ആദ്യത്തെ യുദ്ധകാര്യ ലേഖകൻ

HIGHLIGHTS
  • ബാബു ചെങ്ങന്നൂർ: കേരളപത്രത്തിൽനിന്നുള്ള ആദ്യത്തെ യുദ്ധലേഖകൻ
kadhakkoottu-new
ബാബു ചെങ്ങന്നൂർ, വി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ്, സി.പി. രാമചന്ദ്രൻ
SHARE

ചൈനീസ് അതിർത്തിയിൽനിന്നുള്ള വാർത്തകൾ എന്നെ 1962 ലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അന്നത്തെ ചൈനീസ് ആക്രമണത്തിലേക്ക്. തുടർന്നുണ്ടായ ഇന്ത്യ–ചൈന യുദ്ധത്തിലേക്ക്.

ആ ഓർമകളിൽ ഒരു നക്ഷത്രം പോലെ തെളിഞ്ഞുനിൽക്കുന്നത് എന്റെ ഒരു മുതിർന്ന സഹപ്രവർത്തകൻ ബാബു ചെങ്ങന്നൂർ. കേരളമണ്ണിലെ ഒരു പത്രത്തിൽനിന്ന് ഉയിർകൊണ്ട ആദ്യത്തെ യുദ്ധകാര്യലേഖകൻ. ചൈന ബോംഡിലയിൽനിന്നു പിൻവാങ്ങുന്നതുവരെയുള്ള നാലാഴ്ചക്കാലം ടെസ്പൂരിലെ ക്യാംപിൽനിന്ന് ബാബു മനോരമയ്ക്കു റിപ്പോർട്ട് ചെയ്തു.

അന്ന് ടെസ്പൂർ വരെ പോകാനേ സൈന്യം പത്രലേഖകരെ അനുവ ദിച്ചിരുന്നുള്ളൂ. ബാബു ടെസ്പൂരിൽ ചെല്ലുമ്പോൾ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രൻ അവിടെ നിൽക്കുന്നു. സൈനികവേഷത്തിൽ. ഇതെന്തുമായ എന്ന് ബാബു ആലോചിക്കുമ്പോൾ വടക്കാഞ്ചേരിക്കാരനായ വിപിആർ അക്കഥ പറഞ്ഞു.

ഇന്ത്യയിലെ രണ്ടു വാർത്താ ഏജൻസികളുടെയും ഓരോ ലേഖകനെ സൈനിക വേഷത്തിൽ ടെസ്പൂരിലേക്കു കൊണ്ടുപോകാൻ സൈന്യം തീരുമാനിച്ചു. അവർ രണ്ടുപേരുമാണ് എല്ലാ പത്രങ്ങൾക്കും റിപ്പോർട്ട് നൽകുന്ന ഇന്ത്യൻ വാർത്താ ഏജൻസികളുടെ പ്രതിനിധികൾ എന്ന ന്യായത്തിൽ. യൂണിഫോമിൽ ചെന്നാലുള്ള ഗുണം ക്യാംപിലെ പട്ടാള ആസ്ഥാനത്തു താമസിക്കാമെന്നതാണ്. ഭക്ഷണവും ജലസേചനസൗകര്യങ്ങളും സമൃദ്ധം.

ഡൽഹിയിൽനിന്നു വന്ന പിടിഐയിലെ വി.പി. രാമചന്ദ്രനും യുഎൻഐയിലെ അഗർവാളും ആ സൈനിക ആതിഥ്യം അനുഭവിക്കുമ്പോൾ ബാബുവും മറ്റുള്ളവരും ടെസ്പൂരിലെ യൂറോപ്യൻ ക്ലബ്ബിലും ഹോട്ടലുകളിലും തമ്പടിച്ചു. മറ്റുള്ളവരെന്നു പറഞ്ഞാൽ  ടൈംസ് ഓഫ് ഇന്ത്യയിലെ തിരുവല്ലക്കാരൻ ബിജി വർഗീസുണ്ട്, ഹിന്ദുസ്ഥാൻ ടൈംസിലെ പറളിക്കാരൻ സി പി. രാമചന്ദ്രനുണ്ട്. റോയിട്ടേഴ്സിലെ പാലക്കാട്ടുകാരൻ വി.എം. നായർ ഉണ്ട്.

യുദ്ധമുന്നണിയിൽനിന്ന് ബാബുവിന്റെ റിപ്പോർട്ടുകളും മലയാളിക്കഥകളും കേരളത്തിൽ വായനക്കാരെ കാര്യമായി ആകർഷിച്ചു തുടങ്ങിയപ്പോൾ രണ്ടാഴ്ച വൈകി ഡൽഹിയിൽനിന്ന് മാതൃഭൂമിയുടെ വി.കെ. മാധവൻകുട്ടിയും എത്തി.

