ്റ് വി.ജെ. ജയിംസിന് സ്വപ്നത്തിലൂടെയും കഥകള്‍ ലഭിച്ചിട്ടുണ്ട്. എന്നു മാത്രമല്ല ഒരിക്കല്‍ കഥയുടെ പകുതിയായപ്പോള്‍ ഉണര്‍ന്നുപോയതിനാല്‍ വീണ്ടും കിടന്ന് ആ കഥയുടെ രണ്ടാം പാതി തിരിച്ചുപിടിക്കാൻ ഇടയായ വിചിത്ര അനുഭവവുമുണ്ട്. കഥയെ തന്നെ ധ്യാനിച്ചു കഴിയുന്ന കാലത്ത് കഥ തേടി വരുന്നതാണെന്നു പറയേണ്ടി വരും. രണ്ടാം മയക്കത്തില്‍ അങ്ങനെ തിരിച്ചു വന്നതാണ് ആദ്യകാല രചനയിലൊന്നായ യോഹന്നാന്റെ വെളിപാട്. രാത്രിയില്‍ കണ്ട കഥ എഴുതണമെന്നൊക്കെ കരുതുമെങ്കിലും രാവിലെ പലതും മറന്നു പോയിരിക്കും. അതിനുശേഷം സ്വപ്നത്തില്‍ കഥ കണ്ട് ഉണരാനിടവന്നാൽ അപ്പോൾത്തന്നെ എഴുന്നേറ്റ് കുറിച്ചിട്ടിട്ടുണ്ട്. ‘സ്ഥലപരിമിതി’ യൊക്കെ അങ്ങനെ രൂപപ്പെട്ട കഥയാണ്.

കഥ സംഭവിച്ചു കിടക്കുകയാണെന്നും എഴുത്തു കാരനെ അത് തേടിവരികയോ എഴുത്തുകാരൻ അതിനെ തേടിച്ചെല്ലുകയോ ആണെന്നും മനസ്സിലായ കാലത്ത് മനസ്സിൽ ഒരു കഥയുടെ ആദ്യ വരി മാത്രം വീണു കിട്ടി. ഒരു വെള്ളിയാഴ്ച രാത്രിയിൽ മരിച്ചവനും കൊല്ലപ്പെട്ടവനും ആത്മഹത്യ ചെയ്തവനും നടക്കാനിറങ്ങി എന്നതായിരുന്നു വരി. ആ വരിയെ പിന്തുടർന്നാൽ അതൊരു കഥയായിത്തീരുമോ എന്നു പരീക്ഷിക്കു മ്പോഴാണ് അത് ‘ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ’ എന്ന കഥയായി ഉരുവം കൊണ്ടത്.

താക്കോലിട്ടു തുറന്ന് വീട്ടില്‍ കള്ളന്‍ കയറുന്നു എന്ന തോന്നലില്‍ രാത്രി ചാടിയെഴുന്നേറ്റത് ഒരു നോവലിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയ അനുഭവവും ജയിംസിനുണ്ട്. ഉറക്കം മുറിഞ്ഞ് എഴുന്നേറ്റ താന്‍ ലൈറ്റ് ഇടാതെ താക്കോല്‍ പഴുതിന്റെ ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ചു. തന്റെ നോട്ടം ടോര്‍ച്ചില്‍നിന്നുള്ള വെളിച്ചത്തിന്റെ വൃത്തത്തിലും താക്കോല്‍ പഴുതിലും കേന്ദ്രീകരിച്ച ആ നിമിഷം, ‘നോട്ടംകൊണ്ട് പൂട്ട് തുറക്കുന്ന’ ശാസ്ത്രം കള്ളനു കിട്ടുന്നതായുള്ള ആശയം മനസ്സില്‍ മിന്നി. ആ ആശയം ഒരു നോവലായി വികസിച്ചതാണ് ‘ചോരശാസ്ത്രം’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