നിമിത്തങ്ങൾ

HIGHLIGHTS
  • അങ്ങനെയൊരു വഴിത്തിരിവ് ഇല്ലായിരുന്നെങ്കിലോ?
Kadhakkoottu1200-April-10
എ.പി.ജെ. അബ്ദുൽ കലാം, കെ. ബാലചന്ദ്രൻ, കാർട്ടൂണിസ്റ്റ് ശങ്കർ, നെടുമുടി വേണു
SHARE

ചില നിമിത്തങ്ങളില്ലായിരുന്നെങ്കിൽ അവരുടെയൊക്കെ ജീവിതം ഇങ്ങനെയാകുമായിരുന്നോ?

വ്യോമസേനയിൽ പൈലറ്റ് ആകാനായിരുന്നു തമിഴ്നാട്ടിൽനിന്നുള്ള ആ പയ്യന്റെ ആഗ്രഹം. വീട്ടിലെ ദുരിതങ്ങൾക്കിടയിലും അവൻ ഡെറാഡൂണിലെത്തി എയർഫോഴ്സ് സിലക്‌ഷൻ ബോർഡിനു മുൻപിൽ ഹാജരായി.

ഇരുപത്തഞ്ചു പേരുള്ള ഒരു സംഘത്തിലാണു ചെന്നുപെട്ടത്. അവരിൽനിന്ന് എട്ടുപേരെ തിരഞ്ഞെടുക്കും. പയ്യന് ഒൻപതാമനാകാനേ കഴിഞ്ഞുള്ളൂ.

കടുത്ത നിരാശയിൽ ആ പയ്യൻ ഋഷികേശിലേക്കു വച്ചുപിടിച്ചു. നടന്ന്, അവിടെയെത്തിയപ്പോൾ കണ്ടത് സ്വാമി ശിവാനന്ദയെ. നീ എയർഫോഴ്സ് പൈലറ്റ് ആകേണ്ട എന്നു മാത്രമേ ഈ സംഭവത്തിന് അർഥമുള്ളെന്നും നീ എന്താകണമെന്നതു മുൻ‌കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും അവിടേക്ക് എത്തിക്കോളും എന്നും സ്വാമിജി പറഞ്ഞു.

ആ പയ്യൻ പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ റോക്കറ്റ് ശാസ്ത്രജ്ഞനായി. രാഷ്ട്രപതിയായി. ‘ഭാരതരത്ന’മായി: എ.പി.ജെ. അബ്ദുൽ കലാം.

ഭിലായ് സ്റ്റീൽ പ്ലാന്റിൽ ഒരു ജോലിക്കു ചെന്ന് ഇന്റർവ്യൂവിൽ തിരസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ രാമോജി റാവു ഇന്ത്യയിലെ വലിയൊരു പത്രശൃംഖലയുടെയും ആയിരമേക്കർ വരുന്ന ‘ഫിലിം സിറ്റി’എന്ന ഫിലിം സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉടമയാകുമായിരുന്നോ?

ലക്ഷ്മി നാരായണ സുബ്രഹ്മണ്യം ഇന്നൊരു ഡോക്ടറായി അറിയപ്പെടേണ്ടതായിരുന്നു. മെഡിക്കൽ പഠനം കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹത്തോടു ചെമ്പൈ വൈദ്യനാഥ ഭാഗവതർ പറഞ്ഞു: ‘‘ചികിത്സിക്കാനൊന്നും പോകരുത്. കർണാടക സംഗീതത്തിനു നിങ്ങളെ വേണം.’’

സ്റ്റെതസ്കോപ് താഴെവച്ചശേഷം പാശ്ചാത്യ സംഗീതം പഠിക്കാൻ അമേരിക്കയിലേക്കു പോയ തൃപ്പൂണിത്തുറക്കാരൻ എൽ. സുബ്രഹ്മണ്യത്തെ നാം ഇന്ന് അറിയുന്നത് ഇന്ത്യക്കാരനായ ഏറ്റവും വലിയ വയലിനിസ്റ്റായാണ്.

ദിവാൻ സി.പി. രാമസ്വാമി അയ്യർ ഉന്നതോദ്യോഗസ്ഥന്മാരെ സൃഷ്ടിക്കാൻ വേണ്ടി ട്രാവൻകൂർ സിവിൽ സർവീസ് (ടിസിഎസ്) ആരംഭിച്ചപ്പോൾ അതിൽ കയറിക്കൂടിയാൽ ജീവിതം രക്ഷപ്പെടുമെന്നു മിടുക്കരായ ചെറുപ്പക്കാരെല്ലാം കണക്കുകൂട്ടി. അതിലൊരാളായിരുന്നു തിരുവനന്തപുരത്തുകാരൻ കെ. ബാലചന്ദ്രൻ. മദ്രാസ് സർവകലാശാലയിൽനിന്ന് ഗണിതത്തിൽ ഒന്നാം റാങ്കോടെ ഓണേഴ്സ് ബിരുദം നേടിയ ബലത്തിൽ പരീക്ഷയെഴുതി. 

ലിസ്റ്റിൽ തന്റെ മുൻപത്തെ പേരുകാരൻ വരെയേ രക്ഷപ്പെട്ടുള്ളൂ. അഞ്ചുപേരെ മാത്രം തിരഞ്ഞെടുക്കുന്ന ആ പരീക്ഷയിൽ ബാലചന്ദ്രന് ആറാം റാങ്കായിരുന്നു.

കുറെനാൾ ആ വിഷമം കൊണ്ടുനടന്നെങ്കിലും അതിൽ എത്രയോ വലിയ സ്ഥാനമാണു തന്നെ കാത്തിരിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായത് പിന്നീടാണ്. ഇന്ത്യ മുഴുവൻ വിരാജിക്കാവുന്ന ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎസ്) കിട്ടിയെന്നു മാത്രമല്ല, ഒന്നാം റാങ്കുകാരനുമായി.

ഭാനുമൂർത്തിയുടെ ഒരു ചോദ്യമില്ലായിരുന്നെങ്കിൽ സണ്ണി ജോസഫ് ഇന്ത്യയറിയുന്ന ഫിലിം ക്യാമറാമാൻ ആകുമായിരുന്നില്ല. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സണ്ണി ചേർന്നത് എഡിറ്റിങ്ങിലാണ്. ആ കോഴ്സിന്റെ മൂന്നാംവർഷം ക്ലാസെടുക്കാൻ വന്ന ഭാനുമൂർത്തി ചോദിച്ചു: സണ്ണി എന്തുകൊണ്ടു സിനിമറ്റോഗ്രഫി ചെയ്യുന്നില്ല?

ടെസ്റ്റിൽ സണ്ണി ജോസഫിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതു സിനിമറ്റോഗ്രഫിയിലാണെന്ന് അറിഞ്ഞതുകൊണ്ടായിരുന്നു ആ ചോദ്യം.

അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസംകൊണ്ടാണ് സണ്ണി ജോസഫ് ധൈര്യപൂർവം ക്യാമറാമാൻ ആയത്.

എസ്എൽ പുരം സദാനന്ദന്റെ ജീവിതത്തിലെ വഴിത്തിരിവും ഒരു ചോദ്യത്തിൽനിന്നാണ്. നാട്ടിലെ തമ്പുരാൻ പാവപ്പെട്ടവരോടു കാണിക്കുന്ന ധിക്കാരത്തെപ്പറ്റി വികാരഭരിതനായി പറഞ്ഞപ്പോൾ സിപിഐ നേതാവ് ആർ. സുഗതൻ ചോദിച്ചു; നിനക്ക് ഇതു നാടകരൂപത്തിൽ എഴുതാമോ?

എസ്എൽ പുരം തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ നാടകകൃത്തുക്കളിലൊരാളായി ഉയരുക മാത്രമല്ല ചെയ്തത്; ചലച്ചിത്രമേഖലയിൽ തിരക്കഥയ്ക്കും സംഭാഷണത്തിനും ദേശീയാംഗീകാരം നേടുകയും ചെയ്തു.

മുംബൈ നഗരത്തിലൂടെ ബസിൽ സഞ്ചരിക്കുമ്പോൾ വഴിയരികിലൂടെ നടന്നുപോകുന്ന ഒരാളെക്കണ്ട് പോത്തൻ ജോസഫ് ബസിൽനിന്നു ചാടിയിറങ്ങി പിടികൂടി ഡൽഹിക്കു കൊണ്ടുപോയില്ലായിരുന്നെങ്കിൽ ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ ഉണ്ടാകുമായിരുന്നോ? അദ്ദേഹം മുംബൈയിലെ കപ്പൽ കമ്പനിയിൽ ഗുമസ്തനായി തുടരാനാണു സാധ്യത.

‘കലാകൗമുദി’യിൽ ജോലി ചെയ്യുമ്പോൾ അവരുടെ ഫിലിം മാഗസിന് ഒരു അഭിമുഖത്തിനു വേണ്ടി നെടുമുടി വേണു സംവിധായകൻ ഭരതനെ കാണാൻ ചെന്നില്ലായിരുന്നെങ്കിൽ?

കമൽഹാസനെ നായകനാക്കി ‘ആരവം’ ചെയ്യാനുദ്ദേശിച്ചിരുന്ന ഭരതൻ അഭിമുഖം കഴിഞ്ഞപ്പോൾ, മോഹൻലാൽ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിനായി കേരളീയരോടു ചോദിച്ചതു പോലൊരു ചോദ്യം നെടുമുടിയോടു ചോദിച്ചു: ‘‘വൈകിട്ടെന്താ പരിപാടി?’’

വൈകുന്നേരം വേണു നികുഞ്ജത്തിൽ ചെന്ന് ഭരതനെ കാണുന്നു. കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’യിൽ നെടുമുടി അഭിനയിക്കുന്നതൊക്കെ പത്മരാജൻ ഇതിനകം ഭരതന്റെ കാതിൽ വിളമ്പിയിരുന്നു.

‘ആരവ’ത്തിൽ നായകനായി അഭിനയിക്കാമോ എന്നു ഭരതൻ ചോദിച്ചു. വേണു സമ്മതിച്ചു. ശേഷം ചരിത്രം.

നെടുമുടിയിലെ നാടക മൽസരത്തിൽ ജഡ്ജിയായി കാവാലം വന്നില്ലായിരുന്നെങ്കിൽ നെടുമുടി വേണുവിന് അവനവൻ തന്നെ കടമ്പയായിത്തീർന്നേനെ.

English Summary: ‘Kadhakoottu’ Column written by Thomas Jacob, How some incidents changed the lives of some celebrities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.