ഭാസ്കർ മേനോൻ

HIGHLIGHTS
  • ഭാസ്കർ മേനോന്റെ വലിയൊരു രക്ഷപ്പെടലിന്റെ കഥ
Kadhakkoottu1200-March27
SHARE

ഭാസ്കർ മേനോന്റെ മരണം റിപ്പോർട്ട് ചെയ്ത ഒരു പത്രവും അദ്ദേഹത്തിന്റെ ജീവിതത്തിലെ സിനിമയെടുക്കാൻ പറ്റിയ ഒരു രക്ഷപ്പെടലിന്റെ കഥ പറഞ്ഞുകണ്ടില്ല. ഇഎംഐ മ്യൂസിക് വേൾഡ്‌വൈഡ് എന്ന കമ്പനിയെ സംഗീതവ്യവസായത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ചെയർമാനും ചീഫ് എക്സിക്യൂട്ടീവും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ്. മേനോൻ സീനിയറിന്റെ അനന്തരവൻ. കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന കെ.ആർ.കെ. മേനോന്റെ മകൻ, മലയാള ചിത്രകലയെ ഉയരങ്ങളിലെത്താൻ സഹായിച്ച കെ.സി.എസ്. പണിക്കരുടെ ജാമാതാവ്.

കമ്പനിക്കാര്യങ്ങൾക്കു ലോകം മുഴുവൻ പറന്നുനടക്കുകയായിരുന്നു ഭാസ്കർ മേനോൻ. അതുകൊണ്ട് എല്ലാ വിമാനത്താവളങ്ങളിലും ചങ്ങാതിമാരുണ്ട്. 1991 ഓഗസ്റ്റ് രണ്ടിനു ബ്രിട്ടിഷ് എയർവേസിന്റെ കുലാലമ്പൂർ ഫ്ലൈറ്റിൽ ലണ്ടനിൽനിന്നു മദ്രാസിലേക്കു പോവുകയായിരുന്നു. 

വിമാനം കുവൈറ്റിൽ എത്തിയ പുറകേ ഇറാക്കിന്റെ യുദ്ധവിമാനങ്ങൾ കുവൈത്ത് വിമാനത്താവളത്തിലെ ഒന്നൊഴികെ എല്ലാ റൺവേകളും ഷെല്ലിട്ടു നശിപ്പിച്ചു. ഇറാക്ക്, കുവൈത്ത് ആക്രമിച്ചു കീഴടക്കിത്തുടങ്ങുകയായിരുന്നു. ‌

വിമാനത്താവളത്തിൽത്തന്നെയുള്ള ട്രാൻസിറ്റ് ഹോട്ടലിൽ തന്നെ മുറി കിട്ടി. 

ഇറാക്കിനെതിരെ കുവൈത്തിനുവേണ്ടി യുദ്ധം ചെയ്യുമെന്ന് ഉറപ്പുള്ള അമേരിക്കയുടെ പാസ്പോർട്ടിൽ സഞ്ചരിക്കുന്നയാളാണ് താനെന്നു കണ്ടുപിടിക്കുന്നതോടെ, ഇറാക്കി പട്ടാളം അറസ്റ്റ് ചെയ്തു ഭീകരമായി മർദിക്കുമെന്നു മേനോന് ഉറപ്പായിരുന്നു. അതിനുമുൻപ് രക്ഷപ്പെടണം. 

അപ്പോഴാണ് ചായ കൊണ്ടുവന്നുവച്ച മേശയ്ക്കപ്പുറത്തു നിൽക്കുന്ന ഒരാളെ കണ്ടത്. നിൽപു കണ്ടിട്ട് അറസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന ഒരാളല്ലെന്നു മനസ്സിലായി. സിവിലിയൻ വേഷത്തിലുള്ള പട്ടാളക്കാരനാവുമോ?

ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. ‘‘എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോവും. രക്ഷപ്പെട്ടാൽ കൊള്ളാമെന്നുണ്ട്. സഹായിക്കാമോ?’’

‘‘യേസ്’’ എന്നു പറഞ്ഞ അയാൾ ദൈവമാണെന്നു തോന്നി.

തന്റെ കാറിൽ പുറത്തേക്കു കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു. പക്ഷേ, അമേരിക്കൻ പാസ്പോർട്ടുമായി എങ്ങനെ ചെക്പോസ്റ്റ് കടക്കും?

ഇംഗ്ലണ്ടിൽ മകനെ കാണാൻ പോയപ്പോൾ അവിടെവച്ചു മരിച്ച ഭർത്താവിന്റെ ചിതാഭസ്മവുമായി മടങ്ങുന്ന ഒരു തമിഴ്നാട്ടുകാരി ഈ ഹോട്ടലിലുണ്ടെന്നറിഞ്ഞത് അപ്പോഴാണ്. ഭർത്താവിന്റെ ഇന്ത്യൻ പാസ്പോർട്ട് അവരുടെ കയ്യിലുണ്ട്. അതു തൽക്കാലത്തേക്കു കടം വാങ്ങിച്ചു. പക്ഷേ, ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന അവരോട് എങ്ങനെ പാസ്പോർട്ട് ചോദിക്കും?

പാസ്പോർട്ട് തുറന്നു നോക്കിയപ്പോൾ മേനോനുമായി വിദൂരസാമ്യം പോലുമില്ലാത്ത പടം. കള്ളയൊപ്പിടാൻ പറ്റാത്ത ഒരു നെടുങ്കൻ ഒപ്പ്, തമിഴിൽ. കാണാതെ പഠിക്കാൻപോലും പ്രയാസമുള്ള വിലാസം. ക്യാമറയുള്ള ഒരാളെ കണ്ടുപിടിച്ചു പടമെടുപ്പിച്ചാൽത്തന്നെ പ്രിന്റെടുക്കാൻ സ്റ്റുഡിയോകളൊന്നും തുറന്നിട്ടില്ല. പ്രിന്റ് തരുന്ന പോളറോയിഡ് ക്യാമറയുള്ള ഒരാളെ വളരെ വിഷമിച്ചു കണ്ടുപിടിച്ചു പടമെടുത്തുകഴിഞ്ഞാണറിയുന്നത് അതിലെ നെഗറ്റീവ് തീർന്നെന്ന്.

ഇന്ത്യൻ പാസ്പോർട്ട് കാണിച്ച് ‘അസലാമു അലൈക്കും. ഹിന്ദി ഹിന്ദി’ എന്നു പറഞ്ഞാൽ ഇറാക്കി ഉദ്യോഗസ്ഥർ പാസ്പോർട്ട് തുറന്നുനോക്കാതെ കടത്തിവിടാറുണ്ട്. ആ ധൈര്യത്തിൽ സഹായിയുടെ കാറിൽ കയറി. 

ഒന്നും രണ്ടു ചെക്പോസ്റ്റുകളിൽ ആ ‘ഹിന്ദി ഹിന്ദി’ പ്രയോഗം ഏറ്റു. മൂന്നാം ചെക്പോസ്റ്റിൽ പക്ഷേ, പാസ്പോർട്ട് വിശദമായി പരിശോധിക്കുകയാണ്, പുറകിൽനിന്നു മുൻപോട്ട് ഓരോ പേജും. 

പടമുള്ള പേജ് വരുമ്പോൾ പെട്ടതുതന്നെ. ഒടുവിൽ പടമുള്ള പേജ് വന്നു. ദൈവത്തിന്റെ ഇടപെടൽ: പടത്തിൽ നോക്കാതെ അയാൾ പാസ്പോർട്ട് തിരിച്ചുതന്ന് യാത്രാനുമതി നൽകി.

ഒരു വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയാലേ രക്ഷപ്പെടാനാവൂ. ഒടുവിൽ വ്യാജ പാസ്പോർട്ടും സംഘടിപ്പിച്ചു. ഇനി, മേനോന്റെ അമേരിക്കൻ പാസ്പോർട്ട് ഒളിപ്പിക്കണം. ഇറാക്കി അധികൃതർ സോക്സ് വരെ പരിശോധിക്കും.

ഷൂസിന്റെ സോൾ ഇളക്കി കനമുള്ള പാസ്പോർട്ടും ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും അതിനുള്ളിലാക്കാൻ തീരുമാനിച്ചു. സംശയം തോന്നാത്തവിധം ചെയ്യാൻ ഒരു ചെരുപ്പുകുത്തിയെ രഹസ്യമായി കൊണ്ടുവന്നു. രണ്ടാമത്തെ ജോടി ഷൂവിലാണ് എല്ലാം ഭംഗിയായി കിട്ടിയത്.

കുവൈത്തിൽനിന്നു സംഘടിപ്പിച്ച കുവൈത്ത് ദിനാറുകളെല്ലാം ഇറാക്ക് അസാധുവാക്കിയതോടെ പാപ്പരായ മേനോൻ പിന്നീട് ഇറാക്കി നാണയങ്ങളുമായാണ് ബാഗ്ദാദിലെത്തി വിമാന ടിക്കറ്റെടുത്തത്. പക്ഷേ, ഇറാക്കി നാണയത്തിലെടുത്ത ടിക്കറ്റുകളെല്ലാം വിമാനക്കമ്പനി പിറ്റേന്നു റദ്ദാക്കി.

എല്ലാം കൈവിട്ടുപോവുകയാണെന്നു തോന്നിയെങ്കിലും വിമാനക്കമ്പനി ആവശ്യപ്പെട്ടതുപോലെ പിറ്റേന്ന് അമേരിക്കൻ ഡോളർ തന്നെ എങ്ങനെയോ സംഘടിപ്പിച്ച് വീണ്ടും ടിക്കറ്റെടുത്തു.

യാത്രയ്ക്കൊരുങ്ങുമ്പോൾ വീണ്ടും തടസ്സം. ജോർദാന്റെ വീസ വേണം.

മേനോന്റെ ബന്ധങ്ങൾ കാരണമാണ് ബ്ലോക്കായി കുറെ വീസകൾ കിട്ടിയത്.

ജോർദാനിലെ അമ്മാനിൽ ഇറങ്ങിയ ഉടൻ മേനോൻ ബാത്റൂമിലേക്കു കുതിച്ചു. ബ്ലേഡുകൊണ്ട് ഷൂവിന്റെ സോൾ ഇളക്കി പാസ്പോർട്ടും ക്രെഡിറ്റ് കാർഡും മറ്റും പുറത്തെടുത്തു.

മേനോന്റെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മാത്രമല്ല, കൂടെ വന്നവരായ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ മേനോന്റെ ക്രെഡിറ്റ് കാർഡിൽ. അവരെല്ലാം ഒരു മാസത്തിനുശേഷം സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു.

English Summary: ‘Kadhakoottu’ Column written by Thomas Jacob, Bhaskar Menon's Great Escape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KADHAKKOOTTU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA