ഗോവിന്ദനുണ്ണി

Mail This Article
‘മാതൃഭൂമി’യിൽ രണ്ടു വി.ആർ.ജി മാരുണ്ടായിരുന്നു. സമകാലികർ. രണ്ടുപേരും കോഴിക്കോട്ട്. പേരുകൾ ഇംഗ്ലിഷിൽ ചുരുക്കുമ്പോൾ മാത്രമായിരുന്നു ഈ ഏകകം. ഒരാൾ വി. രാജഗോപാൽ, അപരൻ വി.ആർ. ഗോവിന്ദനുണ്ണി. രണ്ടുപേരും മാതൃഭൂമിയിൽ അവരവരുടെ സരണികളിൽ പ്രാഗല്‍ഭ്യവും നേതൃപാടവവും തെളിയിച്ചു; ഒരാൾ പത്രത്തിൽ. മറ്റേയാൾ ആഴ്ചപ്പതിപ്പിൽ.
എന്തിനും മുന്നിട്ടിറങ്ങാൻ തയാറായിരുന്നു രണ്ടുപേരും. വ്യവസ്ഥിതികളുമായി കലഹിച്ചു. സ്ഥാപനത്തിലും പുറത്തും ഒരുപാടു സൗഹൃദങ്ങളുണ്ടാക്കി. ആ സൗഹൃദങ്ങളുടെ ലഹരിയിൽ ആറാടി. രണ്ടുപേരും യാത്രകൾ വളരെ ഇഷ്ടപ്പെട്ടു. അനേകം ശിഷ്യരെയുണ്ടാക്കി. അവരെയൊക്കെ വഴിവിട്ടും സഹായിച്ചു. കൂടെ നിൽക്കാത്തവരുമായി കലഹിക്കാനും മടിച്ചില്ല.
ഒരുകാലത്തു സ്ഥാപനത്തിലെ താരങ്ങളായിരുന്നു രണ്ടുപേരും. പിന്നീടെപ്പോഴോ അതിൽ മാറ്റം വന്നുതുടങ്ങി. രണ്ടുപേർക്കും സ്ഥാനചലനങ്ങളും സ്ഥലംമാറ്റങ്ങളുമുണ്ടായി. വർഷങ്ങൾ കഴിഞ്ഞു രാജഗോപാലിനു കോഴിക്കോട് ഓഫിസിലേക്കു തിരിച്ചുവരാൻ കഴിഞ്ഞെങ്കിലും പ്രധാന കെട്ടിടസമുച്ചയത്തിൽ ഒരു ഓഫിസ് മുറി കിട്ടിയില്ല. അവിടെ നിന്നു മാറിയുള്ള എംഎം പ്രസ് കെട്ടിടത്തിലായിരുന്നു ഇരിപ്പിടം.
ആഴ്ചപ്പതിപ്പിൽ നിന്നു പത്രത്തിലേക്കും വാരാന്തപ്പതിപ്പിലേക്കും പിന്നീടു പത്രത്തിൽ ലേഖകനായും സ്ഥലംമാറ്റപ്പെട്ട ഗോവിന്ദനുണ്ണി കൽക്കട്ടാ ലേഖകനായിരിക്കുമ്പോൾ രാജിവച്ചു. അവസാന കാലത്തു രോഗങ്ങൾ പീഡിപ്പിച്ചപ്പോഴും രണ്ടുപേരും കൂസാതെ പിടിച്ചുനിന്നു. രാജഗോപാൽ ആദ്യം പോയി. രണ്ടാഴ്ച മുമ്പു ഗോവിന്ദനുണ്ണിയും.
പരന്ന വായനയും അപാരമായ ഓർമയും ഗോവിന്ദനുണ്ണിയുടെ സിദ്ധികളായിരുന്നു. എഴുപതുകളിലും എൺപതുകളിലും ലോക സാഹിത്യത്തിൽ ഇത്ര അവഗാഹമുള്ള ചെറുപ്പക്കാരനായ മറ്റൊരു പത്രപ്രവർത്തകൻ മലയാളത്തിൽ ഇല്ലായിരുന്നു. ആ കൈമുതൽ വച്ചു മലയാളത്തിലെ വലിയൊരു ലിറ്റററി എഡിറ്ററാകേണ്ടിയിരുന്നയാളാണ് ഉണ്ണി.
ലോകത്തെങ്ങുമുള്ള ഇത്രയേറെ വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച് ഉണ്ണിക്കുള്ള അറിവ് അമ്പരപ്പിക്കുന്നതായിരുന്നു. ഏതു ഭാഷയിലെയും രാജ്യത്തെയും ആയിരക്കണക്കിനാളുകളെപ്പറ്റിയും സംഭവങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ അടങ്ങുന്ന ഒരു റഫറൻസ് ലൈബ്രറി ഗോവിന്ദനുണ്ണി വീട്ടിൽ ഒരുക്കിയിരുന്നു. ആ രണ്ടു വിഷയങ്ങളിൽ അത്രയും ക്ലിപ്പിങ്സ് അന്നു ‘മാതൃഭൂമി’യുടെ റഫറൻസ് ലൈബ്രറിയിൽ പോലും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ണി സിനിമ കൂടി തന്റെ ഇഷ്ടവിഷയങ്ങളിൽ കൂട്ടി.
കയ്യിലുള്ള ഈ നിധിയുടെ ബലത്തിൽ ഉണ്ണി മാതൃഭൂമി വാരാന്തപ്പതിപ്പിൽ വർഷങ്ങളോളം ‘വ്യക്തികൾ, സംഭവങ്ങൾ’ എന്ന പംക്തി ഓടിച്ചു. മറ്റ് ഒട്ടേറെ പത്രങ്ങളിൽ പല തൂലികാനാമങ്ങളിൽ എഴുതി. ഏതു വിഷയത്തെപ്പറ്റിയും നിമിഷാർധത്തിൽ വിവരം കിട്ടുന്നതുപോലെ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനു മുമ്പുവരെ ലോകത്ത് എവിടെ ഒരു സംഭവമുണ്ടായാലും ഒരു വ്യക്തി വാർത്തയിലെ താരമായാലും ഉണ്ണിയെ വിളിച്ചാൽ മതി, ലേഖനം റെഡി എന്ന ഒരു കാലമുണ്ടായിരുന്നു.
എം.ടി. വാസുദേവൻനായരാണ് ഗോവിന്ദനുണ്ണിയെ ‘മാതൃഭൂമി’ വാരികയിൽ എടുക്കുന്നത്. നാഗ്ജി ടൂർണമെന്റിൽ നല്ല കളികളുള്ള ദിവസം എംടി, പട്ടത്തുവിള കരുണാകരൻ, തിക്കൊടിയൻ എന്നിവർ സ്റ്റേഡിയത്തിൽ വരുമായിരുന്നു. അങ്ങനെ ഒരു വരവിൽ ടി. ദാമോദരനാണ് ഉണ്ണിയെ എംടിക്കു പരിചയപ്പെടുത്തുന്നത്.
വാരികയിൽ എംടി കഴിവുള്ള ഒരു സഹായിയെ തേടുന്ന കാലമായിരുന്നു. ഒരു പെൺകുട്ടി മാത്രമാണ് അന്നു സഹായിയായി ഉണ്ടായിരുന്നത്. ഉണ്ണിയെപ്പറ്റി അന്വേഷണങ്ങൾ നടത്തിയ എംടി ഉണ്ണിക്കയച്ചതു കത്താണെങ്കിലും ഉള്ളടക്കം കമ്പിവാചകത്തിലായിരുന്നു: Come and meet me immediately. (എന്നെ ഉടനെ വന്നു കാണുക).
അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് അബുദബിയിൽ ഉണ്ണിക്ക് ഒരു ജോലി ശരിപ്പെടുത്തിയ കാലത്താ യിരുന്നു ഇത്. ശമ്പളമൊക്കെ കുറവാണെങ്കിലും ഉണ്ണി കോഴിക്കോട്ടേക്കാണ് 1969ൽ വണ്ടികയറിയത്.
അധികം സംസാരിക്കാത്ത എംടി പത്രാധിപരായിരുന്ന കാലത്തു മാതൃഭൂമി വാരികയിൽ വരുന്ന സാഹിത്യകാരന്മാർ വെടിവട്ടത്തിന് അവസരമുള്ള ഉണ്ണിയുടെ അടുത്തേക്കാണു പോവുക.
പല പുതിയ എഴുത്തുകാരുടെയും ആദ്യരചനകൾ പ്രസിദ്ധീകരിച്ചതും മാതൃഭൂമിയിൽ അവരെ വളർത്തിയതും ഉണ്ണിയാണ്.
അഷ്ടമൂർത്തി 2017ൽ എഴുതി: ‘‘മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എം.ടി. വാസുദേവൻ നായരായിരു ന്നെങ്കിലും എഴുപതുകളുടെ രണ്ടാം പാദത്തിലും എൺപതുകളിലും രചനകൾ പരിശോധിച്ചിരുന്നതു ഗോവിന്ദനുണ്ണിയായിരുന്നു. എഴുപതുകളിലും എൺപതുകളിലും എഴുതിത്തുടങ്ങിയ ഞങ്ങളെപ്പോലെ കുറെ എഴുത്തുകാരെ കണ്ടുപിടിച്ചതും പ്രോൽസാഹിപ്പിച്ചതും എൻ.വി. കൃഷ്ണവാരിയരോ എംടിയോ അല്ല, ഗോവിന്ദനുണ്ണിയായിരുന്നു. പക്ഷേ, പലരും അതു പറയില്ലെന്നു മാത്രം.’’
എൻ.വി. കൃഷ്ണവാരിയരും എം.ടി. വാസുദേവൻനായരും ധാരാളം യാത്ര ചെയ്യുന്ന കാലമായിരുന്നു അത്. അവരുടെ അഭാവത്തിലും ആഴ്ചപ്പതിപ്പിന്റെ നൈരന്തര്യം ഉറപ്പാക്കിയത് ഉണ്ണിയാണ്. രൂപകൽപനയിലും അച്ചടിയിലുമുള്ള മികവ് ഉണ്ണി ഉറപ്പുവരുത്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ഓഫിസ് കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ എം.ടി. വാസുദേവൻനായർ രാജിവച്ചുപോയതിനു ശേഷം ഉണ്ണിക്കായിരുന്നു പത്രാധിപച്ചുമതല. അക്കാലത്ത് ആഴ്ചപ്പതിപ്പിനെ ഒരു വാർത്താ വാരികയാക്കാൻ മേലധികാരികൾ ശ്രമിച്ചപ്പോൾ ആഴ്ചപ്പതിപ്പിന്റെ അസ്തിത്വം നിലനിർത്തിയത് ഉണ്ണിയുടെ മിടുക്കുകൊണ്ടായിരുന്നു. എട്ടുപത്തു വർഷം മുമ്പ് ഉണ്ണി എനിക്കെഴുതി, സംസ്ഥാന ഗവൺമെന്റിന്റെ പത്രപ്രവർത്തക പെൻഷൻ എങ്ങനെയെങ്കിലും അനുവദിപ്പിച്ചു തരണമെന്നു പറഞ്ഞ്.
ഉണ്ണിയുടെ അപേക്ഷ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ നൂലാമാലകളിലെവിടെയോ കുരുങ്ങിക്കിടക്കുകയായിരുന്നു. അന്നു കേരള മീഡിയ അക്കാദമി ചെയർമാനായിരുന്ന ഞാൻ പെൻഷൻ കമ്മിറ്റിയിലുണ്ടാവുമെന്നു കരുതിയാവും ഉണ്ണി എന്നോടു പറഞ്ഞത്. കമ്മിറ്റിയിലുള്ള മനോരമ പത്രാധിപസമിതിയംഗത്തിനു ഞാൻ വിശദവിവരങ്ങൾ നൽകി. അടുത്ത യോഗത്തിൽ അദ്ദേഹം ഇതിന്റെ നാൾവഴി അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി ഇ.കെ. നായനാർ പെൻഷൻ അനുവദിച്ചു. കാര്യം നേടി ഇരുന്നപ്പോൾ മനോരമ പ്രതിനിധിയോടു കമ്മിറ്റിയിലെ മാതൃഭൂമി പ്രതിനിധി ചോദിച്ചു: ഗോവിന്ദനുണ്ണിയോ, അങ്ങനെയൊരാൾ മാതൃഭൂമിയിൽ ജോലി ചെയ്തിരുന്നെന്നോ!
English Summary : Life Story Of V.R Govindhanunni