സൈനിക ഇൻഫർമേഷൻ ഓഫിസർ നൽകുന്നതും സൈനിക സെൻസർ അംഗീകരിക്കുന്നതുമായ റിപ്പോർട്ടുകളേ അവിടെനിന്ന് അയയ്ക്കാനൊക്കൂ. വിപിആറിനും അഗർവാളിനും ഈ ക്യൂവിൽ നിൽക്കണ്ട. ടെസ്പൂരിലെ സൈനിക ആസ്ഥാനത്തുനിന്ന് നേരിട്ട് ഡൽഹിയിൽ പട്ടാള ഹെഡ്ക്വാർട്ടേഴ്സിലേക്കു റിപ്പോർട്ടയയ്ക്കാം. അവിടെ അവരുടെ റിപ്പോർട്ടുകൾ സെൻസർ ചെയ്ത് വാർത്താ ഏജൻസികളിൽ എത്തിച്ചുകൊടുക്കും.

ഇതു മൂലം താനൊരു കുടുക്കിൽപെട്ടത് വിപിആർ ഓർമിക്കുന്നു. ചൈന ബോംഡില പിടിച്ച വിവരം രാവിലെതന്നെ വിപിആറിനു കിട്ടി. മറ്റാർക്കും പങ്കുവയ്ക്കാതെ ആ റിപ്പോർട്ട് വിട്ടു. തന്റെ സ്കൂപ്പ് (മറ്റാർക്കും കിട്ടാത്ത വൻവാർത്ത) ഇപ്പോൾ ലോകമെങ്ങും എത്തിക്കണമെന്ന സന്തോഷത്തിലിരിക്കുന്ന വിപിആറിനെ വൈകുന്നേരം കണ്ടപ്പോൾ വി.എം. നായർ ചൂണ്ടയിട്ടു. ‘‘എന്തോ കിടച്ച ലക്ഷണമുണ്ടല്ലോ.’’ ഇനി ഈ വാർത്ത സുഹൃത്തുക്കൾക്കു കൂടി കൊടുക്കുന്നതിൽ കുഴപ്പമില്ലെന്നു കരുതി വിപിആർ ആ വിവരം വി.എം. നായരുമായും പങ്കുവച്ചു.

പക്ഷേ, വിപിആറിന് അറിയില്ലാതിരുന്ന കാര്യം ഡൽഹിയിലെ പട്ടാള ആസ്ഥാനം അദ്ദേഹത്തിന്റെ റിപ്പോർട്ട്  പുറത്തുവിട്ടിരുന്നില്ലെന്നതാണ്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇത് ഔദ്യോഗികമായി പറയുന്നതുവരെ വാർത്താ ഏജൻസിക്ക് ഈ വാർത്ത വിട്ടുകൊടുക്കണ്ടെന്നവർ തീരുമാനിച്ചു.

അങ്ങനെ ചൈന ബോംഡില പിടിച്ചുവെന്ന വാർത്ത റോയിട്ടേഴ്സിലെ വി.എം. നായരുടേതായി ബിബിസി പ്രക്ഷേപണം ചെയ്തു. വി.എം.നായരുടെ വാർത്തയല്ല, വി.പി. രാമചന്ദ്രൻ വി.എം. നായർക്കു കൈവായ്പ കൊടുത്ത വാർത്ത.

ടെസ്പൂരിൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ പത്രലേഖകരെ അതിർത്തി മേഖലകളിലേക്കു ചിലപ്പോഴൊക്കെ കൊണ്ടുപോകുമായിരുന്നെങ്കിലും കരമാർഗം മുന്നോട്ടുപോകാൻ അനുവദിച്ചിരുന്നില്ല.

(എന്നാൽ 2012 ൽ ഈ യുദ്ധത്തിന്റെ അൻപതാം വാർഷികത്തിൽ ജമ്മു മുതൽ ചൈനീസ് അതിർത്തിയിലൂടെ തവാംഗ് സൺവ് പടമെടുക്കാൻ വിട്ട മനോരമ സീനിയർ പിക്ചർ എഡിറ്റർ ബി. ജയചന്ദ്രൻ പ്രസിദ്ധമായ നഥുലാപാസിൽനിന്നു വരെ ചിത്രമെടുത്തു)

വൈകുന്നേരമാകുമ്പോൾ പത്രലേഖകരെല്ലാം കൂടി യൂറോപ്യൻ ക്ലബ്ബിൽ ഒ ത്തുകൂടി കഥകൾ പങ്കുവയ്ക്കും. വിപിആറിനും അഗർവാളിനും പട്ടാള യൂണിഫോം കിട്ടിയത് മറ്റുള്ളവർക്കും അനുഗ്രഹമായി. കാരണം, ക്ലബ്ബിൽ ഒരു കുപ്പി വിസ്കിക്ക് അന്നു 40 രൂപയായിരുന്നു വില. വിപിആറിനും അഗർവാളിനും സൈനിക കന്റീനിൽ 11 രൂപയ്ക്ക് എത്ര കുപ്പിവേണമെങ്കിലും കിട്ടും. എല്ലാവർക്കും വേണ്ടത്ര ദ്രാവകവുമായിട്ടായിരിക്കും വിപിആറിന്റെയും അഗർവാളിന്റെയും വരവ്.

ബാബു ചെങ്ങന്നൂർ വർഷങ്ങൾക്കുശേഷം മനോരമയ്ക്കുവേണ്ടി യുദ്ധം റിപ്പോർട്ട് ചെയ്യാൻ ആഫ്രിക്കയിലും ദക്ഷിണപൂർവേഷ്യയിലുമെത്തി. കോംഗോ യുദ്ധം റിപ്പോർട്ട് ചെയ്യാൻ ബാബു ലിയോപോൾഡ് വില്ലിൽ എത്തിയപ്പോൾ അവിടെയും ഒരു മലയാളി പത്രലേഖകൻ; പിടിഐയുടെ വിൽഫ്രഡ് ലാസറസ്. നമ്മൾ വിൽഫ്രഡിനെ പിന്നീടറിയുന്നത് ഡൽഹിയിൽ  പിടിഐയുടെ ജനറൽ മാനേജരും വൈഎംസിഎകളുടെ ദേശീയ അധ്യക്ഷനുമായാണ്.

ബാബുവിന്റെ പിന്നത്തെ യുദ്ധം വിയറ്റ്നാമിലായിരുന്നു. വൻ പടക്കോപ്പുകളും വലിയ യുദ്ധവിമാനങ്ങളുമില്ലാതെ ഹോചിമിന്റെ നേതൃത്വത്തിലുള്ള നാടൻ പട്ടാളം അമേരിക്കയെന്ന മഹാശക്തിയെ തോറ്റുതുന്നംപാടിക്കുന്നത് ബാബു അവിടെനിന്നു റിപ്പോർട്ട് ചെയ്തു.

മലയാളം കണ്ട ഏറ്റവും വൈഭവമുള്ള ന്യൂസ് എഡിറ്ററായ ബാബു ചെങ്ങന്നൂർ മനോരമയിൽ വന്നതിന്റെ കഥ രസമുള്ളതാണ്. ഇന്റർമീഡിയറ്റ് കഴിഞ്ഞ് കൊല്ലം ഫാത്തിമാ കോളജിൽ നാഷനൽ ഡിപ്ലോമ ഇൻ കൊമേഴ്സ് (എൻഡിസി) പഠിച്ചുകൊണ്ടിരുന്ന കാലത്ത് ബാബു ഒരു നോവലെഴുതി. ‘കുഴിതോണ്ടി’ എന്നു പേരിട്ട് അതു മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണത്തിനയച്ചു. അതു തിരസ്കരിക്കപ്പെട്ടു.

ബാബു പിന്നീട് അതു സ്വന്തം ചെലവിൽ അച്ചടിപ്പിച്ച് കേരള സാഹിത്യ അക്കാദമി അവാർഡിനയച്ചു. അതിന് അക്കാദമി അവാർഡ് ലഭിച്ചു. അക്കാദമി ജേതാക്കൾക്ക് മനോരമ സ്വീകരണം നൽകുന്ന കാലമാണത്. മറുപടി പ്രസംഗത്തിൽ ബാബു ആദ്യത്തെ തിരസ്കാരത്തിന്റെ കഥ പറഞ്ഞു.

ചടങ്ങുകഴിഞ്ഞ് ഒരു ദിവസം ബാബുവിനെ ക്ഷണിച്ചുവരുത്തി സംസാരിച്ചു വിലയിരുത്തിയ കെ.എം.മാത്യു ബാബുവിന് മനോരമ പത്രാധിപസമിതിയിൽ നിയമനം നൽകുകയായിരുന്നു.

ഓരോരോ തിരസ്കാരങ്ങളുടെ പ്രയോജനങ്ങളേ!

English Summary : War Reporting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA