കന്യാസ്ത്രീപർവം

HIGHLIGHTS
  • ഹരൾഡ് എവൻസ് കേരളത്തിൽ നിന്നു കണ്ടെത്തിയ സ്കൂപ്പ്
Kadhakkoottu1200-Oct-17
ഹരൾഡ് എവൻസ്, കിം ഫിൽബി, ലീലാ മേനോൻ
SHARE

അറുപതുകളിൽ കേരളത്തെ ഇളക്കിമറിച്ച ഒരു സംഭവം പുറത്തു കൊണ്ടുവന്നയാളെന്ന നിലയിൽ മലയാളത്തിലെ മൂന്ന് ആത്മകഥകളിലെ (മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’, തൊഴിലാളി ചീഫ് എഡിറ്റർ ഫാ. വടക്കന്റെ ‘എന്റെ കുതിപ്പും കിതപ്പും’, ജന്മഭൂമി ചീഫ് എഡിറ്റർ ലീലാ മേനോന്റെ ‘നിലയ്ക്കാത്ത സിംഫണി’) കഥാപാത്രമാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഹരൾഡ് എവൻസ് (Harald Evans).   

പത്രം എത്ര ചെറുതായാലും പത്രാധിപർ നന്നായാൽ മതി എന്നു ഹരൾഡ് തെളിയിച്ചു. ‘നോർത്തേൺ എക്കോ’ എന്ന ചെറിയ പത്രത്തിൽ ജോലി ചെയ്യുമ്പൊഴാണ് അദ്ദേഹത്തെ ലോകം ശ്രദ്ധിക്കുന്നത്. പതിനഞ്ചു വർഷം മുൻപു മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ടയാൾ നിരപരാധിയായിരുന്നുവെന്ന് തുടരന്വേഷണത്തിലൂടെ ഹരൾഡ് 1965ൽ തെളിയിച്ചു. ബ്രിട്ടനിൽ വധശിക്ഷ തന്നെ നിർത്തലാക്കാൻ അത് ഇടവരുത്തി. കഴുവേറ്റപ്പെട്ടയാളുടെ മൃതദേഹത്തിന് ജയിൽ വളപ്പിൽനിന്ന് പള്ളി സെമിത്തേരിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. അപ്പോഴേക്കും (1967) ഹരൾഡിന് ടൈംസ് ലണ്ടന്റെ പത്രാധിപത്യത്തിലേക്കുള്ള രാജവീഥി തുറന്നു കിട്ടിക്കഴിഞ്ഞിരുന്നു.

ഇന്ത്യയിൽ ജനിച്ചു വളർന്ന കിം ഫിൽബി പത്രപ്രവർത്തകനായി പ്രശസ്തി നേടുന്നതിടെയാണ് ബ്രിട്ടിഷ് നയതന്ത്ര സർവീസിൽ ചേരുന്നത്. അവിടെയിരുന്നുകൊണ്ട് അദ്ദേഹം സോവിയറ്റ് യൂണിയനുവേണ്ടി ചാരവൃത്തി നടത്തുകയായിരുന്നുവെന്ന് ഹരൾഡ് തെളിയിച്ചു. സോവിയറ്റ് യൂണിയനിലേക്ക് കടക്കുകയേ കിമ്മിനു മാർഗമുണ്ടായിരുന്നുള്ളൂ.

ടൈംസിന്റെ പത്രാധിപരായി അധികം വൈകുന്നതിനു മുൻപുതന്നെ ഹരൾഡ് Nun Running എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന കേരളക്കഥ അന്വേഷിക്കാൻ റിപ്പോർട്ടർമാരുടെ സംഘത്തെ ജർമനിയിലേക്കും ഇറ്റലിയിലേക്കും വത്തിക്കാനിലേക്കും അയച്ചു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ഏറ്റുമാനൂരിനടുത്ത ചെറുവാണ്ടൂരിൽ ജീവിച്ചിരുന്ന ഫാ. സിറിയക് പുത്തൻപുരയ്ക്കൽ ആയിരുന്നു ഇൗ റാക്കറ്റിന്റെ പിന്നിൽ (ഏറ്റുമാനൂരിലെ കുപ്രസിദ്ധ പുത്തൻപുരയ്ക്കൽ അച്ചൻ എന്ന ഫാ. വടക്കൻ).

ഇറ്റലിയിലെ കോൺവന്റുകളിൽ യൂറോപ്പിൽനിന്ന് കന്യാസ്ത്രീകളെ കിട്ടുന്നില്ലെന്നറിഞ്ഞതോടെ ഫാ. പുത്തൻപുരയുടെ തലയിൽ ബൾബ് കത്തി. വിദേശത്തയച്ച് നഴ്സിങ് പരിശീലിപ്പിക്കാമെന്നു പറഞ്ഞ് കത്തോലിക്കാ കുടുംബങ്ങളിൽനിന്നു മാത്രം പെൺകുട്ടികളെ തിരഞ്ഞെടുത്തു. കന്യാസ്ത്രീകളാക്കുകയാണ് യഥാർഥ ലക്ഷ്യമെന്നകാര്യം അവരിൽനിന്നു മറച്ചുവച്ചു. അവിടെ ചെന്നവർ ആദ്യം ചെയ്യേണ്ടി വന്നത് മറ്റുള്ളവരുടെ തുണി കഴുകുക, നിലം തുടയ്ക്കുക, ശുചിമുറി വൃത്തിയാക്കുക എന്നീ ജോലികൾ. അഞ്ചു കൊല്ലത്തെ പരിശീലനത്തിനുശേഷം കന്യാസ്ത്രീയാക്കും.

കയറ്റി അയയ്ക്കുമ്പോൾ ആളൊന്നുക്ക് നല്ലൊരു തുക പാരിതോഷികമായി അച്ചനു ലഭിക്കുമായിരുന്നു. അച്ചൻ ആറായിരം കുട്ടികളെ അയച്ചുവെന്ന് ‘നിലയ്ക്കാത്ത സിംഫണി’യിൽ പറയുന്നു.

വ്യാപകമായ അന്വേഷണങ്ങൾ നടത്തിച്ച ഹരൾഡ് ഇവൻസ്, കേരളത്തിൽനിന്ന് അൽപം പ്രാദേശിക വിവരങ്ങൾ കിട്ടാൻ മനോരമ ചീഫ് എഡിറ്റർക്ക് ഒരു ചോദ്യാവലി നൽകി. കെ.എം. മാത്യു അത് അന്നു പത്രാധിപ സമിതിയിലുണ്ടായിരുന്ന പ്രധാന കത്തോലിക്കനായ പാലാ കെ.എം. മാത്യുവിനെ ഏൽപിച്ചു. സഭയ്ക്ക് ഇതിൽ പങ്കില്ലാത്തതിനാൽ സഭാനേതൃത്വത്തിന്റെ മേൽ ചെളി വീഴരുതെന്നേ പാലാ കെ.എം. മാത്യുവിന് ഉണ്ടായിരുന്നുള്ളൂ. ആവശ്യപ്പെട്ട വിവരങ്ങൾ അദ്ദേഹം കൊടുത്തു.

ടൈംസ് ലണ്ടനിൽ ഇൗ റിപ്പോർട്ട് വന്നതോടെ സഭ അച്ചനെതിരെ ശിക്ഷണ നടപടി എടുത്തു. പിന്നെ കുറെക്കാലത്തേക്ക് കന്യാസ്ത്രീ ദാനത്തെപ്പറ്റി കേൾക്കാനുണ്ടായിരുന്നില്ല.

പക്ഷേ, പൂച്ചയ്ക്ക് ഒൻപതു ജന്മമെന്നതുപോലെ ഫാ. പുത്തൻപുര വീണ്ടും രംഗത്തു വന്നു. അതിനകം അദ്ദേഹം ചെറുവാണ്ടൂരിൽ ഇരുന്നൂറോളം ഉദ്യോഗാർഥികളെ പാർപ്പിക്കാവുന്ന കെട്ടിടം പണിതു. 

ഇവിടെ നഴ്സിങ് പഠിക്കണമെങ്കിൽ പ്രീഡിഗ്രി പാസാവണം. ഇറ്റലിയിലും മറ്റും മെട്രിക്കുലേഷൻ മതി. ഇതായിരുന്നു ഇത്തവണ ആളെ പിടിക്കാനുള്ള കെണി. സംഗതി പഴയ കന്യാസ്ത്രീ പരിപാടി തന്നെ.

ആദ്യമൊക്കെ നൂറും നൂറ്റൻപതും പേരെ ചാർട്ടേഡ് ഫ്ലൈറ്റിലാണ് അച്ചൻ കൊണ്ടുപോയത്. ചെറുവാണ്ടൂരിൽ ആറുമാസത്തെ പരിശീലനത്തിനുശേഷം.

റോമിലെ ഒരു കോൺവന്റിൽനിന്ന് എങ്ങനെയോ രക്ഷപ്പെട്ട രണ്ടു പെൺകുട്ടികൾ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് കോട്ടയത്തെ ഒരു ഫൊട്ടോഗ്രഫറായിരുന്ന കെ.സി.ജോർജ്, ലീലാ മേനോനു വിവരം നൽകി. അച്ചന്റെ വിശ്വാസവഞ്ചനയിൽ കുടുങ്ങി റോമിലുള്ള പല കുട്ടികളുടെയും നാട്ടിലെ വിലാസം ഇൗ രണ്ടു പെൺകുട്ടികളും ലീലാ മേനോനു നൽകി. ലീല ആ വീടുകളിൽനിന്നൊക്കെ വിവരം ശേഖരിച്ച് രണ്ടാം കന്യാസ്ത്രീ കടത്ത് റിപ്പോർട്ട് ചെയ്തു. എൺപതുകളുടെ ഒടുക്കത്തിലായിരുന്നു ഇത്. 

എംജി യൂണിവേഴ്സിറ്റിയുടെ ചെറുവാണ്ടൂർ ക്യാംപസ് അച്ചനിൽനിന്ന് സർവകലാശാല വിലയ്ക്കെടുത്തതാണ്.

അതിന്റെ പേരിൽ അഴിമതിയാരോപണങ്ങളുണ്ടായി. അന്വേഷണത്തിൽ ഒന്നും സംഭവിച്ചില്ലെങ്കിലും വൈസ് ചാൻസലർ ഡോ. വി.എൻ.രാജശേഖരൻ പിള്ളയ്ക്കു ലഭിക്കുമായിരുന്ന യുജിസി ചെയർമാൻ സ്ഥാനം ഇല്ലാതാക്കാൻ ആ അന്വേഷണപർവം ഇടവരുത്തി. നോക്കണേ, അച്ചന്റെ ഓരോരോ നിമിത്തങ്ങൾ.

ഒടുവിൽ മറ്റെവിടെയോ വച്ചു മരിച്ച അച്ചന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് അധികമാരും അറിയാതെ പള്ളിയിൽ സംസ്കരിക്കുകയായിരുന്നു. എന്തൊരന്ത്യം!

English Summary : ‘Kadhakoottu’ Column written by Thomas Jacob, Harald Evans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA