കുലപതി (കഥ)

HIGHLIGHTS
  • ചിത്രകഥകളുടെ ചരിത്രത്തിലൂടെ ഒരു യാത്ര
Kadhakkoottu1200-March-20
കെ. എ. ഗഫൂർ, ജി. ബി. വത്സൻ, ബോസ് കൃഷ്ണമാചാരി, ബാര ഭാസ്കരൻ
SHARE

കുട്ടനാട്ടിൽനിന്നു പുറപ്പെട്ട് മലയാളം സംസാരിക്കാത്ത ധാരാളം പേരുള്ള കാസർകോടു ചെന്ന് അടിഞ്ഞില്ലായിരുന്നെങ്കിൽ മലയാള സാഹിത്യത്തിലും അച്ചടിയിലും പ്രസാധനത്തിലും പത്രാധിപത്യത്തിലും ചലച്ചിത്രഭാഷ്യത്തിലും ഇന്നത്തെക്കാൾ എത്രയോ പ്രഭ പരത്തേണ്ടയാളാണ് ജി.ബി. വൽസൻ മാഷ്. അദ്ദേഹം അടുത്തകാലത്ത് എന്നെ ഫോണിൽ വിളിച്ചു; ആർട്ടിസ്റ്റ് കെ. എ. ഗഫൂറുമായി നാളെ കോട്ടയത്തൊന്നു വന്നാൽ കാണാൻ പറ്റുമോ? ഗഫൂറിന്റെ ശിഷ്യന്മാരായ ദ വീക്കിലെ ആർട്ടിസ്റ്റ് ബാരഭാസ്കരനും ഏഷ്യാനെറ്റിലെ മാങ്ങാടു രത്നാകരനും കൂടെയുണ്ടാവുമെന്നും പറ‍ഞ്ഞു. (ബാലകൃഷ്ണൻ മാങ്ങാടിന്റെ കാലംമുതൽ പേരിനൊപ്പം മാങ്ങാട് ചേർത്ത ഒരു നാൽപതു പേരെങ്കിലും ഉണ്ടാവും. അവരാരുംതന്നെ മാങ്ങാടുകാരല്ല. അതിനടുത്ത ചെറിയ സ്ഥലമായ ബാരക്കാരാണ്. അവരെല്ലാം കുറെക്കൂടി പേരുള്ള സ്ഥലമായ മാങ്ങാട് സ്വന്തം പേരിനൊപ്പം ചേർത്തു. പേരിന്റെ ബാര ചേർത്തത് ബാരഭാസ്കരൻ മാത്രം. ഒ.വി. വിജയന്റെ ‘തലമുറകൾ’ എന്ന നോവലിന്റെ ഒന്നാം പതിപ്പിലെ രണ്ടായിരം കോപ്പികൾക്കു രണ്ടായിരം വ്യത്യസ്ത കവറുകൾ വരയ്ക്കാൻ ഡിസി കിഴക്കേമുറി ഡൽഹിയിൽനിന്നു വരുത്തിയ ഭാസ്കരൻ തന്നെ. പിന്നെയദ്ദേഹം ഡൽഹിക്കു പോയില്ല. കൊച്ചിയിൽ കൂടി.)

ഹറാം മൂസ, മണ്ണുണ്ണി തുടങ്ങിയ ചിത്രകഥകളിലൂടെ 13 വർഷം കുട്ടികളെ ഹരം പിടിപ്പിച്ചശേഷം 43 വർഷം മുമ്പു വര നിർത്തിയ ഗഫൂറിന്റെ ചിത്രശേഖരമടങ്ങുന്ന ഒരു കോഫി ടേബിൾ ബുക്ക് ഇറക്കാനുള്ള ശ്രമത്തിലാണ് വൽസൻ മാഷും സുഹൃത്തുക്കളും.

ഗഫൂറിന്റേതടക്കം 286 മലയാളികളുടെ ചിത്രപ്രദർശനം ബോസ്കൃഷ്ണമാചാരി മാർച്ച് 10 മുതൽ മൂന്നു മാസക്കാലം ആലപ്പുഴയിലും കൊച്ചിയിലുമായി അവതരിപ്പിക്കുന്നതിനിടെ ഈ പുസ്തകം പ്രകാശനം ചെയ്യുന്നു. ഞാൻ അതിന് ഒരു അവതാരിക എഴുതണം. ഇതാണാവശ്യം.

മനോരമയിൽനിന്നു റിട്ടയർ ചെയ്തശേഷം വെറുതെയിരുന്നു കൈപ്പട മോശമാവണ്ട എന്ന നല്ല ഉദ്ദേശ്യത്തോടെ എന്നെക്കൊണ്ട് അവതാരിക എഴുതിച്ചവർ പതിനഞ്ചായതോടെ ഇനിയുള്ളതിൽനിന്നു തലയൂരാൻ ഞാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടു ഞാൻ ചോദിച്ചു: നിങ്ങൾ കാസർകോടുനിന്ന് വരുന്നവഴിക്ക് കണ്ണൂരിലോ, കോഴിക്കോട്ടോ, കൊച്ചിയിലോ എന്നേക്കാൾ കേമനായ ഒരാളെ അവതാരികയെഴുതാൻ കണ്ടില്ലേ?

മാതൃഭൂമിയുടെ ചീഫ് കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ കാർട്ടൂൺ പുസ്തകത്തിനു ഞാനെഴുതിയ അവതാരിക വായിച്ചപ്പോഴേ എന്നെക്കൊണ്ടെഴുതിക്കാൻ തീരുമാനിച്ചതാണെന്ന് വൽസൻ മാഷ്. ആ പൊക്കലിൽ ഞാൻ വീണു.

ഗഫൂ‍ർ ‘ജനയുഗം’ വാരികയിലും മാതൃഭൂമി വാരികയിലും കുട്ടികൾക്കുള്ള ചിത്രകഥ വരയ്ക്കുമ്പോൾ കുട്ടിയല്ലാത്തതിനാൽ ഞാനതു വായിച്ചിരുന്നില്ല. മാതൃഭൂമിയിൽ ഗഫൂറിന്റെ അടുത്ത പേജിൽ വരച്ചിരുന്ന അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വായിച്ചിരുന്നു താനും. ഇന്ന് എൺപതാം വയസ്സിൽ ഈ കുട്ടിക്കഥകൾ വായിക്കുമ്പോൾ എന്നിൽ ഒരു വൈകാരികാംശം ഉണ്ടാവില്ലെന്നു ഞാൻ പറഞ്ഞിട്ടും അവർ എന്നെത്തന്നെ മണ്ണുണ്ണിയാക്കി.

ഇന്ത്യയിൽ കുട്ടികൾക്കുള്ള ചിത്രകഥാ ചരിത്രം തേടിപ്പോയ പലരും അനന്ത പൈയുടെ അമർചിത്രകഥയിൽനിന്നാണ് ഉപന്യാസം തുടങ്ങിയി‌ട്ടുള്ളത്. അനന്തപൈ 1967ൽ അമർചിത്രകഥ തുടങ്ങുന്നതിനു മൂന്നുവർഷം മുമ്പേ ചിത്രകഥകൾ പ്രസിദ്ധീകരിച്ചുതുടങ്ങിയ ഗഫൂറിനെ ഈ ശാഖയിലെ കുലപതി സ്ഥാനത്തു പ്രതിഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ സ്വകാര്യ അഭിമാനമാണ്.

മണ്ണാങ്കട്ടയും കരിയിലയും എന്ന കഥകൊണ്ടു തൃപ്തിയടയുന്ന ഒരു കുട്ടിക്കാലം നമുക്കൊക്കെ ഉണ്ടായിരുന്നു. അതുകഴിഞ്ഞപ്പോൾ ആമയുടെയും മുയലിന്റെയും കഥ കിട്ടി. അതുകൂടി കഴിഞ്ഞപ്പോൾ പിന്നെ ചിത്രകഥയുണ്ടെങ്കിലേ രക്ഷയുള്ളൂവെന്നായി.

ഗഫൂർ ഒരു ഡ്രോയിങ് മാസ്റ്ററായിരുന്നുവെന്നറിഞ്ഞത് അദ്ദേഹത്തിന്റെ ചിത്രകഥകൾ കണ്ടശേഷമാകയാൽ എനിക്കു വിശ്വസിക്കാൻ പ്രയാസമുണ്ടായി. ഡ്രോയിങ് മാസ്റ്റർമാരുടെയെല്ലാം വര ഏതാണ്ട് ഒരേ അച്ചിൽ വാർത്തതാണ്. കെജിടിഇക്കു പരിശീലിപ്പിക്കുന്ന സ്കൂളുകളിൽ പോകാതെ പരീക്ഷയെഴുതിയതുകൊണ്ട് ഗഫൂറിന്റെ വര നൈസർഗികമാണ്. മറ്റു ചിത്രകാരന്മാർ മാസികകളിൽ ദ്വിമാന ചിത്രങ്ങൾ മാത്രം വരച്ചപ്പോൾ ഗഫൂറിന്റെ വരകൾ മിക്കതും നമുക്കു ത്രിമാനാനുഭവം നൽകുന്നു. 

നാൽപത്തിമൂന്നു വർഷത്തിനുമുമ്പ് വര നിർത്തിയ ഒരാളെ കേരളം ഇന്നും ആഘോഷിക്കുകയെന്നതുപോയിട്ട്, ഓർത്തിരിക്കുന്നതുതന്നെ അത്ഭുതമാണ്. കാർട്ടൂണിസ്റ്റ് ശങ്കറും ഗഫൂറും ചിത്രംവര നിർത്തിയത് 1977ലാണ്. ഗഫൂറിന്റെ ചിത്രകഥകൾ വായിച്ച് ഹരംകൊണ്ട കുട്ടികളുടെ തലമുറയ്ക്കു ഷഷ്ഠിപൂർത്തിയെത്തി. കഥാപുരുഷന് ഇപ്പോൾ എൺപത്തൊന്നു വയസ്സാവുകയും ചെയ്തു. എന്നിട്ടും ആലപ്പുഴയിൽ മൂന്നുമാസം ഗഫൂറിനെ കൊണ്ടാടുന്നുവെന്നത് ഒരു വലിയ സംഭവമാണ്.

വരയ്ക്കു മുമ്പ് ഗഫൂർ എഴുത്തിലാണു തുടങ്ങിയത്. ഒരുകാലത്ത് കാക്കനാടന്റെയും മുകുന്ദന്റെയും സേതുവിന്റെയും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും നിരയിലുള്ള കഥാകൃത്തായിരുന്നു ഗഫൂറെന്ന് എം.ടി. വാസുദേവൻനായർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഗഫൂറിനെ കഥയിൽനിന്നു ചിത്രകഥയിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവിടത്തെ പെരുന്തച്ചനാക്കിയതിന്റെ ഖ്യാതി എം.ടിക്ക് അവകാശപ്പെട്ടതാണ്. കുശവനും കുശവത്തിയും മണ്ണിലുണ്ടാക്കി പെട്ടെന്നു ജീവൻവച്ച കുട്ടിയുടെ  ചിത്രകഥയ്ക്കു ഗഫൂർ ഇട്ടിരുന്ന പേരായ ‘മങ്കുഞ്ഞാമൻ’ വെട്ടി ‘മണ്ണുണ്ണി’ എന്നാക്കിയതുപോലെ പിന്നീട് എത്ര എംടി ഇടപെടലുകൾ!

English Summary: ‘Kadhakoottu’ Column written by Thomas Jacob, A journey through the history of Comics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.